മാധവമാസം പുണ്യമാസം

മാധവമാസം പുണ്യമാസം

HIGHLIGHTS

മെയ് മാസമാണ് വൈശാഖമാസം. ഭഗവാന്‍ മഹാവിഷ്ണുവിനെ ഉപാസിക്കാന്‍ ഏറെ വിശേഷപ്പെട്ട മാസമാണിത്. ഈ പുണ്യമാസത്തില്‍ ഭഗവാന്‍ ലക്ഷ്മിദേവിയോടൊപ്പം വൈകുണ്ഠത്തില്‍ നിന്നും വേഷപ്രച്ഛന്നനായി തന്‍റെ ഭക്തരുടെ ഭൂമിയിലുള്ള ഭവനങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് സങ്കല്‍പ്പം.

മാധവമാസമെന്നാണത്രേ വൈശാഖ മാസത്തിന്‍റെ മറ്റൊരു നാമം. പ്രകൃതി പൂവണിയുന്ന കാലമാണിത്. പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ വസന്തകാലം ഏറെ ഉത്തമമെന്ന് ആചാര്യവിധി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള മാസമാണ് വൈശാഖമാസം. അക്ഷയതൃതീയ, പരശുരാമവതാര, അന്നപൂര്‍ണ്ണേശ്വരീയവതാര  ദിനങ്ങള്‍, നരസിംഹ ജയന്തി, ശങ്കരജയന്തി, ബുദ്ധപൂര്‍ണ്ണിമ തുടങ്ങിയ പുണ്യദിനങ്ങള്‍ വൈശാഖ മാസത്തിലാണ്.

ഈശ്വരന്മാരുടെ ഈശ്വരനാണ് ഭഗവാന്‍ മഹാവിഷ്ണു. പ്രപഞ്ചത്തിന്‍റെ അധിപനും, സംരക്ഷകനും ഭഗവാനാണത്രേ. 'വിഷ്ണു' എന്ന പദത്തിന്‍റെ അര്‍ത്ഥം സര്‍വ്വതിലും വ്യാപരിക്കുന്നവന്‍, സര്‍വ്വതും ഉള്‍ക്കൊള്ളുന്നവന്‍, സര്‍വ്വചരാചരങ്ങളിലും നിറഞ്ഞിരിക്കുന്നവന്‍ എന്നിങ്ങനെയാണത്രേ. തൂണിലും, തുരുമ്പിലും അവിടുന്ന് കുടിയിരിക്കുന്നു എന്നത് പ്രഹ്ലാദകഥയിലൂടെ വ്യക്തം. സമസ്ത ദേവതകള്‍, സൂര്യ-ചന്ദ്രന്മാര്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, താരമണ്ഡലം, പഞ്ചഭൂതങ്ങള്‍ തുടങ്ങി സമസ്ത ബ്രഹ്മാണ്ഡത്തിന്‍റേയും നിലനില്‍പ്പ് ഭഗവാനില്‍ക്കൂടിയാണ്.

ഈശ്വരാധീനം വിഷ്ണുഭഗവാന്‍റെ അനുഗ്രഹമാണ്. ഭഗവാനേയോ, അവിടുത്തെ അവതാരങ്ങളേയോ പൂജിക്കുന്നവരുടെ ആത്മാവിനെ ഭഗവാനില്‍ ലയിപ്പിച്ച് മോക്ഷം നല്‍കുമെന്നാണ് വിശ്വാസം. ത്രിമൂര്‍ത്തികളില്‍ സൗമ്യനായും, ഐശ്വര്യദായകനും വിഷ്ണുദേവനാണ്. ബ്രഹ്മത്തിന്‍റെ സമ്പൂര്‍ണ്ണ സങ്കല്‍പ്പമാണത്രേ സാക്ഷാല്‍ മഹാവിഷ്ണു.
പൂര്‍വ്വികര്‍ കാലാകാലങ്ങളായി മഹത്കൃതികളിലൂടെ ഭഗവാനെ ആരാധിക്കുന്നു.

