വീട്  വാങ്ങുമ്പോഴും  പറമ്പ് വാങ്ങുമ്പോഴും

വീട് വാങ്ങുമ്പോഴും പറമ്പ് വാങ്ങുമ്പോഴും

ജീവിതത്തിലെ അൽപ്പമായ മോഹങ്ങൾ പോലും ചിലപ്പോൾ വലിയ വിപത്തുകൾക്ക് കാരണമായി തീർന്നേക്കാം. സ്വന്തമായൊരു വീട് പലരുടേയും ഏറ്റവും വലിയ മോഹമാണ്. വലിയ വീടും ചുറ്റുപാടും ചിന്തയിൽ വരാത്തതിനാലല്ല ചുരുങ്ങിയ ജീവിതവരുമാനത്തിൽ മോഹങ്ങളെ ഒതുക്കാൻ നിർബന്ധിതരാവുന്നതിനാലാണ് അൽപ്പമായ മോഹത്തിൽ സന്തോഷം തിരിച്ചറിയാൻ നമ്മിൽ പലരും ശ്രമിക്കുന്നത്. എവിടെയെങ്കിലും മൂന്ന് സെന്റ് മണ്ണ്, ഇത്തിരി ലോൺ എന്നിങ്ങനെ മോഹം ചുരുങ്ങുന്നു.  പരിമിതികൾക്ക് ചേരുന്നവ എന്നുകരുതി വസ്തുവോ പറമ്പോ വാങ്ങുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതായ ഒട്ടനവധി വിഷയങ്ങളുണ്ട്. അൽപ്പമായ മോഹങ്ങൾ അനൽപ്പമായ ഗ്രഹപ്പിഴകൾക്ക് കാരണമാവാതിരിക്കാൻ ഏവരും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. തച്ചുശാസ്ത്രവിദഗ്ദ്ധനായ വൈക്കത്തുശ്ശേരിൽ ജയചന്ദ്രൻ് വീടുവാങ്ങുമ്പോഴും പറമ്പ് വാങ്ങുമ്പോഴും നാം ഓരോരുത്തരും കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ച് ആധികാരികമായി തന്നെ വിവരിക്കുകയാണ്.

വൈക്കത്തുശ്ശേരിൽ വിശ്വകർമ്മ പരമ്പരയ്ക്ക് അൽപ്പം ചരിത്രം പറയാനുണ്ട്. കൂടൽമാണിക്യക്ഷേത്രത്തിന്റെ നിർമ്മിതിക്കായി മധുരയിൽ നിന്നും കേരളത്തിൽ എത്തിപ്പെട്ടവരാണ് പൂർവ്വികർ. അവരിൽ നിന്നും ഒരു കൂട്ടം ആൾക്കാർ വൈക്കം ക്ഷേത്രനിർമ്മിതിക്കായി വൈക്കത്തേയ്ക്ക് കുടിയേറി. വൈക്കത്തെ ക്ഷേത്രം പണിക്കുശേഷം ഒരു വിഭാഗം ആൾക്കാർ പാലായിലേക്ക് കുടിയേറി. ഇന്നിപ്പോൾ പാലയ്ക്ക് സമീപം താമസിക്കുന്ന ഈ പരമ്പര 'വൈക്കത്തുശ്ശേരിൽ' എന്നാണ് അറിയപ്പെടുന്നത്. ശ്രേഷ്ഠമായ ഒരു പരമ്പരയുടെ പിൻമുറക്കാരാണ് ജയചന്ദ്രൻ.

വാസ്തുശാസ്ത്രം  ശരിയല്ലേ?

