ആത്മവിശ്വാസത്തോടെ 2026 നെ വരവേല്‍ക്കാം...

ആത്മവിശ്വാസത്തോടെ 2026 നെ വരവേല്‍ക്കാം...

HIGHLIGHTS

ഓരോ വര്‍ഷവും ഓരോ സുവര്‍ണ്ണ സ്വപ്നങ്ങളുടെ തുടക്കമാണ്. ഈ പുതുവര്‍ഷ സംക്രമം വളരെയധികം ഈശ്വരാനുഗ്രഹപ്രദമാണ്. രാജയോഗമുള്ള സംക്രമകാലം എല്ലാവര്‍ക്കും ശുഭാനുഭവങ്ങള്‍ ഉണ്ടാക്കും എന്ന പ്രതീക്ഷ നല്‍കുന്നു. വിവിധങ്ങളായ നക്ഷത്രങ്ങളില്‍, പന്ത്രണ്ട് രാശികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹേശ്വരന്മാരാല്‍ എല്ലാവരും അനുഗൃഹീതരാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഇനി വര്‍ഷഫലത്തെക്കുറിച്ച് ചിന്തിക്കാം. ഇതില്‍ പറയുന്ന ശുഭഫലങ്ങള്‍ക്ക് പൂര്‍ണ്ണതയും അശുഭഫലങ്ങള്‍ക്ക് പരിഹാരങ്ങളും ഉണ്ടായി ഒരു നല്ല ധന-ആരോഗ്യസമാധാനവിജയ സമൃദ്ധമായ വര്‍ഷം എല്ലാവര്‍ക്കുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...

 

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ പലതരത്തില്‍ സഹായങ്ങള്‍ കടന്നുവരും. വളരെക്കാലമായി ജോലിതടസ്സം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നവര്‍ക്ക് അതിന് പരിഹാരമാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയങ്ങളുണ്ടാകും. മംഗല്യഭാഗ്യം, വിദേശവാസയോഗം, ബിസിനസ്സില്‍ ഗുണകരമായ മാറ്റം എന്നിവ രണ്ടാം പാദത്തിനുശേഷം പ്രതീക്ഷിക്കാം. മാനസികാരോഗ്യത്തില്‍ കൃത്യമായ ശ്രദ്ധ വേണം. അതുപോലെ വാതജന്യരോഗങ്ങള്‍ വിഷമിപ്പിക്കുവാന്‍ സാധ്യതയുണ്ട്. ഈശ്വരാനുഗ്രഹം കൊണ്ട് ശരിയായ തീരുമാനമെടുത്ത് തക്കസമയത്ത് ചെയ്യുന്ന പ്രവൃത്തികള്‍ ആപത്തുകള്‍ ഒഴിവാക്കും. വരവ് ചെലവുകള്‍ ശ്രദ്ധയോടെ വീക്ഷിക്കണം. നിയന്ത്രണവിധേയമല്ലാത്ത ചിന്തകള്‍ അലട്ടുവാന്‍ സാധ്യതയേറെയാണ്. കുടുംബപ്രശ്നങ്ങളെ നയപരമായി പരിഹരിക്കണം. കൂടെ നില്‍ക്കുന്നവരില്‍ നിന്നും അപവാദങ്ങള്‍ കേള്‍ക്കാതെ നോക്കണം.

ദോഷപരിഹാരം ശനിയാഴ്ചകളില്‍ വ്രതമനുഷ്ഠിക്കുക. ഗൃഹത്തില്‍ എള്ളുതിരി കത്തിക്കുക, ശാസ്താവിന്‍റെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി നെയ്വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ട് ചാര്‍ത്തല്‍, പായസം എന്നിവ യഥാശക്തി നടത്തുക. ജന്മനാളുകളില്‍ ശിവക്ഷേത്രത്തില്‍ ആയുസൂക്തം പുഷ്പാഞ്ജലി, ശംഖാഭിഷേകം, വിളക്ക് എന്നിവ നടത്തുന്നതും നല്ലതാണ്.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

