മാന്ത്രികതയും താന്ത്രികതയും ദൈവികതയും ഒന്നിച്ച വലമ്പിരിക്കൊടം രക്തേശ്വരി ക്ഷേത്രം
കേരളത്തിന്‍റെ ഐതിഹ്യചരിത്രത്തില്‍ അധികമാരും കടന്നുചെല്ലാത്ത ഐതിഹ്യക്കലവറയാണ് കോട്ടയം ജില്ലയില്‍ കടുത്തുരുത്തിക്ക് സമീപമായി നിലകൊള്ളുന്ന വലമ്പിരിക്കൊടം രക്തേശ്വരി ക്ഷേത്രം . തൊട്ടുണര്‍ത്താനോ, വിളിച്ചുണര്‍ത്താനോ ആരും തന്നെ വലംപിരിക്കോടത്തേയ്ക്ക് ചെല്ലുന്നില്ല. ആരേയും വിളിച്ചുകൂട്ടാന്‍ ഈ മാന്ത്രിക പരമ്പരയ്ക്ക് താല്‍പ്പര്യവുമില്ല. വിളിച്ചുകൂട്ടിയ നാളുകളില്‍ കുടുംബത്ത് സംഭവിച്ച ദുരന്തങ്ങള്‍ അനവധിയാണ്. നാല് തലമുറകളെ ദത്തെടുത്ത് തുടര്‍ച്ച നേടേണ്ടി വന്നു. ഇന്നും ദുരന്തങ്ങള്‍ തുടരുന്നുണ്ട്. രക്ഷിച്ചോളാം എന്ന ഭഗവതിയുടെ ഒറ്റവാക്കാണ് ഇനി തുടങ്ങുന്ന ജീവശ്വാസം.
ഐതിഹ്യം
മറ്റെങ്ങും തിരിച്ചറിയാനാവാത്ത അത്ഭുതസമ്പത്താണ് ക്ഷേത്രാധികാരികളായ നെയ്തശ്ശേരി മനയ്ക്കലെ അന്തേവാസികള്‍ക്ക് പറയാനുള്ളത്. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരശുരാമനൊപ്പം ശുകപുരം ഗ്രാമത്തില്‍ എത്തപ്പെട്ടവരാണ് നെയ്തശ്ശേരി പരമ്പര എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാന്ത്രികവും താന്ത്രികവും ദൈവികതയും സ്വായത്തമാക്കിയ പരമ്പരയാണ് നെയ്തശ്ശേരി മനയുടെ പാരമ്പര്യം.
രാജകല്‍പ്പനപ്രകാരം ശുകപുരത്തുനിന്ന് ആയാംകുടി, മധുരവേലിയിലേക്ക് എത്തിപ്പെട്ടവരാണ് പൂര്‍വ്വികര്‍. ഇരവിമംഗലം ക്ഷേത്രത്തിലെ തന്ത്രവുമായി ബന്ധപ്പെട്ടാണ് നെയ്തശ്ശേരി പരമ്പരയുടെ പിന്നീടുള്ള ചരിത്രം. ഇരവിമംഗലത്തെ ശാന്തിക്കാര്‍ തന്ത്രികളായ നെയ്തശ്ശേരിയെ പലവിധത്തില്‍ ആക്ഷേപിക്കാന്‍ തുടങ്ങി. ആക്ഷേപങ്ങള്‍ സഹിക്കവയ്യാതെ വന്നപ്പോള്‍ ഇരവിമംഗലത്തെ തന്ത്രം നെയ്തശ്ശേരി ഉപേക്ഷിച്ചു. ഒഴിഞ്ഞുമാറിയിട്ടും അവര്‍ ആക്ഷേപം പറഞ്ഞുകൊണ്ടുനടന്നുതുടങ്ങി.
