വൈക്കത്തപ്പന് നിത്യവും പ്രാതല്‍ തയ്യാറാക്കാന്‍ കല്‍പ്പിക്കപ്പെട്ട മുട്ടസ്സമന

വൈക്കത്തപ്പന് നിത്യവും പ്രാതല്‍ തയ്യാറാക്കാന്‍ കല്‍പ്പിക്കപ്പെട്ട മുട്ടസ്സമന

HIGHLIGHTS

കേരളത്തിന്‍റെ ഐതിഹ്യകഥകളിലെ അതിസുന്ദരമായ ഏടാണ് വൈക്കത്തെ മുട്ടസ്സുമനയുടെ ഐതിഹ്യവും രസകരമായ കഥകളും. വൈക്കത്തപ്പന്‍ അന്നദാനപ്രഭുവാണ്. വിശന്ന് വലഞ്ഞ് ആരും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ള മഹാപ്രഭുവാണ് വൈക്കത്തപ്പന്‍. വലിയ വാര്‍പ്പില്‍ ഭഗവാന് പ്രാതല്‍ ഒരുക്കുന്നത് ജീവിതച്ചെലവുകള്‍ക്ക് പരിഹാരമാവാറില്ല, പക്ഷേ ഭഗവാന്‍റെ കല്‍പ്പന നിറവേറ്റുകയാണ്. ഭക്തിയുടെ കനലടുപ്പുകളില്‍ പ്രഥമനുകളും നിവേദ്യവും തിളച്ചുമറിയുകയാണ്. ഭക്തിയുടെ നിറവില്‍ മുട്ടസ്സ് ശ്രീകുമാരന്‍ നമ്പൂതിരിയും കുടുംബവും വൈക്കത്തപ്പന്‍റെ അത്ഭുതകഥകള്‍ വിവരിക്കുകയാണ്.

കേരളത്തിന്‍റെ ഐതിഹ്യകഥകളിലെ അതിസുന്ദരമായ ഏടാണ് വൈക്കത്തെ മുട്ടസ്സുമനയുടെ ഐതിഹ്യവും രസകരമായ കഥകളും. ഊട്ടുപുരയിലും, ശ്രീലകത്തുമായി മാടിക്കളിക്കുന്ന വൈക്കത്തപ്പന്‍. വടക്കേ ചുറ്റമ്പലത്തിനുള്ളില്‍ ഭക്തരോടൊപ്പമിരുന്ന് ഊണ് കഴിക്കുന്ന വൈക്കത്തപ്പന്‍. വൈക്കത്തപ്പന്‍റെ ഭക്തിപാരവശ്യം വാക്കുകളാല്‍ പറഞ്ഞൊപ്പിക്കാനാവുന്നതല്ല. അവയെല്ലാം അനുഭവസാക്ഷ്യം മാത്രമാണ്. വൈക്കത്തപ്പന്‍ അന്നദാനപ്രഭുവാണ്. വിശന്ന് വലഞ്ഞ് ആരും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ള മഹാപ്രഭുവാണ് വൈക്കത്തപ്പന്‍. പടിഞ്ഞാറെ ഗോപുരനടയില്‍ നിന്ന് ക്ഷേത്രപരിചാരകര്‍ ഉച്ചത്തില്‍ വിളിക്കും. 'പട്ടിണിക്കാര്‍ ആരെങ്കിലുമുണ്ടോ, പട്ടിണിക്കാര്‍ ആരെങ്കിലുമുണ്ടോ....'

വൈക്കത്തപ്പന്‍റെ മഹത്വങ്ങള്‍ കേട്ടിട്ടില്ലാത്തവര്‍ വളരെ അപൂര്‍വ്വം തന്നെയാണ്. വൈക്കത്തപ്പന്‍റെ ഐതിഹ്യവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്നതാണ് വൈക്കത്തമ്പലത്തിലെ ഊട്ടുപുര. ശ്രീകോവില്‍ എന്നതുപോലെ വൈക്കത്തപ്പന്‍റെ സാന്നിധ്യം ഊട്ടുപുരയിലും നിറഞ്ഞുനില്‍ക്കുന്നു സാധാരണക്ഷേത്രങ്ങളിലെ പ്രധാന വഴിപാട് പായസം, അപ്പം, അട എന്നിങ്ങനെയാണ്. എന്നാല്‍ വൈക്കത്ത് പ്രാധാന്യം പ്രാതല്‍ സദ്യയാണ്. പ്രാതല്‍ എന്നാല്‍ പ്രഭാതഭക്ഷണം എന്നാണ്. ചെറിയ അളവില്‍ കഴിക്കുന്ന ഭക്ഷണം. എന്നാല്‍ വൈക്കത്തപ്പന്‍റെ പ്രാതല്‍വിഭവങ്ങള്‍ വലിയ വലിയ വാര്‍പ്പുകളിലാണ് ഉണ്ടാക്കുക. വൈക്കത്തെ പ്രാതലിന്‍റെ പഴമ വൈക്കത്തപ്പന്‍റെ ആവിര്‍ഭാവത്തോളം തന്നെ കാലം ഗണിക്കപ്പെടുന്നു. വൈക്കത്തപ്പന് നിത്യവും പ്രാതല്‍ തയ്യാറാക്കാന്‍ കല്‍പ്പിക്കപ്പെട്ട ഒരു പരമ്പര വൈക്കത്തമ്പലത്തിനോട് ചേര്‍ന്നുതന്നെ താമസിക്കുന്നു. മുട്ടസ്സ് മന എന്നാണ് ഈ ബ്രാഹ്മണ പരമ്പരയെ അറിയപ്പെടുന്നത്.

