വൈവിദ്ധ്യപൂര്‍ണ്ണം ഗജമുഖമാഹാത്മ്യം
ക്ഷിപ്രകോപിയും അതേസമയം ക്ഷിപ്രപ്രസാദിയുമായി ശ്രീമഹാഗണപതിയുടെ മാഹാത്മ്യം വൈവിദ്ധ്യപൂര്‍ണ്ണമായ രൂപഭാവങ്ങളില്‍ അധിഷ്ഠിതമാണ്. ഏത് ശുഭകാര്യങ്ങള്‍ തുടങ്ങുമ്പോഴും പ്രഥമവും പ്രധാനവുമായി നമിക്കപ്പെടേണ്ട ദേവനാണ് ഗണേശന്‍. ശിവ-പാര്‍വ്വതിസുതനായ ഈ ദേവന്‍ ഗജമുഖത്തോടുകൂടിയവനും ഭക്ഷണപ്രിയനുമാണ്.
വിനായകചതുര്‍ത്ഥി 2026 സെപ്തംബര്‍ -14 ന്
ഹൈന്ദവ പുരാണവിധി പ്രകാരം ഒട്ടനവധി പ്രത്യേകതകളുള്ള ദേവനാണ് ഗണപതി. എല്ലാ ക്ഷേത്രങ്ങളുടെയും കന്നിമൂല സ്ഥാനത്ത് ഗണപതിവിഗ്രഹത്തെ പ്രതിഷ്ഠിക്കുക പതിവാണ്. ഇങ്ങനെ കന്നിമൂലസ്ഥിതയായ ശ്രീമഹാഗണപതിയെ 'വിശ്വോല്‍പ്പത്തി വിനാശനം സ്ഥിതീകരം' എന്നാണ് പൗരാണികന്മാര്‍ വിശേഷിപ്പിക്കുന്നത്.
പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തിക്കും സംസ്ഥിതിക്കും വിനാശത്തിനും ഹേതുഭൂതനാണത്രേ ഗണപതി. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്‍റേയും സ്ഥിതികാരകനായ വിഷ്ണുവിന്‍റെയും സംഹാരമൂര്‍ത്തിയായ ശിവന്‍റെയും സിദ്ധി വൈശിഷ്ട്യം ലയിച്ചുചേര്‍ന്നതിന്‍റെ തല്‍സ്വരൂപമാണ് ഗണപതിയെന്ന് വിശ്വസിക്കപ്പെടുന്നു. ഗണപതിയുടെ മറ്റൊരു പര്യായമാണ് വിഘ്നേശ്വരന്‍. വിഘ്നസ്രഷ്ടാവും സംഹാരകാരകനെന്നുമെന്ന ദ്വിഭാവ സ്വരൂപനായതുകൊണ്ടാണ് ഇങ്ങനെയൊരു പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. സകല ദേവതകളാലും ആരാധ്യനായ ഈ ദേവന്‍റെ ഉല്‍പ്പത്തിയെപ്പറ്റിയുള്ള ഐതിഹ്യം താഴെക്കൊടുക്കുന്നു.
ഗണേശോല്‍പ്പത്തി
ശിവ- പാര്‍വ്വതിമാര്‍ ഒരിക്കല്‍ വനാന്തര്‍ഭാഗത്തുവച്ച് ഗജക്രീഡയിലേര്‍പ്പെട്ടു. ക്രീഡാന്ത്യത്തില്‍ ശിവരേതസ്സ് പാര്‍വ്വതി ഗര്‍ഭപാതരത്തിലേറ്റുവാങ്ങുകയുണ്ടായി. അങ്ങനെ ഗര്‍ഭവതിയായ ഉമ യഥാസമയം ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. മനുഷ്യരൂപികളായ ശിവ- പാര്‍വ്വതിമാര്‍ക്ക് ഗജക്രീഡയുടെ ഫലമായുണ്ടായ കുട്ടി ഗജമുഖനായിട്ടാണ് ജനിച്ചത്. എന്നാല്‍ ഇതിനൊരു പാഠഭേദം ശിവപുരാണത്തില്‍ കാണുന്നു.
