ദര്‍ശനസാഫല്യത്തിലേക്ക് നടതുറക്കുന്ന വൈക്കത്തഷ്ടമി

ദര്‍ശനസാഫല്യത്തിലേക്ക് നടതുറക്കുന്ന വൈക്കത്തഷ്ടമി

HIGHLIGHTS

തെക്കന്‍ കേരളത്തിലെ സുധ്രാന ക്ഷേത്രോത്സവങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രസന്നിധിയിലെ അഷ്ടമി മഹോത്സവം. ഡിസംബര്‍ ഒന്നിന് രാവിലെ 6.30 നും 7.30 നും മദ്ധ്യേയാണ് കൊടിയേറ്റം. 12-ാം തീയതിയാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. രാവിലെ 4.30 നാണ് അഷ്ടമി ദര്‍ശനം. തുടര്‍ന്ന് ഉദയനാപുരത്തപ്പന്‍റെ വരവ്, യാത്രയയപ്പ് വിട പറയല്‍, വലിയ കാണിക്ക എന്നിവയോടെ അഷ്ടമിവിളക്കിന് സമാപനമാവും. ഈ ദിനത്തിലെ അഷ്ടമിദര്‍ശനം ശ്രേഷ്ഠം. സര്‍വ്വാഭരണ വിഭൂഷിതനായി ചൈതന്യത്തോടെ എഴുന്നെള്ളി നില്‍ക്കുന്ന വൈക്കത്തപ്പന്‍റെ അഷ്ടമിദര്‍ശനം ഭഗവത്കടാക്ഷത്തിനും, ഉദ്ദിഷ്ടകാര്യസിദ്ധിക്കും, ദുഃഖനിവാരണത്തിനും ഉത്തമമെന്നാണ് വിശ്വാസം.

 

12-ാം തീയതിയാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി.

തെക്കന്‍ കേരളത്തിലെ സുധ്രാന ക്ഷേത്രോത്സവങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രസന്നിധിയിലെ അഷ്ടമി മഹോത്സവം. വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിയും, പൂരംനാളും ഒന്നിച്ചുവരുന്ന ദിനമാണിത്. ക്ഷേത്രതന്ത്രിമാരായ മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് വൈക്കത്തഷ്ടമി മഹോത്സവത്തിന് കൊടിയേറ്റുന്നത്. ഡിസംബര്‍ ഒന്നിന് രാവിലെ 6.30 നും 7.30 നും മദ്ധ്യേയാണ് കൊടിയേറ്റം. 12-ാം തീയതിയാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. രാവിലെ 4.30 നാണ് അഷ്ടമി ദര്‍ശനം. തുടര്‍ന്ന് ഉദയനാപുരത്തപ്പന്‍റെ വരവ്, യാത്രയയപ്പ് വിട പറയല്‍, വലിയ കാണിക്ക എന്നിവയോടെ അഷ്ടമിവിളക്കിന് സമാപനമാവും.

ക്ഷേത്രത്തിന്‍റെ കിഴക്കേ ആല്‍മരച്ചുവട്ടില്‍ തപസ്സനുഷ്ഠിക്കുന്ന താപസശ്രേഷ്ഠന്‍ വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീ മഹാദേവന്‍ പാര്‍വ്വതീ സമേതനായി പുണ്യദര്‍ശനം നല്‍കി അനുഗ്രഹിച്ച വിശേഷമുഹൂര്‍ത്തമാണത്രേ അഷ്ടമി. ഈ ദിനത്തിലെ അഷ്ടമിദര്‍ശനം ശ്രേഷ്ഠം. സര്‍വ്വാഭരണ വിഭൂഷിതനായി ചൈതന്യത്തോടെ എഴുന്നെള്ളി നില്‍ക്കുന്ന വൈക്കത്തപ്പന്‍റെ അഷ്ടമിദര്‍ശനം ഭഗവത്കടാക്ഷത്തിനും, ഉദ്ദിഷ്ടകാര്യസിദ്ധിക്കും, ദുഃഖനിവാരണത്തിനും ഉത്തമമെന്നാണ് വിശ്വാസം.