വര്‍ഷത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങള്‍ കര്‍മ്മപരമായും ധനപരമായും നേട്ടം. തൊഴില്‍ ലഭിക്കുവാനും ഉണ്ടായിരുന്ന തൊഴിലില്‍ സ്ഥാനക്കയറ്റമോ സ്ഥിരതയോ കൈവരിക്കുവാനും സാധ്യതയുണ്ട്. കോടതി വ്യവഹാരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ ആദ്യ മൂന്ന് മാസങ്ങള്‍ ഗുണകരമായ അനുഭവങ്ങള്‍ നല്‍കും. പഠനം, പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയും വിജയമാകും. രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകരും കോണ്‍ട്രാക്ട് ഇടപാടുകാരും പ്രവാസികളും വിശ്വാസ വഞ്ചനകള്‍ നേരിടേണ്ടി വരും. അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് മനോദുഃഖവും അപമാനവും വാങ്ങരുത്. ധന ഇടപാടില്‍ ജാഗ്രത വേണം. അലസത ഒഴിവാക്കണം. ബന്ധുക്കളെ ശത്രുക്കളാക്കാതെ സൂക്ഷിക്കുക. ഭാഗ്യാനുഭവം, വിദേശയോഗം, മത്സരങ്ങളില്‍ വിജയസാധ്യത, ഗൃഹത്തില്‍ സന്തോഷാനുഭവം ഇവ അനുഭവത്തില്‍ വരും. ഈശ്വരപ്രാര്‍ത്ഥനയാലും ക്ഷമയോടെയും പ്രവൃത്തിച്ചാല്‍ ഈ വര്‍ഷം ആഹ്ലാദകരമായ ജീവിതം നയിക്കാനാകും. അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുവാനും കുടുംബജീവിതം തകരുവാനും സാധ്യതയേറെയാണ്. ആരോഗ്യദാമ്പത്യ പ്രശ്നങ്ങള്‍, തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കണം.

ദോഷപരിഹാരം നവഗ്രഹപ്രീതി, വിഷ്ണുവിന്‍റെ അവതാരമൂര്‍ത്തികള്‍ക്ക് വിളക്ക്, മാല, നിവേദ്യം, വൃദ്ധരായവര്‍ക്ക് ദാനം എന്നിവയും നിത്യേന നാമജപവും നാരായണീയം, ദേവീമാഹാത്മ്യം എന്നിവ പാരായണം ചെയ്യുകയും വേണം.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

വര്‍ഷത്തിന്‍റെ മുഴുവന്‍ ദിവസങ്ങളും ശ്രദ്ധയോടെയും ബുദ്ധിപരമായും ഉപയോഗപ്പെടുത്തിയാല്‍ വിജയം ഉറപ്പാണ്. വിദേശയാത്ര, ഉപരിപഠനം, ജോലിമാറ്റങ്ങള്‍ എന്നിവയ്ക്കെല്ലാം സാധ്യതയുണ്ട്. ഇനിയങ്ങോട്ട് വിജയപാതയില്‍ മുന്നേറാം. സന്താനങ്ങളെ കൂടുതല്‍ ശ്രദ്ധയോടെയും ചിട്ടയോടെയും വളര്‍ത്തണം. മക്കളുടെ വിഷയങ്ങളില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. ദാമ്പത്യപ്രശ്നങ്ങള്‍ക്ക് വിദഗ്ദ്ധ സഹായങ്ങള്‍ തേടേണ്ടിവരും. എടുത്തുചാടാതെ പ്രവര്‍ത്തിച്ചാല്‍ ബന്ധുക്കളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. വാദപ്രതിവാദം, മദ്ധ്യസ്ഥത, ജാമ്യം തുടങ്ങിയവ പരമാവധി ഒഴിവാക്കുക. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുമെങ്കിലും വലിയ രോഗങ്ങളിലേക്ക് എത്തുകയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാവിജയം, വിവാഹത്തിന് തടസ്സങ്ങള്‍ വരാതിരിക്കാന്‍ ഈശ്വരപ്രാര്‍ത്ഥന ചെയ്യുക. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. അപകടങ്ങളില്‍ നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടയാകും.

