വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ടുത്സവം

വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ടുത്സവം

HIGHLIGHTS

കേരളത്തിലെ ദൈര്‍ഘ്യമേറിയ ഉത്സവമാണ് വെള്ളായണി ദേവിക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവം. കുംഭമാസത്തിലാണ് ഉത്സവം തുടങ്ങുന്നത്. ഈ വര്‍ഷം 15.2.2026 മുതല്‍ 23.4.26 വരെയുള്ള 68 ദിവസങ്ങളിലാണ് ഉത്സവം. എട്ടുകളങ്കാവലുകള്‍, ഏഴ് ഉച്ചബലികള്‍, നാലു ദിക്കുബലികള്‍, നാലു ദിക്കുബലികളിലെ എഴുന്നെള്ളിപ്പുകള്‍ കൂടാതെ അശ്വതിനാളില്‍ പൊങ്കാലയും ഉണ്ടാവും. അതുകഴിഞ്ഞ് പറണേറ്റ്, നിലത്തില്‍പ്പോര് ആറാട്ട് എന്നിവയും ക്രമപ്രകാരം നടക്കും.കാളിയൂട്ട് ഉത്സവത്തിലൂടെ ഭദ്രകാളിയെ ഊട്ടുകയാണ് ചെയ്യുന്നത്. പ്രാര്‍ത്ഥന, കീര്‍ത്തനം വഴിപാട് പുരാണ കഥാസന്ദര്‍ഭത്തിന്‍റെ പുനരാവിഷ്ക്കാരം തുടങ്ങിയവ കൊണ്ട് ദേവിയെ തൃപ്തിപ്പെടുത്തുന്നു. പൂജകള്‍ കൗളാചാരപ്രകാരമാണ്. 

 

കളങ്കാവല്‍

ഭദ്രകാളിയുടെ ജന്മനിയോഗം ദാരുകനെ വധിച്ച് ദേവന്മാരെ ദാരുകന്‍റെ ഉപദ്രവത്തില്‍ നിന്നും രക്ഷിക്കുക എന്നതാണല്ലോ. ദേവിയുടെ മുന്‍പില്‍ വരാതെ ഒഴിഞ്ഞുനടക്കുന്ന ദാരുകനെ കണ്ടുപിടിക്കാനുള്ള ശ്രമമാണ് കളങ്കാവല്‍. തന്‍റെ ക്ഷേത്രസന്നിധിയില്‍ എവിടെയെങ്കിലും തന്നെ വധിക്കാനായി ദാരുകന്‍ ഒളിച്ചിരിപ്പുണ്ടോ എന്നാണ് ആദ്യ അന്വേഷണം.

ഒരു ഉത്സവസീസണില്‍ എട്ട് കളങ്കാവല്‍ എഴുന്നെളളിപ്പുകള്‍ ഉണ്ടാവും. ഇത് ക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സഞ്ചാരപാതയിലൂടെയുള്ള എഴുന്നെള്ളിപ്പാണ്. പതിനായിരക്കണക്കിന് ആബാലവൃദ്ധം ഭക്തജനങ്ങളും ദാരുകനെ കണ്ടെത്താനുള്ള ദേവിയുടെ അന്വേഷണം കാണാന്‍ നില്‍പ്പുണ്ടാവും. ദാരുകന്‍ ക്ഷേത്രപരിസരത്തിലോ കളത്തിലോ വന്നിട്ടില്ല എന്നുറപ്പുവരുത്തിയിട്ട് തിരുമുടി ചാഞ്ഞ് ദേവി വിശ്രമിക്കുന്നു.