പുള്ളിസന്ധ്യവേലയും കോപ്പുതൂക്കലും

വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് മുന്നോടിയായി നടക്കുന്ന ദൈവിക അടിയന്തിര ചടങ്ങാണ് പുള്ളിസന്ധ്യവേല. വൈക്കത്തപ്പനെ ആര്‍ഭാടപൂര്‍വ്വം എഴുന്നെള്ളിപ്പിക്കുന്ന ശ്രീബലിയാണിത്. ഇതിനോടൊപ്പം ക്ഷേത്രമണ്ഡപത്തില്‍ വേദപണ്ഡിതരായ ബ്രാഹ്മണര്‍ വേദങ്ങള്‍ ചൊല്ലുകയും ഭഗവാനെ അഭിഷേകം ചെയ്യുകയും ചെയ്യും. പ്രാതല്‍സദ്യയും ഉണ്ടാകും. ഭക്തരും ക്ഷേത്രഭാരവാഹികളും ആഘോഷപൂര്‍വ്വം ഭഗവാനെ വന്ദിക്കുന്നു. ഒന്നിടവിട്ട് 4 ദിനങ്ങളിലായാണ് പുള്ളിസന്ധ്യവേല നടത്തുന്നത്. ഒക്ടോബര്‍ 27 ന് ആയിരുന്നു പുള്ളി സന്ധ്യാവേല.

പുള്ളിസന്ധ്യവേലയ്ക്ക് മുമ്പ് നടത്തുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍. ദേവസ്വം അധികാരികള്‍ ക്ഷേത്രകലവറയ്ക്ക് മുമ്പില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്തുവച്ച് പുള്ളിസന്ധ്യയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ അളന്ന് തൂക്കി ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഏല്‍പ്പിക്കുന്നതാണ് കോപ്പുതൂക്കല്‍. മംഗളവസ്തുക്കളായ മഞ്ഞളും, ചന്ദനവുമാണ് പ്രതീകാത്മകമായി ഇതിനായി ഉപയോഗിക്കുന്നത്. ചടങ്ങുകള്‍ക്ക് വീഴ്ചവരാതെ നടത്തുന്നതിന് കാര്യക്കാരന്‍ വിഭവങ്ങള്‍ ഏറ്റുവാങ്ങുന്നതാണ്  വിശ്വാസം.

മാര്‍ത്താണ്ഡവര്‍മ്മ ആലപ്പുഴ, ചേര്‍ത്തല പ്രദേശങ്ങള്‍ കീഴടക്കിയപ്പോള്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച അവകാശികളില്ലാത്ത പടയാളികളുടെ ശമ്പളക്കുടിശ്ശികയുടെ പലിശ ഉപയോഗിച്ച് വര്‍ഷത്തില്‍ ഒന്നിടവിട്ട് നാല് ദിവസങ്ങളില്‍ നടത്തിയിരുന്നതാണ് സന്ധ്യവേല. ഇപ്പോള്‍ ദേവസ്വമാണ് ഇത് നടത്തുന്നത്. ഒക്ടോബര്‍ 24 ന് രാവിലെ 6.15 നും 9.45 നും മദ്ധ്യേ ക്ഷേത്രകലവറയില്‍ കോപ്പുതൂക്കല്‍ നടന്നു.

