വഴിപാടുകളും മൂലമന്ത്രങ്ങളും

വഴിപാടുകളും മൂലമന്ത്രങ്ങളും

HIGHLIGHTS

ദേവീദേവന്മാര്‍ക്ക് വെവ്വേറെ ചെയ്യേണ്ടതായ വഴിപാടുകളും, മൂലമന്ത്രങ്ങളുമുണ്ട്. തലമുറകള്‍ക്ക് ഗുണകരമായിട്ടുള്ള ആചാരാനുഷ്ഠാനങ്ങള്‍ ഭാരതീയ പൈതൃകം താളിയോലകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വൈശ്വര്യം നമുക്ക് സ്വന്തമാക്കാം.

ശ്രീ മഹാഗണപതിക്ക്

ഗണപതിപൂജയ്ക്ക്  പ്രധാനമായും വേണ്ടത് കറുകപ്പുല്ലാണ്. നിവേദ്യവും അപ്പവും മോദകവുമാണ് പ്രധാന വഴിപാട്. അഷ്ടോത്തരാര്‍ച്ചന, ഗണപതി സൂക്താര്‍ച്ചന മുതലായ അര്‍ച്ചനകളാണ.്  ഗണപതിഹോമത്തിന്‍റെ ഫലം വിഘ്നനാശം. ഗണപതി ഭഗവാനുള്ള പ്രത്യേക വഴിപാട് നാളികേരമുടയ്ക്കലാണ.് 

ചൊല്ലേണ്ട മൂലമന്ത്രം 'ഓം ഗം ഗണപതയേ നമഃ' നിത്യേന 108 പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.

ശ്രീ മഹാവിഷ്ണുവിന്

ശ്രീമഹാവിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പങ്ങളാണ് തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ. വിഷ്ണു സഹസ്രനാമസ്തോത്രം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുള്ള അര്‍ച്ചനയാണ് ചെയ്യേണ്ടത്. സുദര്‍ശനഹോമമാണ് ഭഗവാന് ഏറെ പ്രിയം. തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്, ശത്രുനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ് ഫലങ്ങള്‍.

'ഓം നമോ നാരായണാ'(അഷ്ടാരാക്ഷര മന്ത്രം) 

ഓം നമോ ഭഗവതേ വാസുദേവായ(ദ്വാദശാക്ഷര മന്ത്രം) 

എന്നിവയാണ് മൂലമന്ത്രങ്ങള്‍. ഇവ നിത്യം 108 പ്രാവശ്യം ചൊല്ലുക.

ശ്രീ പരമശിവന്

ശ്രീപരമശിവന് ഇഷ്ടപുഷ്പം കൂവളത്തില. ആയുര്‍സൂക്താര്‍ച്ചന, സ്വയംവരപുഷ്പാഞ്ജലി, ഉമാമഹേശ്വര പുഷ്പാഞ്ജലി എന്നീ അര്‍ച്ചനകളാണ് മുഖ്യം. ഭസ്മാഭിഷേകം, ധാര തുടങ്ങിയവയാണ് അഭിഷേകങ്ങളില്‍ മുഖ്യം. ശിവഭഗവാന് രുദ്രഹോമം, മഹാമൃത്യുഞ്ജയ ഹോമം തുടങ്ങിയ ഹോമങ്ങളാണ് നടത്തേണ്ടത്. ഫലം ദീര്‍ഘായുസ്സ്, ആയുരാരോഗ്യ സൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവയാണ്. ശിവന്‍റെ മൂലമന്ത്രമായ 'ഓം നമഃ ശിവായ' നിത്യേന 108 പ്രാവശ്യം ചൊല്ലുക.

ശ്രീരാമന്

ശ്രീരാമചന്ദ്രസ്വാമിക്ക് ഇഷ്ട പുഷ്പങ്ങളാണ് രാമതുളസി, മുല്ലമൊട്ട് എന്നിവ. പാല്‍പ്പായസം, അവല്‍, പഴം എന്നിവയാണ് നിവേദ്യം. ശ്രീരാമചന്ദ്രനെ നിത്യവും ധ്യാനിച്ചാല്‍ ഏകപത്നീവ്രതം, ശാന്തത, ശൗര്യം, ജ്ഞാനപ്രാപ്തി, വിവാഹലബ്ധി, നേതൃപാടവം എന്നിവ ഫലം. നിത്യേന 108 പ്രാവശ്യം 'ഹരേ രാമ, ഹരേ രാമ, രാമരാമ ഹരേ ഹരേ  ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ ചൊല്ലുക.

