വിഘ്നേശ്വര പൂജ നടത്താന്‍  മറന്നുപോയാല്‍...

വിഘ്നേശ്വര പൂജ നടത്താന്‍ മറന്നുപോയാല്‍...

 

ഒരിക്കലും വറ്റാത്ത കാവേരി നദി. അഗസ്ത്യമുനി ഒരിക്കല്‍ കൈലാസത്തില്‍ ചെന്നു ശിവനെതപസ്സ് ചെയ്തു. ശിവന്‍ പ്രത്യക്ഷപ്പെട്ട് എന്തുവരമാണ് വേണ്ടതെന്ന് ചോദിച്ചു.
'മഹേശ്വരാ. ഞാന്‍ ദക്ഷിണ ഭാരതത്തില്‍ ഒരു പുണ്യതീര്‍ത്ഥം സ്ഥാപിക്കണമെന്നാഗ്രഹിക്കുന്നു. അതിന് അവിടുന്നെനിക്ക് പുണ്യജലം തന്നനുഗ്രഹിക്കണം.'

സ്വര്‍ഗ്ഗത്തിലെ ഒരു നദിയായ കാവേരി അല്‍പ്പമകലെ നിന്ന് ശിവനെ ഭജിക്കുന്നുണ്ടായിരുന്നു. ശിവന്‍ കാവേരിയിലെ ജലം അഗസ്ത്യന്‍റെ കമണ്ഡലുവില്‍ നിറച്ചുകൊടുത്തു.

'ഈ ജലം കൊണ്ടുപോയി അങ്ങാഗ്രഹിക്കുന്ന സ്ഥലത്ത് തീര്‍ത്ഥം സ്ഥാപിക്കാം.'
അഗസ്ത്യന്‍ സംതൃപ്തിയോടെ ദേവലോകത്തെ കാവേരിനദിയേയും കൊണ്ട് ദക്ഷിണ ഭാരത്തിലേയ്ക്ക് യാത്രയായി. വളരെയേറെ ദൂരം സഞ്ചരിച്ചും കഷ്ടപ്പെട്ടും അദ്ദേഹം ദക്ഷിണ ഭാരതത്തിലെത്തി.

ദേവലോകത്തെ നദിയായ കാവേരിയെ അഗസ്ത്യന്‍ കമണ്ഡലുവിലാക്കിക്കൊണ്ട് ഭൂമിയിലേക്ക് പോകുന്നത് ദേവേന്ദ്രന് തീരെ രസിച്ചില്ല. ശൂരപത്മാവ് എന്ന അസുരന്‍ വമ്പിച്ച സൈന്യവുമായി വന്ന് ദേവലോകം ആക്രമിച്ചു കീഴടക്കിയതിനാല്‍ ദേവേന്ദ്രന്‍ അസുരനെ ഭയന്ന് ദക്ഷിണഭാരതത്തിലെ തഞ്ചാവൂരിലുള്ള ശിയാലി എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നു. അതികഠിനമായ വരള്‍ച്ചമൂലം ജലം കിട്ടാതെ ദേവേന്ദ്രനും വിഷമിച്ചുകഴിയുമ്പോഴാണ് അഗസ്ത്യന്‍ കാവേരിയേയും കൊണ്ട് ആ സ്ഥലത്തെത്തിയത്. അഗസ്ത്യന്‍ അവിടെ നിന്ന് പൊയ്ക്കളഞ്ഞാലോ എന്നുഭയന്ന് ദേവേന്ദ്രന്‍ ഗണപതിയെ കൂട്ടുപിടിച്ചു.

'ഇവിടെ ഒരു തുള്ളി ജലമില്ലാതെ പ്രാണികള്‍ പിടയുകയാണ്. അഗസ്ത്യന്‍റെ കമണ്ഡലുവില്‍ കാവേരി നദിയുണ്ട്. ജലദൗര്‍ലഭ്യമകറ്റാന്‍ ഗണപതിയെന്തെങ്കിലും ചെയ്യണം.'