മുഖസന്ധ്യവേല

തുടര്‍ച്ചയായി 4 ദിവസങ്ങളിലായിട്ടാണ് മുഖസന്ധ്യവേല നടത്തുന്നത്. ഇതിന്‍റെ കോപ്പുതൂക്കല്‍ ക്ഷേത്രകലവറയില്‍ നടക്കും. പുള്ളിസന്ധ്യവേലയ്ക്ക് മുമ്പായും ചില വര്‍ഷങ്ങളില്‍ മുഖസന്ധ്യവേല നടത്തിയിട്ടുണ്ട്. മുഖസന്ധ്യവേല ദിനങ്ങളില്‍ രാവിലെയും വൈകിട്ടും ഭഗവാന്‍റെ തിടമ്പ് ആനപ്പുറത്തേറ്റി ശ്രീബലി നടത്തും. ഇക്കുറി മുഖസന്ധ്യവേല നവംബര്‍ 4 മുതല്‍ 7 വരെയായിരുന്നു. തുലാമാസത്തിലെ രേവതി നക്ഷത്രത്തില്‍ തുടങ്ങി കാര്‍ത്തിക നക്ഷത്രത്തില്‍ സമാപിക്കുന്ന രീതിയിലാണ് മുഖസന്ധ്യവേല.

ഏറ്റുമാനൂര്‍, തെക്കുംകൂര്‍, തിരുവല്ല, അമ്പലപ്പുഴ നാട്ടുരാജാക്കന്മാര്‍ തുടര്‍ച്ചയായി നാല് ദിവസങ്ങളില്‍ നടത്തിവരുന്ന സന്ധ്യാവേലയാണിത്.

സമൂഹസന്ധ്യവേല

നാല് ദിവസങ്ങളിലായി തുടര്‍ച്ചയായി നാല് സമൂഹങ്ങള്‍ നടത്തുന്നതാണ് സമൂഹസന്ധ്യവേല. ആദ്യത്തെ സമൂഹസന്ധ്യവേല വൈക്കം സമൂഹമാണ് നടത്തുന്നത്. തുടര്‍ന്ന് തെലുങ്ക്- കന്നഡ സമൂഹവും പിന്നീട് തമിഴ് വിശ്വബ്രഹ്മ സമൂഹവും അവസാനം വടയാര്‍ സമൂഹവുമാണ് സന്ധ്യാവേല നടത്തുന്നത്. വൈക്കം സമൂഹം സന്ധ്യവേല നടത്തുമ്പോള്‍ രാവിലേയും, വൈകിട്ടും ആനയെ എഴുന്നെള്ളിപ്പിച്ചുള്ള ശ്രീബലിയാണുള്ളത്. വടയാര്‍ സമൂഹം നടത്തുന്ന സന്ധ്യവേലയില്‍ ദീപാരാധനയ്ക്കുശേഷം ബലിക്കല്‍പ്പുരയില്‍ വെള്ളപ്പട്ട് വിരിച്ച് ഒറ്റപ്പണം സമര്‍പ്പിക്കും. ഈ പണം കിഴിയാക്കി ശിരസ്സിലേറ്റി വേദമന്ത്രങ്ങള്‍ ഉരുവിട്ട് ക്ഷേത്രപ്രദക്ഷിണം നടത്തി ദേവസ്വത്തില്‍ ഏല്‍പ്പിക്കും. അഷ്ടമി ഉത്സവച്ചടങ്ങുകള്‍ക്ക് വിഘ്നങ്ങള്‍ സംഭവിക്കാതെ വൈക്കത്തപ്പനും, ഉപദേവതകള്‍ക്കും വഴിപാടുകളും സമര്‍പ്പിക്കുന്നു.

സമൂഹസന്ധ്യവേലയ്ക്ക് കോപ്പുതൂക്കല്‍ ചടങ്ങ് ഉണ്ടായിരിക്കില്ല. അഷ്ടമിക്ക് മുന്നോടിയായി നാല് പുള്ളിസന്ധ്യ വേലയും, നാല് മുഖസന്ധ്യവേലയും, നാല് സമൂഹസന്ധ്യവേലയും നടത്തണമെന്നതാണ് ആചാരം.