ദോഷപരിഹാരം ശനിയാഴ്ചകളില്‍ വ്രതമനുഷ്ഠിക്കുക. ഗൃഹത്തില്‍ എള്ളുതിരി കത്തിക്കുക, ശാസ്താവിന്‍റെ ക്ഷേത്രങ്ങളില്‍ ദര്‍ശനംനടത്തി നെയ് വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ടുചാര്‍ത്തല്‍, പായസം എന്നിവ യഥാശക്തി നടത്തുക. ജന്മനാളുകളില്‍ ശിവക്ഷേത്രത്തില്‍ ആയുസൂക്തം പുഷ്പാഞ്ജലി, ശംഖാഭിഷേകം, വിളക്ക് എന്നിവ നടത്തുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ഈ വര്‍ഷം ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒന്നായിരിക്കും. ആദ്യമാസങ്ങളില്‍ തുടങ്ങി ക്രമത്തില്‍ വര്‍ദ്ധിച്ചുവരുന്ന കര്‍മ്മഗുണം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കും. അപ്രതീക്ഷിത ധനഭാഗ്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുവാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഉണ്ടായിരിക്കണം. വര്‍ഷങ്ങളായുള്ള സ്വപ്നങ്ങള്‍ പലതും സാക്ഷാത്ക്കരിക്കും. എന്നിരുന്നാലും ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യകാര്യങ്ങളിലും മികച്ച ശ്രദ്ധ വേണം. സന്താനങ്ങളെക്കൊണ്ട് ഗുണഫലങ്ങള്‍ അനുഭവിക്കും. വിശ്വസ്തരില്‍ നിന്ന് ചതി പറ്റാതെ സൂക്ഷിക്കണം. വര്‍ഷപ്പകുതി കഴിഞ്ഞാല്‍ ഗുണാനുഭവങ്ങള്‍ കുടുതല്‍ വന്നുതുടങ്ങും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും വന്നുചേരും. കാര്യവിജയമുണ്ടാകും. അകന്നിരുന്ന ബന്ധുക്കള്‍ സഹായികളായി വരും. വിവാഹം, പ്രണയം, ദാമ്പത്യസുഖം ഇവയെല്ലാം അനുഭവിക്കാന്‍ യോഗമുണ്ട്. സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. തടസ്സപ്പെട്ട വിദേശയാത്ര സഫലീകൃതമാവും. വരുമാനമാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. നേത്രസംബന്ധമായ അസുഖം, വാതസംബന്ധമായ അസുഖം എന്നിവയെ അവഗണിക്കരുത്.

ദോഷപരിഹാരം നവഗ്രഹക്ഷേത്രത്തില്‍ ചന്ദ്രന് പ്രത്യേക പൂജ കഴിക്കുക. ശിവഭഗവാന് ധാര, മഹാഗണപതിക്ക് മോദകനിവേദ്യം, ഭഗവതിക്ക് പട്ടുചാര്‍ത്തല്‍ തുടങ്ങിയവ നടത്തുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

വര്‍ഷം മുഴുവന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകുവാന്‍ വേണ്ട നാമജപങ്ങള്‍ ഉണ്ടാവണം. ആത്മവിശ്വാസത്തോടെ മുന്നോട്ടുകുതിക്കുക. വിജയം ഉറപ്പാണ്. യോഗ്യതാ പരീക്ഷകള്‍ ജയിക്കുവാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണം. രണ്ടാം പകുതിയില്‍ കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥലാഭം, പഠനവിജയം, വിവാഹം, ധനലാഭം ഇവ പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ജീവിതപങ്കാളിയെ ലഭിക്കും. പുനര്‍വിവാഹങ്ങള്‍ ശ്രദ്ധയോടെ വേണം നടത്തുവാന്‍. തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറഞ്ഞുവരുന്നപോലെ അനുഭവപ്പെടും. സന്താനങ്ങള്‍ക്ക് അംഗീകാരം, പ്രശസ്തി എന്നിവയുണ്ടാകും. വയറുസംബന്ധമായ രോഗങ്ങള്‍ക്കും, വിവിധങ്ങളായ വേദനകള്‍ക്കും കൃത്യമായ ചികിത്സ ഉറപ്പുവരുത്തണം. പ്രവാസം, ഉപരിപഠനം, പഠനആവശ്യം, വിദേശഗമനം ഇവയ്ക്കും കാലം അനുകൂലം. കുടുംബസ്വത്തുക്കളില്‍ നിന്നും ധനലാഭ ലക്ഷണമുണ്ട്. ആദ്യപകുതിക്കുശേഷം വിശ്വാസവഞ്ചനയ്ക്ക് വരാതെ നോക്കണം. സഹപ്രവര്‍ത്തകരോടും മേലുദ്യോഗസ്ഥരോടും സന്ധ്യസന്ധമായും നീതിയുക്തവുമായുള്ള സമീപനമാണ് നല്ലത്. ശത്രുക്കളെ അതിജീവിച്ച് വിജയം കൈവരിക്കാന്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രം മതിയാകും. അപവാദം കരുതിയിരിക്കുക.