ദേവേന്ദ്രന്‍റെ ആഗ്രഹപ്രകാരം ഗണപതി ഒരു കാക്കയുടെ രൂപം സ്വീകരിച്ച് അഗസ്ത്യന്‍റെ അടുക്കലേയ്ക്ക് ചെന്നു. കമണ്ഡലു നിലത്തുവെച്ചിട്ട് അഗസ്ത്യന്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. കാക്ക കമണ്ഡലുവിന്‍റെ വക്കില്‍ ചെന്നിരുന്നു. ഭാരം മൂലം കമണ്ഡലു ചരിഞ്ഞ് ജലം പുറത്തേയ്ക്കൊഴുകി. അതൊരു നദിയായി തീര്‍ന്നു. ക്രുദ്ധനായ അഗസ്ത്യന്‍ കാക്കയെ ആക്രമിക്കാനും ശപിക്കാനുമൊരുക്കി. ഉടനെ കാക്ക ഗണപതിയുടെ രൂപത്തില്‍ അഗസ്ത്യന് ദര്‍ശനം നല്‍കി. അതോടെ കോപം മാറിയെങ്കിലും അഗസ്ത്യന്‍ ചോദിച്ചു.

'വിഘ്നേശ്വരാ അങ്ങെന്തിനാണെന്‍റെ അഭിലാഷത്തെ തകര്‍ത്തുകളഞ്ഞത്? ദക്ഷിണ ഭാരതത്തില്‍ ഒരു പുണ്യതീര്‍ത്ഥം സ്ഥാപിക്കാനായി അങ്ങയുടെ പിതാവിന്‍റെ അനുഗ്രഹത്താല്‍ ലഭിച്ച കാവേരിയെയാണ് അങ്ങിവിടെ തട്ടിക്കളഞ്ഞത്.'
'മഹര്‍ഷെ അങ്ങ് വിഷമിക്കേണ്ട. അങ്ങ് ഒരു നല്ല കാര്യത്തിന് ഇറങ്ങിയതാണെങ്കിലും വിഘ്നേശ്വരപൂജ നടത്താന്‍ മറന്നുപോയി. അതാണ് ഇങ്ങനെയൊരു തടസ്സമുണ്ടാകാന്‍ കാരണം. പക്ഷേ അങ്ങയുടെ ആഗ്രഹം സഫലമായിരിക്കുകയാണ്. ദക്ഷിണ ഭാരതത്തില്‍ ഒരു തീര്‍ത്ഥം സ്ഥാപിക്കുകയാണല്ലോ അങ്ങയുടെ ലക്ഷ്യം. അതിന് തികച്ചും അനുയോജ്യമായ സ്ഥലം ഇതുതന്നെയാണ്. കാവേരി നദിയുടെ ഉത്ഭവത്താല്‍ ഇതൊരു പുണ്യഭൂമിയായി തീര്‍ന്നിരിക്കുന്നു. ഒരിക്കലും ഈ നദി വറ്റുകയില്ലെന്ന് ഞാനനുഗ്രഹിക്കുന്നു.

ഗണപതിയുടെ വാക്കുകള്‍ കേട്ട് അഗസ്ത്യനും സന്തോഷമായി. ശിയാലിയില്‍ യഥേഷ്ടം ജലം ലഭ്യമായതോടെ ദേവേന്ദ്രനും തൃപ്തിയായി. കാവേരി നദി ഒരിക്കലും വറ്റാതെ ഒഴുകാന്‍ തുടങ്ങി. ശ്രീരംഗം, കുംഭകോണം എന്നീ പുണ്യസ്ഥലങ്ങള്‍. കാവേരി തീരങ്ങളിലുണ്ടായി. ദക്ഷിണ ഭാരതത്തില്‍ ഗണപതിക്ക് കൂടുതല്‍ പ്രചാരം ലഭിച്ചതും ഊ സംഭവത്താലാണത്രേ.

പാലാഴിമഥനം നടക്കുമ്പോഴും ഒരു തടസ്സമുണ്ടായി. ദേവാസുരന്മാര്‍ ഇരുവശത്തുനിന്നുമായി മന്ദരപര്‍വ്വതത്തെ കടക്കോലാക്കിയും വാസുകി എന്ന സര്‍പ്പത്തെ കയറാക്കിയും പാലാഴി കടഞ്ഞപ്പോള്‍ മന്ദരപര്‍വ്വതം കടലിലേക്ക് താഴാന്‍ തുടങ്ങി. മഥനത്തിന് വിഘ്നം സംഭവിക്കുന്നത് മനസ്സിലാക്കിയ ദേവന്മാര്‍ വിഷമിച്ചു. ദേവേന്ദ്രന്‍ മഹാവിഷ്ണുവിനോട് പറഞ്ഞു.