കുലവാഴ പുറപ്പാട്(നവംബര്‍ 30)

ക്ഷേത്രത്തിലെ കൊടിയേറ്റിന് മുമ്പുള്ള ദിവസമാണ് കുലവാഴ പുറപ്പാട്. വൈക്കം ടൗണിലെ എന്‍.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം ക്ഷേത്രത്തില്‍ നിന്നാണ് കുലവാഴ പുറപ്പട് ആരംഭിക്കുന്നത്. അഷ്ടമിദിനം ക്ഷേത്രപരിസരം കുലച്ച വാഴകളും, കരിക്കിന്‍കുലയും, വെച്ച് അലങ്കരിക്കും. ഇതിനുള്ള വാഴയും കരിക്കിന്‍കുലയും ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രകൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കുന്നു.

ഇന്നേ ദിവസമാണ് കൊടിയേറ്ററിയിപ്പ് ചടങ്ങും നടത്തുന്നത്. ക്ഷേത്രത്തിലെ പന്തീരടി പൂജ കഴിയുന്നതോടെ അവകാശികളായ കിഴക്കേടത്ത് ഇല്ലത്ത് മൂസത് ചമയങ്ങളില്ലാതെ ഓലക്കുടചൂടി ആനപ്പുറമേറി ഉദയനാപുരം ക്ഷേത്രത്തിലെത്തി കൊടിയേറ്റ് അറിയിക്കുന്നു. തുടര്‍ന്ന് അയ്യന്‍കുളങ്ങര കുന്തി ദേവീക്ഷേത്രത്തിലും പിന്നീട് ഇണ്ടംതുരുത്തിമനയിലുമെത്തി കൊടിയേറ്റ് അറിയിക്കുന്നു. ഉത്സവവിവരം ക്ഷേത്ര ഉടമസ്ഥരായ ഊരാണ്‍മക്കാരെ അറിയിക്കുന്ന ചടങ്ങാണിത്. ക്ഷേത്ര കൊടിയേറ്റത്തിന് മുന്നോടിയായും ക്ഷേത്രകലവറയില്‍ കോപ്പുതൂക്കല്‍ ചടങ്ങ് ഉണ്ടാകും. തൂശനിലയില്‍ പൂവന്‍പഴം സമര്‍പ്പിച്ചാണ് കോപ്പുതൂക്കല്‍.

കൊടിയേറ്റ്( ഡിസംബര്‍ 1 ന്)

പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് ഡിസംബര്‍ 1 ന് കൊടിയേറും. ഇതിനുള്ള അവകാശം രണ്ട് തന്ത്രികുടുംബങ്ങള്‍ക്കാണ്. രാവിലെ 6.30 നും 7.30 നും മദ്ധ്യേയാണ് കൊടിയേറ്റ്. തന്ത്രി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേക്കാട് മാധവന്‍ നമ്പൂതിരി ഇവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. വാദ്യമേളങ്ങള്‍, സ്വര്‍ണ്ണക്കുട, ഗജവീരന്മാര്‍ കൊടിയേറ്റിന് അകമ്പടിയാകും.

അഷ്ടമിദിനം(ഡിസംബര്‍ 12) ക്ഷേത്ര സന്നിധി ദേവസംഗമ ഭൂമിയാകുന്ന സുദിനം

രാവിലെ 4.30 നാണ് അഷ്ടമിദര്‍ശനം. രാത്രി 10 നാണ് അഷ്ടമിവിളക്ക്. ഉദയനാപുരത്തപ്പന്‍റെ വരവ്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്‍റെ യാത്രയയപ്പ്, വിടപറയല്‍ എന്നിവയോടെ അഷ്ടമിവിളക്കിന് സമാപനം.

