ആരോഗ്യം കാക്കുന്ന വാസ്തു
വാസ്തുവിന്‍റെ അടിസ്ഥാനസിദ്ധാന്തം തന്നെ നമ്മുടെ ശരീരവും വീടും വെവ്വേറെ അല്ലാ എന്നതാണ്. നമുക്കുള്ള എല്ലാ അവയവങ്ങളും വീടുകള്‍ക്കുമുണ്ട്. എന്തിന് വികാരങ്ങള്‍ പോലും. വീടിന്‍റെ ഏതൊരു ഭാഗത്തിനുളള തകരാറ് അഥവാ ന്യൂനത നമ്മുടെ ശരീരത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രതിഫലിക്കുന്നു. രോഗങ്ങള്‍ സ്ഥായിട്ടുള്ളവയല്ല. വന്നുപോകുന്നവയാണ്. ഡോക്ടറോ ജ്യോത്സ്യനോ അല്ലെങ്കില്‍ വാസ്തുനിപുണനോ രോഗത്തെപ്പറ്റി സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് വാക്കുകള്‍ ഉപയോഗിക്കണം. ഓരോ വാക്കും രോഗിക്ക് ആത്മവിശ്വാസമേകുന്നതാവണം.
ഗ്രഹങ്ങള്‍ നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിലും സ്വാധീനം ചെലുത്തുന്നു. സൂര്യന്‍ പുരുഷന്‍റെ ശരീരത്തില്‍ ജീവന്‍റെ(ഉയിര്‍) അണുക്കളേയും സ്ത്രീകള്‍ക്ക് പ്രകാശത്തേയും നല്‍കുന്നു. ചന്ദ്രന്‍ മനസ്സിന്‍റെ കാരകനാണ്. ഒരാള്‍ നല്ല മാനസികാരോഗ്യമുള്ള വ്യക്തിയാവുന്നതിനും മനസ്സിന്‍റെ ആരോഗ്യം നഷ്ടപ്പെട്ട് മാനസികരോഗിയാവുന്നതിന്‍റെയൊക്കെ കാരണക്കാരന്‍ ചന്ദ്രനാണ്. സൂര്യന്‍ കിഴക്ക് ദിക്കിനേയും ചന്ദ്രന്‍ വടക്ക് ദിക്കിനേയും പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് വടക്കുകിഴക്കുഭാഗം ശരിയായിരിക്കണം എന്നുപറയുന്നത്.
ചൊവ്വ രക്തത്തേയും എല്ലുകളേയും മജ്ജയേയും തന്‍റെ നിയന്ത്രണത്തില്‍ വെച്ചിരിക്കുന്നു. ജനനേന്ദ്രിയത്തെ കുറിക്കുന്ന വൃശ്ചികരാശിയുടെ രാശിനാഥനും ചൊവ്വയാണ്. അഗ്നിബാധ, ശസ്ത്രക്രിയ എന്നിവ സൃഷ്ടിക്കുന്നതും ഈ ഗ്രഹമാണ്. അതുകൊണ്ട് അഗ്നിമൂലയായ തെക്കു-കിഴക്ക് മൂലയ്ക്ക് ന്യൂനതകള്‍ ഇല്ലാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബുധന്‍ ഞരമ്പുസംബന്ധിയായ രോഗങ്ങള്‍ സൃഷ്ടിക്കുന്നു. ശബ്ദതകരാറ്, തൊണ്ട, ശ്വാസകോശം എന്നീ രോഗങ്ങള്‍ ബുധന്‍റെ ദോഷത്താല്‍ ഭവിക്കുന്നു. അതുകൊണ്ട് അഗ്നിമൂലയെ ദോഷമറ്റതായി സൂക്ഷിക്കണം. വ്യാഴം ശുഭഗ്രഹമാണ്. വ്യാഴദോഷമുണ്ടായാല്‍ അശുഭഫലങ്ങള്‍ നല്‍കാന്‍ വ്യാഴം മടിക്കയില്ല.
