വാസയോഗ്യമായ ഭൂമി

വാസയോഗ്യമായ ഭൂമി

HIGHLIGHTS

മനുഷ്യരും മൃഗങ്ങളും അധിവസിക്കുന്നതും പാലുള്ള വൃക്ഷങ്ങള്‍, പൂക്കള്‍ എന്നിവയുള്ളതും, സമതലമായതും മന്ദമായ ശബ്ദമുള്ളതും ജലം പ്രദക്ഷിണമായി ഒഴുകുന്നതും വിത്തുകള്‍ വേഗം മുളയ്ക്കുന്നതും, സമശീതോഷ്ണവുമായ ഇടം വാസയോഗ്യമാണ്.

മനുഷ്യരും മൃഗങ്ങളും അധിവസിക്കുന്നതും പാലുള്ള വൃക്ഷങ്ങള്‍, പൂക്കള്‍ എന്നിവയുള്ളതും, സമതലമായതും മന്ദമായ ശബ്ദമുള്ളതും ജലം പ്രദക്ഷിണമായി ഒഴുകുന്നതും വിത്തുകള്‍ വേഗം മുളയ്ക്കുന്നതും, സമശീതോഷ്ണവുമായ ഇടം വാസയോഗ്യമാണ്.

വാസയോഗ്യമല്ലാത്ത ഭൂമി

വൃത്താകാരമായതും, അര്‍ദ്ധചന്ദ്രാകൃതിയുള്ളതും 3, 5, 6 കോണുകള്‍ ഉള്ള ഭൂമി വാസയോഗ്യമല്ല. വൃത്താകാരമായ ഭൂമിയില്‍ വീട് പണിതാല്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കേണ്ടിവരും. 3, 5, 6 കോണുകളുള്ള സ്ഥലത്ത് വീട് പണിത് അവിടെ പാര്‍ത്താല്‍ സാമ്പത്തിക പരാധീനതകളും രാജഭീതിയും അനുഭവിക്കേണ്ടി വരും.

ശൂലം, മുറം, ഇവയുടെ ആകൃതിയുള്ള ഭൂമിയും ആമ, മീന്‍ എന്നിവയുടെ മുതുകിന്‍റെ ആകൃതിയുള്ള ഭൂമിയും, പശുവിന്‍റെ മുഖത്തിന്‍റെ ആകൃതിയുള്ള ഭൂമിയും വാസയോഗ്യമല്ല. കുഴിക്കുമ്പോള്‍ മണ്ണില്‍ നിന്ന് ചാമ്പല്‍, തലമുടി, ഉമി, അസ്ഥി, ചിതല്‍പ്പുറ്റ് ഇവ ലഭിക്കുമെങ്കില്‍ ആ ഭൂമി വാസയോഗ്യമല്ലെന്നാണ് വിധി. മദ്ധ്യഭാഗം കുഴിഞ്ഞതും കോണ്‍തിരിഞ്ഞിരിക്കുന്ന ഭൂമിയും വാസയോഗ്യമല്ല. പറമ്പില്‍ മുള്ളുകള്‍ ഉള്ള ചെടിയോ, കടലാടിയോ ഉണ്ടെങ്കില്‍ പരിഹാരം ചെയ്താല്‍ മതിയാകും.

ക്ഷേത്രത്തിന് അടുത്തുള്ള ഭൂമി കഴിവതും വാങ്ങാതിരിക്കുക. ഗ്രാമവാസികളെ ഉപദ്രവിക്കുന്ന ക്ഷുദ്രദേവതകളെ ഗ്രാമദേവത നിയന്ത്രിച്ച് നിര്‍ത്തിയിരിക്കും. പക്ഷേ രാത്രിയില്‍ ക്ഷുദ്രദേവതകളുടെ വിഹാരസഞ്ചാരം ഉണ്ടാകും. ക്ഷേത്രത്തിനരികില്‍ വസിക്കുന്നവര്‍ക്ക് ക്ഷുദ്രദേവതകളുടെ ഉപദ്രവം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. 