അഷ്ടമിദര്‍ശനം തൊഴാന്‍ തലേന്ന് രാത്രി മുതലേ ഭക്തര്‍ ക്ഷേത്രപരിസരത്തുതന്നെയുണ്ടാകും. പുലര്‍ച്ചെ 4.30 അഷ്ടമി ദര്‍ശനം ആരംഭിക്കുമ്പോള്‍ ഭക്തനിര ഗോപുരവാതിലും കടന്ന് പുറത്തേക്ക് നീളും. പ്രാതല്‍ സദ്യ 11 മണിയോടെ ആരംഭിക്കും. ആഘോഷത്തിന്‍റേയും, ആഹ്ലാദത്തിന്‍റേയും ദിനമാണിതെങ്കിലും വൈക്കത്തപ്പന് ഉപവാസത്തിന്‍റേയും കാത്തിരിപ്പിന്‍റേയും ദിനമാണിത്. എങ്കിലും തന്‍റെ ഭക്തര്‍ വിശന്നിരിക്കുന്നത് വൈക്കത്തപ്പന്‍ ഇഷ്ടപ്പെടുന്നില്ല. പതിനൊന്ന് മണിയോടെ ആരംഭിക്കുന്ന പ്രാതല്‍ സദ്യക്ക് പതിനായിരങ്ങള്‍ പങ്കെടുക്കും. രാത്രി പത്തോടെ ഭഗവാന്‍ കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നെള്ളും.

താരകാസുര നിഗ്രഹത്തിനുശേഷം സുബ്രഹ്മണ്യസ്വാമി ഉദയനാപുരം ക്ഷേത്രത്തില്‍നിന്നും വാദ്യമേള അലങ്കാരത്തോടെ പുറപ്പെടും. ഒപ്പം കൂട്ടുമ്മേല്‍ ഭഗവതി, ശ്രീനാരായണപുരത്തപ്പന്‍ എന്നിവരും ഉണ്ടാകും, വലിയകവല, കൊച്ചാലുംചുവട്, വടക്കേനട എന്നിവിടങ്ങളില്‍ ഉദയനാപുരത്തപ്പന് ഹൃദ്യമായ സ്വീകരണങ്ങള്‍ ഉണ്ടാവും. മനോഹരമായി അലങ്കരിച്ച പന്തലില്‍ നിറപറയും, നിലവിളക്കും വച്ചാണ് വരവേല്‍പ്പ്. വലിയകവലയിലെ അലങ്കാരപ്പന്തലില്‍ വച്ച് സ്വര്‍ണ്ണക്കുടയും, വെഞ്ചാമരവും നല്‍കിയാണ് സ്വീകരിക്കുന്നത്. കൊച്ചാലുംചുവട്ടില്‍ ബഹുനില പന്തലില്‍ വച്ചാണ് സ്വീകരണം. 

മുത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തി ഭഗവതി എന്നിവര്‍ക്കായി തെക്കേനടയില്‍ ഒരുക്കിയിരിക്കുന്ന അലങ്കാരപ്പന്തലില്‍ വച്ച് വന്‍വരവേല്‍പ്പ് നല്‍കും. വഴിമദ്ധ്യേ ഭക്തര്‍ ദീപങ്ങളും നിലവിളക്കുമായി ദേവദേവീമാരെ സ്വീകരിക്കുന്നു. കിഴക്കുംകാവ് ദുര്‍ഗ്ഗാദേവി, പുഴവായിക്കുളങ്ങര വിഷ്ണു എന്നീ എഴുന്നെള്ളിപ്പും തെക്കേനടയിലെത്തി ഇണ്ടംതുരുത്തി ഭഗവതി, മുത്തേടത്തുകാവ് ദേവി എന്നിവരുമായി തെക്കേഗോപുരത്തിലൂടെ ക്ഷേത്ര നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കും. തൃണയംകുടത്തപ്പന്‍ പടിഞ്ഞാറേ നട കടന്ന് വടക്കേനടയിലെത്തി ഉദയനാപുരത്തപ്പന്‍ ഉള്‍പ്പെടെയുള്ള മറ്റ് എഴുന്നെള്ളിപ്പുകള്‍ക്കൊപ്പം വടക്കേഗോപുരം കടന്ന് ക്ഷേത്രത്തിനുള്ളില്‍ കയറും. തൃണയംകുടത്തപ്പന്‍ പടിഞ്ഞാറേനടയിലൂടെ വടക്കേനടയിലൂടെ ഉദയനാപുരത്തപ്പന്‍റെ എഴുന്നെള്ളത്തിനോടൊപ്പം വടക്കേഗോപുരം വഴി ക്ഷേത്രത്തല്‍ പ്രവേശിക്കും. എല്ലാ എഴുന്നെള്ളത്തുകളും നാലമ്പലത്തിന്‍റെ വടക്കുഭാഗത്ത് സംഗമിച്ച് കിഴക്കേ ആനപ്പന്തലില്‍ എഴുന്നെള്ളി നില്‍ക്കുന്ന വൈക്കത്തപ്പന്‍റെ അരികിലെത്തും. മകനെ കാത്തുനില്‍ക്കുന്ന വൈക്കത്തപ്പന്‍ ഉദയനാപുരത്തേക്ക് സ്വന്തം ഇരിപ്പിടം നല്‍കി അനുഗ്രഹിക്കും. 