ശ്രീ സരസ്വതിക്ക്

സരസ്വതിദേവിക്ക് പ്രിയപ്പെട്ട പുഷ്പമാണ് താമര. ത്രിമധുരം, സരലതി പുഷ്പാഞ്ജലിയാണ് അര്‍ച്ചന. 

ഫലം- വിദ്യാഗുണം, 'ഓം ഹ്രീം സരസ്വത്യൈ സ്വാഹാ.' എന്ന മൂലമന്ത്രം 108 പ്രാവശ്യം ചൊല്ലുക.

(ആവാഹനത്തിനായി സ്വാഹാ എന്നും മറ്റ് സന്ദര്‍ഭങ്ങളില്‍ നമഃ എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു)

ശ്രീകൃഷ്ണന്

ഭഗവാന്‍ കൃഷ്ണന്‍റെ ഇഷ്ടപുഷ്പമാണ് നീലശംഖുപുഷ്പം, കൃഷ്ണതുളസി മുതലായവ. വെണ്ണ, അവല്‍, പഴം, പാല്‍പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍. സൗമനസ്യം, കലാവിജയം, സന്താനലബ്ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്ടസിദ്ധി, ദുഃഖനിവാരണം എന്നിവയാണ് ഫലം. 'ഓം ക്ലീം കൃഷ്ണായ നമഃ' എന്ന മൂലമന്ത്രം 108 പ്രാവശ്യം ചൊല്ലുക.

ശ്രീ മഹാലക്ഷ്മിക്ക്

മഹാലക്ഷ്മിക്ക് ഇഷ്ടപ്പെട്ട വൈഷ്ണവ സംബന്ധമായ എല്ലാ പുഷ്പങ്ങളും ഇഷ്ടപ്പെട്ടതാണ്. ശ്രീസൂക്താര്‍ച്ചനയാണ് അര്‍ച്ചനയായി സമര്‍പ്പിക്കേണ്ടത്. ഫലം ഐശ്വര്യം, തേജസ്സ്. നിവേദ്യം പാല്‍പ്പായസം.

'ഓം ഹ്രീം മഹാലക്ഷ്മ്യൈ നമഃ'  എന്ന മൂലമന്ത്രം 108 പ്രാവശ്യം ചൊല്ലുക.

ശ്രീദുര്‍ഗ്ഗയ്ക്ക്

ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്ടപുഷ്പം കുങ്കുമപ്പൂവാണ്. ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്ടോത്തര ശതനാമാര്‍ച്ചന, ത്രിശതി അര്‍ച്ചന തുടങ്ങിയവയാണ് ദേവിക്ക് തൃപ്തി നല്‍കുന്നത്. പായസം, കൂട്ടുപായസം എന്നിവയാണ് നിവേദ്യങ്ങള്‍. ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ് എന്നിവയാണ്  ഫലം. 'ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമഃ' എന്ന് നിത്യേന 108 പ്രാവശ്യം ചൊല്ലുക.

ശ്രീപാര്‍വ്വതിക്ക്

ശ്രീപാര്‍വ്വതിദേവിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് ചെത്തി, ചെമ്പരത്തി എന്നിവ. സ്വയംവരാര്‍ച്ചന, ലളിത സഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ് ദേവിക്ക് പ്രിയം. ഫലം സന്താനസൗഖ്യം, ദാമ്പത്യസുഖം. നിവേദ്യം- പായസം.
'ഓം ഹ്രീം ഉമായൈ നമഃ' ഈ മൂലമന്ത്രം 108 പ്രാവശ്യം ഉരുക്കഴിക്കുക.

