ഉന്നതവിജയം നേടിത്തരുന്ന വിദ്യാധിദേവതകള്‍

ഉന്നതവിജയം നേടിത്തരുന്ന വിദ്യാധിദേവതകള്‍

 

ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുന്നതിന് വിദ്യാരാജഗോപാലമന്ത്രം

വിദ്യാരാജഗോപാലഭാവത്തില്‍ വിദ്യയുടെ അധിദേവനായി ഭഗവാന്‍ ശ്രീകൃഷ്ണനെ നമ്മള്‍ ആരാധിക്കാറുണ്ട്.

ഓം ക്ലീം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞത്വം പ്രസീദമേ
രമാരമണ വിശ്വേശാ
വിദ്യാമാശു പ്രയശ്ചമേ!

ഈ മന്ത്രം വിദ്യാരാജഗോപാല ഭാവത്തിന്‍റേതാണ്. ശ്രീകൃഷ്ണഭഗവാന്‍ സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ ഗുരുകുല വിദ്യാഭ്യാസം ചെയ്ത സമയത്താണ് ഈ ഭാവം സ്വീകരിച്ചത്. ഒരു വിദ്യ പഠിക്കുന്ന സമയം കൊണ്ട് നൂറുവിദ്യ പഠിക്കുക എന്നതാണ് വിദ്യാരാജഗോപാലഭാവംകൊണ്ട് ഉദ്ദേശിക്കുന്നത്. പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനും വിഘ്നങ്ങള്‍ കൂടാതെ അനേകം കാര്യങ്ങള്‍ പഠിക്കാനും ഈ മന്ത്രജപത്തോടെ ഭഗവാനെ സ്തുതിച്ചാല്‍ സാധിക്കും. വിദ്യാരാജ ഗോപാലയന്ത്രം എഴുതി ധരിക്കുന്നതും പുഷ്പാഞ്ജലി നടത്തുന്നതും ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ അനുഗ്രഹം കിട്ടാന്‍ സഹായിക്കും.

മത്സരപരീക്ഷകളിലും മറ്റും പങ്കെടുക്കുംമുമ്പ് ശ്രീകൃഷ്ണക്ഷേത്രത്തില്‍ വിദ്യാരാജഗോപാലാര്‍ച്ചന നടത്തുന്നത് ഉന്നതവിജയം ലഭിക്കാന്‍ സഹായകമാണ്. ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നതിനും ബുദ്ധിയുണ്ടാകുന്നതിനും വിദ്യാരാജ ഗോപാലമന്ത്രം ജപിച്ച നെയ്യ് സേവിക്കുന്നതും നല്ലതാണ്. ജോലിക്കോ, വിദ്യാഭ്യാസത്തിനോ തടസ്സം നേരിടുന്നവര്‍ക്ക് വിദ്യാരാജഗോപാലയന്ത്രം ധരിച്ചാല്‍ പഠനം പുനരാരംഭിക്കാനാകും. ശ്രീകൃഷ്ണഭഗവാനെ ഇഷ്ടദൈവമായി ആരാധിക്കുന്നവര്‍ക്ക് വിദ്യാരാജഗോപാലഭാവം ഗുണകരമാണ്.

വിദ്യാസ്വരൂപിണിയായ താരാദേവി

ശിവപുരാണത്തില്‍ ഭഗവാന്‍ മഹാവിഷ്ണുവിനെപ്പോലെ മഹാദേവനായ ശിവനും പത്ത് അവതാരങ്ങള്‍ പറയുന്നുണ്ട്. അതില്‍ താരന്‍ എന്ന ഭാവത്തിന്‍റെ ശക്തിയാണ് താരാദേവി. ദേവന്‍റെ ശക്തിയായ താര വിദ്യാസ്വരൂപിണിയാണ്. വ്യാഴദോഷമുള്ളവര്‍ താരാദേവിയെ സ്തുതിക്കുന്നത് ദോഷങ്ങള്‍ ഇല്ലാതാക്കും. ശബ്ദബ്രഹ്മത്തിന്‍റെ അധിദേവതയാണ് താര. താരായന്ത്രം വിദ്യാവിജയത്തിനും സൗഭാഗ്യങ്ങള്‍ക്കും അത്യുത്തമമാണ്. ഓംകാരത്തിന്‍റെ മനുഷ്യരൂപത്തെ പ്രതിനിധാനം ചെയ്യുന്നത്  ഈ ദേവതയാണ്. അന്തരീക്ഷമലിനീകരണം തടയുന്ന ശക്തി കൂടിയാണ് താര. താരാദേവിയെ നിഷ്കാമമായി ഭജിക്കുന്നവര്‍ക്ക് ഈ ഫലങ്ങളെല്ലാം പെട്ടെന്നുതന്നെ ലഭിക്കും. താരാധ്യാനം ഇതാണ്-