ആലവട്ടങ്ങളുടേയും തീവെട്ടികളുടെയും പ്രഭയില്‍ വാദ്യമേള, ഗജവീര അകമ്പടിയില്‍ ദേശദേവീ- ദേവന്മാര്‍ ഏകദേശം മൂന്ന് മണിക്കൂറോളം എഴുന്നെള്ളിനില്‍ക്കും. ദേശദേവന്മാരുടെ സംഗമം ദര്‍ശിച്ച് ഭക്തര്‍ ആനന്ദനിര്‍വൃതിയിലെത്തും. തുടര്‍ന്ന് വലിയ കാണിക്ക. ഇതിന് അവകാശിയായ കറുക കുടുംബത്തിലെ കാരണവര്‍ പല്ലക്കില്‍ ആഗതനായി ആദ്യകാണിക്കയായി സ്വര്‍ണ്ണചെത്തിപ്പൂ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് യാത്രയയപ്പ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നു. ദേവീ-ദേവന്മാര്‍ നാലമ്പലത്തിന് വലംവച്ച് കൊടിമരച്ചുവട്ടിലെത്തി വൈക്കത്തപ്പനോട് വിട ചൊല്ലി പിരിയുന്നു. 

ഒടുവിലാണ് മകന്‍ ഉദയനാപുരത്തപ്പന്‍ അച്ഛനായ വൈക്കത്തപ്പനോട് യാത്ര ചോദിക്കുന്നത്. ക്ഷേത്ര അന്തരീക്ഷം ദുഃഖകരമാകുന്നു. നാഗസ്വരത്തില്‍നിന്നും ശോകരാഗങ്ങള്‍ മുഴങ്ങും. ഗജവീരന്മാര്‍ മുഖാമുഖം തിരിഞ്ഞ് തുമ്പിക്കൈ ഉയര്‍ത്തി യാത്ര ചൊല്ലുന്നു.. ഇനി അടുത്ത അഷ്ടമിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്...

ആറാട്ട്(ഡിസംബര്‍ 13)

ഉദയനാപുരം ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ കിഴക്ക് ഇരുമ്പുഴിക്കരയിലെ ദേവീക്ഷേത്രക്കുളത്തിലാണ് വൈക്കത്തപ്പന്‍റെ ആറാട്ട്. തുടര്‍ന്ന് ഉദയനാപുരം ക്ഷേത്രത്തില്‍ നടക്കുന്ന കുടിപൂജവിളക്കോടെ ഉത്സവത്തിന് സമാപനം.