തീരെ സഹികെട്ടപ്പോള്‍ കടുത്ത മാന്ത്രിക പ്രയോഗം അവര്‍ക്ക് നേരെ നടത്തി. ഇവിടെനിന്നും ചെയ്ത മന്ത്രവാദത്താല്‍ ആ നാടാകെ നാശം സംഭവിക്കുകയും ചെയ്തു. ഈ വിവരം തിരിച്ചറിഞ്ഞ ഇരവിമംഗലം നമ്പൂതിരി മാന്ത്രികനായ ഇടപ്പള്ളി നമ്പൂതിരിയെ കൂട്ടി ഇവിടേക്ക് ഉഗ്രമൂര്‍ത്തിയെ സര്‍വ്വനാശത്തിനായി അയയ്ക്കാന്‍ തീരുമാനിച്ചു. ഉഗ്രമൂര്‍ത്തിയായ കൃത്തികയെ നിയോഗിക്കാന്‍ വേണ്ടിയാണ് അവര്‍ ഹോമാചാരങ്ങള്‍ തുടങ്ങിയത്. അത്ര വലിയ മൂര്‍ത്തിയെ തടഞ്ഞുനിര്‍ത്താനുള്ള ശക്തി നെയ്തശ്ശേരിയിലെ മന്ത്രവാദികള്‍ക്കില്ല.
ഇനി എന്താണ് മാര്‍ഗ്ഗം എന്ന് ചിന്തിച്ച് വിഷമിച്ചപ്പോള്‍, തൈക്കാട്ടുശ്ശേരി നമ്പൂതിരി എന്നൊരാള്‍ ഇവിടുത്തെ ഒരു അന്തര്‍ജനത്തിനെ വിവാഹം ചെയ്ത് താമസിക്കുന്നുണ്ടെന്നറിഞ്ഞു. കുടുംബത്തിലെ ദുരിതം തിരിച്ചറിഞ്ഞ തൈക്കാട്ടുശ്ശേരി നമ്പൂതിരി പറഞ്ഞു. എന്‍റെ കൈവശം ഉഗ്രമൂര്‍ത്തിയായ രക്തേശ്വരിയുടെ ബിംബവും പൂജാവിധിപ്രകാരം ചേര്‍ത്ത ഗ്രന്ഥവുമുണ്ട്. ഈ ദേവതയെ മാത്രം പ്രീതിപ്പെടുത്തിയാല്‍ യാതൊരു ബാധയും നെയ്തശ്ശേരിയില്‍ സംഭവിക്കില്ല. തൈക്കാട്ടുശ്ശേരി നമ്പൂതിരിയില്‍ നിന്നും ഗ്രന്ഥം വാങ്ങി ഇല്ലത്തെ കാരണവര്‍ അപൂര്‍വ്വമന്ത്രത്താല്‍ ദേവിയെ സേവിച്ചു. കാരണവരുടെ ഭക്തിയില്‍ പ്രീതയായ ദേവി ചോദിച്ചു.
'നിങ്ങളെ ഞാന്‍ രക്ഷിക്കാം. പകരം എനിക്കെന്തുതരും?'
'എന്താണ് പകരമായി വേണ്ടത്?'
ഈ ദേശത്തിന്‍റെ ദേവതയായി എന്നെ പ്രതിഷ്ഠിക്കണം.
'അതെങ്ങനെ സാധിക്കും? ഈ ദേശദേവതയായി ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നവരാണ് ഞങ്ങളുടെ പരമ്പര.'
'ആലോചിച്ച് പറഞ്ഞാല്‍ മതി. മറ്റ് ഉപാധിയൊന്നുമില്ല'. ദേവി അപ്രത്യക്ഷയായി.
ഇനി എന്താണ് ചെയ്യുക? തങ്ങള്‍ ശുകപുരത്ത് നിന്ന് കൂട്ടിക്കൊണ്ടുവന്ന് ഇവിടെ കുടിയിരുത്തിയ ദേശദേവതയെ മാറ്റി തത്സ്ഥാനം മറ്റൊരാള്‍ക്ക് നല്‍കിയാല്‍ അത് ദേവീകോപത്തിന് കാരണമാവും. രക്തേശ്വരിയുടെ ഉടമ്പടി സ്വീകരിച്ചില്ലെങ്കില്‍ തലമുറ മുഴുവന്‍ നശിക്കും. ഇപ്പോള്‍ ജീവന്‍രക്ഷതന്നെയാണ് പ്രാധാന്യമെന്ന് കാരണവര്‍ ഉറപ്പിച്ചു. ദേവിക്ക് വാക്ക് നല്‍കി. രക്തേശ്വരി ദേവിയെ പരദേവതയായി അംഗീകരിക്കാം. ഇടപ്പള്ളി നമ്പൂതിരിയും കൂട്ടരും ചേര്‍ന്ന് അയച്ച കൃത്തികയ്ക്ക് നെയ്തശ്ശേരിയെ ഒന്നും ചെയ്യാനായില്ല. രക്തേശ്വരിയുടെ വൈഭവത്താല്‍ മന്ത്രവാദദേവത പിന്‍വാങ്ങി.