വലിയ വാര്‍പ്പില്‍ ഭഗവാന് പ്രാതല്‍ ഒരുക്കുന്നത് ജീവിതച്ചെലവുകള്‍ക്ക് പരിഹാരമാവാറില്ല, പക്ഷേ ഭഗവാന്‍റെ കല്‍പ്പന നിറവേറ്റുകയാണ്. ഭക്തിയുടെ കനലടുപ്പുകളില്‍ പ്രഥമനുകളും നിവേദ്യവും തിളച്ചുമറിയുകയാണ്. ഭക്തിയുടെ നിറവില്‍ മുട്ടസ്സ് ശ്രീകുമാരന്‍ നമ്പൂതിരിയും കുടുംബവും വൈക്കത്തപ്പന്‍റെ അത്ഭുതകഥകള്‍ വിവരിക്കുകയാണ്.

സാധാരണ ക്ഷേത്രങ്ങളില്‍ ഭഗവാനുള്ള വഴിപാട് വയ്ക്കുന്നത് കീഴ്ശാന്തിമാരാണ്. ക്ഷേത്രത്തിന്‍റെ തിടപ്പള്ളിയിലാണ് വഴിപാട് പാകം ചെയ്യുക. എന്നാല്‍ വൈക്കത്തപ്പന്‍റെ പ്രധാന വഴിപാടായ പ്രാതല്‍വിഭവങ്ങള്‍ വയ്ക്കുന്നത് ഒരു പ്രത്യേക കുടുംബക്കാരാണ്. ഇതിനുപിന്നില്‍ ഐതിഹ്യം ചേര്‍ന്ന ഒരു കഥയുണ്ട്. മഹാദിവ്യനായ വില്വമംഗലം സ്വാമിയാര്‍ ഒരു നാള്‍ വൈക്കത്തപ്പനെ തൊഴുവാനായി എത്തി. ശ്രീകോവിലിനുള്ളില്‍ ഭഗവാനെ കാണാനില്ല. ഭഗവാനെ തിരഞ്ഞ് ക്ഷേത്രത്തിനുള്ളിലും കൂവളത്തറയിലുമെല്ലാം വില്വമംഗലം നടന്നു. ഒടുവില്‍ തേടിത്തിരഞ്ഞ് ചെന്നപ്പോള്‍ കണ്ടത് ഒരു അത്ഭുതക്കാഴ്ചയായിരുന്നു. വല്യ അടുക്കളയില്‍ മറ്റ് ദേഹണ്ഡക്കാര്‍ക്കൊപ്പം ഭഗവാനും പാചകത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വില്വമംഗലം സ്വാമിയാര്‍ തന്നെ തിരിച്ചറിഞ്ഞതായി മനസ്സിലാക്കിയ ഭഗവാന്‍, തന്‍റെ കയ്യിലിരുന്ന ചട്ടുകം അടുത്തുനിന്ന ദേഹണ്ഡക്കാരനെ ഏല്‍പ്പിച്ച് പെട്ടെന്ന് അവിടെ നിന്നും മറഞ്ഞു. ഭഗവാന്‍ ചട്ടുകം ഏല്‍പ്പിച്ചത് മുട്ടസ്സ് മനയിലെ നമ്പൂതിരിയുടെ കൈവശമായിരുന്നു. വൈക്കത്തപ്പന്‍റെ പ്രാതല്‍ ഉണ്ടാക്കുന്ന അവകാശം ദേവഹിതപ്രകാരമാണ് മുട്ടസ്സ് പരമ്പരയ്ക്ക് ലഭിച്ചത്.