ഉച്ചബലി

കാളിയൂട്ട് ഉത്സവത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ഉച്ചബലി. രാത്രി ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഈ പൂജ ആരംഭിക്കുന്നു. ദാരുകനെത്തേടി ദേവി ദിക്കുകളിലും വിദിക്കുകളിലും പോകുന്നത് ഉച്ചബലി പൂജ കഴിഞ്ഞാണ്. ഉച്ചബലിക്കളത്തില്‍ ദേവിയെ തെക്കുദര്‍ശനമായി ഇരുത്തുന്നു. എട്ട് ദിക്കുകളെ സങ്കല്‍പ്പിച്ച് എട്ടു ബലിപീഠങ്ങളും നടുക്ക് പ്രധാന പീഠവും സ്ഥാപിക്കുന്നു. 

മദ്ധ്യത്തിലെ പീഠം ദേവിക്കും മറ്റ് എട്ട് പീഠങ്ങള്‍ അഷ്ടദിക്പാലകര്‍ക്കുമുള്ളതാണ്. മൂന്ന് മണിക്കൂറോളം നീളുന്ന പൂജാച്ചടങ്ങുകള്‍ ഇതിലുണ്ട്. താന്ത്രികശൈലിയിലാണ് പൂജാകര്‍മ്മങ്ങള്‍. പൂജയുടെ മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ പൂജാരി തയ്യാറാക്കിവച്ചിരിക്കുന്ന ഇലന്തി, മഞ്ചാടിമരങ്ങളുടെ ഇലച്ചില്ലകള്‍ മേലോട്ടുവാരിയെറിഞ്ഞ് താളത്തില്‍ കളിച്ച് എല്ലാ പീഠങ്ങളിലും എത്തുന്നു. ചെണ്ടമേളവും വായ്ക്കുരവയും കൊണ്ട് അന്തരീക്ഷം മുഖരിതമാകുന്നു. പൂജയുടെ അവസാനം ബോധരഹിതനായി വീഴുന്ന പൂജാരിയെ വിശ്രമിക്കാനായി കിടത്തുന്നു.

ദിക്കുബലി

ഉച്ചബലി കഴിഞ്ഞ ഉടനെതന്നെ ദിക്കുബലി പൂജയും തുടര്‍ന്ന് ആ ദിക്കിലുള്ള
വീടുകളിലെ നിറപറ പൂജകള്‍ക്കുമായി ദേവിയും പരിവാരങ്ങളും പുറപ്പെടുന്നു. കിഴക്ക് പള്ളിച്ചല്‍, തെക്ക് കല്ലിയൂര്‍, പടിഞ്ഞാറ് പാപ്പനംകോട്, വടക്ക് കോലിയക്കോട് എന്നീ നാല് സ്ഥലങ്ങളില്‍ ദിക്കുബലിപൂജാ ചടങ്ങുകളുണ്ട്. ദിക്കുബലിക്കളത്തിലെ പൂജകള്‍ക്ക് അതാത് ദിക്കിലെ ഉത്സവക്കമ്മറ്റിക്കാര്‍ ഏര്‍പ്പാടുകള്‍ ചെയ്തിരിക്കും. ആദ്യമായി പന്തല്‍പ്പുരയില്‍ ശിവലിംഗത്തെ ഇരുത്തിയ ശേഷം, ദേവിയെ(തിരുമുടി) പീഠത്തില്‍ ഇരുത്തുന്നു. ആദ്യം ശിവലിംഗ പൂജയാണ്. അതുകഴിഞ്ഞാണ് ദിക്കുബലി എഴുന്നെള്ളത്ത്. 

ദിക്കുബലിക്കളത്തിലും ദേവി ദാരുകനെ അന്വേഷിക്കുന്നു. തുടര്‍ന്ന് ആ ദിക്കിലുള്ള വീടുകളിലെ നിറപറപൂജ നടത്തുന്നു. ഓരോ വീട്ടിലും ദാരുകന്‍ ഒളിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഈ പൂജകളിലൂടെ ചെയ്യുന്നത്. ഓരോ ദിക്കുബലി പൂജയും വീടുകളിലുള്ള നിറപറപൂജകളും കഴിഞ്ഞ് ദേവി വെള്ളായണി മൂലസ്ഥാനത്ത് തിരിച്ചെത്തി വിശ്രമിക്കുന്നു. നാലുദിക്കുകളിലെ നിറപറപൂജകള്‍ കഴിഞ്ഞാല്‍ നാലുവിദിക്കുകളിലെ എഴുന്നെള്ളിപ്പും നിറപറപൂജയും നടക്കും. പൊന്നുമംഗലം, കിഴക്കേക്കര, പടിഞ്ഞാറെക്കര, വടക്കേക്കര എന്നിവയാണ് നാലുവിദിക്കുകള്‍.

