വിഘ്നനിവാരകനായ വിഘ്നേശ്വരന്‍

വിഘ്നനിവാരകനായ വിഘ്നേശ്വരന്‍

HIGHLIGHTS

ഗണപതിപ്രീതി വരുത്താന്‍ പ്രാഥമികമായി ചെയ്യേണ്ടത് വെള്ളിയാഴ്ചകളിലും ചതുര്‍ത്ഥി ദിനങ്ങളിലും ഗണപതിയെ മുടങ്ങാതെ ഉപാസിക്കുക എന്നുള്ളതാണ്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായകചതുര്‍ത്ഥി(ആഗസ്റ്റ് 27). അന്നേദിവസം ഗണപതിപ്രീതി വരുത്തുന്നവരുടെ സര്‍വ്വതടസ്സങ്ങളും ഭഗവാന്‍ അകറ്റും. ഉദ്ദിഷ്ടകാര്യങ്ങള്‍ ഗണനായകന്‍ സാധിപ്പിച്ചുനല്‍കും. 

 

ജാതകപ്രകാരം ചാരവശാല്‍ ഏറ്റവും അനുകൂലവും ഭാഗ്യപ്രദവുമായ സമയമാണെങ്കിലും ഗണപതി പ്രീതിയില്ലെങ്കില്‍ ഒന്നും ശുഭകരമായി ഭവിക്കില്ല എന്നതാണ് അനുഭവം.

വിദ്യാരംഭം സരസ്വതി ദേവിയുടെ മുന്നിലാണ് നടത്തുന്നതെങ്കിലും ആദ്യക്ഷരങ്ങള്‍ കുറിക്കുന്നത് 'ഹരിശ്രീ ഗണപതയേ നമഃ' എന്നാണല്ലോ. അത്രയ്ക്ക് പ്രാധാന്യമുള്ള ഭഗവാനാണ് ശ്രീഗണപതി. എന്തെന്നാല്‍ ബുദ്ധിയും സിദ്ധിയും ഗണപതിഭഗവാനാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. ഗണപതിയുടെ പത്നിമാരാണത്രെ ബുദ്ധിയും സിദ്ധിയും. ഇത് രണ്ടും നമുക്കില്ല എന്നുവെച്ചാല്‍ എത്ര വിദ്യ അഭ്യസിച്ചാലും അജ്ഞാനികള്‍ ആകുമത്രെ.

ഗണപതിപ്രീതി വരുത്താന്‍ പ്രാഥമികമായി ചെയ്യേണ്ടത് വെള്ളിയാഴ്ചകളിലും ചതുര്‍ത്ഥി ദിനങ്ങളിലും ഗണപതിയെ മുടങ്ങാതെ ഉപാസിക്കുക എന്നുള്ളതാണ്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായകചതുര്‍ത്ഥി(ആഗസ്റ്റ് 27). അന്നേദിവസം ഗണപതിപ്രീതി വരുത്തുന്നവരുടെ സര്‍വ്വതടസ്സങ്ങളും ഭഗവാന്‍ അകറ്റും. ഉദ്ദിഷ്ടകാര്യങ്ങള്‍ ഗണനായകന്‍ സാധിപ്പിച്ചുനല്‍കും. വിനായകചതുര്‍ത്ഥി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുകയും ചതുര്‍ത്ഥിപൂജ, മോദകനിവേദ്യം, കൂട്ടുഗണപതി ഹോമം, കറുകമാല എന്നീ വഴിപാടുകള്‍ ചെയ്യുന്നവര്‍ക്ക് സര്‍വ്വതടസ്സങ്ങളും വഴിമാറിപ്പോകുന്നതായാണ് അനുഭവം.

ആഹാരത്തോട് അമിത താല്‍പ്പര്യം ഉള്ള ആളാണ് ഗണപതി. അതുകൊണ്ട് ഗണപതിയെ 'ഭോജനപ്രിയന്‍' എന്ന് വിശേഷിപ്പിക്കുന്നു. വിദ്യാദികലകളില്‍ പ്രാവീണ്യം നേടാന്‍ അനുഗ്രഹം വര്‍ഷിക്കുന്ന ദൈവമാണ് വിദ്യാഗണപതി. ഒരു വ്യക്തിയുടെ ജാതകത്തില്‍ കേതുദശ നടക്കുമ്പോള്‍ ഗണപതിക്ക് വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ മാറി ശുഭഫലാനുഭവങ്ങളുണ്ടാകും.

ഓം ഗം ഗണേശായ നമഃ എന്നോ ഓം ഗം ഗണപതയേ നമഃ  എന്നോ 108 തവണ ജപിച്ചാല്‍ ഗണപതിയുടെ പൂര്‍ണ്ണ അനുഗ്രഹം സിദ്ധിക്കും.

ഗണപതിഭഗവാന്‍ ഓരോ ചതുര്‍ത്ഥിനാളിലും ആനന്ദനൃത്തം നടത്താറുണ്ട്. ഒരുനാള്‍ ഭഗവാന്‍ നൃത്തമാടിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ കുടവയറും താങ്ങിക്കൊണ്ടുള്ള നൃത്തം കണ്ട് ചന്ദ്രന്‍ പരിഹസിച്ച് ചിരിച്ചു. തന്നെ പരിഹസിച്ച ചന്ദ്രനോട് ക്ഷമിക്കാന്‍ ഗണപതി തയ്യാറായില്ല. കുപിതനായ ഗണപതിഭഗവാന്‍ ഈ ദിവസം നിന്നെ നോക്കുന്നവരെല്ലാം സങ്കടത്തിന് പാത്രമാകുമെന്ന് ചന്ദ്രനെ ശപിച്ചു. ഇതറിയാതെ വിഷ്ണുഭഗവാന്‍ ചന്ദ്രനെ നോക്കി ഗണപതി ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണുഭഗവാന്‍ ശിവഭഗവാന് മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതിവ്രതമിരിക്കാന്‍ ആവശ്യപ്പെട്ടു. ശിവഭഗവാന്‍ പറഞ്ഞതുപോലെ വിഷ്ണു ഗണപതി വ്രതമനുഷ്ഠിച്ചു സങ്കടങ്ങള്‍ മാറ്റി.