ഭഗവാന്‍റെ വല്യടുക്കളയ്ക്ക് ഏറെ പ്രത്യേകതയുണ്ട്. ഇന്നിപ്പോള്‍ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പാചകവാതകം ഉപയോഗിച്ചാണ് നിവേദ്യങ്ങള്‍ വയ്ക്കുന്നത്. എന്നാല്‍ വൈക്കത്തെ വല്യടുക്കളയില്‍ വിറക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഈ അടുപ്പിലെ ചാരമാണ് ഭക്തര്‍ക്ക് തൊടുകുറിയായി നല്‍കുന്നത്. ഈ ചാരം രോഗസംഹാരിയാണ്. സിദ്ധൗഷധമായിട്ടാണ് അടുപ്പിലെ ചാരത്തിനെ കരുതിപ്പോരുന്നത്.

ഭഗവാന്‍റെ അടുക്കള എന്നത് അനവധി ആള്‍ക്കാര്‍ക്ക് വിളമ്പാനുള്ള നിവേദ്യനിര്‍മ്മാണമാണ്. ആറും ഏഴും വലിയ വാര്‍പ്പുകള്‍ ഒരേസമയം തിളച്ചുമറിയുന്ന സ്ഥലമാണ്. വൈക്കത്തപ്പന്‍റെ പ്രാതല്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് ശ്രീകുമാരന്‍ നമ്പൂതിരി അല്‍പ്പം ശ്വാസം വലിച്ചെടുത്താണ് പറയാന്‍ തുടങ്ങിയത്. വൈക്കത്തപ്പന്‍റെ ഉച്ചശീവേലി കഴിഞ്ഞ് ക്ഷീണിച്ച് അവശനായി എത്തിയതാണ് മുട്ടസ്സ് നമ്പൂതിരി. അല്‍പ്പമൊന്ന് വിശ്രമിക്കാനുള്ള മോഹം മനസ്സിലുണ്ട്. എങ്കിലും വൈക്കത്തപ്പനെക്കുറിച്ച് ചോദിച്ചുചെന്നപ്പോള്‍ ക്ഷീണം ഉള്ളിലൊതുക്കി വാചാലനാവുകയായിരുന്നു മുട്ടസ്സ് നമ്പൂതിരി.

തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ തലേദിവസം രാത്രിയില്‍തന്നെ അടുക്കളയില്‍ ദേഹണ്ഡം ആരംഭിക്കേണ്ടിവരാറുണ്ട്. വരട്ടിയ പ്രഥമനുകള്‍ വഴിപാടായി വന്നാല്‍(വൈക്കത്തപ്പന് പ്രാതല്‍ വഴിപാടായി ചില ഭക്തര്‍ നേരാറുണ്ട്. സന്താനവിഷയത്തിലാണ് ഈ വഴിപാട് ഏറെയും നേരുക.)അത്താഴ പൂജ കഴിഞ്ഞ് നട അടച്ചാല്‍ പഴം വരട്ടാന്‍ തുടങ്ങേണ്ടിവരും. മുട്ടസ്സുമായി ബന്ധമുള്ള ചിലരൊക്കെ ചിലപ്പോള്‍ സഹായത്തിന് വരാറുണ്ട്. എന്നാല്‍ പലരും ജീവിതമാര്‍ഗ്ഗം തേടി പല ദിക്കുകളിലാണ്. ഭഗവാന്‍ ഞങ്ങളുടെ പരമ്പരയില്‍ ഏല്‍പ്പിച്ച കൃത്യം കഴിവതും ഭംഗിയായിത്തന്നെ ഞങ്ങള്‍ തുടര്‍ന്നുപോരുന്നു. വരും തലമുറകള്‍ക്ക് എപ്രകാരം ഈ തൊഴില്‍ കൊണ്ടുനടക്കാനാവും എന്നതറിയില്ല. ജീവിതവരുമാനങ്ങള്‍ തേടി അവര്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. എല്ലാം ഭഗവാന്‍റെ നിശ്ചയം, എന്നേ ഞങ്ങള്‍ക്കിപ്പോള്‍ പറയാനാവൂ. ശിവമഹിമയില്‍ ശ്രീകുമാരന്‍ നമ്പൂതിരി വാക്കുകള്‍ ഒതുക്കി.

മുട്ടസ്സ് ശ്രീകുമാരന്‍ നമ്പൂതിരി (8848354021)
ഫോട്ടോ: പ്രദീപ്കൃഷ്ണന്‍
തയ്യാറാക്കിയത്
നാരായണന്‍പോറ്റി