ഗണപതി പാപ്പ മോറിയ
ഹിന്ദുക്കളുടെ ഉത്സവമായ ഗണേശ് ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി ശിവന്‍റെയും പാര്‍വ്വതിയുടെയും പുത്രനായി കരുതപ്പെടുന്ന ഗണപതിയുടെ ജനനത്തെ അനുസ്മരിപ്പിക്കുന്നു. ഈ ഉത്സവം ഭാരതത്തില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഒന്നാണ്. മതപരമായ ചടങ്ങുകളില്‍ ഗണപതിഭഗവാന്‍റെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്.
വിഘ്നങ്ങള്‍ അകറ്റുന്ന വിനായകന്‍റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന മഹോത്സവം
ഗണപതിയുടെ ദൈവികഗുണങ്ങളുടെ ആഘോഷമാണ് ഗണേശ് ചതുര്‍ത്ഥി. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷദിനങ്ങള്‍ ലോകമെമ്പാടുമുള്ള പ്രത്യേകിച്ചും ഭാരതത്തിലെ ജനങ്ങള്‍ വളരെ തീക്ഷ്ണതയോടും ഭക്തിയോടും ആചരിച്ചുപോരുന്നു. വിഘ്നങ്ങളും തടസ്സങ്ങളും നീക്കുന്നവനായി എല്ലാവരും ഗണേശഭഗവാനെ പൂജിക്കുന്നു. എന്തെങ്കിലും പുതിയ ഉദ്യമനത്തിനോ, ബിസിനസ്സ് സംരംഭത്തിന്‍റെയോ ആരംഭത്തില്‍ പലപ്പോഴും ഭക്തിപുരസരം ഗണേശനെ സ്മരിക്കുന്നതിലൂടെയും പൂജിക്കുന്നതിലൂടെയും അത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ഊര്‍ജ്ജവും കിട്ടുന്നതായും അനുഭവങ്ങളിലൂടെ പലരും വിശ്വസിച്ചുപോരുകയും ചെയ്യുന്നു.
കുട്ടിക്കാലത്ത് ഗണേശനെ തന്‍റെ അമ്മയായ പാര്‍വതി സാധാരണയായി കുളിക്കാന്‍ പോകുന്ന സന്ദര്‍ഭങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തുകയും ആരേയും അങ്ങോട്ട് പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കുകയുണ്ടായി. എന്നാല്‍ ഇതിന് വ്യത്യസ്തമായി പരമശിവന്‍ അവിടേക്ക് പ്രവേശിക്കുവാന്‍ ശ്രമിക്കുകയും, ഗണേശന്‍ അദ്ദേഹത്തെ തടയുകയുമുണ്ടായി. ഇതില്‍ നിരാശനും കുപിതനുമായ പരമശിവന്‍ ഗണപതിയുടെ ശിരസ്സ് അറുത്തുമാറ്റുന്നു. ഈ സംഭവം പാര്‍വ്വതിയെ വല്ലാതെ വേദനിപ്പിക്കുകയും ദുഃഖിതയാക്കപ്പെടുകയും ചെയ്തു. ഗണപതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ദേവി നിര്‍ബന്ധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അതിന്‍റെ ഫലമായി ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും ഒരു ആനയുടെ ശിരസ്സ് ഗണേശന്‍റെ ശരീരത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ആനയുടെ തലയുള്ള ഗജമുഖനായി ഗണപതി ഭഗവാന്‍ രൂപപ്പെടുന്നത്.
ഈ വേറിട്ട രൂപം ഗണപതിയുടെ മുഖമുദ്രയായി പിന്നീട് മാറുകയും ചെയ്തു. തന്‍റെ അതുല്യമായ രൂപത്തിനപ്പുറം ആളുകളുടെ മാര്‍ഗ്ഗതടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനും നേട്ടങ്ങളും സമൃദ്ധിയും കൊണ്ടുവരാനുള്ള തന്‍റെ കഴിവിലൂടെയും പിന്നീട് ഗണേശന്‍ പ്രശസ്തനാവുകയും ചെയ്തു.
ഗണപതിയുടെ പുനര്‍ജന്മത്തെ അനുസ്മരിക്കുവാനും സന്തോഷിക്കുവാനുമാണ് ഗണേശ് ചതുര്‍ത്ഥി ആചരിച്ചുപോരുന്നത്. ഗണേശനോടുള്ള അചഞ്ചലമായ ഭക്തി പ്രകടിപ്പിക്കുവാനും അനുഗ്രഹങ്ങള്‍ തേടാനും ഇതിലൂടെ കഴിയുന്നു.