സന്യാസിമാര്‍, ക്ഷേത്രജീവനക്കാര്‍ എന്നിവര്‍ ക്ഷേത്രപരിസരത്ത് താമസിക്കുന്നതില്‍ തെറ്റില്ല. വയല്‍, സമുദ്രം, നദി, പര്‍വ്വതം, ആശ്രമങ്ങള്‍, ജന്തുക്കളെ വളര്‍ത്തുന്ന സ്ഥലങ്ങള്‍ എന്നിവയ്ക്ക് തൊട്ടരികിലായുള്ള താമസവും നന്നല്ല. ക്ഷേത്രപരിസരത്തുനിന്ന് 100 കോല്‍ (1 കോല്‍ 72 സെ.മീ) അകന്നിരിക്കുന്ന ഗൃഹം ശുഭകരമായ ശാന്തിദേവനായ മഹാവിഷ്ണുവിന്‍റെ പിറകിലും, ഇടതുവശത്തും ഉഗ്രമൂര്‍ത്തികളായ കാളി, നരസിംഹം, ശിവഭഗവാന്‍ ഇവരുടെ വലതുവശത്തും, മുമ്പിലും വീട് നിര്‍മ്മിക്കുന്നത് അപകടകരമാണത്രേ. ക്ഷേത്രത്തിനരികിലുള്ള ഗൃഹനിര്‍മ്മാണത്തിനായി ജ്യോതിഷിയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ആരായുക.

വീഥിഫലം

1. ഗോവീഥി

താഴ്ന്ന കിഴക്ക് ദിക്കും, ഉയര്‍ന്ന പടിഞ്ഞാറ് ദിക്കുമുള്ള ഭൂമിയില്‍ വസിക്കുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും.

2. അഗ്നിവീഥി അഗ്നികോണ്‍ (തെക്ക് കിഴക്ക്)

താഴ്ന്ന് വായുകോണ്‍(വടക്ക്- പടിഞ്ഞാറ്) ഉയര്‍ന്നതായ ഭൂമിയില്‍ വസിക്കുന്നവര്‍ക്ക് ധനനാശമാണത്രേ ഫലം.

3. യമവീഥി(അന്തക വീഥി)

തെക്കുഭാഗം താഴ്ന്നും വടക്കുഭാഗം ഉയര്‍ന്നതുമായ ഭൂമിയിലെ വാസം മൃത്യുവിനിടയാക്കുമത്രേ.

4. ഭൂതവീഥി

ഈശാനകോണ്‍(വടക്ക്- കിഴക്ക്) ഉയര്‍ന്ന് കന്നിമൂല(തെക്ക്- പടിഞ്ഞാറ്) താഴ്ന്ന ഭൂമി. ഇവിടെ വസിച്ചാല്‍ ധനക്ഷയമാണ് ഫലം. ഈ ഭാഗം തുറന്നിരുന്നാല്‍ സന്താനങ്ങള്‍ക്ക് ഉന്നതി ഉണ്ടാവില്ലത്രേ.

5. ജലവീഥി (വാരിവീഥി)

പടിഞ്ഞാറ് ഭാഗം താഴ്ന്നതും കിഴക്കുഭാഗം ഉയര്‍ന്നതുമായ ഭൂമിയില്‍ വസിച്ചാല്‍ ദാരിദ്ര്യമാണ് ഫലം.

6. നാഗവീഥി(ഫണവീഥി)

അഗ്നികോണ്‍ താഴ്ന്നതും, വായുകോണ്‍ ഉയര്‍ന്നതുമായ ഭൂമിയാണിത്. പുത്രനാശമാണ് ഫലം.

7. ഗജവീഥി(മാതംഗ വീഥി)

തെക്കുഭാഗം ഉയര്‍ന്നതും, വടക്കുഭാഗം താഴ്ന്നതുമായ ഭൂമിയാണ് ഗജവീഥി. ഇവിടുത്തെ വാസം ധനാഭിവൃദ്ധിയെ ക്ഷണിച്ചുവരുത്തുമത്രേ.

8. ധാന്യവീഥി

ഈശാനകോണ്‍ താഴ്ന്ന് കന്നിമൂല ഉയര്‍ന്ന് കിടക്കുന്ന ഭൂമിയാണിത്. ഇവിടുത്തെ താമസം സര്‍വ്വൈശ്വര്യങ്ങളും കൊണ്ടെത്തിക്കും.