ശ്രീഭദ്രയ്ക്ക്

ഭദ്രകാളി, ചാമുണ്ഡി, രക്തേശ്വരി  എന്നിവയ്ക്ക് പ്രിയപ്പെട്ട പുഷ്പങ്ങളാണ് ചെത്തി, ചെമ്പരത്തി, ചുവന്ന പൂക്കള്‍ എന്നിവ. രക്തപുഷ്പാഞ്ജലി, ഭദ്രകാളി അഷ്ടോത്തര ശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ് ചെയ്യേണ്ടത്. കൂട്ടുപായസം, കടുംപായസം എന്നിവയാണ്  നിവേദ്യങ്ങള്‍. ശത്രുനാശം, ഊര്‍ജ്ജസ്വലത, രോഗനിയന്ത്രണം, ആലസ്യമുക്തി, കുജദോഷശാന്തി എന്നിവയാണ് ഫലങ്ങള്‍. 

'ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ' എന്ന മൂലമന്ത്രം 108 പ്രാവശ്യം ഉരുക്കഴിക്കുക.

ശ്രീ ഹനുമാന്

ഭക്തഹനുമാന് ഉഴുന്നുവട, കദളിപ്പഴം എന്നിവയാണ് നിവേദ്യങ്ങള്‍. പ്രധാന വഴിപാട് വെറ്റിലമാല, വീര്യം, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ് ഫലം.

'ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഹാ, ഓം ഹം ഹനുമതേ നമഃ' എന്നീ മൂലമന്ത്രങ്ങള്‍ ദിനവും 108 പ്രാവശ്യം ചൊല്ലുക.

ശ്രീ ധര്‍മ്മശാസ്താവിന്

ശ്രീ അയ്യപ്പന്‍, ശ്രീധര്‍മ്മശാസ്താവ് എന്നിവയ്ക്ക് ഇഷ്ടപുഷ്പം- ചെത്തി.
ഹരിഹരസൂക്താര്‍ച്ചന, ശാസ്തൃസൂക്താര്‍ച്ചന എന്നിവയാണ് പ്രധാന അര്‍ച്ചനകള്‍. നാളികേരമുടയ്ക്കല്‍ പ്രത്യേക വഴിപാട്. നെയ്യഭിഷേകം, ഭസ്മാഭിഷേകം എന്നിവയാണ് അഭിഷേകങ്ങള്‍. അപ്പം, അരവണ ഇവയാണ് നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം മുതലായവയാണ് ഫലങ്ങള്‍. 

'ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ' എന്ന മൂലമന്ത്രം 108 പ്രാവശ്യം ദിവസവും ചൊല്ലുക.

ശ്രീമുരുകന്

ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് ഇഷ്ടമായ പുഷ്പങ്ങളാണ് ചെത്തി, ചുവന്ന പൂക്കള്‍ എന്നിവ. കുമാര സൂക്താര്‍ച്ചനയാണ് അര്‍ച്ചന. പഞ്ചാമൃതം, പാല്‍, ഭസ്മം എന്നിവയാണ് പ്രധാന അഭിഷേകങ്ങള്‍. ജ്യോതിഷപാണ്ഡിത്യം, ശത്രുനാശം, വിഘ്നനാശം, ഉദ്യോഗലബ്ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ് ഫലം. 'ഓം വചത്ഭുവേ നമഃ' എന്ന മൂലമന്ത്രം 108 പ്രാവശ്യം ചൊല്ലുക.

ശ്രീ നാഗരാജാവിന്

നാഗരാജാവ്, നാഗയക്ഷി തുടങ്ങിയവര്‍ക്ക് സര്‍പ്പസൂക്ത പുഷ്പാഞ്ജലിയാണ് അര്‍ച്ചന. നൂറും പാലുമാണ് അഭിഷേകം. കവുങ്ങിന്‍പൂക്കുലയാണ് നിവേദ്യം. ഉരുളികമഴ്ത്തല്‍ പ്രത്യേക വഴിപാട്. സര്‍പ്പദോഷശാന്തി ഫലം. 

'ഓം നമഃ കാമരൂപിണേ മഹാബലായ നാഗാധിപതയേ നമഃ' എന്ന മൂലമന്ത്രം 108 പ്രാവശ്യം നാഗരാജാവിനും 'ക്ലീം നാഗയക്ഷി യക്ഷിണി സ്വാഹ നമഃ' നാഗയക്ഷിക്കും ഉരുക്കഴിക്കുക.