കാന്‍സര്‍ മുഴകള്‍, പ്രമേഹം, മൂത്രസംബന്ധമായ അസുഖം, കരള്‍വീക്കം എന്നിവ വ്യാഴം നല്‍കുന്നതാണ്. അളവിലധികം വിയര്‍പ്പുകുരുക്കള്‍ ഉണ്ടാവുന്നതും വ്യാഴത്തിന്‍റെ ദോഷത്താലാണ്. അതുകൊണ്ട് വീടിന്‍റെ തെക്കുഭാഗം അല്‍പ്പം ഉയര്‍ന്നതായും വെള്ളം കെട്ടിനില്‍ക്കാത്തതുമായിരിക്കണം. ശനിയുടെ ആധിക്യം കൂടിയാല്‍ എല്ലുകള്‍ ബലഹീനമാവുന്നു. പല്ലുകള്‍ കൊഴിയുന്നു. ദഹനത്തകരാറുകള്‍, ശരീരം ശോഷിക്കുക, രോഗത്തെപ്പറ്റി തന്നെ ചിന്തിച്ചുകൊണ്ടേയിരിക്കുക എന്നിവയാണ് ശനിമൂലമുണ്ടാകുന്ന ദൂഷ്യങ്ങള്‍. അതുകൊണ്ട് തെക്കുപടിഞ്ഞാറ് മൂലയായ നൈരുതിയില്‍ കുഴികള്‍ ഇല്ലാതെയും ചരിവുകള്‍ ഇല്ലാതെയുമിരിക്കാന്‍ ശ്രദ്ധിക്കുക.
'നട്ടെല്ലില്ലാത്തവന്‍' എന്ന വാക്കിന് പല അര്‍ത്ഥങ്ങളുണ്ട്. നൈരുതിയില്‍ ഉണ്ടാവുന്ന അപാകത നട്ടെല്ല് സംബന്ധിയായ രോഗങ്ങള്‍ക്ക് ഹേതുവാകും എന്നോര്‍ക്കുക. 'ശനിമൂല' എന്നത് ഈശാനകോണിനെ കുറിക്കുന്നു. അതുകൊണ്ട് ചിന്താക്കുഴപ്പം വേണ്ട.
ജ്യോതിഷശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ ലഗ്നാല്‍ ആറാമിടം അയാളുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമാക്കുന്നു. ജാതകന്‍റെ രോഗങ്ങള്‍ ഏതേത് കാലഘട്ടങ്ങളില്‍ അയാളെ പിടികൂടും എന്നതിനേയും ദശ, ബുദ്ധി, അന്തര്‍ദശകള്‍, ദശാസന്ധികള്‍ എന്നിവയിലൂടെ അറിയാം. ഇവിടെ എട്ടാം ഭാവത്തിനുകൂടി ഫലം പറയണം.
രോഗത്തിന്‍റെ തീവ്രത കൂടുതലാണോ എന്നത് എട്ടാം ഭാവം തീരുമാനിക്കുന്നു. നമ്മളില്‍ ഭൂരിഭാഗത്തിനും കൃത്യമായ ജാതകമില്ല. അതുകൊണ്ട് ജ്യോത്സ്യന്‍റെ അടുത്തുചെന്നാല്‍ രോഗത്തെക്കുറിച്ച് തെറ്റായ ഭയം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഭയം നമ്മെ വീഴ്ത്താതെ ആത്മവിശ്വാസം പകരാന്‍ വാസ്തു നമ്മെ സഹായിക്കുന്നു.
ഇനി ഓരോ രാശിക്കാരും ഏത് വീട്ടില്‍, ഏത് ദിക്കുകളില്‍ താമസിക്കുന്നതാണ് അവര്‍ക്ക് നല്ലത് എന്ന് നോക്കാം. അതിന് മുമ്പായി ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ രോഗങ്ങള്‍ വരാം എന്ന് നോക്കാം.
മേടം: തലവേദന, തലച്ചോറ് സംബന്ധിയായ രോഗങ്ങള്‍, ഉറക്കമില്ലായ്മ, ഇടയ്ക്കിടെ മയക്കം.
ഇടവം: തൊണ്ടരോഗങ്ങള്‍, ചുമ, തൈറോയിഡ്, മലബന്ധം, ആര്‍ത്തവ തകരാറുകള്‍.
മിഥുനം: ശ്വാസകോശം, ആസ്ത്മ, അസ്ഥിഉരുക്ക്, ചുമ, ന്യുമോണിയ
കര്‍ക്കിടകം: മാനസികരോഗം, വിഷാദം, മഞ്ഞപ്പിത്തം, അജീര്‍ണ്ണം, ശ്വാസകോശ സംബന്ധിയായ രോഗം.