വാതില്‍ തുറക്കാതെ
മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം മാത്രമേ വലംപിരിക്കോടം രക്തേശ്വരി ക്ഷേത്രത്തിലേയ്ക്കൊള്ളൂ. സാധാരണ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതുപോലെ മുന്‍വശത്തെ വാതിലിലൂടെ കടക്കാന്‍ ആവില്ല. ദര്‍ശനവാതില്‍ എഴിയുള്ള വാതിലുകൊണ്ട് അടച്ചിരിക്കുകയാണ്. ഉഗ്രമൂര്‍ത്തിയായ ദേവിയെ നേരിട്ടാണ് തൊഴുന്നത്. ദേവിയുടെ നേരിട്ടുള്ള ദര്‍ശനമേല്‍ക്കുന്നത് താങ്ങാനുള്ള ശക്തി മനുഷ്യര്‍ക്കില്ല എന്നതാണ് കാരണമായി വിശ്വസിക്കുന്നത്. ക്ഷേത്രത്തിന്‍റെ ചുറ്റുമതില്‍ പോലും കെട്ടി അടച്ചിരിക്കുകയാണ്.
എനിക്കെന്തുതരും?
ഏത് ദുരവസ്ഥയേയും നിശ്ശേഷം ഇല്ലാതാക്കുന്ന ഉഗ്രമൂര്‍ത്തിയാണ് രക്തേശ്വരി ദേവി. എന്നാല്‍ ദേവിയുടെ ഈ അനുഗ്രഹം ചില വ്യവസ്ഥകള്‍ക്ക് വിധേയമാണ്. നിങ്ങളുടെ കാര്യം ഞാന്‍ സാധിച്ചുതരാം. പകരം എനിക്ക് എന്ത് തരും? ദേവിയുടെ ആവിര്‍ഭാവ ചരിത്രവും ഇപ്രകാരം തന്നെയാണ്. ഭക്തന് തന്‍റെ മോഹം മനസ്സില്‍ കരുതാം. ദേവിക്ക് പകരമായി നല്‍കുന്ന വഴിപാട് വിവരം മേല്‍ശാന്തിയോട് പറയണം. മേല്‍ശാന്തി ഭക്തന്‍റെ കാമന പൂര്‍ത്തീകരണത്തിനുള്ള വഴിപാട് വിവരം തിരുനടയില്‍ മണിയടിച്ച് ദേവിയെ ധരിപ്പിക്കും. ഭക്തന്‍റെ കാമന സാധിച്ചശേഷം മാത്രം വഴിപാട് ദേവിക്ക് സമര്‍പ്പിച്ചാല്‍ മതി.
സര്‍വ്വബാധകളേയും ഒരു നിമിഷം കൊണ്ട് ഇല്ലാതെയാക്കുന്ന ഈ ഉഗ്രമൂര്‍ത്തി ഭാവത്തെ പണ്ടുകാലത്ത് ദുരുപയോഗം ചെയ്തിട്ടുണ്ട്. രാജാക്കന്മാരുടേയും പ്രഭുക്കളുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങി പല കുരുതികളും നടത്തിയിട്ടുണ്ട്. അപ്രകാരം ചെയ്തതിന്‍റെ ഫലം പിന്‍തലമുറകള്‍ക്ക് ദത്തെടുക്കേണ്ടതായി വന്നിട്ടുള്ളതായി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഓര്‍ത്തെടുത്തു.
