പിതൃമോക്ഷദായകനായ ജനാര്‍ദ്ദനസ്വാമി
മഹാവിഷ്ണു ഭഗവാന് പിതൃദേവഭാവത്തില് അനുഗ്രഹം ചൊരിഞ്ഞുവാണരുളുന്ന, കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രം. ആയിരത്തിലധികം വര്‍ഷത്തെ കാലപ്പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പിതൃദോഷ പരിഹാര കര്‍മ്മങ്ങള്‍ക്ക് ഏറെ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ ക്ഷേത്രത്തെ ദക്ഷിണകാശി എന്നും ക്ഷേത്രം സ്ഥിതി ചെയ്യുന്ന സമുദ്രതീരത്തെ പാപനാശം എന്നുമാണ് അറിയപ്പെടുന്നത്. പാപനാശം കടല്‍തീരത്ത് ബലിയിട്ട്, കടലില്‍ കുളിച്ച്, ക്ഷേത്രത്തിലെത്തി തിലഹവനം വഴിപാട് നടത്തി ഭഗവാനെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ പിതൃദോഷപരിഹാരം ഉറപ്പാണെന്നാണ് വിശ്വാസം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പിതൃബലികര്മ്മകേന്ദ്രം കൂടിയാണ് വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രവും, സമുദ്രസ്നാനഘട്ടവും. തിരുവല്ലത്തെയും, തിരുനാവായയെയും, തിരുനെല്ലിയെയും, തിരുമുല്ലവാരത്തെയുമൊക്കെപ്പോലെ തന്നെ പ്രശസ്തമായ സ്ഥലം.
ജൂലൈ 24 വ്യാഴം കര്‍ക്കിടകവാവ്
കര്ക്കിടകവാവുനാളില് പാപനാശം കടല്‍പ്പുറത്തും ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലും എത്തിച്ചേരുന്നത് 5-6 ലക്ഷം പേര്
മഹാവിഷ്ണു ഭഗവാന് പിതൃദേവഭാവത്തില് അനുഗ്രഹം ചൊരിഞ്ഞുവാണരുളുന്ന, കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രം. ആയിരത്തിലധികം വര്‍ഷത്തെ കാലപ്പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പിതൃദോഷ പരിഹാര കര്‍മ്മങ്ങള്‍ക്ക് ഏറെ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ ക്ഷേത്രത്തെ ദക്ഷിണകാശി എന്നും ക്ഷേത്രം സ്ഥിതി ചെയ്യുന്ന സമുദ്രതീരത്തെ പാപനാശം എന്നുമാണ് അറിയപ്പെടുന്നത്. പാപനാശം കടല്‍തീരത്ത് ബലിയിട്ട്, കടലില്‍ കുളിച്ച്, ക്ഷേത്രത്തിലെത്തി തിലഹവനം വഴിപാട് നടത്തി ഭഗവാനെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ പിതൃദോഷപരിഹാരം ഉറപ്പാണെന്നാണ് വിശ്വാസം. അമാവാസി നാളുകളിലും കര്ക്കിടകവാവുദിവസവും ക്ഷേത്രത്തിലെത്തിച്ചേരുന്ന, വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനസഞ്ചയം അതിന് തെളിവാണ്.
വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിന്റെ ഉല്പ്പത്തിചരിത്രം പറയുമ്പോള്‍ അതിന് രണ്ട് ഘട്ടങ്ങള്‍ ഉള്ളതായി കാണാം. ത്രേതായുഗത്തില്‍ സാക്ഷാല്‍ ബ്രഹ്മാവ് ഈ സമുദ്രതീരത്ത് വിഷ്ണുപ്രീതിക്കായി യാഗം ചെയ്തിരുന്നു എന്നാണ് ഒന്നാംഘട്ട ചരിത്രം പറയുന്നത്. യാഗത്തിനിടെ ഒരുനാള്‍ വിഷ്ണു ഭഗവാന് ബ്രാഹ്മണവേഷത്തിലെത്തി പ്രസാദം ആവശ്യപ്പെട്ടു. യാഗനടത്തിപ്പുകാരായ ബ്രാഹ്മണര്‍ ഉടന്‍തന്നെ ആഗത ബ്രാഹ്മണന് ഭക്ഷണം കൊടുക്കുവാനായി ഇലയിട്ട് വിഭവങ്ങളൊക്കെയും വിളമ്പി. പൂണൂലിട്ട ബ്രാഹ്മണര്‍ സാധാരണ ഊണ് കഴിക്കുന്നതിന് മുമ്പ് കയ്യില്‍ ജലമെടുത്ത് മൂന്നുപ്രാവശ്യം ഇല ഉഴിഞ്ഞ് മന്ത്രം പറഞ്ഞ് ആ ജലം കുടിച്ചശേഷം മാത്രമേ ഉണ്ണാറുള്ളൂ.