ഗണപതിക്ക് ഏറെ ഇഷ്ടം കറുകമാലയും കറുക കൊണ്ടുള്ള പൂജയുമാണ്. ഇരുപത്തൊന്ന് കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. കറുകമാല വഴിപാടായി അണിയിച്ച് ഗണപതിയെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ഗണപതിഭഗവാന്‍റെ അനുഗ്രഹത്താല്‍ മുജ്ജന്മ ദോഷത്താലുള്ള രോഗങ്ങളും ഇതരദോഷങ്ങളും ശമിക്കും. കറുകപ്പുല്ല് പ്രധാനമായും മൂന്ന് ശക്തികളെ സംവഹിക്കുന്നുവെന്നാണ് വിശ്വാസം. അവ യഥാക്രമം ശിവന്‍, ശക്തി, ഗണപതി എന്നിവരാണ്. പൂജക്കെടുക്കുന്നത് പൂവില്ലാത്ത കറുകയാണ്.

ഒരിക്കല്‍ നാരദമഹര്‍ഷി സനന്ദനമഹര്‍ഷിയെ സന്ദര്‍ശിച്ച് ഒരു സംശയം ഉന്നയിച്ചു. വിനായകനാല്‍ ഭക്തര്‍ക്ക് ദുരനുഭവങ്ങള്‍ ഏറെ ഉണ്ടാകുന്നല്ലോ? സനന്ദനമഹര്‍ഷി പറഞ്ഞു: 'നാരദരെ! ശ്രീമഹാഗണപതി വിഘ്നങ്ങള്‍ തീര്‍ത്തരുളുന്ന ദേവന്‍ ആണ്. ത്രിമൂര്‍ത്തികളുടെയും ആരാധ്യദേവന്‍ ആണ് ഗണപതി. പ്രാഥമികാരാധ്യദേവനെന്ന സ്ഥാനവും ഗണപതി ഭഗവാനുണ്ട്. അദ്ദേഹത്തെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യാതെ മറ്റുള്ള ദേവന്മാരെ പൂജിക്കുന്നതും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതും പലതരത്തില്‍പ്പെട്ട തടസ്സങ്ങള്‍ക്ക് കാരണമായിത്തീരുക മാത്രമല്ല, വിപരീത ഫലങ്ങളുണ്ടാക്കുകയും ചെയ്യുന്നതാണ്.

വിഘ്നേശ്വര പ്രീതിയില്ലെങ്കില്‍ ചെയ്യുന്ന തൊഴിലുകളില്‍ അഭിവൃദ്ധിയുണ്ടാവുകയില്ല. അവരവര്‍ വിചാരിക്കുന്നതുപോലെ ഒരു കാര്യവും നിറവേറ്റുവാന്‍ സാധിക്കുകയില്ല. ഉറക്കത്തില്‍ ദുഃസ്വപ്നങ്ങളുണ്ടാകുവാനും മനഃസ്വസ്ഥത നഷ്ടപ്പെടുവാനും സാദ്ധ്യതകളേറെയാണ്. പക്ഷേ ക്ഷിപ്രപ്രസാദിയായ ഗണേശനെ പ്രീതിപ്പെടുത്താന്‍ എളുപ്പവുമാണ്. ശ്രീ ഗണേശ്വര ഭഗവാന്‍റെ തിരുനാമം ഭക്തിപുരസ്സരം ഉരുവിട്ടുകൊണ്ട് പുഷ്പങ്ങളും ദീപധൂപാദികളാലും ഭഗവാനെ ആരാധിക്കേണ്ടതാണ്.

ചതുര്‍ത്ഥിദിവസം ഗണപതി ക്ഷേത്രത്തില്‍ നടത്താവുന്ന വഴിപാടുകള്‍.

1. ഗണപതിഹോമം- വിഘ്നപരിഹാരം. 2. മോദകനിവേദ്യം- സുഖസമൃദ്ധി. 3. കറുകമാല- പാപശമനം, രോഗശാന്തി. 4. മുക്കുറ്റി പുഷ്പാഞ്ജലി- കാര്യലാഭം. 5. കറുക- പുഷ്പാഞ്ജലി- വിഘ്നനിവാരണം. 6. നാരങ്ങമാല- ദൃഷ്ടിദോഷപരിഹാരം. 7. ഗണേശസൂക്താര്‍ച്ചന- ദാരിദ്ര്യശാന്തി. 8. ഉണ്ണിയപ്പനിവേദ്യം- ഇഷ്ടകാര്യവിജയം. 9. എള്ളുണ്ട നിവേദ്യം- ഭാഗ്യം തെളിയാന്‍.

മഹാരാഷ്ട്രയിലെ പൂനെ നഗരത്തിന് ചുറ്റും എട്ട് ഗണപതി ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നു. ശ്രീലങ്ക, ബര്‍മ്മ, ഇന്തോനേഷ്യ, ചൈന, നേപ്പാള്‍, തിബറ്റ്, തുര്‍ക്കി, മെക്സിക്കോ, പെറു, ഈജിപ്റ്റ്, ഗ്രീക്ക്, ഇറ്റലി എന്നിങ്ങനെ പല വിദേശരാജ്യങ്ങളിലും ഗണപതി ആരാധന നടത്തപ്പെടുന്നു.