ദോഷപരിഹാരം ഗുരുവാരവ്രതം അനുഷ്ഠിക്കുക. വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനംനടത്തി തുളസിമാല ചാര്‍ത്തുക. നെയ്വിളക്ക്, വെണ്ണ നിവേദ്യം, പാല്‍പ്പായസം എന്നിവ നടത്തുന്നതും നല്ലതാണ്. ദിവസേന നാരായണീയം, വിഷ്ണുസഹസ്രനാമം, വിഷ്ണു ഭുജംഗപ്രയാതം, ഭാഗവതം എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം ഭക്തി ശ്രദ്ധയോടെ വായിക്കുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

അനുകൂല വര്‍ഷമാണിത്. വിദ്യ, ധനം, സന്താനങ്ങള്‍, ഗൃഹനിര്‍മ്മാണം, വാഹനം എന്നിവയെല്ലാം വന്നുചേരും. വിദേശത്ത് പോകുവാനും പഠനം നടത്തുവാനും അവിടെ സ്ഥിരതാമസം ആക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ വര്‍ഷം. വിവിധങ്ങളായ രോഗങ്ങളാല്‍ പീഡിതരായവര്‍ക്ക് രോഗശമനങ്ങള്‍ കണ്ടുതുടങ്ങും. ദാമ്പത്യകലഹങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരങ്ങള്‍ തേടുവാന്‍ സാധിക്കും. ഭൂമി ഇടപാടുകളില്‍ വഞ്ചന പറ്റുവാന്‍ സാധ്യതയുണ്ട്. കോണ്‍ട്രാക്ടറ്റര്‍മാര്‍, വ്യവസായികള്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് നേട്ടം കൊയ്യാന്‍ പറ്റിയ വര്‍ഷമാണ്. ചലച്ചിത്ര മേഖലയില്‍ ശോഭിക്കും. വ്യാപാരങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് നല്ല സമയമാണ്. കായികമേഖലയില്‍ തിളങ്ങാന്‍ സാധിക്കും.

ദോഷപരിഹാരം ശനിയാഴ്ചകളില്‍ വ്രതമനുഷ്ഠിക്കുക. ഗൃഹത്തില്‍ എള്ളുതിരി കത്തിക്കുക. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി നെയ്വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ട് ചാര്‍ത്തല്‍, പായസം എന്നിവ യഥാശക്തി നടത്തുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)

അനേകകാലങ്ങളായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാക്ഷാത്ക്കരിക്കുന്ന വര്‍ഷമാണ്. സ്വന്തമായി ഗൃഹം, തൊഴില്‍ എന്നിവയും വൈവാഹിക ജീവിതവും ഉണ്ടാകും. സന്താനങ്ങള്‍ നന്നാവാത്തതുകൊണ്ട് വിഷമിച്ചിരുന്ന ആളുകള്‍ക്ക് ആശ്വാസമുണ്ടാകും. എങ്കിലും സന്താനവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. വ്യവസായികള്‍ക്കും പ്രവാസികള്‍ക്കും നിക്ഷേപങ്ങള്‍ക്ക് സാധിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും തകര്‍ന്നുപോയവ പുനര്‍നിര്‍മ്മിക്കുവാനും സാധിക്കും. നഷ്ടപ്പെട്ടു എന്നുകരുതിയ ധനങ്ങള്‍ തിരികെ ലഭിക്കുവാന്‍ സാധ്യതയുണ്ട്. സമൂഹത്തില്‍ മുമ്പ് ഉള്ളതിനെക്കാള്‍ അംഗീകാരങ്ങള്‍ ലഭിക്കും. മത്സരപ്പരീക്ഷകളില്‍ നല്ല വിജയം കരസ്ഥമാകും. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ചില തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. കലാസാഹിത്യമേഖലയിലുള്ളവര്‍ക്ക് അംഗീകാരങ്ങളും അഭിവൃദ്ധിയും ഉണ്ടാകും. കുടില്‍ വ്യവസായങ്ങള്‍, മത്സ്യബന്ധനം, ആഹാരപദാര്‍ത്ഥങ്ങളുടെ വിപണനം എന്നീ മേഖലകളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് നല്ലതായിരിക്കും.