ഈ ചോദ്യം പലരും നേരിട്ട് ചോദിച്ചിട്ടുള്ളതാണ്. പലരുടേയും അനുഭവം അപ്രകാരം സംശയത്തിന് കാരണമായിട്ടുണ്ട് എന്നതുതന്നെയാണ് വാസ്തവം. വീടും വസ്തുവും ചേർന്ന് കിട്ടിയപ്പോൾ വാങ്ങിയ ഒരു വ്യക്തിയുടെ പരിഭവം ഇപ്രകാരമായിരുന്നു. വളരെ ഐശ്വര്യമുള്ള വീട്, ആ വീട്ടിൽ താമസിച്ചിരുന്നവർക്ക് വളരെ ഐശ്വര്യമായിരുന്നു. മക്കൾ പലദിക്കിൽ ജോലി ആയിരുന്നതിനാൽ ഈ വീട് വിറ്റ് അവർ മക്കൾക്കൊപ്പം പോയതായിരുന്നു. നല്ല വീടും നല്ല പരിസരവും, അൽപ്പം വില കുറച്ച് കിട്ടിയതിനാൽ വാങ്ങി. എന്നാൽ ആ വീട്ടിൽ താമസം തുടങ്ങിയ നാൾമുതൽ ഒന്നൊന്നായി ഗ്രഹപ്പിഴകളുടെ ഘോഷയാത്ര. എന്താണതിന് കാരണം?

എന്നാൽ വേറൊരാളുടെ വിഷമം മറ്റൊന്നായിരുന്നു. ഇത്തിരി പറമ്പ് വാങ്ങി കേരളത്തിലെ അറിയപ്പെടുന്ന ഒരു വാസ്തു ആചാര്യനെക്കൊണ്ട് അളവെടുപ്പിച്ച് വാസ്തുവിധിപ്രകാരം തന്നെ പിഴവുകൾ യാതൊന്നുമില്ലാതെ വീട് പണിതു. വാസ്തുബലിയും രക്ഷയും ബന്ധിച്ചു. പക്ഷേ ഈ വീട്ടിനുള്ളിൽ യാതൊരു സമാധാനവുമില്ല, അകാരണമായി വഴക്ക്, തലവേദന എന്നിങ്ങനെപലപല പ്രശ്‌നങ്ങൾ. ഈ വാസ്തുശാസ്ത്രം ശരിയല്ലേ..?

ശാസ്ത്രത്തെ വിശ്വസിച്ച്, ശാസ്ത്രത്തെ അനുസരിച്ച്, ശാസ്ത്രവിധിപ്രകാരം ജീവിതം മുന്നോട്ടുനീക്കിയവർക്ക് വിപരീത അനുഭവം വന്നാൽ എന്താണ് കാരണമെന്നത് മനസ്സിലാക്കണം.

വീടിന്റെ ജാതകം

വീടും വസ്തുവും ധനത്തിന്റെ വലിപ്പമനുസരിച്ച് വലുതാക്കാം, അല്ലെങ്കിൽ ചെറുതാക്കാം എന്നാണ് പലരുടേയും ധാരണ. ഒരു ചിന്താധാര തികച്ചും അനുചിതവും ആപത്കരവുമാണ്. ഒരാൾ പണിതതുപോലെ ഒരു വീട് തനിക്കും വേണമെന്ന് കരുതി അതേപോലൊരു വീട് പണിയുന്നത് അബദ്ധമായി തീർന്നേക്കാം. ഓരോ വ്യക്തിക്കും അനുയോജ്യമായ വാസ്തുഘടനയിൽ വേണം വീട് നിർമ്മിക്കേണ്ടത്. ശാസ്ത്രത്തിൽ ഗൃഹനിർമ്മിതിക്ക് ഉത്തമമായ പല കണക്കുകളും പറയുന്നുണ്ട്. 56 കോൽ 8, 29 കോൽ 6 എന്നിങ്ങനെ. ഒരാൾക്ക് 56 ത 8 ന്റെ ഒരു വീട് വേണമെന്ന് പറഞ്ഞാൽ അപ്രകാരം കണക്കുതീർത്ത് നൽകുകല്ല വേണ്ടത്. ഓരോ വാസ്തു അളവിനും ജാതകമുണ്ട്. ഈ ജാതകവും വീട്ടുകാരുടെ ജാതകവും തമ്മിലുള്ള പൊരുത്തം പരിശോധിച്ചശേഷം ഈ പൊരുത്തം യോഗ്യമായി വരുന്നു എങ്കിൽ മാത്രമേ അപ്രകാരമൊരു വീട് പണിയാൻ പ്രേരിപ്പിക്കുകയുള്ളൂ. ചേർച്ചയില്ലാത്ത അവസ്ഥയാണ് കാണുന്നതെങ്കിൽ ഈ അവസ്ഥ  അവരെ ധരിപ്പിച്ചശേഷം, അവർക്ക് യോജിക്കുന്ന ഉചിതമായ മറ്റൊരു കണക്ക് നിർദ്ദേശിച്ചുകൊടുക്കും. തമ്മിൽ ചേർച്ചയില്ലാത്ത വീടിനുള്ളിൽ താമസിച്ചാൽ കലഹവും നാശവും മാത്രമേ സംഭവിക്കുകയുള്ളൂ.