'ഭഗവാനെ, തുടക്കത്തില്‍ തന്നെ വിഘ്നം സംഭവിച്ചിരിക്കുകയാണല്ലോ. മന്ദരപര്‍വ്വതം പൂര്‍ണ്ണമായും ജലത്തിനടിയിലായി കഴിഞ്ഞാല്‍ പിന്നെ കടയല്‍ ഫലിക്കാതെ വരും.'
'ഈ വിഘ്നമുണ്ടാകാന്‍ എന്താണ് കാരണമെന്ന് മനസ്സിലായില്ലേ? പാലാഴി കടയാന്‍ തുടങ്ങും മുമ്പ് താങ്കള്‍ വിഘ്നേശ്വരപൂജ നടത്തിയോ?'

ഏത് കര്‍മ്മത്തിനൊരുങ്ങുമ്പോഴും ഗണപതിയെ സ്മരിക്കാതിരുന്നാല്‍ ഇതാണനുഭവം. ഏതായാലും മഥനം തടസ്സപ്പെടാതിരിക്കാന്‍ ഞാന്‍ വേണ്ടത് ചെയ്യാം.

നാരായണന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ദേവേന്ദ്രന്‍ മഹാഗണപതിയെ മനസ്സില്‍ ധ്യാനിച്ചു. മഥനം മംഗളമായി പര്യവസാനിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. ഇതിനിടയില്‍ മഹാവിഷ്ണു കൂര്‍മ്മമായി അവതരിച്ച് സമുദ്രത്തിനടിയില്‍ ചെന്ന് മന്ദര പര്‍വ്വതത്തെ താങ്ങിനിറുത്തി. അതോടെ വിഘ്നങ്ങള്‍ അകന്നു. ദേവാസുരന്മാര്‍ മഥനം പൂര്‍ണ്ണമാക്കുകയും അമൃത് നേടുകയും ചെയ്തു.

ഒരിക്കല്‍ ശ്രീപരമേശ്വരനും ശ്രീ പാര്‍വ്വതിയും കൈലാസത്തില്‍ പള്ളിയുറക്കത്തിനൊരുങ്ങുമ്പോള്‍ ഗണപതിയെ കാവലിന് ചുമതലപ്പെടുത്തി.
'ആരുവന്നാലും കടത്തിവിടരുത്. ഞങ്ങളെ ഉണര്‍ത്തുകയും ചെയ്യരുത്.'
ഇതായിരുന്നു മഹാദേവന്‍റെ കല്‍പ്പന.

ഗണപതി അത് അക്ഷരം പ്രതി അനുസരിച്ച് കാവല്‍ നിന്നു. ആ സമയത്ത് പരശുരാമന്‍ 
ശിവ ദര്‍ശനത്തിനായി കൈലാസത്തില്‍ വന്നു. ഗണപതി അദ്ദേഹത്തെ തടഞ്ഞു.
'അച്ഛനും അമ്മയും പള്ളിയുറക്കത്തിലാണ്, ആരും ശല്യപ്പെടുത്തരുതെന്നു പ്രത്യേകം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതിനാല്‍ അങ്ങ് കുറച്ചുനേരം കാത്തിരിക്കണം.' ഗണപതി പറഞ്ഞു.

പരശുരാമന്‍ കാത്തിരിക്കാന്‍ തയ്യാറായില്ല.

'എനിക്ക് ശ്രീപരമേശ്വരനെ ഉടനെ കണ്ടിട്ട് മടങ്ങണം. കാത്തിരിക്കാന്‍ സമയമില്ല.'
ഗണപതിയുടെ വിലക്ക് വകവയ്ക്കാതെ പരശുരാമന്‍ അകത്തേയ്ക്ക് കടക്കാനൊരുങ്ങി. ഗണപതി വിട്ടില്ല. പരശുരാമന് വാശിയായി. അതിലേറെ വാശി ഗണപതിക്കുമുണ്ടായി. ഒടുവില്‍ അവര്‍ തമ്മില്‍ ബലപ്രയോഗമായി. പരശുരാമന്‍ എത്ര ശ്രമിച്ചിട്ടും ഗണപതിയെ പരാജയപ്പെടുത്തി അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. ആ ദേഷ്യത്തിന് പരശുരാമന്‍ ഗണപതിയുടെ വലത്തേ കൊമ്പിന് ഒരടി വെച്ചുകൊടുത്തു. കൊമ്പ് പകുതിവെച്ച് മുറിഞ്ഞുപോയി. അന്ന് മുതല്‍ ഗണപതി ഒന്നരക്കൊമ്പനായി മാറി. എന്നിട്ടും പരശുരാമന്‍റെ കയ്യൂക്കിന് വഴങ്ങി കൊടുക്കാന്‍ ഗണപതി തയ്യാറായില്ല.

ശ്രീരാഗം, ഇരിങ്ങാലക്കുട

Photo Courtesy - Google