മുക്കുടി നിവേദ്യം(ഡിസംബര്‍ 14)

രാവിലെ 11 ന് ഉച്ചപൂജയുടെ പ്രസന്നപൂജയ്ക്ക് വൈക്കത്തപ്പന് ആയുര്‍വ്വേദപ്രകാരം തയ്യാറാക്കുന്ന മുക്കുടി നിവേദ്യം സമര്‍പ്പിക്കുന്നത്. അതീവ രഹസ്യമായ പച്ചിലമരുന്നുകള്‍ കൊണ്ട് വേള്ളോട്ടില്ലത്ത് മൂസ്സത് തയ്യാറാക്കി നടയില്‍ വയ്ക്കുന്നതാണ് മുക്കുടി നിവേദ്യം.

ഋഷഭവാഹനമെഴുന്നെള്ളിപ്പ് ഏഴാം ഉത്സവം(ഡിസംബര്‍ 7)

ഏഴാം ഉത്സവം രാത്രിയില്‍ നടക്കുന്ന വിശേഷ ചടങ്ങാണ് ഋഷഭവാഹനം എഴുന്നെള്ളിപ്പ്. പട്ടുടയാടകളും പുഷ്പഹാരങ്ങളും കൊണ്ട് അലങ്കരിച്ച ഭഗവാന്‍റെ തിടമ്പ് മുളന്തണ്ടില്‍ ഏറ്റി വെള്ളിക്കാളപ്പുറത്ത് എഴുന്നെള്ളിക്കും. നാഗസ്വരത്തിലും, പഞ്ചവാദ്യങ്ങളിലും ഒരുക്കുന്ന രാഗതാളലയവിന്യാസത്തിന്‍റെ അകമ്പടിയോടെ ഭക്തിനിര്‍ഭരമായ ഋഷഭവാഹന എഴുന്നെള്ളത്ത് തിരു ഉത്സവത്തിന്‍റെ പ്രധാന വിശേഷമാണ്.

മംഗല്യസൗഭാഗ്യത്തിന് വെള്ളപ്പൂമാല

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ വിശേഷമായ ഒരു വഴിപാടുണ്ട്. ഇത് ശിവഭഗവാനുള്ളതല്ല. ദേവിക്കുള്ള പ്രത്യേക വഴിപാടാണിത്. ക്ഷേത്രത്തില്‍ ശിവപ്രതിഷ്ഠയ്ക്കൊപ്പം ദേവീസങ്കല്‍പ്പമായി സാളഗ്രാമവുമുണ്ട്.

ദേവിക്ക് മുല്ലപ്പൂവോ, കനകാംബരമോ തുടങ്ങിയ വെള്ളപ്പൂമാല 12 ദിവസങ്ങള്‍ ചാര്‍ത്തി പ്രാര്‍ത്ഥിക്കുക. ദേവി പ്രസാദിക്കുന്നതോടെ മംഗല്യസൗഭാഗ്യം ഉണ്ടാകുമത്രേ. സന്താനസൗഭാഗ്യത്തിനായും വെള്ളപ്പൂമാല ദേവിക്ക് ചാര്‍ത്താം.

ഗോവന്ദനം

പശു അമ്മയാണ്. സുരഭിയുടെ സന്താനമാണ്. പശുവിന്‍റെ പിന്‍പുറത്ത് ശ്രീപാര്‍വ്വതി സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. പശുവിനെ ഇങ്ങനെ സ്തുതിക്കാം. ഗോപൂജ നേരത്ത് നിത്യവും തൊഴുത് ഒരുതവണ ജപിക്കുന്നത് ഐശ്വര്യകടാക്ഷം ഉണ്ടാകും.

ഗം ച ദൃഷ്ട 
നമസ്കൃത്യ കൃത്വാ
ചൈവ പ്രദക്ഷിണം
പ്രദക്ഷിണി കൃതാനനേസപ്ത ദീപാ വസുന്ധരാ!!
സര്‍വ്വകാമ ദുഘേ ദേവിസര്‍വ്വ തീര്‍ത്ഥാഭിഷേചിനി
പാവനേ സുരഭിശ്രേഷ്ഠ ദേവി തുഭ്യം 
നമോസ്തുതേ!!