അശ്വതി പൊങ്കാല

പള്ളിച്ചല്‍, കല്ലിയൂര്‍, പാപ്പനംകോട് ദിക്കുബലികള്‍ കഴിയുമ്പോഴേയ്ക്കും മീനമാസത്തിലെ അശ്വതിനാളിലെത്തും. മീനമാസത്തിലെ അശ്വതിനാളാണ് ദേവിയുടെ പിറന്നാള്‍. അശ്വതി പൊങ്കാല വാര്‍ഷിക ഉത്സവമായും നടത്തിവരുന്നു. അന്നുരാവിലെ തിരുമുടിയെ എഴുന്നെള്ളിച്ച് പച്ചപ്പന്തലില്‍ കിഴക്ക് ദര്‍ശനമായി ഇരുത്തുന്നു. ഉച്ചയ്ക്ക് പൊങ്കാല. ഭക്തജനങ്ങള്‍ ക്ഷേത്രത്തിന് ചുറ്റും പൊങ്കാലക്കലങ്ങളില്‍ പൊങ്കാലയിട്ട് ദേവിയെ പ്രാര്‍ത്ഥിക്കുന്നു.

ഒഴിവുബലിയും നല്ലിരിപ്പും

അഷ്ടദിക്കുകളിലേയും ബലിപൂജകളും നിറപറ എഴുന്നെള്ളിപ്പുകളും കഴിഞ്ഞശേഷം ഒഴിവുബലി. ദേവിയുടെ മേല്‍ വന്നുഭവിച്ചേക്കാവുന്ന ബാധാദോഷങ്ങളെ ഒഴിവാക്കി ശക്തി വര്‍ദ്ധിപ്പിക്കാനാണ് ഒഴിവുബലി. കാരണം ഭൂമിയിലെങ്ങും ദാരുകനെ കണ്ടെത്താനാവാത്തതിന്‍റെ നിരാശ ദേവിക്കുണ്ട്. ഒഴിവുബലി കഴിഞ്ഞ് ക്ഷേത്രത്തില്‍ തിരിച്ചെത്തുന്ന ദേവി അണിയറപ്പുരയില്‍ ധ്യാനത്തിലും യോഗനിദ്രയിലും കഴിയുന്നു. അതാണ് നല്ലിരിപ്പ്.

മേടം ഒന്നാം തീയതിയാണ് നല്ലിരിപ്പിന്‍റെ ആരംഭദിനം. അന്നാണ് കൊടിയേറ്റ്. മേടം ഒന്‍പതാം തീയതി വരെ നല്ലിരിപ്പ് തുടരും. ഈ സമയത്ത് ദേവിയെ കാണാനും തൊഴാനുമായി ജനപ്രവാഹമാണ്. ദേവിയുടെ യോഗദിനങ്ങളില്‍ ഉഷഃപൂജയും സന്ധ്യാപൂജയും കര്‍പ്പൂരാരതിയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

പറണേറ്റ്

അഷ്ടദിക്കുകളിലും ദാരുകനെ കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ ദേവി ദാരുകനെ ആകാശമാര്‍ഗ്ഗത്തില്‍ കണ്ടുപിടിക്കാന്‍ തീരുമാനിക്കുന്നു. അതിന്‍റെ പ്രതീകാത്മക ചടങ്ങാണ് പറണേറ്റ്.