ചിങ്ങം: ഹൃദ്രോഗങ്ങള്‍, വിളര്‍ച്ച, രക്താര്‍ബുദം, നട്ടെല്ല് രോഗം, ഓര്‍മ്മക്കുറവ്.
കന്നി: ഇത് അടിവയറ്റിനെ കുറിക്കുന്നതിനാല്‍ വയറ്റില്‍ കൃമി, പുഴുക്കള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുണ്ടാവും. അപ്പന്‍റിസൈറ്റിസ്, വയറിളക്കം എന്നിവയുണ്ടാവും.
തുലാം: സിഫിലിസ്, ജനനേന്ദ്രിയ-ഗുഹ്യരോഗങ്ങള്‍ അമിതമായി മൂത്രം ഒഴിക്കുക, ചര്‍മ്മരോഗങ്ങള്‍, കിഡ്നിരോഗം, ഹെര്‍ണിയ, ഗര്‍ഭപാത്ര രോഗങ്ങള്‍,
വൃശ്ചികം: ജനനേന്ദ്രിയ രോഗങ്ങള്‍, മൂത്രനാളത്തില്‍ അടപ്പ്, മൂക്കില്‍ ദശവളര്‍ച്ച, കിഡ്നി സ്റ്റോണ്‍, വെള്ളപോക്ക്, ലൈംഗിക രോഗങ്ങള്‍.
ധനു: തുടകളില്‍ രോഗം, വേദന, നടുവുവേദന, വാതരോഗങ്ങള്‍, കൈകാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്, സന്ധിവേദന, ചെറുകുടല്‍ രോഗങ്ങള്‍, തോളിന് അപകടം സംഭവിക്കുക.
മകരം: ചര്‍മ്മരോഗങ്ങള്‍, വാതരോഗങ്ങള്‍, ചൊറിചിരങ്ങ്, ശനിയുടെ രാശിയാണിത് എന്നതിനാല്‍ കുഷ്ഠം, എല്ലുകള്‍, മുട്ട് എന്നിവിടങ്ങളില്‍ പെട്ടെന്ന് എന്തെങ്കിലും രോഗബാധയുണ്ടാവുക.
കുംഭം: രക്തനാളം വികസിക്കുക, കണങ്കാലില്‍ ഇടയ്ക്കിടെ രോഗം, കണ്ണുകളിലുണ്ടാവുന്ന പ്രഷര്‍.
മീനം: ഈ രാശി പാദങ്ങളെ കുറിക്കയാല്‍ പാദരോഗം, നഖങ്ങള്‍ക്ക് തകരാറ്, ജലരാശിയായതുകൊണ്ട് അപകടകരമായ മദ്യപാനം, മാനസികത്തകരാറ്, പുറത്തുപോകുമ്പോള്‍ ഇടയ്ക്കിടെ കാലുകള്‍ അപകടത്തില്‍ പെടുക എന്നിവ ഫലം.
ഇനി ഏതേത് രാശികള്‍ക്ക് ഏതൊക്കെ ദിക്കുകളാണ് ഉചിതമായവ എന്നുനോക്കാം.
ഇടവം, മിഥുനം, കര്‍ക്കിടകം എന്നീ രാശികള്‍ക്ക് കിഴക്ക്, വടക്ക് എന്നീ ദിക്കുകള്‍ നന്മയേകും. ചിങ്ങം, കന്നി, തുലാം, എന്നീ രാശികള്‍ക്ക് തെക്ക്, കിഴക്ക് എന്നീ ദിക്കുകള്‍ നന്മ പ്രദാനം ചെയ്യും. വൃശ്ചികം, ധനു, മകരം എന്നീ രാശികള്‍ക്ക് പടിഞ്ഞാറ്, തെക്ക് എന്നീ ദിക്കുകള്‍ നന്മയേകും. കുംഭം, മീനം, മേടം എന്നീ രാശികള്‍ക്ക് വടക്ക് പടിഞ്ഞാറ് ദിക്കുകള്‍ ഉചിതം.