മദ്ധ്യഭാഗം ഉയര്‍ന്ന ഭൂമിയിലും, കിഴക്കുദിക്ക് ഉയര്‍ന്ന ഭൂമിയിലും വീട് പണിതാല്‍ 10 വര്‍ഷം അഭിവൃദ്ധിയുണ്ടാകും. അഗ്നികോണോ, തെക്ക് ഭാഗമോ ഉയര്‍ന്നിടത്താണ് വീട് നിര്‍മ്മിക്കുന്നതെങ്കില്‍ 100 വര്‍ഷമാണ് അഭിവൃദ്ധി. കന്നിമൂല ഉയര്‍ന്നിരിക്കുന്ന ഭൂമിയില്‍ വീട് നിര്‍മ്മിച്ചാല്‍ 1,000 വര്‍ഷമാണത്രേ അഭിവൃദ്ധി. പടിഞ്ഞാറ് ഉയര്‍ന്നിരിക്കുന്ന ഭൂമിയില്‍ ഭവനം പണിഞ്ഞാല്‍ 500 വര്‍ഷം അഭിവൃദ്ധി. വായുകോണ്‍ ഉയര്‍ന്നിരിക്കുന്ന ഭൂമിയില്‍ വീട് പണിതാല്‍ 12 വര്‍ഷമാണ് അഭിവൃദ്ധി. വടക്കുദിക്ക് ഉയര്‍ന്ന ഭൂമിയില്‍ വീട് വച്ചാല്‍ 8 വര്‍ഷവും, ഈശാനകോണ്‍ ഉയര്‍ന്ന ഭൂമിയില്‍ വീടുവച്ചാല്‍ 6 വര്‍ഷവും അഭിവൃദ്ധിയുണ്ടാകും.

ദര്‍ശനം

* ധ്വജയോനി(കിഴക്ക്) ദര്‍ശനമായാല്‍ ഇഷ്ടഫലസിദ്ധിയാണ് ഫലം.
* ധൂമയോനി(തെക്ക്- കിഴക്ക്) ദര്‍ശനമായാല്‍ ഭയമാണത്രേ ഫലം.
* സിംഹയോനി(തെക്ക്) ദര്‍ശനമായാല്‍ സമ്പത്ത് ഫലം.
* കുക്കുര യോനി(തെക്ക്- പടിഞ്ഞാറ്) ദര്‍ശനമായാല്‍ കലഹമാണ് ഫലം.
* വൃക്ഷയോനി(പടിഞ്ഞാറ്)ദര്‍ശനമായാല്‍ ധാന്യസമൃദ്ധിയാണ് ഫലം.
* ഖരയോനി(വടക്ക്- പടിഞ്ഞാറ്) ദര്‍ശനമായാല്‍ ചാപല്യമാണ് ഫലം.
* ഗജയോനി(വടക്ക്) ദര്‍ശനമായാല്‍ രാജഗുണമാണ് ഫലം.
* കാകയോനി(വടക്ക്- കിഴക്ക്) ദര്‍ശനമായി വന്നാല്‍ വംശനാശമാണത്രേ ഫലം.

ഗൃഹപ്രവേശനം

ജ്വലിക്കുന്ന നിലവിളക്കും പാല്‍പ്പാത്രവും വഹിച്ച് ഗൃഹനാഥന്‍, ഗൃഹനാഥ എന്നിവര്‍ ഗൃഹത്തിന് ഒരു പ്രദക്ഷിണം വയ്ക്കണം. ഈശ്വരനാമത്തോടെയാണ് പ്രദക്ഷിണം നടത്തേണ്ടത്. പ്രദക്ഷിണം പൂര്‍ത്തിയാക്കി ഗൃഹനാഥ ഇടതുകാലും, ഗൃഹനാഥന്‍ വലതുകാലും വച്ച് വേണം പുതുഗൃഹത്തിലേയ്ക്ക് പ്രവേശിക്കേണ്ടത്.

ഗൃഹത്തില്‍ പൂജ നടത്തുമ്പോള്‍ വീടിന്‍റെ മദ്ധ്യഭാഗത്തോ, പൂജാമുറിയിലോ സൗകര്യം ഉണ്ടെങ്കില്‍ അവിടെ വച്ചോ, വീടിന്‍റെ കിഴക്ക് ഭാഗത്തുള്ള മുറിയിലോ, വടക്ക് ഭാഗത്തുള്ള മുറിയിലോ വച്ചോ നടത്താവുന്നതാണ്.

 

Photo Courtesy - Google