ദോഷപരിഹാരം ശിവഭജനവും ശാസ്തൃഭജനവും മുടങ്ങാതെ ചെയ്യുക. പഞ്ചാക്ഷരിമന്ത്രം പരമാവധി ഭക്തിശ്രദ്ധാപൂര്‍വ്വം ജപിക്കുക. തിങ്കളാഴ്ചകളില്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പിന്‍വിളക്ക്, ശംഖാഭിഷേകം, ധാര എന്നിവ ചെയ്യുന്നതും നല്ലതാണ്.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നന്മ പ്രതീക്ഷിക്കാവുന്ന വര്‍ഷം തന്നെയാണ്. പൊതുവെ ഗുണദോഷ സമ്മിശ്രമെന്ന് തോന്നുമെങ്കിലും അപ്രതീക്ഷിതമായ നേട്ടങ്ങള്‍ക്ക് സാധ്യത. കാലാകാലങ്ങളായി തൊഴില്‍പരമായി ബുദ്ധിമുട്ടുന്നവര്‍ക്ക് സന്തോഷിക്കാന്‍ സാധിക്കും. ധനപരമായ ക്രയവിക്രയങ്ങളില്‍ അതീവജാഗ്രത വേണം. അല്ലെങ്കില്‍ നിയമക്കുരുക്കുകളിലേക്ക് എത്തപ്പെടാം. മാതാവിനും, നാല്‍ക്കാലികള്‍ക്കും രോഗങ്ങള്‍ ഉണ്ടാകും. വാഹനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഓടിക്കേണ്ടതാണ്. ഭക്ഷ്യവിഷബാധ, സര്‍പ്പ വിഷബാധ എന്നിവ കുടുംബത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നെഞ്ചിനും വയറിനും വരുന്ന രോഗങ്ങള്‍ ആദ്യസൂചനയില്‍ തന്നെ ചികിത്സിച്ചു ഭേദമാക്കണം. ദാമ്പത്യസുഖക്കുറവ് പരിഹരിക്കപ്പെടും. വിദേശത്ത് തൊഴില്‍ ലഭിക്കുവാനും, സ്ഥിരതാമസം ലഭിക്കുവാനും സാധ്യതയുണ്ട്. സംരംഭകര്‍ക്ക് ലാഭകരമായിരിക്കും. പൊതുപ്രവര്‍ത്തകകെ ജനങ്ങള്‍ അംഗീകരിച്ചുതുടങ്ങും. കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ വിജയിക്കും.

ദോഷപരിഹാരം പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും മുരുകനെ ഭജിക്കുന്നതും, ദേവീമാഹാത്മ്യം, നാരായണീയം, ശിവസ്തോത്രങ്ങള്‍ എന്നിവ ചൊല്ലുന്നത് നല്ലതാണ്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