* മത്സ്യമൂര്‍ത്തിക്ക് ഇഷ്ടപ്പെട്ട പുഷ്പം- മന്ദാരം, മലര്‍പ്പൊടിയാണ് നിവേദ്യം.
രോഗസൗഖ്യം, കാരുണ്യസാധ്യം എന്നിവയാണ് ഫലം.

* കൂര്‍മ്മമൂര്‍ത്തിക്ക് ഇഷ്ടപുഷ്പം- ചെത്തിമൊട്ട്. നിവേദ്യം, ത്രിമധുരം, അപ്പം മുതലായവ. ഗൃഹലാഭം, ദീര്‍ഘായുസ്സ്, ഇന്ദ്രിയനിഗ്രഹം എന്നിവ ഫലങ്ങള്‍.

* വരാഹമൂര്‍ത്തിക്ക് ഇഷ്ടപ്പെട്ട പുഷ്പം- തുളസി. നിവേദ്യം- അപ്പം, നെയ്യ്പായസം, വേദ പാണ്ഡിത്യം, ശാന്തി, ധനലാഭം എന്നിവ ഫലം.

* നരസിംഹ മൂര്‍ത്തിയുടെ ഇഷ്ടപുഷ്പം- ചുവന്ന ചെത്തി. നിവേദ്യം-പായസം, ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം എന്നിവയാണ് ഫലങ്ങള്‍.

* ദക്ഷിണാമൂര്‍ത്തിയുടെ ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് കൂവളത്തിലയും മറ്റ് ശിവാരാധനാപുഷ്പങ്ങളും. രുദ്രസൂക്താര്‍ച്ചനയാണ് അര്‍ച്ചന. രുദ്രാഭിഷേകമാണ് അഭിഷേകം. രുദ്രഹോമമാണ് ഹോമം. അറിവ്, ദീര്‍ഘായുസ്സ്, മുക്തി എന്നിവയാണ് 
ഫലങ്ങള്‍.

നവഗ്രഹങ്ങള്‍ക്ക് നവഗ്രഹ മന്ത്രാര്‍ച്ചനയാണ് അര്‍ച്ചന. ഗ്രഹങ്ങള്‍ക്ക് പറഞ്ഞിരിക്കുന്ന വസ്ത്രം, ധാന്യം, രത്നം തുടങ്ങിയവ സമര്‍പ്പിക്കലാണ് പ്രത്യേക വഴിപാടുകള്‍. ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ് ഫലം.

* പരശുരാമന് ഇഷ്ടപുഷ്പം- രാമതുളസി. നിവേദ്യം- ശര്‍ക്കരപായസം. ആയോധനകലകളില്‍ വിജയം, ശത്രുനാശം, പാപനാശം, കര്‍മ്മകുശലത തുടങ്ങിയവയാണ് ഫലങ്ങള്‍.

* വാമനമൂര്‍ത്തിക്ക് ഇഷ്ടപ്പെട്ട പുഷ്പമാണ് വാടാകുറുഞ്ഞിപ്പൂവ്. കദളിപ്പഴം, പായസം എന്നിവയാണ് നിവേദ്യങ്ങള്‍. വിനയം, സൗമനസ്യം, ബുദ്ധിസാമര്‍ത്ഥ്യം, വിഘ്നനാശം മുതലായവയാണ് ഫലം.

* ബലരാമന്‍റെ ഇഷ്ടപുഷ്പം- വെളുത്ത ശംഖുപുഷ്പം. നിവേദ്യം- പായസം. വ്യവഹാര വിജയം, കൃഷിലാഭം എന്നിവയാണ് ഫലങ്ങള്‍.

ശുദ്ധമായ മനസ്സും ശരീരത്തോടും  ഭക്തിപുരസ്സരം മേലുദ്ധരിച്ച കാര്യങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് സദ്ഫലം നിശ്ചയം.

എസ്.പി.ജെ


  

Photo Courtesy - Google