എഴുപതടി ഉയരമുള്ള നാല് നെടുംതെങ്ങുകള്‍ സമചതുരത്തില്‍ നിര്‍ത്തി അതിനുമുകളില്‍ രണ്ടിഞ്ച് കനമുള്ള പലക തറച്ചാണ് പറണെന്ന ആകാശ നിലപാടുതറ നിര്‍മ്മിക്കുന്നത്. പറണിന്‍റെ വടക്കുവശത്ത് കമുകിന്‍തടി മുറിച്ച് ഏണിപ്പടി കെട്ടിയുണ്ടാക്കുന്നു. ദേവിയേയും കൊണ്ട് മുകളിലേക്ക് കയറാനാണിത്. ദേവിയുടെ പറണിനു തെക്കുവശത്തായി മുപ്പത്തഞ്ചടി ഉയരത്തില്‍ ഒരു പറണ് നിര്‍മ്മിക്കുന്നത് ദാരുകനുവേണ്ടിയാണ്.

മേടം ഒന്നാം തീയതി തുടങ്ങിയ നല്ലിരിപ്പെന്ന യോഗനിദ്ര ഒന്‍പതാം തീയതി തീരുന്നു. അന്ന് രാത്രി  ദേവി ദാരുകനെ ആകാശമാര്‍ഗ്ഗത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നു. അന്ന് അര്‍ദ്ധരാത്രിയോടെ തിരുമുടിയെ പറണില്‍ കയറ്റുന്നു. പറണിനുമുകളില്‍ തിരുമുടിയെ കിഴക്കുദിക്കില്‍ പ്രതിഷ്ഠിക്കുന്നു. പറണിനുമുകളില്‍ നിന്നുകൊണ്ട് ദേവി എല്ലാ ദിക്കിലും ദാരുകനെ തിരയുന്നു. തെക്കേദിക്കില്‍ ദേവി ദാരുകനെ കാണുന്നു. ഭീഷണികളും ആക്ഷേപങ്ങളും അടങ്ങിയ തോറ്റംപാട്ടുകള്‍ രണ്ടുപറണിന് മുകളില്‍ നിന്നും ഉയരുന്നു. 

പറണുകള്‍ക്ക് മുകളില്‍ ദേവിയും ദാരുകനും തോറ്റംപാട്ടിലൂടെ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അര്‍ദ്ധരാത്രി മുതല്‍ വെളുപ്പാന്‍കാലം വരെയുള്ള സമയത്ത് ഏഴ് എഴുന്നെള്ളിപ്പുകള്‍ ദേവിയുടെ പറണില്‍ ഉണ്ടാകും. ദാരുകന്‍ യുദ്ധം ചെയ്യാന്‍ തയ്യാറാകുന്നു. വരബലത്തിന്‍റെ ആത്മവിശ്വാസത്തില്‍ ദേവിയെ വധിക്കാന്‍ കഴിയുമെന്ന് ദാരുകന്‍ അഹങ്കരിക്കുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ദേവിയും ദാരുകനും അവരവരുടെ പറണുകളില്‍ നിന്നും താഴെ ഇറങ്ങുന്നു. ദേവി ബ്രഹ്മസ്ഥാനത്ത് ഉപവിഷ്ടയാകുന്നു. ദാരുകന്‍ അണിയറപ്പുരയിലിരുന്ന് യുദ്ധത്തിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നു.