ഇത് മാത്രമല്ല; ചിലര്‍ കാര്യസാധ്യത്തിനായി ദേവീസാന്നിധ്യത്തില്‍ ഞങ്ങളെക്കൊണ്ട് മണിയടിപ്പിച്ച് സത്യം ചെയ്യിക്കും. അപ്പോള്‍ ആ നേര്‍ച്ചയുടെ ഉത്തരവാദിത്വം ഞങ്ങള്‍ക്ക് കൂടിയുണ്ട്. എന്നാല്‍ കാര്യസാധ്യത്തിനുശേഷം ഇവര്‍ വഴിപാട് നടത്തില്ല. ആ ഗ്രഹപ്പിഴയുടെ ഒരു ഭാഗവും ഞങ്ങളുടെ പരമ്പരയെ ബാധിക്കും. മുന്‍കാലങ്ങളില്‍ അപ്രകാരം ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്.
പനിപിടിപ്പിക്കുന്ന ദേവീസാന്നിധ്യം
രക്തേശ്വരിദേവിയുടെ പൂജാവിധികളും പുഷ്പാഞ്ജലിയും ഗോപ്യമന്ത്രങ്ങളായാണ് ആചരിക്കപ്പെടുന്നത്. ഈ ഇല്ലത്തുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും ആ മന്ത്രവിധികള്‍ നാളിതുവരെ പറഞ്ഞുകൊടുത്തിട്ടില്ല. കൊടുക്കാന്‍ പാടില്ല. പകരത്തിന് പൂജയ്ക്ക് ആരെയെങ്കിലും വയ്ക്കേണ്ട അവസ്ഥ വന്നാല്‍ ദുര്‍ഗ്ഗാദേവിയുടെ സാധാരണ മന്ത്രങ്ങളാല്‍ പൂജകള്‍ ചെയ്യുകയാണ് പതിവ്. ഭയപ്പാടുകള്‍, ചെറിയ ദൃഷ്ടിദോഷം, കുട്ടികള്‍ക്കുണ്ടാകുന്ന വിട്ടുമാറാത്ത പനി എന്നീ കാരണങ്ങളാല്‍ പലരും ചരട് ജപിച്ചുകെട്ടാനായി വരാറുണ്ട്. ചരട് ദേവിയുടെ പീഠത്തില്‍ വെച്ചിട്ട് തിരികെ കൊടുക്കുകയേ പതിവുള്ളൂ.
മന്ത്രമില്ലാതെതന്നെ ദേവിയുടെ ശക്തി ആ ചരടില്‍ ചേര്‍ന്നിരിക്കും. ഈ ചരട് കെട്ടിയാല്‍ അല്‍പ്പനേരത്തേയ്ക്ക് മേലാകെ പനി പോലെ ചൂട് വരുന്നത് പതിവാണ്.
അറുനാഴിയും കുരുതിയും
ദേവിയുടെ പ്രധാനപ്പെട്ട വഴിപാടുകള്‍ അറുനാഴിയും കുരുതിയുമാണ്. അറുനാഴി അരികൊണ്ട് വയ്ക്കുന്ന നിവേദ്യമാണ് അറുനാഴി വഴിപാട്. അറു നാഴി പ്രത്യേകതരം കൂട്ടുകളാല്‍ ഉണ്ടാക്കുന്ന വഴിപാടാണ്. 'അളവ് ഇത്തിരി കുറഞ്ഞാലും പ്രശ്നമില്ല കൂട്ട് കുറയ്ക്കാന്‍ പാടില്ല.' കൂട്ടുപായസത്തിന്‍റെ മഹത്വത്തെക്കുറിച്ച് മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി ഭക്ത്യാദരവോടെ പറഞ്ഞു. നിത്യകുരുതിയും വിശേഷാല്‍ കുരുതിയും ദേവിപ്രീതിക്ക് അത്യുത്തമം തന്നെയാണ്. കേരളത്തില്‍ രക്തേശ്വരി ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. വലംപിരിക്കോടത്തെപ്പോലെ ശക്തിസ്വരൂപിണിയായ രക്തേശ്വരീക്ഷേത്രം മറ്റൊന്നുള്ളതായി യാത്രകളില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നുതന്നെ പറയാം.
വലംപിരിക്കോടം ക്ഷേത്രം
മധുരവേലി, കടുത്തുരുത്തി,
(9745009076)
Photo Courtesy - jyothisharathnam
