ഉപ്പുവിളക്ക് തെളിയിക്കുന്നത് എന്തിന് ?

ഉപ്പുവിളക്ക് തെളിയിക്കുന്നത് എന്തിന് ?

HIGHLIGHTS

ഉപ്പുവിളക്ക്(ലവണ വിളക്ക്) തെളിയിച്ച് വീട്ടില്‍ ഐശ്വര്യത്തേയും പോസിറ്റീവ് ഊര്‍ജ്ജത്തേയും ക്ഷണിച്ചുവരുത്തുന്ന, വളരെ ലളിതമായി ചെയ്യാവുന്ന, പരമ്പരാഗത താന്ത്രിക ജ്യോതിഷമാര്‍ഗ്ഗമാണിത്. വീടുകളില്‍ വ്യാപരിക്കുന്ന നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലായ്മ ചെയ്യാന്‍ കല്ലുപ്പിന് പ്രത്യേക കഴിവുണ്ടെന്നതാണ് വിശ്വാസം.

 

 

ആവശ്യമായ സാധനങ്ങള്‍

മണ്‍ചിരാത്(മൂന്നെണ്ണം)

കല്ലുപ്പ്(ഉപ്പുപൊടി ഉപയോഗിക്കരുത്)

രണ്ട് തിരികള്‍ പിരിച്ച് ഒന്നാക്കിയത്(ഒരെണ്ണം)

എള്ളെണ്ണയോ, നല്ലെണ്ണയോ ഇതിനായി ഉപയോഗിക്കാം.

ചെറിയൊരു പാത്രത്തില്‍ കല്ലുപ്പ് വിതറി അതിന്‍റെ മുകളിലായി മൂന്ന് മണ്‍ചിരാതുകള്‍വയ്ക്കുക. മണ്‍ചിരാതില്‍ കല്ലുപ്പ് നിറച്ച് എള്ളെണ്ണയോ നല്ലണ്ണയോ ഒഴിച്ച് രണ്ട് തിരികള്‍ ചേര്‍ത്ത് ഒന്നാക്കിയ ഒരു തിരി ഇട്ട് കത്തിക്കുക. രണ്ട് മണ്‍ചിരാതുകള്‍ കിഴക്കോട്ടും ഒരെണ്ണം പടിഞ്ഞാറോട്ടുമാണ് വയ്ക്കേണ്ടത്. വീടിന്‍റെ ഈശാനകോണിലാണ്(വടക്ക്- കിഴക്ക്) ഉപ്പുവിളക്ക് വയ്ക്കേണ്ടത്. മണ്‍ചിരാത് തറയില്‍ വയ്ക്കാതെ ഒരു പീഠത്തിലോ മേശപ്പുറത്തോ വയ്ച്ച് വിളക്ക് തെളിയിക്കുക.

കല്ലുപ്പില്‍ 4-5 ഗ്രാമ്പൂ ഇടുന്നത് വീട്ടിലെ ദൃഷ്ടിദോഷം, ശത്രുദോഷം എന്നിവയെ ഇല്ലാതാക്കും. വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ പെട്ടെന്ന് മാറ്റാനും ഇതിനാകും. കല്ലുപ്പില്‍ ഏലക്കയോ പച്ചക്കര്‍പ്പൂരമോ ചേര്‍ക്കുന്നത് വീടിനുള്ളില്‍ സുഗന്ധം നിറയാനും പോസിറ്റീവ് വൈബ്രേഷന്‍ ലഭിക്കാനും കാരണമാകും.

വൈകിട്ട് 6 മുതല്‍ മുക്കാല്‍ സമയം വരെ ഉപ്പുവിളക്ക് തെളിയിക്കാം. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഉപ്പുവിളക്ക് ആദ്യമായി കത്തിച്ച് തുടക്കം കുറിക്കേണ്ടത്. തുടര്‍ച്ചയായി 7 ദിവസം ഉപ്പുവിളക്ക് കത്തിക്കണം. ഇതിന്‍റെ ഫലമായി മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറഞ്ഞുതുടങ്ങുന്നു. തൊഴില്‍ രംഗത്തെ മാന്ദ്യത കുറഞ്ഞുതുടങ്ങുന്നു. ആത്മീയ മേഖലയിലും ഉണര്‍വ്വ് അനുഭവവേദ്യമാകുന്നു. 21 ദിവസം തുടര്‍ച്ചയായി ഉപ്പുവിളക്ക് തെളിയിക്കുന്നത് അത്യുത്തമമാണ്. 7 ദിവസം കഴിഞ്ഞ് വീണ്ടും തുടരാം. വര്‍ഷത്തില്‍ രണ്ടുതവണയാണ് ഉപ്പുവിളക്ക് തെളിയിക്കേണ്ടത്.

ഉപ്പുവിളക്ക് തെളിയിച്ചതിനുശേഷം മനസ്സില്‍ മഹാലക്ഷ്മിയുടെ രൂപം ദര്‍ശിച്ച് നന്നായി പ്രാര്‍ത്ഥിക്കുക. തുടര്‍ന്ന് 'ഓം ഹ്രീം വരുണായ നമഃ' എന്ന മന്ത്രം 7 തവണ ജപിക്കുക.