അതിന്‍പ്രകാരം ബ്രാഹ്മണവേഷത്തില്‍ വന്ന വിഷ്ണുഭഗവാന് മൂന്നുപ്രാവശ്യം ഇല ഉഴിഞ്ഞതും ഇലയിലുണ്ടായിരുന്ന വിഭവങ്ങളൊക്കെയും അപ്രത്യക്ഷമായി. അതുകണ്ട് അമ്പരന്ന, ആഹാരം വിളമ്പിക്കൊണ്ടിരുന്ന ബ്രാഹ്മണര്‍ ആ വിവരം ഉടന്‍തന്നെ ബ്രഹ്മാവിനെ അറിയിക്കുകയും, അദ്ദേഹം വന്നുനോക്കുമ്പോള്‍ ബ്രാഹ്മണ വേഷധാരിയായി എത്തിയിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാന് തന്നെയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇല ഉഴിയാനായി എടുത്ത തീര്‍ത്ഥജലം അപ്പോഴും ഭഗവാന്റെ കയ്യില്‍തന്നെ ഇരിക്കുകയായിരുന്നു. ബ്രഹ്മാവ് ഉടന്‍തന്നെ വിഷ്ണുപാദത്തില്‍ വീണ് നമസ്ക്കരിച്ചുകൊണ്ട് പറഞ്ഞു; ഞാന്‍ നടത്തുന്ന യാഗം അങ്ങ് വന്ന് സ്വീകരിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
അപ്പോള്‍ ഭഗവാന് ജനാര്ദ്ദനരൂപത്തില് ബ്രഹ്മാവിന് ദര്‍ശനം നല്‍കുകയും, മേലില്‍ പിതൃക്കള്‍ക്ക് കൊടുക്കുന്ന തീര്‍ത്ഥം താന്‍ സ്വീകരിച്ചുകൊള്ളാമെന്ന് വാക്കുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ബ്രഹ്മാവ് കടല്‍ത്തീരത്ത് ജനാര്ദ്ദനരൂപത്തില് ഭഗവദ്പ്രതിഷ്ഠ നടത്തി എന്നും, ആ വിഗ്രഹവും ക്ഷേത്രവും പില്ക്കാലത്ത് കടലെടുത്തു എന്നുമാണ് വിശ്വസച്ചുപോരുന്നത്. അതിനുശേഷം ഇന്ന് കാണുന്ന ക്ഷേത്രം നിര്‍മ്മിച്ചത് പാണ്ഡ്യമഹാരാജാവാണെന്നും വിശ്വസിച്ചുപോരുന്നു. അത് സംബന്ധിയായി തലമുറ തലമുറകളായി പ്രചാരത്തിലുള്ള കഥ ഇങ്ങനെയാണ്:
ബ്രഹ്മഹത്യാപാപം ഉണ്ടായ പാണ്ഡ്യമഹാരാജാവ് പാപമോചനത്തിനായി തീര്ത്ഥാടനത്തിനിറങ്ങുകയും തീര്‍ത്ഥാടനമദ്ധ്യേ വര്‍ക്കലയില്‍ എത്തിച്ചേരുകയും ചെയ്തു. നടന്നുതളര്‍ന്ന പാണ്ഡ്യരാജാവ് ക്ഷീണം തീര്‍ക്കുവാനായി കണ്ട ഇരിപ്പിടം ക്ഷേത്രത്തിന് മുന്‍വശത്തുള്ള അശ്വത്ഥത്തിന്റെ(അരയാല്‍) വേരും തണലുമായിരുന്നു. അവിടെ ചെന്നിരുന്ന് യാത്രാക്ഷീണം അകറ്റിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും ബ്രഹ്മഹത്യാദോഷം ഒരു കറുത്ത വസ്തുവായി പുറത്തുപോവുകയും രാജാവിന് വലിയ രീതിയിലുള്ള ആശ്വാസം അനുഭവപ്പെടുകയും ചെയ്തു. അങ്ങനെ പാണ്ഡ്യമഹാരാജാവിന് ബ്രഹ്മഹത്യാദി പാപമോചനം ലഭിച്ചയിടമാണ് വര്‍ക്കല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുണ്യഭൂമി എന്നാണ് വിശ്വാസം.