വര്‍ഷാരംഭത്തിലെ ആദ്യനാല് മാസങ്ങളില്‍ തന്നെ സകല വിജയങ്ങളും ലഭ്യമാകും. ശ്രദ്ധയോടെ തീരുമാനങ്ങള്‍ എടുക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്താല്‍ വലിയ വിജയങ്ങള്‍ തേടിയെത്തും. തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുവാനുള്ള വഴികള്‍ തെളിഞ്ഞുവരും. വര്‍ഷങ്ങളായി നഷ്ടപ്പെട്ടുപോയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെടും. മാതാപിതാക്കളെ ശുശ്രൂഷിക്കുകയും അവരുടെ അനുഗ്രഹം നേടുകയും വേണം. സന്താന അഭിവൃദ്ധിക്ക് കാരണമാകുന്ന ചില മാറ്റങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകും. വിദേശത്തുനിന്നും ധനലാഭം ഉണ്ടാകും. ദമ്പതിമാര്‍ക്കിടയിലുള്ള കലഹങ്ങള്‍ക്ക് വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ പരിഹാരം ഉണ്ടാകും. വിദേശയാത്രകള്‍ക്ക് ഭാഗ്യം ലഭിക്കും. വിശ്വാസവഞ്ചന വരാതെ സൂക്ഷിക്കണം. നഷ്ടപ്പെടുമെന്നു കരുതിയ പലതും തിരികെ നമ്മളില്‍ വന്നുചേരും.

ദോഷപരിഹാരം ശനിയാഴ്ചകളില്‍ വ്രതമനുഷ്ഠിക്കുക. ഗൃഹത്തില്‍ എള്ളുതിരി കത്തിക്കുക. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി നെയ്വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ടുചാര്‍ത്തല്‍, പായസം എന്നിവ നടത്തുക. ജന്മനാളുകളില്‍ ശിവക്ഷേത്രത്തില്‍ ആയുസൂക്തം പുഷ്പാഞ്ജലി, ശംഖാഭിഷേകം, വിളക്ക് എന്നിവയും നടത്തുക.

മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

ധാരാളം പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുന്ന വര്‍ഷമാണ്. ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുവാന്‍ വിജയിക്കുവാനും സാധിക്കും. ആദ്യപാദങ്ങളില്‍ കാണുന്ന ആത്മവിശ്വാസം വര്‍ഷാവസാനം വരെ നിലനിര്‍ത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യാപാരം, വ്യവസായം തുടങ്ങിയവയില്‍ പൊരുതി വിജയം നേടുന്ന ഒരു വര്‍ഷമായിരിക്കും ഇത്. വിദേശയാത്രകള്‍ അനുഗുണമാകും. വിദ്യാഭ്യാസം, കല, സാഹിത്യം എന്നീ മേഖലകളില്‍ വിജയം വരിക്കാന്‍ പറ്റും. പുതിയ വീട്, വാഹനങ്ങള്‍, ഭൂമി എന്നിവ വന്നുചേരും. സന്താനങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കുക. തല, കാലുകള്‍, സന്ധികള്‍, മൂത്രശയം തുടങ്ങിയ ശരീരഭാഗങ്ങളില്‍ വേദനയും രോഗങ്ങളും ഉണ്ടാകും. ദാമ്പത്യജീവിതത്തിലെ ചെറിയ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകാതെ പരിഹരിക്കണം. സകല കാര്യങ്ങളോടും സംശയദൃഷ്ടി അനുഭവപ്പെടും. അതിനെ മനഃശാസ്ത്രപരമായി നേരിടുക.

ദോഷപരിഹാരം എല്ലാ ദിവസവും പറ്റുമെങ്കില്‍ വിഷ്ണുസഹസ്രനാമം ജപിക്കുക. വ്യാഴാഴ്ചകളില്‍ വ്രതമനുഷ്ഠിച്ച് സാധ്യമാകുമെങ്കില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

