മഹാലക്ഷ്മിക്കാവിലെ വനദുർഗ്ഗ
വെൺമണി ശാർങക്കാവ് ദേവീക്ഷേത്രമാണ് തേവള്ളി വനദുർഗ്ഗാക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കണക്കാക്കിപ്പോരുന്നത്. എന്നുമാത്രമല്ല ശാർങക്കാവ് ദേവിയുടെ നേരനുജത്തിയാണ് ഇവിടുത്തെ വനദുർഗ്ഗ എന്നും വിശ്വസിച്ചുപോരുന്നു.
കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ശാന്തസുന്ദരമായ ഒരു പ്രദേശമാണ് തേവള്ളി. തേവള്ളിക്ക് അങ്ങനൊരു പേര് ലഭിച്ചതിന് പിന്നിൽ പറഞ്ഞുകേൾക്കുന്ന ഒരു കഥയുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് എന്നോ നടന്നതായി പറയപ്പെടുന്ന കഥ. അതിൻപ്രകാരം മധുര വാണിരുന്ന ഒരു മഹാരാജാവിന്റെ സൈന്യാധിപനാണ് പ്രദേശത്തിന് ഈ പേര് നൽകിയത്.
മഹാരാജാവിന്റെ പ്രിയപത്നിക്ക് കലശലായ ഏതോ രോഗം പിടിപെട്ടു. പാണ്ടിനാട്ടിലുള്ള പ്രഗത്ഭനായ വൈദ്യന്മാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും റാണിയുടെ രോഗത്തിന് തരിമ്പും ശമനം കണ്ടില്ല. ഒടുവിൽ രോഗം ഭേദമാക്കുവാൻ കഴിവുള്ള വൈദ്യന്മാരെ തിരക്കി മറ്റ് സ്ഥലങ്ങളിലേക്കും രാജാവിന്റെ ആൾക്കാർ പോയി. കൂട്ടത്തിൽ ചിലർ കൊല്ലത്തും എത്തി. ഉപസേനാനായകന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടമായിരുന്നു അത്. അവർ നേരെ പോയത് നാട്ടുപ്രമാണിയുടടുത്തേക്കായിരുന്നു. നാട്ടുപ്രമാണി വഴി രോഗം ഭേദമാക്കുവാൻ കഴിവുള്ള വൈദ്യനെ കണ്ടെത്തുക തന്നെയായിരുന്നു ലക്ഷ്യം.
മറ്റ് പല പ്രദേശങ്ങളും പോലെ തേവള്ളിയും അന്ന് ജനവാസം കുറഞ്ഞ, ഏറിയ പങ്കും വനമായ സ്ഥലമായിരുന്നു. വൻമരങ്ങളും വള്ളിപ്പടർപ്പുകളുമൊക്കെ നിറഞ്ഞ കാട്. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രം കൂടിയായിരുന്ന അവിടേക്ക് ആരും പോകാറുണ്ടായിരുന്നില്ല. ആ കാട്ടിൽ അത്ഭുത സിദ്ധികളുള്ള ഒരു മഹായോഗി വസിച്ചിരുന്നു. ഏത് മഹാരോഗത്തെയും പിടിച്ചുകെട്ടാനുള്ള ഔഷധക്കൂട്ട് വശമുള്ള ആ യോഗിയുടെ അടുത്തേക്കാണ്, മധുരയിൽ നിന്ന് വന്നവരെ നാട്ടുപ്രമാണി പറഞ്ഞയച്ചത്. ഒപ്പം തന്റെ രണ്ട് ഭൃത്യരേയും വഴികാട്ടാനയച്ചു. ദുഷ്ക്കരമായിരുന്നെങ്കിലും രാജകൽപ്പന അനുസരിക്കേണ്ടതിനാൽ എല്ലാം സഹിച്ച് കാട്ടിലെത്തിയ അവർ കണ്ട കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. ഹിംസ്രജന്തുക്കളെ ഒപ്പം കൂട്ടിയുള്ള ഒരു ജീവിതമാണ് യോഗിവര്യൻ നയിക്കുന്നത്.
ഏതായാലും മധുരസംഘം യോഗിയുടടുത്തെത്തി ആഗമനോദ്ദേശം അറിയിച്ചു. ലക്ഷണം കേട്ടപ്പോൾ തന്നെ രോഗ നിർണ്ണയം നടത്തിയ യോഗിവര്യൻ കിഴക്ക് ദിക്കിലേക്ക് കൈചൂണ്ടി ഒരു വള്ളിയുടെ പേരുപറഞ്ഞിട്ട് അത് കൊണ്ടുവരാൻ പറഞ്ഞു, മധുരയിൽ നിന്നെത്തിയവർക്കുണ്ടോ സ്ഥലപരിചയം. യോഗി പറഞ്ഞ വള്ളി കണ്ടാലും അറിയില്ല. അവർ ശങ്കിച്ചുനിന്നപ്പോൾ യോഗിക്ക് അരികിൽ കിടന്നിരുന്ന പുലി ചാടിയെഴുന്നേറ്റ് കിഴക്ക് ദിക്കിലേയ്ക്ക് നടന്നു. അപ്പോൾ യോഗി പറഞ്ഞു, ഒപ്പം പൊയ്ക്കോളൂ.
വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റിയും മറ്റും ഏറെദൂരം നടന്നുകഴിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന പുലി ഒരു വള്ളിയിൽ പിടിച്ചുതൂങ്ങി. അതുകണ്ട സേനാനായകന് അതാണ് യോഗി പറഞ്ഞ വള്ളി എന്ന് മനസ്സിലായി. സന്തോഷം സഹിക്കാനാകാതെ അയാൾ ഉച്ചത്തിൽ വിളിച്ചുകൂവി. ദേ.. വള്ളി. ആ ദേ.. വള്ളിയാണ് പിന്നീട് തേവള്ളി ആയതെന്നാണ് വാമൊഴി.
പിൽക്കാലത്ത് കാട് കുറേയൊക്കെ നാടിന് വഴിമാറിയപ്പോഴും തേവള്ളിയുടെ നാമം പ്രസിദ്ധി നേടി. കൊല്ലം, തിരുവിതാംകൂറിന്റെ ഭരണസിരാകേന്ദ്രമായിരുന്ന കാലത്താണ് തേവള്ളിയുടെ നാമം ചരിത്രത്തിലിടം പിടിച്ചത്. ഇന്ന് എൻ.സി.സിയുടെ ഓഫീസായി പ്രവർത്തിക്കുന്ന തേവള്ളി കൊട്ടാരത്തിൽ വച്ചായിരുന്നു രാജാവ് പല നിർണ്ണായകമായ തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതും, ബ്രിട്ടീഷുകാരുമായും മറ്റും ഉടമ്പടികൾ ഒപ്പുവച്ചിരുന്നതും.
എന്നാലിന്നും തേവള്ളിയുടെ നാമം പുറംലോകം അറിയുന്നത് തേവള്ളി മഹാലക്ഷ്മിക്കാവ് വനദുർഗ്ഗാദേവി ക്ഷേത്രത്തിന്റെ പേരിലാണ്. ആശ്രയിക്കുന്നവർക്ക് അഭയം നൽകുന്ന ശക്തിസ്വരൂപിണിയാണ് ഈ വനദുർഗ്ഗ എന്നതിനാൽ കണ്ടും കേട്ടും അറിഞ്ഞ് ദിവസവും നൂറുകണക്കിന് പേരാണ് ഇവിടേക്ക് വരുന്നത്.
ഐതിഹ്യം
വെൺമണി ശാർങക്കാവ് ദേവീക്ഷേത്രമാണ് തേവള്ളി വനദുർഗ്ഗാക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കണക്കാക്കിപ്പോരുന്നത്. എന്നുമാത്രമല്ല ശാർങക്കാവ് ദേവിയുടെ നേരനുജത്തിയാണ് ഇവിടുത്തെ വനദുർഗ്ഗ എന്നും വിശ്വസിച്ചുപോരുന്നു.
കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളുടെയൊക്കെയും ഉൽപ്പത്തി ചരിത്രം പറയുന്നത്, പുല്ലരിയാൻ കാട്ടിൽ പോയ സ്ത്രീയുടെ അരിവാൾ മൺപുറ്റിൽ തട്ടിയപ്പോൾ ചോര വന്നു എന്നും, തുടർന്ന് നില വിളിച്ചോടിയ സ്ത്രീ വിവരം നാട്ടധികാരിയെ അറിയിക്കുകയും, അദ്ദേഹം നാട്ടുകാരുമായി സ്ഥലത്തെത്തുകയും പ്രശ്നം വയ്പ്പിക്കുകയും ദേവീസാന്നിധ്യം കണ്ടെത്തി, ക്ഷേത്രം പണിതു എന്നുമൊക്കെയാണല്ലോ. എന്നാലിവിടെ പക്ഷേ കഥ മറ്റൊന്നാണ്. തേവള്ളിക്കടുത്തുള്ള പ്രദേശത്തെ ഒരു കുടുംബകാരണവർ എല്ലാ മാസവും കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ മുടങ്ങാതെ ദർശനത്തിന് പോകുമായിരുന്നു. ഒപ്പം സഹായിയായി ഒരു ഭൃത്യനും ഉണ്ടാകും. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളൊന്നുമില്ലാത്ത അന്ന് നടന്നായിരുന്നു പോക്ക്. എന്നാലൊരു ദിവസം ദർശനമൊക്കെ കഴിഞ്ഞ് ക്ഷേത്രത്തിന് പുറത്തിറങ്ങിയ കാരണവർ, ഭൃത്യനെ അവിടെങ്ങും കണ്ടില്ല. ആകെ വിഷമിച്ച കാരണവർ കുറേയേറെ നേരം അയാളെ കാത്തെങ്കിലും കാണാതായപ്പോൾ ആകെ വിഷമിച്ചു. എന്നുകരുതി വീട്ടിലെത്താതിരിക്കാനാകുമോ. കാരണവർ രണ്ടും കൽപ്പിച്ച് ഭഗവദ്നാമവും ചൊല്ലി നടക്കാൻ തുടങ്ങി. കുറേദൂരം നടന്നപ്പോൾ ദാഹവും ക്ഷീണവും അനുഭവപ്പെട്ട കാരണവർ, കുറച്ചു ദൂരം ഒരു വെട്ടം കണ്ട് അവിടേക്ക് നടന്നു. ജ്യേഷ്ഠാനുജത്തിമാരായ രണ്ട് സ്ത്രീകൾ മാത്രമായിരുന്നു അവിടെ താമസം. ക്ഷീണിച്ചു പരവശനായി വന്ന കാരണവർക്ക് കുടിക്കാൻ വെള്ളം നൽകിയ സഹോദരിമാർ വിവരങ്ങളൊക്കെയും ചോദിച്ചറിഞ്ഞു. ഇനി വീടുവരെ ഒറ്റയ്ക്ക് പോകണമെന്നും ഭയമില്ലാതില്ലെന്നും കാരണവർ പറഞ്ഞപ്പോൾ കൂട്ടിന് തന്റെ അനുജത്തിയെക്കൂടി അയയ്ക്കാമെന്ന് ജ്യേഷ്ഠത്തി പറയുകയും അപ്രകാരം ചെയ്യുകയും ചെയ്തു.