ക്ഷേത്രത്തിന് വടക്കുഭാഗത്ത് റോഡിനപ്പുറം സാമാന്യം വലിയൊരു കുളം കാണാം. 'അകക്കുളം' എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. വിഷ്ണു ഭഗവാന് ചക്രം കൊണ്ട് നിര്‍മ്മിച്ച ആ കുളത്തിനടുത്ത് ഒരു ആശ്രമം ഉണ്ടായിരുന്നു. ഒരു ദിവസം അവിടേക്ക് ചെന്ന പാണ്ഡ്യമഹാരാജാവ് അവിടെ ശിവവല്ക്ക മഹര്‍ഷിയില്‍ നിന്നും ക്ഷേത്രത്തെപ്പറ്റി കേട്ടറിഞ്ഞു. പാണ്ഡ്യരാജാവ് അന്ന് രാത്രി ആ ആശ്രമത്തില്‍ തന്നെ തങ്ങി. രാത്രിയായപ്പോള്‍ മഹാരാജാവിന് ഭഗവാന്റെ സ്വപ്നദര്‍ശനമുണ്ടായി. 'എനിക്ക് പുനരാഗമനത്തിന് സമയമായി. നിനക്ക് ഞാന്‍ ദര്‍ശനം തരും' എന്ന് ഭഗവാന് പറയുകയും ചെയ്തു.
പറഞ്ഞപ്രകാരം ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്നതിന് തെക്കുമാറിയാണ് പാണ്ഡ്യരാജാവിന് ഭഗവാന്റെ ദര്‍ശനം ലഭിച്ചു. അതനുസരിച്ച് പടിഞ്ഞാറ് നിന്ന് കുറച്ച് തെക്കോട്ട് മാറി കടലില്‍ നിന്ന് ഭഗവാന്റെ വിഗ്രഹവും കിട്ടി. അപ്രകാരം കിട്ടിയ വിഗ്രഹം കൊണ്ടുവന്ന് ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്താനൊരുങ്ങവേ അവിടെ ഉണ്ടായിരുന്നവര്ക്കൊക്കെയും മോഹാലസ്യം അനുഭവപ്പെട്ടു. അതില്‍ നിന്നും ഉണര്ന്നുനോക്കുമ്പോഴാണ്, ബ്രഹ്മദേവന് വന്ന് പ്രതിഷ്ഠ നടത്തിപ്പോയ വിവരം അറിയുന്നത്. അങ്ങനെ ബ്രഹ്മാവിനാല്‍, പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം. അതിന് നിമിത്തമായത് പാണ്ഡ്യമഹാരാജാവും.
വല്ക്കലം വീണയിടം വര്‍ക്കല
അങ്ങനെ പാണ്ഡ്യമഹാരാജാവിന് ബ്രഹ്മഹത്യാദി പാപമുക്തി ലഭിച്ച ഈ പ്രദേശത്തിന് വര്‍ക്കല എന്ന പേര് ലഭിച്ചതുമായി ബന്ധപ്പെട്ടും ഒരു കഥ നിലവിലുണ്ട്.