ആഴ്ചയില്‍ ഒരിക്കലോ(വെള്ളിയാഴ്ച) അല്ലെങ്കില്‍ മാസം രണ്ട്  തവണയോ(പൗര്‍ണ്ണമി, അമാവാസി) മണ്‍ചിരാതിലെ പഴയ കല്ലുപ്പ് മാറ്റി പുതിയത് നിറയ്ക്കാം. പഴയ ഉപ്പ് വീടിനുള്ളില്‍ ഇടരുത്, ചെടികളുടെ ചുവട്ടില്‍ വളമായും ഇടരുത്. ഒഴുകുന്ന വെള്ളത്തിലോ അല്ലെങ്കില്‍ പൈപ്പ് തുറന്നുവിട്ട് വെള്ളത്തോടൊപ്പം അലിയിച്ച് കളയുക.

കല്ലുപ്പുവിളക്ക് കത്തിക്കുന്നതിലൂടെ കുടുംബവഴക്കുകള്‍, വാസ്തുദോഷങ്ങള്‍ എന്നിവ ശമിക്കുന്നു. കല്ലുപ്പിന് അന്തരീക്ഷത്തിലെ ഈര്‍പ്പവും, ദോഷകരമായ അണുക്കളേയും വലിച്ചെടുക്കാന്‍ ശേഷിയുണ്ട്. വിളക്ക് കത്തുമ്പോഴുണ്ടാകുന്ന ചൂട് കാരണം ഉപ്പിലെ ഘടകങ്ങള്‍ വായുവില്‍ പടരുകയും അന്തരീക്ഷം ശുദ്ധമാവുകയും ചെയ്യും. ഉപ്പുവിളക്കിലെ കല്ലുപ്പ് കറുത്ത നിറമാകുന്നത് നെഗറ്റീവ് ഊര്‍ജ്ജത്തെ ഉപ്പ് വലിച്ചെടുക്കുന്നതിന്‍റെ ലക്ഷണമാണെന്നാണ് വിശ്വാസം.

ഏറെ സവിശേഷതകള്‍ ഉള്ള വസ്തുവാണ് കല്ലുപ്പ്. പാലാഴിമഥനസമയത്ത് സമുദ്രത്തില്‍ നിന്നും ഉയര്‍ന്നുവന്ന വസ്തുവാണിത്. അതിനാല്‍ ലക്ഷ്മീപ്രീതികരമായ വസ്തുവായിട്ടാണ് കല്ലുപ്പിനെ കരുതുന്നത്. പഴമക്കാര്‍ വീട്ടില്‍ ഉപ്പ് തീരാതെ ശ്രദ്ധിക്കുന്ന രീതി ഉണ്ടായിരുന്നു. ദാരിദ്ര്യത്തെ അകറ്റി വീട്ടില്‍ സമ്പല്‍സമൃദ്ധി നല്‍കാന്‍ ഉപ്പിന് കഴിയുമെന്നുള്ള വിശ്വാസമായിരുന്നു ഇതിന് പിന്നില്‍. വീട് തൂത്തുവാരി വൃത്തിയാക്കിയതിനുശേഷം അല്‍പ്പം കല്ലുപ്പും മഞ്ഞളും വെള്ളത്തില്‍ കലര്‍ത്തി തുടയ്ക്കുന്നത് ഐശ്വര്യത്തെ വീട്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തുമെന്ന വിശ്വാസവും ഉണ്ടായിരുന്നു. 

വീടിന്‍റെ നാല് മൂലകളിലോ അഗ്നികോണിലോ(തെക്ക്- കിഴക്ക്) പാത്രത്തിലോ കല്ലുപ്പ് വയ്ക്കുന്നത് വാസ്തുദോഷ പരിഹാരത്തിന് ഉത്തമം. കുളിമുറിയില്‍ നനവ് തട്ടാതെ ഒരു ചെറിയ പാത്രത്തിലോ മണ്‍കലത്തിലോ അല്‍പ്പം ഉപ്പ് വയ്ക്കുന്നത് അനുകൂല ഊര്‍ജ്ജം ഉണ്ടാകുന്നതിന് ഉത്തമം. രാവിലെ ചില്ലുഗ്ലാസില്‍ വെള്ളം നിറച്ച് അതില്‍ അല്‍പ്പം കല്ലുപ്പ് ഇട്ട് അടുക്കളയില്‍ ഉചിതമായ സ്ഥലത്ത് വയ്ക്കുന്നതും അനുകൂല ഊര്‍ജ്ജം ഉണ്ടാകാന്‍ ഉത്തമം. 

ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടില്‍ വന്നശേഷം കല്ലുപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് ദോഷകരമായ അണുക്കളെ നശിപ്പിക്കുന്നതിനും നവോന്മേഷം നല്‍കുന്നതിനും ഏറെ നന്ന്.