ഭാരതത്തില്‍ പല സ്ഥലങ്ങളിലും വിവിധങ്ങളായ രീതിയില്‍ ഗണേശ് ചതുര്‍ത്ഥി അഥവാ ഗണേശോത്സവമെന്നറിയപ്പെടുന്ന ഈ ഉത്സവം കൊണ്ടാടിവരുന്നു. മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും ഗുജറാത്തിലും, മദ്ധ്യപ്രദേശിലും അതുപോലെതന്നെ ആന്ധ്രാപ്രദേശ്, തെലുങ്കാന, ഗോവ, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിലും ഈ ഉത്സവം അതിവിപുലമായി ആഘോഷിച്ചുവരുന്നു. കേരളത്തിലും ഈ ഉത്സവത്തിന് ഒരു പ്രത്യേക പ്രാധാന്യം നല്‍കി ആചരിക്കുന്നു.
പതിനേഴാം നൂറ്റാണ്ടില്‍ ഗണേശോത്സവം മറാത്താ സംസ്ഥാനത്ത് നിലനിന്നിരുന്നു. എന്നാല്‍ അന്ന് നിലനിന്നുപോന്ന ബ്രിട്ടീഷ് ഭരണത്തെ ഭയന്ന് ഈ ചടങ്ങ് കുടുംബസദസ്സുകളില്‍ മാത്രം ഒതുങ്ങിയിരുന്നു. മഹാരാഷ്ട്രയില്‍ 'ഛത്രപതി ശിവജി മഹാരാജി'ന്‍റെ കാലത്തും വിനായക ചതുര്‍ത്ഥി നടന്നുപോന്നിരുന്നതായി ചരിത്രരേഖകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അന്ന് സ്വകാര്യ കുടുംബ ആഘോഷം മാത്രമായിരുന്നു ഈ ചടങ്ങ്.
ഇന്ന് ഈ ഉത്സവത്തിന് കൂടുതല്‍ വ്യാപ്തിയും ഊര്‍ജ്ജവും ഓജസ്സും ഉണ്ടായിരിക്കുന്നു. കരകൗശല വിദഗ്ദ്ധര്‍, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ ജീവനും ഭാവങ്ങളുമുള്ള ഗണേശഭഗവാന്‍റെ അതിശയകരമായ കളിമണ്‍ വിഗ്രഹങ്ങള്‍ മെനഞ്ഞെടുക്കുന്നു. ഈ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്ന പന്തലുകള്‍ ഉത്സവഭരിതമാക്കുന്നതില്‍ വിവിധ ആഘോഷക്കമ്മിറ്റികളും, മണ്ഡലുകളും യുവതലമുറകള്‍ നേതൃത്വം നല്‍കുന്ന സംവിധാനങ്ങളും ഇതിലേക്ക് കൂടുതലായി പങ്കാളിത്തം കൈവരിക്കുന്നു. ഈ ഗണപതിവിഗ്രഹം ചമയിച്ചൊരുക്കിയ പന്തലുകള്‍ ആലക്തികാദീപങ്ങളാലും മറ്റ് ദീപാലങ്കാരങ്ങളാലും ആരേയും വിസ്മയിപ്പിക്കുന്ന രീതിയില്‍ വിവിധ രീതിയിലുള്ള അലങ്കാരങ്ങളാലും പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.
തങ്ങളുടെ അനുഭവങ്ങളും കലാസൃഷ്ടികളും വിവിധ പ്ലാറ്റ്ഫോമുകളില്‍ കൂടി അവതരിപ്പിക്കുവാനും പ്രത്യേകം ശ്രദ്ധിച്ചുപോരുന്നു. അതുപോലെ വിവിധ സാംസ്ക്കാരിക പരിപാടികള്‍, സംഗീത സദസ്സുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ഉത്സവത്തിന്‍റെ ഭാഗമാക്കപ്പെടുന്നു. ഇത് മതപരമായ അതിരുകള്‍ക്കപ്പുറത്തേയ്ക്ക് വ്യാപിക്കുന്ന ഒരുമയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നു.
ഗണേശോത്സവത്തില്‍ നിലയ്ക്കാത്ത മന്ത്രോച്ചാരണങ്ങളും മറ്റും ആരേയും ആകര്‍ഷിക്കുന്നവയാണ്. ഗണപതി ഭഗവാന്‍റെ ഇഷ്ടപലഹാരമായ മോദകം ഈ പൂജകള്‍ക്കുശേഷം ഭക്തജനങ്ങള്‍ക്ക് വിളമ്പുക ഈ ആഘോഷത്തിന്‍റെ ഭാഗമാണ്. അതിനാല്‍ ഈ ഉത്സവകാലത്ത് ഇത്തരം പലഹാരങ്ങള്‍ ഉണ്ടാക്കി ഗണേശപ്പന്തലുകളില്‍ പ്രസാദമായി വിതരണം ചെയ്യുവാന്‍ ഭക്തര്‍ പ്രത്യേകം താല്‍പ്പര്യം കാണിക്കുന്നു. ഇതോടൊപ്പം മറ്റ് പലഹാരങ്ങളായ ലഡ്ഡു, ബര്‍ഫി, പേഡ തുടങ്ങിയ പ്രസാദങ്ങളും ഈ സമയം പന്തലില്‍ വിതരണം ചെയ്യുന്നു.
ഗണപതിവിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെ ഗണേശോത്സവത്തിന് അവസാനം കുറിക്കും. സാധാരണയായി വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത് ഏഴാം ദിവസമോ പതിനൊന്നാം ദിവസമോ ആയിരിക്കും. ഈ നിമജ്ജനജാഥയിലും ഘോഷയാത്രയിലും ഭക്തര്‍ വഴിനീളെ ഭജനകളും, ശ്ലോകങ്ങളും ഗാനങ്ങളും ആലപിക്കുന്നു. വിടവാങ്ങല്‍ ഘോഷയാത്ര അല്ലെങ്കില്‍ ഗണേശ് വിസര്‍ജന്‍ ഈ ഉത്സവത്തിന്‍റെ മഹത്തായ സമാപനമാണ്. പ്രതിഷ്ഠിച്ച വിഗ്രഹങ്ങള്‍ ജലാശയങ്ങളില്‍ നിമജ്ജനം ചെയ്യുന്ന ഈ പ്രക്രിയ വളരെ ആഘോഷമാക്കുന്നു.
അടുത്തുള്ള കുളത്തിലോ, നദിയിലോ, തടാകത്തിലോ, കടലിലോ ഈ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നു. നിമജ്ജനഘോഷയാത്രയില്‍ ഭക്തജനങ്ങള്‍ 'ഗണപതി പാപ്പ മോറിയ' എന്നുച്ചരിക്കുന്നതിനോടൊപ്പം മറ്റ് കീര്‍ത്തനങ്ങളും, നൃത്തവും, സംഗീതവും, പുഷ്പവൃഷ്ടിയുമൊക്കെ അവതരിപ്പിച്ചുപോരുന്നു. ഇത്തരം ഘോഷയാത്രകളില്‍ വഴിനീളെ പ്രസാദവിതരണവും ഉണ്ടായിരിക്കും.
മഹാരാഷ്ട്രയുടെ തലസ്ഥാനനഗരിയായ മുംബൈയില്‍ ഗണേശോത്സവം ആവേശത്തോടൊപ്പം അതിഗംഭീരമായി ആഘോഷിച്ചുപോരുന്നു. ഈ ഉത്സവം ദേശീയതലത്തില്‍ ആഘോഷിച്ചുപോരുന്നെങ്കിലും ഏറ്റവും വലിയ പ്രൗഢിക്ക് സാക്ഷ്യം വഹിക്കുന്നത് മുംബൈനഗരത്തിലെ പ്രശസ്തമായ ഗണേശ്പന്തലുകളായ 'ലാല്‍ ബൗഗ്ലാ രാജയും','ഖേദ്വാഡി രാജ'യും ആകുന്നു. ഈ പന്തലുകളില്‍ ഗണേശഭഗവാനെക്കണ്ട് മോക്ഷം നേടാന്‍ ആയിരങ്ങളാണ് ഈ ദിവസങ്ങളില്‍ ഇവിടെ തടിച്ചുകൂടൂന്നത്.
വീടുകളില്‍ സ്വകാര്യമായും പന്തലുകളില്‍ പൊതു ഉത്സവമായും ആഘോഷിച്ചുവരുന്ന ഗണേശ് ചതുര്‍ത്ഥി ദേവസ്തുതികളാലും, പ്രാര്‍ത്ഥനകളാലും, മന്ത്രോച്ചാരണങ്ങളാലും വ്രതാനുഷ്ഠാനങ്ങളാലും ഹൈന്ദവ ഗ്രന്ഥങ്ങളുടെ ആലാപനത്താലും കടന്നുപോകുന്നത് ഒരു പ്രത്യേക നിര്‍വൃതി തന്നെ ഉളവാക്കുന്നതാണ്. ഈ ദിവസങ്ങളില്‍ അന്തരീക്ഷം ഈശ്വരകടാക്ഷത്താല്‍ മുഖരിതമായിരിക്കും.
വിദേശരാജ്യങ്ങളായ നേപ്പാള്‍, സിംഗപ്പൂര്‍, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, ഫിജി, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, കരീബിയന്‍ ദ്വീപസമൂഹങ്ങള്‍ മുതലായ സ്ഥലങ്ങളിലും ഗണേശോത്സവം തനിമയോടും വിപുലമായും കൊണ്ടാടിവരുന്നു.