നിലത്തില്‍പ്പോര്

മേടം പത്താമുദയത്തിന്‍റെ അന്നാണ് നിലത്തില്‍  (ഭൂമിയില്‍) വച്ചുള്ള യുദ്ധം. മൂത്ത പൂജാരി തിരുമുടിയെ തലയിലേറ്റുന്നു. ഭദ്രകാളിയുടെ ക്രോധം പ്രതീകവല്‍ക്കരിക്കുന്ന ഭാവത്തിലാണ് പൂജാരിയുടെ ചലനങ്ങള്‍. നിലത്തില്‍പ്പോര് എന്ന അനുഷ്ഠാനയുദ്ധം ഏഴുപ്രാവശ്യം ഉണ്ടാകും. ദേവി യുദ്ധസന്നദ്ധയായി തന്‍റെ ഭടന്മാരോടൊപ്പം എത്തുമ്പോള്‍ ദാരുകനും സേനയും ദേവിയെ നേരിടുന്നു. യുദ്ധം ആരംഭിക്കുകയാണ്. ശംഖുനാദവും ചെണ്ടമേളവും ഭക്തകണ്ഠങ്ങളില്‍ നിന്നുള്ള വായ്ക്കുരവയും അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. ഏഴാമത്തെ യുദ്ധത്തിന് മുന്‍പ് ചതിപ്രയോഗത്തിലൂടെ മണിമന്ത്രങ്ങള്‍ കൈക്കലാക്കി ദേവി നിസ്സഹായനായ ദാരുകനെ വധിക്കുന്നു. ഭദ്രകാളി ദാരുകന്‍റെ തലയറുത്ത് ശൂലത്തില്‍ കോര്‍ത്തുകൊണ്ട് തിരിഞ്ഞോടുന്നതോടെ കാളിയൂട്ട് നാടകം അവസാനിക്കുന്നു. ബ്രഹ്മസ്ഥാനത്ത് ദേവിയുടെ തിരുമുടിയെ പീഠത്തില്‍ ഇരുത്തി ഗുരുസി തര്‍പ്പണം നടത്തി പൂജകള്‍ പൂര്‍ത്തിയാക്കുന്നു.

ആറാട്ട്

നിലത്തില്‍പ്പോര് കഴിയുന്ന അന്ന് വൈകുന്നേരം നാലുമണിക്കാണ് ആറാട്ട്. വെള്ളായണിക്കായലിന്‍റെ തീരത്ത് ആറാട്ടുകടവിലാണ് ആറാട്ടുചടങ്ങുകള്‍ നടക്കുന്നത്. അവിടെ നിന്നും താലപ്പൊലിയോടെ തിരുമുടിയെ ക്ഷേത്രമുറ്റത്ത് കൊണ്ടുവന്ന് പൂജിക്കുന്നു. രാത്രി തങ്കത്തിരുമുടിയെ എഴുന്നെള്ളിച്ച് ശ്രീകോവിലിനകത്ത് യഥാസ്ഥാനത്ത് ഇരുത്തുന്നതോടെ ഉത്സവച്ചടങ്ങുകള്‍ പൂര്‍ത്തിയാവുന്നു.

ഉപസംഹാരം

കാളിയൂട്ട് ഉത്സവത്തിലൂടെ ഭദ്രകാളിയെ ഊട്ടുകയാണ് ചെയ്യുന്നത്. പ്രാര്‍ത്ഥന, കീര്‍ത്തനം വഴിപാട് പുരാണ കഥാസന്ദര്‍ഭത്തിന്‍റെ പുനരാവിഷ്ക്കാരം തുടങ്ങിയവ കൊണ്ട് ദേവിയെ തൃപ്തിപ്പെടുത്തുന്നു. പൂജകള്‍ കൗളാചാരപ്രകാരമാണ്. മൂന്നുവര്‍ഷത്തില്‍ ഒരിക്കലുള്ള ദൈര്‍ഘ്യമേറിയ ഉത്സവത്തിലൂടെ ക്ഷേത്രത്തിന് ചുറ്റുമുള്ള ദേശങ്ങളെയെല്ലാം ഗ്രാമദേവതയില്‍ കേന്ദ്രീകരിക്കുന്നു.

എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ക്ഷേത്രനട തുറക്കും. വൈകുന്നേരം ഏഴരയ്ക്ക് ദീപാരാധന. ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് മധുപൂജ ഉണ്ടായിരിക്കും.

2026 ഫെബ്രുവരി 15 ന് ആരംഭിക്കുന്ന കാളിയൂട്ട് ഉത്സവം 2026 ഏപ്രില്‍ 23 ന് സമാപിക്കും.

കെ. മോഹനചന്ദ്രന്‍ വെള്ളായണി
(9495303081)