മിണ്ടിയും പറഞ്ഞും നടന്നുനടന്ന് അവർ കാരണവരുടെ വീട്ടിലെത്തി. പൂമുഖത്തേയ്ക്ക് കയറാനൊരുങ്ങിയ കാരണവർ തിരിഞ്ഞുനോക്കുമ്പോൾ ഒപ്പം കൂട്ടുവന്ന സ്ത്രീയില്ല. സാത്വികനായ കാരണവർക്ക് ചില സംശയങ്ങൾ തോന്നിയതിന്റെയടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ ജ്യോത്സ്യരെ വിളിച്ച് പ്രശ്നം വയ്പ്പിച്ചപ്പോൾ, ശാർങക്കാവ് ദേവിയുടെ നേരനുജത്തിയാണ് കൂട്ടുവന്നതെന്നും, കാരണവരെ വീട്ടിലെത്തിച്ചശേഷം അടുത്തുള്ള കാട്ടിലേക്ക് പോയ ദേവി അവിടെ വാസം ഉറപ്പിച്ചിരിക്കുകയാണെന്നും വേണ്ടത് ചെയ്യണമെന്നും, മഹാലക്ഷ്മിയുടെ രൗദ്രഭാവരൂപിണിയായി വനദുർഗ്ഗയായിട്ടാണ് വാസമെന്നും പറഞ്ഞു. തുടർന്ന് കാരണവർ ഒരാലയം പണിത് ദേവിയെ കുടിയിരുത്തുകയും പൂജിച്ചുപോരുകയും ചെയ്തു.
പിന്നീടിങ്ങോട്ട് ആ കാരണവരുടെ പിൻതലമുറക്കാരുടെ മേൽനോട്ടത്തിലായിരുന്നു പരിപാലനമെങ്കിലും പിൽക്കാലത്ത് നാട്ടുകാർക്ക് വിട്ടുകൊടുക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രം പുതുക്കിപ്പണിയുകയും നിത്യപൂജ ആരംഭിക്കുകയും ചെയ്തു.
പ്രധാന പ്രതിഷ്ഠ വനദുർഗ്ഗയാണെങ്കിലും ഗണപതി, അയ്യപ്പൻ, നാഗരാജാവ്, നാഗയക്ഷി, യോഗീശ്വരൻ, യക്ഷിയമ്മ, ശിവൻ എന്നിവർ ഉപദേവതകളായിട്ടുണ്ട്.
ഇടവമാസത്തിലെ അത്തം നാളിലാണ് പ്രതിഷ്ഠാദിനം. അതുകൂടാതെ വൃശ്ചികച്ചിറപ്പ്, തുലാമാസത്തിലെ ആയില്യം എന്നിവ വിശേഷമായി ആചരിക്കാറുണ്ട്.
വിവാഹതടസ്സം മാറുന്നതിനും, സന്താനഭാഗ്യത്തിനുമുള്ള സ്വയം വരാർച്ചനയും കനകധാരയും ഏറെ പ്രസിദ്ധമാണ്. ഫലപ്രാപ്തി അച്ചട്ടും. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരിൽ നല്ലൊരു ശതമാനവും ഇപ്പറഞ്ഞ രണ്ട് കാര്യങ്ങൾക്കായി വനദുർഗ്ഗാദേവിയെ കണ്ട് പ്രാർത്ഥിക്കുവാൻ വരുന്നവരും, ദേവിയുടെ അനുഗ്രഹത്താൽ കാര്യസിദ്ധി നേടിയവരുമാണ്.
Photo Courtesy - കാർത്തിക് ഗോപൻ