പരിഹാരം

വാസ്തുദോഷപരിഹാരത്തിനായി വഴിപാടുകളും പൂജകളും നടത്തിയാൽ എത്രമാത്രം ഫലം കിട്ടുമെന്നത് ചിന്തനീയം തന്നെയാണ്. പരിഹാരപൂജകൾ നടത്തിയശേഷവും നാം വന്ന് താമസിക്കുന്നത് ഇതേ ഗ്രഹപ്പിഴ നിലനിൽക്കുന്ന ഈ വീടിനുള്ളിൽ തന്നെയാണ്. ഗ്രഹപ്പിഴകൾ ഇപ്പോഴും ഇവിടെത്തന്നെ നിലനിൽക്കുകയാണ്. നാല് മുറിക്കൊരു ചെറിയ വീടായാലും അവനവന്റെ ജാതകനിലയ്ക്ക് യോജിക്കുന്ന പ്രകാരമാണ് നിർമ്മിക്കുന്നതെങ്കിൽ മഹത്തായ ഐശ്വര്യവും ലഭിക്കും എന്നതിൽ സംശയമില്ല.

ദിക്ബന്ധനം

അത്യാവശ്യം പരിഹാരങ്ങളിലൂടെ ഒഴിച്ചുമാറ്റാവുന്ന വാസ്തുദോഷമാണ് നിലനിൽക്കുന്നതെങ്കിൽ ദിക്ബന്ധനക്രിയയിലൂടെ ദോഷനിവൃത്തി വരുത്തുകയാണ് ഞങ്ങളുടെ പതിവ്. വാസ്തുവിന്റെ എട്ട് ദിക്കുകൾക്കും ഉപരിയായി ഒൻപതാമതായി പ്രവേശനവിധിയും മന്ത്രത്താൽ ബന്ധിപ്പിക്കുക എന്നതാണ് ദിക്ബന്ധനം എന്ന ക്രിയ. ദുരിതകാരണമായി തീരുന്ന ബാധകളെ തടഞ്ഞുനിർത്തി ഗൃഹത്തിനുള്ളിൽ സമാധാനാന്തരീക്ഷം നിലനിർത്തുക എന്നതാണ് ഈ പ്രക്രിയ.

വാസ്തുവിദ്യയിൽ ഒരു വലിയ പരമ്പരയുടെ പിൻമുറക്കാരനാണ് ജയചന്ദ്രൻ. കേരളചരിത്രത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ വാസ്തുശാസ്ത്രജ്ഞന്റെ പരമ്പര. വീടുവയ്ക്കുമ്പോഴും, വസ്തു വാങ്ങുമ്പോഴും  വാസ്തുശാസ്ത്രങ്ങൾ ശ്രദ്ധിക്കുക, ഉത്തമൻമാരായ ആൾക്കാരുടെ അഭിപ്രായം സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.