കാര്യങ്ങള്‍ക്ക് കാലതാമസം നേരിടുമെങ്കിലും ഈ വര്‍ഷം ശുഭകരമാണ്. വിദ്യാര്‍ത്ഥികള്‍ മത്സരപരീക്ഷണങ്ങള്‍ക്ക് കഠിനപരിശ്രമം നടത്തും. അത് വിജയത്തിലേയ്ക്ക് നയിക്കും. ആരോഗ്യ കായിക കലാപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. സ്ത്രീകള്‍ക്ക് വിഷമതകള്‍ പരിഹരിക്കപ്പെടും. നല്ല വൈവാഹിക ജീവിതം ഉണ്ടാകും. സങ്കടകരമായ ദാമ്പത്യങ്ങള്‍ ഉപേക്ഷിക്കുവാനുള്ള മാനസികധൈര്യം ലഭിക്കും. പുതിയ തീരുമാനങ്ങള്‍ നന്മയിലേക്ക് നയിക്കും. സൗഹൃദങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നും സഹായങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യത്തെ അഞ്ചുമാസങ്ങള്‍ വിഷമതകള്‍ ഉണ്ടാക്കാം. സാമ്പത്തിക അച്ചടക്കം വര്‍ഷം മുഴുവന്‍ നിര്‍ബന്ധമായും പാലിക്കണം. കോടതി വ്യവഹാരങ്ങള്‍ക്ക് സാധ്യതയുണ്ട്. രേഖാപരമായ അവ്യക്തതകള്‍ കാരണം കാര്യങ്ങള്‍ തടസ്സപ്പെടാം. ശത്രുക്കള്‍ ക്രമാതീതമായി വര്‍ദ്ധിക്കും.

ദോഷപരിഹാരം ശനിയാഴ്ചകളില്‍ വ്രതമനുഷ്ഠിക്കുക. ഗൃഹത്തില്‍ എള്ളുതിരി കത്തിക്കുക. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി നെയ്വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ട് ചാര്‍ത്തല്‍, പായസം എന്നിവ യഥാശക്തി നടത്തുക. ജന്മനാളുകളില്‍ ശിവക്ഷേത്രത്തില്‍ ആയുസൂക്തം പുഷ്പാഞ്ജലി, ശംഖാഭിഷേകം, വിളക്ക് എന്നിവ നടത്തുക. 

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ഈ വര്‍ഷം എല്ലാ കാര്യങ്ങളിലും വളരെ ജാഗ്രത വേണം. പൊതുവേ കാര്യങ്ങള്‍ക്ക് ഒരു മന്ദഗതി ആയിരിക്കുമെന്നാലും കാലങ്ങളായി നടക്കാത്ത പല കാര്യങ്ങളും നടക്കുന്നതായിക്കാണാം. ഭൂമിസംബന്ധമായും ധനസംബന്ധമായും ഇടപാടുകള്‍ താമസിച്ചാണെങ്കിലും നടക്കും. ദൂരസ്ഥലങ്ങളില്‍ പോയി വിദ്യാഭ്യാസം നേടുവാന്‍ ഇടവരും. മാതാപിതാക്കളെ ശുശ്രൂഷിച്ച് അവരുടെ അനുഗ്രഹം നേടുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങള്‍ വന്നുചേരും. കൃഷി, കുടില്‍വ്യവസായം, ഇടത്തരം കച്ചവടങ്ങള്‍, ആഹാരസാധനങ്ങളുടെ കച്ചവടം, വസ്ത്രവ്യാപാരം എന്നീ മേഖലകള്‍ അഭിവൃദ്ധി പ്രാപിക്കും. ആരോഗ്യരംഗത്ത് ദുരനുഭവം വേഗം കണ്ടെത്തി പരിഹരിക്കണം. ചിന്തകള്‍ മനസ്സില്‍ നിന്നും ഒഴിവാക്കുക. സംശയരോഗം കൂടുതലായി അനുഭവപ്പെടും. തൊലിപ്പുറമേയുള്ള അസുഖങ്ങള്‍, മുടികൊഴിച്ചില്‍, ക്ഷീണം, അലസത എന്നിവയ്ക്ക് തുടക്കത്തില്‍തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം.

ദോഷപരിഹാരം ശനിയാഴ്ചകളില്‍ വ്രതമനുഷ്ഠിക്കുക. ഗൃഹത്തില്‍ എള്ളുതിരി കത്തിക്കുക, ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി നെയ്വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ടുചാര്‍ത്തല്‍, പായസം എന്നിവയും, ഹനുമാന്‍സ്വാമിക്ക് അവല്‍നിവേദ്യവും നെയ് വിളക്കും നടത്തുക. 

ജ്യോതിഷന്‍ സത്യനാരായണന്‍. എന്‍
(സംസ്കൃത അദ്ധ്യാപകന്‍,  Msc സൈക്കോളജി),
 ഫോണ്‍: 9961656864