ഒരിക്കല്‍ നവപ്രജാപതികളെ ബ്രഹ്മാവ് ശപിക്കുകയും, ശാപമുക്തിക്കായി ഭൂമിയില്‍ പോയി സുഖദുഃഖങ്ങള്‍ അനുഭവിച്ച് മനുഷ്യരുമായി ഇടകലര്‍ന്ന് ജീവിക്കുവാന്‍ പറയുകയും ചെയ്തു. അതുകേട്ട നവപ്രജാപതികള് ആകെ വിഷമത്തിലായി. ഭൂമിയിലേക്ക് പോകുന്നത് എങ്ങനെയാണ്? ഏത് വഴിയാണ് പോകുന്നത്? അത് ചിന്തിച്ച് ആകെ വിഷമിച്ചുനില്ക്കുമ്പോഴാണ് നാരദന് അതുവഴി ചെന്നത്. നവപ്രജാപതികള് ഉടന്‍തന്നെ നാരദരെ സമീപിച്ച് ബ്രഹ്മാവിന്റെ ശാപത്തെക്കുറിച്ച് സംസാരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ നാരദന് പറഞ്ഞു: ഞാനെന്റെ അംഗവസ്ത്രം ഊരി ഭൂലോകത്തെ ലക്ഷ്യമാക്കി എറിയാം. എവിടെയാണോ അത് ചെന്നുവീഴുന്നത് നിങ്ങള്‍ അവിടെ പോയി മനുഷ്യരായി ജീവിച്ച് പാപമോചനം നേടിവരണം. അത് പറഞ്ഞിട്ട് നാരദ മഹര്‍ഷി തന്റെ അംഗവസ്ത്രം ഊരിയെറിഞ്ഞു. അതുചെന്നുവീണത് ക്ഷേത്രത്തിന് മുന്നിലെ അരയാലിന് കീഴിലാണ്. ഉടന്‍തന്നെ നവ പ്രജാപതികള്‍ വന്ന് ഭഗവാന് പൂജയും മറ്റും നടത്തി. ഇവിടെ താമസിച്ച് പാപമോചനം നേടി തിരികെ പോയി. അങ്ങനെയാണ് വല്ക്കലം(അംഗവസ്ത്രം) വീണ സ്ഥലം വര്ക്കലയായത്. അന്ന് നവപ്രജാപതികള്ക്ക് സ്നാനം ചെയ്യുവാനും മറ്റുമായി ഭഗവാന് തന്റെ ചക്രം കൊണ്ട് നിര്‍മ്മിച്ച കുളമാണ് ചക്രക്കുളം. മറ്റൊന്ന് പാദതീര്ത്ഥക്കുളം. ഭഗവാന്റെ പാദത്തില്‍ നിന്നുപോകുന്ന ജലമാണ് പാദതീര്ത്ഥത്തിലെത്തുന്നത്. ഇതില്‍ നിന്നുള്ള ജലമെടുത്താണ് അഭിഷേകവും നിവേദ്യവും മറ്റും നടത്തുന്നത്. പാദതീര്ത്ഥക്കുളത്തിലെ ജലമാണ് ചക്രക്കുളത്തിലേക്ക് ഒഴുകിയെത്തുന്നത്.
പൈങ്കുനി ഉത്സവം
സ്വപ്നദര്ശനത്തിന്റടിസ്ഥാനത്തില് തെക്കേ സമുദ്രത്തില്‍ നിന്നുമാണല്ലോ പാണ്ഡ്യമഹാരാജാവിന് ഭഗവാന്റെ വിഗ്രഹം ലഭിച്ചത്. അതുകൊണ്ടുതന്നെ അവിടെയാണ് ഭഗവാന്റെ ആറാട്ട് നടത്തുന്നത്. മീനമാസത്തിലെ ഉത്രത്തിന് ആറാട്ട് നടക്കുംവിധം പത്തുദിവസത്തെ പൈങ്കുനി ഉത്സവമാണ് നടത്തുന്നത്. അന്ന് ഭഗവാനെ ആനപ്പുറത്തെഴുന്നെള്ളിച്ച് തെക്കേ സമുദ്രതീരത്തെത്തിച്ച് ആറാട്ട് നടത്തും. ശില കണ്ട ഊര് എന്ന അര്‍ത്ഥത്തില്‍ ചിലക്കൂര്‍ എന്നാണ് ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര്. ശബരിമലയിലെ ആറാട്ടും വര്‍ക്കല ജനാര്‍ദ്ദനസ്വാമിയുടെ ആറാട്ടും ഒരേ ദിവസം ആണെന്ന പ്രത്യേകതയുമുണ്ട്. ഗണപതി, ശാസ്താവ്, കന്നിമൂല നാഗര്‍, ശിവന്, അനന്തകൃഷ്ണന് എന്നിവയാണ് ഉപപ്രതിഷ്ഠകള്‍.
എല്ലാ തിരുവോണ ദിവസങ്ങളിലും രാത്രി 8 മണിക്ക് ഗരുഡവാഹനത്തില്‍ നടത്തുന്ന എഴുന്നെള്ളത്താണ് മറ്റൊരു പ്രത്യേകത.