കലകളിലും സാഹിത്യങ്ങളിലും ഭഗവാന്‍റെ കഥകള്‍ നിറഞ്ഞുനില്‍ക്കുന്നു. പൂന്താനം, മേല്‍പ്പത്തൂര്‍, കുറൂരമ്മ, വില്വമംഗലം സ്വാമിയാര്‍ എന്നിങ്ങനെ നിരവധി വിഷ്ണുഭക്തരായ വ്യക്തികള്‍ ആത്മീയ ചരിത്രത്തിന്‍റെ ഭാഗമാണ്. ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം, അമ്പലപ്പുഴ, തിരുനാവായ, തിരുവാര്‍പ്പ്, തൃപ്പൂണിത്തുറ, തിരുവട്ടാര്‍ എന്നിങ്ങനെ ഭഗവാന്‍ കുടികൊള്ളുന്ന നിരവധി പുണ്യക്ഷേത്രസന്നിധികള്‍ ഇവിടുണ്ട്. കേരളം കഴിഞ്ഞാല്‍ ശ്രീരംഗം, ഉഡുപ്പി, തിരുപ്പതി, അയോദ്ധ്യ, ദ്വാരക, പുരി ജഗന്നാഥ ക്ഷേത്രം എന്നിങ്ങനെ രാമനായും, കൃഷ്ണനായും ഭഗവാന്‍റെ കടാക്ഷമുള്ള പുണ്യസ്ഥലങ്ങളുമുണ്ട്. പാലാഴിയില്‍ പള്ളിയുറങ്ങുന്ന ഭഗവാന്‍ തന്നെ ഉപാസിക്കുന്നവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും, ഇഷ്ടസിദ്ധികളും നല്‍കുമത്രേ.

വിഷ്ണുസ്തോത്രം

വ്യാഴാഴ്ചകളില്‍ വിഷ്ണുസ്തോത്രം ജപിക്കുക. 

നിത്യവും രാവിലെയും വൈകിട്ടും നിലവിളക്കിന് മുമ്പില്‍ ഭഗവാനെ ഭജിക്കുക. ഇതിനാല്‍ ആധി, വ്യാധികള്‍ ഒഴിയും. ഇത് ഏറെ പ്രീതികരമായ വ്യാഴാഴ്ചകളില്‍ ജപിക്കുക. 108 തവണ ജപിക്കണം. ദിവസവും 4 പ്രാവശ്യമെങ്കിലും ഭക്തിയോടെ ജപിക്കണം. പ്രഭാതത്തിലോ പ്രദോഷത്തിലോ ദിനവും ജപിച്ചാല്‍ കലിദോഷങ്ങള്‍ അകലും. അര്‍ത്ഥം അറിഞ്ഞ് ഭഗവാനെ ഉള്‍ക്കണ്ണിനാല്‍ കണ്ട് ഭക്തിയോടെ ജപിക്കുക.

'ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം 
സര്‍വ്വലോകൈക നാഥം.'

അര്‍ത്ഥം

ശാന്തമായ ആകാരത്തോടുകൂടിയവനും സര്‍പ്പത്തിന്‍റെ പുറത്ത് ശയിക്കുന്നവനും നാഭിയില്‍ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശ്വരനും ലോകത്തിന് ആധാരമായിരിക്കുന്നവനും ആകാശത്തിന് തുല്യനും മേഘവര്‍ണ്ണം ഉള്ളവനും ശുഭമായ അവയവങ്ങളോട് കൂടിയവനും ലക്ഷ്മീദേവിയുടെ ഭര്‍ത്താവായവനും താമരയിതള്‍പോലെയുള്ള കണ്ണുകള്‍ ഉള്ളവനും യോഗിവര്യന്മാരുടെ ഹൃദയത്തില്‍ ധ്യാനത്താല്‍ ശയിക്കുന്നവനും അഹങ്കാരത്തെയും, ഭയത്തെ ഇല്ലാതാക്കാത്തവനും സര്‍വ്വലോകത്തിനും നാഥനുമായ ഭഗവാന്‍ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

വിഷ്ണുസൂക്താര്‍ച്ചന

വിഷ്ണുക്ഷേത്രത്തില്‍ 12 വ്യാഴാഴ്ച തുളസിയില കൊണ്ട് വിഷ്ണുസൂക്തം അര്‍ച്ചന ചെയ്യുക. ജീവിതപ്രതിസന്ധികളില്‍ സംരക്ഷണമാണ് ഈ കര്‍മ്മം. കഷ്ടപ്പാടുകള്‍, അലച്ചിലുകള്‍ മാറുന്നതിന് വിഷ്ണുസൂക്താര്‍ച്ചന ഉപകരിക്കും. ഈ കര്‍മ്മം ക്ഷിപ്രഫലപ്രദമത്രേ. ഈശ്വരാധീനം തെളിയും. എല്ലാ കാര്യങ്ങളിലും ഈശ്വരസാന്നിധ്യം അനുഭവിക്കാം.