സാരം: പശുവിന്‍റെ സമീപംചെന്ന് തൊഴുത് പ്രദക്ഷിണം വച്ച് നമസ്ക്കരിച്ചാല്‍ അവന് സപ്തദീപങ്ങളോട് കൂടിയ ഭൂമിയെ പ്രദക്ഷിണം ചെയ്ത പുണ്യം കിട്ടും. 'സര്‍വ്വാഭീഷ്ടങ്ങളും നല്‍കുന്നവളും സര്‍വ്വതീര്‍ത്ഥ ഫലാഭീഷ്ടങ്ങളും നല്‍കുന്നവളും പവിത്രത നല്‍കുന്നവളുമായ- കാമധേനുവായ ഹേ ദേവീ!! ഞാനിതാ നമസ്ക്കരിക്കുന്നു' എന്ന് നമസ്ക്കരിക്കുക.

ബാലരക്ഷാമന്ത്രം

അമ്മമാര്‍ക്ക് ഉപശാന്തി കണ്ടെത്താവുന്ന ഗൃഹപീഡകളില്‍ നിന്നും മുക്തി നല്‍കുന്ന ചില വിശിഷ്ട മന്ത്രങ്ങളുണ്ട്. പൂതനാമോക്ഷത്തില്‍ ഗോപികകള്‍ ശ്രീകൃഷ്ണന് ചെയ്ത ബാലരക്ഷാമന്ത്രം അത്യുത്തമവും അനുഭവമുള്ളതുമാകുന്നു.

പൂതനയുടെ ജഡത്തില്‍ നിര്‍ഭയനായി പുഞ്ചിരിച്ചുകളിക്കുന്ന ഉണ്ണികൃഷ്ണനെ ഓടിച്ചെന്നെടുത്ത് ആദ്യം ഗോമൂത്രത്തില്‍ കുളിപ്പിച്ചു. പശുവിന്‍റെ കുളമ്പ് തട്ടി ഭൂമിയില്‍നിന്ന് ഉയരുന്ന പൊടി കൊണ്ട് മേലാസകലം തേച്ചു. 

പശുവിന്‍ചാണകം കൊണ്ട് ഉണ്ണിക്കണ്ണന്‍റെ 12 ശരീരഭാഗങ്ങളില്‍ 12 നാമങ്ങള്‍ ഉച്ചരിച്ച് തൊടീച്ച് രക്ഷ ചെയ്തു. ആ നാമങ്ങള്‍ ഇവയാണത്രേ... സ്ഥാനങ്ങളും ചുവടെ ചേര്‍ക്കുന്നു.

കേശവായ നമഃ- നെറ്റിത്തടം

നാരായണായ നമഃ- ഉദരം

മാധവായ നമഃ- മാറിടം

ഗോവിന്ദായ നമഃ- തൊണ്ടക്കുഴി

വിഷ്ണുവേ നമഃ- വലത്തേ വാരിഭാഗം

മധുസൂദനായ നമഃ- വലത്തേ കൈയ്.

ത്രിവിക്രമായ നമഃ- കഴുത്തിന്‍റെ മുന്‍ഭാഗം

വാമനായ നമഃ- ഇടത്തേ വാരിഭാഗം

ശ്രീധരായ നമഃ- ഇടത്തേ കൈയ്.

ഹൃഷികേശായ നമഃ- കഴുത്തിന്‍റെ പിന്‍ഭാഗം

പത്മനാഭായ നമഃ -അരക്കെട്ട്

ഗോപികമാര്‍ നമുക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്ത് കാണിച്ചത്. കുട്ടികള്‍ ഈ മന്ത്രം ജപിക്കുന്നത് ഏറെ ഉചിതം. ഗോമൂത്രത്തിന് പകരമായി അല്‍പ്പം തുളസീതീര്‍ത്ഥമാകാം.