നന്നേ ചെറുപ്പത്തിലേ തന്നെ ഇന്നത്തെ കുട്ടികള്‍ കണ്ണട ധരിക്കുന്നത് വര്‍ദ്ധിച്ചുവരുന്നു. ഇതിന് ടെലിവിഷന്‍ സ്ക്രീനുകള്‍, കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ മാത്രമല്ല കാരണം. നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലും ഇന്ന് പല നിലകളുള്ള കെട്ടിട സമുച്ചയങ്ങള്‍(ഫ്ളാറ്റുകള്‍) പെരുകിക്കഴിഞ്ഞു. അത്തരം ഫ്ളാറ്റുകളിലുള്ള വീടുകളില്‍ കിഴക്കുവശത്ത് വാതിലും ജനലും വളരെ അപൂര്‍വ്വമായിട്ടേ കാണാനാവുകയുള്ളൂ. കണ്ണുകള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ യെ സൂര്യപ്രകാശമാണ് നമുക്ക് നല്‍കുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ വീടുകളില്‍ നട്ടുച്ചയ്ക്ക് പോലും ലൈറ്റുണ്ടെങ്കിലേ അകത്ത് കടക്കാനാവൂ എന്ന അവസ്ഥയാണ്. സൂര്യോദയം കാണാത്ത കിഴക്ക് ദിശയിലുള്ള ചുമരുകളില്‍, കതകും, ജനലും തുറക്കാനാവാത്ത വീടുകളില്‍ കാഴ്ചശക്തി കുറഞ്ഞവര്‍ ഉണ്ടായിരിക്കും. പ്രത്യേകിച്ച് ആ വീടുകളില്‍ രണ്ടാമത്തെ കുട്ടിക്ക് ചെറുപ്രായത്തില്‍ തന്നെ കണ്ണട ധരിക്കേണ്ട സ്ഥിതിയുണ്ടാവുന്നു.
ചര്‍മ്മരോഗങ്ങള്‍ പലതരമുണ്ട്. ഓരോന്നും ഓരോ തരമാണ്. സോറിയാസിസ് എന്ന രോഗം സര്‍വ്വസാധാരണമായിരിക്കുന്നു. ഇത് പ്രായമായവര്‍ക്ക് മാത്രമല്ല. കൊച്ചുകുട്ടികള്‍ക്കുമുണ്ടാവുന്നു. പെണ്‍കുട്ടികള്‍ക്കാണ് ഈ രോഗം വരുന്നതെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയും സൂര്യപ്രകാശമാണ് നമുക്ക് നല്‍കുന്നത്. അതുകൊണ്ടാണ് ദിവസവും കുറച്ചുസമയം വെയിലത്ത് നില്‍ക്കാന്‍ ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ സൂര്യപ്രകാശം പ്രവേശിക്കുന്ന വീടുകളില്‍ താമസിക്കുന്നത് അതിലും ഉത്തമമാണ്. സൂര്യപ്രകാശം കടക്കാത്ത വീടുകള്‍ ചര്‍മ്മരോഗങ്ങളുണ്ടാക്കുന്നു.
കണ്ണുകള്‍ക്ക് അദൃശ്യമായ പൂപ്പലുകളാലും ബാക്ടീരിയകളാലും മറ്റ് സൂക്ഷ്മാണുക്കളാലും ഇത്തരം ചര്‍മ്മരോഗങ്ങളുണ്ടാവാതിരിക്കാന്‍ സൂര്യപ്രകാശമാണ് ഏറ്റവും നല്ല പ്രതിരോധം. അതുകൊണ്ട് വീട്ടില്‍ സൂര്യപ്രകാശം സമൃദ്ധമായി ലഭിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു ആണ്‍കുട്ടി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വീട്ടിനുള്ളില്‍ സൂര്യപ്രകാശം പ്രധാനമാണ്. ഉദയസൂര്യന്‍റെ കിരണങ്ങള്‍ വീട്ടില്‍ പ്രവേശിക്കുന്ന രീതിയിലാണ് നിങ്ങളുടെ വീടിന്‍റെ ഘടനയെങ്കില്‍ അവിടെ ആണ്‍കുട്ടികള്‍ ജനിക്കും. കിഴക്ക് ഭാഗത്ത് പ്രകാശമില്ലാത്ത വീടുകളില്‍ മിക്കവാറും പെണ്‍കുട്ടികളാണ് ജനിക്കുന്നത്.
Photo Courtesy - Google