വിശ്വവ്യാപകവാരിമദ്ധ്യവിലസത്-
ച്ഛേതാംബു ജന്മസ്ഥിതാം
കര്‍ത്രീം ഖഡ്ഗകപാല നീലനളിനൈ
രാജത് കരാം നിലഭാം
കാഞ്ചികുണ്ഡലഹാര
കങ്കണവിലസത്
കേയൂര മഞ്ജീരതാം
ആപ്ത്തൈര്‍ നാഗവരൈര്‍
വിഭൂഷിതതനും
ച രക്ത നേത്രത്രയാം
പിംഗോഗ്രൈകജടാം ലസ്തസുരശനാം
ദംഷ്ട്ര കരാളാനനാം
ചര്‍മ്മ ദ്വൈപിവരം കടൗ നിദധതീം
ശ്വേതാസ്ഥി പട്ടാളികാം
അക്ഷോഭ്യോന്ന വിരാജമാനശിരസം
സ്മേരാനനാം ഭോരുഹാം
താരാം ശാവഹൃദാസനാം ദൃഢകുചാം
അംബാത്രിലോക്യാം ഭജേത്.

അര്‍ത്ഥം

പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സമുദ്രമദ്ധ്യത്തിലെ വെള്ളത്താമരയില്‍ ഇരിക്കുന്നവളും കത്രിക, വാള്‍, തലയോട്ടി, നീലത്താമര എന്നിവ നാല് കൈകളിലായി ധരിക്കുന്നവളും കാഞ്ചി, കുണ്ഡല, ഹാര, കങ്കണ, തോള്‍വള, നൂപുരങ്ങള്‍ അണിഞ്ഞവളും ചെമ്പിച്ച മുടിയുള്ളവളും ദംഷ്ട്രകളുള്ള വായുള്ളവളും ആനത്തോല്‍ ധരിച്ചവളും വെളുത്ത എല്ലിന്‍ കഷണം പോലുള്ള നെറ്റിയുള്ളവളും സ്മേരമുഖിയും ശവത്തിന്‍റെ നെഞ്ചത്ത് സ്ഥിതി ചെയ്യുന്നവളും മൂന്ന് ലോകങ്ങളുടെയും മാതാവുമായ താരാദേവിയെ സ്തുതിക്കുന്നു.

താരാമന്ത്രം

ഓം ഹ്രീം ത്രീം ഹും ഫട്

ശ്രീപരമേശ്വരന്‍റെ വിദ്യാഭാവം

ഭഗവാന്‍ ശ്രീപരമേശ്വരന്‍റെ വിദ്യാദേവഭാവമാണ് ദക്ഷിണാമൂര്‍ത്തി. ലോകഗുരു എന്നതാണ് ഈ ഭാവത്തിന്‍റെ സ്ഥാനം. ദക്ഷിണാമൂര്‍ത്തി ധ്യാനം ഇതാണ്-

സ്ഫടിക രജതവര്‍ണ്ണം മൗക്തീമക്ഷമാലാം
അമൃത കലശവിദ്യാ ജ്ഞാനമുദ്ര കരാഗ്രൈ
ദധത മുരഗകക്ഷം ചന്ദ്രചൂഡം ത്രിനേത്രം
വിധൃത വിവിധഭൂഷം ദക്ഷിണാമൂര്‍ത്തി മീഡേഃ

ഇതിന്‍റെ അര്‍ത്ഥം ഇങ്ങനെയാണ്- സ്ഫടികം പോലെ തിളങ്ങുന്ന, വെള്ളിപോലെ വെളുത്ത ശരീരവും നാല് കൈകളിലായി പുസ്തകവും ജ്ഞാനമുദ്രയും രുദ്രാക്ഷമാലയും അമൃതകുംഭവും ധരിച്ച് സര്‍പ്പങ്ങളെ തോളിലിട്ട് നാനാവിധ അലങ്കാരങ്ങളോടെ ചന്ദ്രക്കലാധരനായ മൂന്ന് കണ്ണുള്ള ഭഗവാനെ വിദ്യയ്ക്കുവേണ്ടി ആരാധിക്കുന്നു.
ആരാധിക്കുന്നവര്‍ക്കെല്ലാം ജ്ഞാനമുദ്ര കൊണ്ട് വേദാന്തതത്ത്വം ഉപദേശിക്കുന്നു എന്നാണ് വിശ്വാസം. പേരാലിന്‍റെ ചുവട്ടില്‍ യോഗാസനസ്ഥനായി തെക്കോട്ട് തിരിഞ്ഞിരിക്കുന്ന ഭാവമാണ് ഭഗവാന്‍റേത്. ഏകാദശ രുദ്രന്മാരെന്ന ഭഗവാന്‍റെ പതിനൊന്നവതാരങ്ങളില്‍ കപാലീശ്വരന്‍ എന്ന അവതാരമാണ് ദക്ഷിണാമൂര്‍ത്തീ ഭാവം. തലയോടുമായി(കപാലം) ഭിക്ഷ യാചിച്ചു നടന്നതിനാലാണ് കപാലി എന്ന നാമം സിദ്ധിച്ചത്.

സമ്പാ: എന്‍.ടി.എസ്

Photo Courtesy - Google