മഹാവിഷ്ണു ക്ഷേത്രങ്ങളിലുള്ള എല്ലാ വഴിപാടുകളും ഇവിടെയും നടത്തുന്നുണ്ടെങ്കിലും അലങ്കാരപ്രിയനായ ഭഗവാന് നേര്‍ച്ചയായി നടത്തുന്ന നാല് അലങ്കാരങ്ങള്‍ ഏറെ സവിശേഷമാണ്. ജനാര്‍ദ്ദനസ്വാമി, വേണുഗോപാലസ്വാമി, മോഹിനി, നരസിംഹം എന്നീ അലങ്കാരങ്ങള്‍ കാര്യസിദ്ധിക്ക് വളരെ ഉപകാരപ്രദമായിട്ടാണ് കരുതിപ്പോരുന്നത്.
പൂജയ്ക്ക് അക്കരദേശികള്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണെങ്കിലും ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തിനൊരു പ്രത്യേകതയുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിമാരായ അക്കരദേശി ബ്രാഹ്മണരുടെ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ ഇവിടെ മേല്ശാന്തിയാകാനാവുകയുള്ളു. അതായത് കാസര്‍ഗോഡ് ചന്ദ്രഗിരിപ്പുഴയുടെ അപ്പുറം താമസിക്കുന്ന ശ്രീവെള്ളി ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടത്തെ പൂജാരിമാര്‍. തുളു ബ്രാഹ്മണര്‍.
തിരുവിതാംകൂറിന്റെ ശില്‍പ്പിയായ, തൃപ്പടിദാനം നടത്തിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാകാര്യങ്ങള്‍ക്കായി കൊണ്ടുവന്നവരാണ് ഈ അക്കരദേശി ബ്രാഹ്മണര്‍. ദിവാകര മഹര്‍ഷിയുടെ ശിഷ്യപരമ്പരയില്‍പ്പെട്ട ഇവര്‍ 12 കുടുംബക്കാരായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രം കൂടാതെ വര്‍ക്കലയിലും ശ്രീകണ്ഠേശ്വരത്തും അകത്തു പൂജയ്ക്കുള്ള അധികാരം ഇവര്‍ക്കാണ്. വര്‍ക്കല ക്ഷേത്രത്തില്‍ മേല്‍ശാന്തിമാര്‍ മൂന്നുപേരാണ്. കീഴ്ശാന്തിമാരെ ബോര്‍ഡ് തീരുമാനിക്കുമ്പോള്‍ മേല്‍ശാന്തിമാരെ തീരുമാനിക്കുന്നത് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പിയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ മേല്ശാന്തിമാരെപ്പോലെ തന്നെ ഇവര്‍ക്കും റിട്ടയര്മെന്റൊക്കെയുണ്ട്. അങ്ങനെ ഒരാള്‍ വിരമിച്ചാല്‍ ബോര്‍ഡ് ആ വിവരം മതിലകം ഓഫീസിലും(പത്മനാഭസ്വാമി ക്ഷേത്രം ഓഫീസ്) അവിടെ നിന്ന് പെരിയ നമ്പിയേയും അറിയിക്കും. തുടര്‍ന്ന് പെരിയ നമ്പിയാണ് നിയമനം നടത്തുന്നത്.
ശംഖുചക്രഗദാ അഹോചന ഹസ്തനാണ് ജനാര്‍ദ്ദനസ്വാമി. അദ്ദേഹത്തിന്റെ കയ്യില്‍ ഇപ്പോഴും തീര്ത്ഥമുണ്ടെന്നും, അത് എന്ന് ഭഗവാന് കുടിക്കുന്നുവോ അന്ന് പ്രളയം ഉണ്ടാകുമെന്നുമാണ് വിശ്വാസം.
അതെന്തായാലും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പിതൃബലികര്മ്മകേന്ദ്രം കൂടിയാണ് വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രവും, സമുദ്രസ്നാനഘട്ടവും. തിരുവല്ലത്തെയും, തിരുനാവായയെയും, തിരുനെല്ലിയെയും, തിരുമുല്ലവാരത്തെയുമൊക്കെപ്പോലെ തന്നെ പ്രശസ്തമായ സ്ഥലം.