അതായത് ശിവ- പാര്‍വ്വതിമാരുടെ വിവാഹത്തോടനുബന്ധിച്ച് ഗണപതിക്ക് അര്‍ഘ്യനിവേദ്യം നടത്തിയത്രെ. ഇത് ശരിയാണെങ്കില്‍ ശിവ- പാര്‍വ്വതിമാരുടെ വിവാഹത്തിന് മുമ്പ് ജനിച്ചതായിരിക്കണം ഗണേശന്‍. എന്നാല്‍ പുരാണപണ്ഡിതന്മാരില്‍ ചിലരുടെ അഭിപ്രായം പ്രപഞ്ചോല്‍പ്പത്തി മുതല്‍ ഗണപതി സങ്കല്‍പ്പം ഉണ്ടായിരുന്നുവെന്നാണ്.
ആദിഗണപതി
പ്രണവസ്വരൂപനായ ഗണപതിക്ക് പ്രാപഞ്ചികനിയമത്തിലെ ആദിസ്വരത്തിന്‍റെയും ഏകധ്വനിയുടെയും സമ്യക്ഭാവമാണുള്ളത്. അതായത് പ്രപഞ്ചോല്‍പ്പത്തി മുതല്‍തന്നെ ഗണപതി സങ്കല്‍പ്പം ഉണ്ടായിരുന്നുവെന്നു സാരം. സര്‍വ്വാക്ഷരപൊരുളായ 'ഓം' എന്ന അക്ഷരത്തിന്‍റെ തന്മയീഭാവമാണ് സര്‍വ്വേശ്വരനായ ശ്രീമഹാഗണപതി.
നിലയം
ഗണപതിയുടെ നിലയം(ഇരിപ്പിടം) മൂലാധാരത്തിലാണ് നിലകൊള്ളുന്നത്. കുണ്ഡലീനി കേന്ദ്രത്തെയാണ് മൂലാധാരം എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും ശക്തികേന്ദ്രമാണ് മൂലാധാരം അഥവാ കുണ്ഡലിനീ കേന്ദ്രം.
ഹൈന്ദവാചാരവിധിപ്രകാരം ഏത് മംഗളകര്‍മ്മങ്ങള്‍ക്കും തുടക്കമിടേണ്ടത് പ്രാണായാമം ചെയ്തു കുണ്ഡിലിനിയെ ഉണര്‍ത്തിയശേഷമാണ്. ഇവിടെ ആത്യന്തികമായി ആദരിക്കപ്പെടുന്നത്. മഹാഗണപതി തന്നെയാണ്. ഓംകാരവും ജീവാധാരവും ഒത്തുചേര്‍ന്ന ആദിതേജസ്സാണ് ഗണപതി.
വ്യത്യസ്തഭാവങ്ങള്‍
ഗണപതിക്ക് അനേകം ഭാവങ്ങള്‍ ഉണ്ടെന്ന് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ എല്ലാ ഭാവങ്ങളും ആദിമൂലഗണപതിയില്‍ അന്തര്‍ലീനമാണ്. ഗജക്രീഡാസമയത്ത് പാര്‍വ്വതി ആദിമൂലഗണപതിയെ പുത്രനായി സങ്കല്‍പ്പിച്ചുവെന്നും അതിനാല്‍ ദേവിക്ക് അഭീഷ്ടസിദ്ധിയുണ്ടായെന്നുമാണ് വിശ്വസനീയമായ ഐതിഹ്യം.
വിദേശങ്ങളിലും
ആധുനികയുഗത്തില്‍ ഹിന്ദുക്കള്‍ വളരെയധികം ആരാധിക്കുന്ന ദൈവമാണ് മഹാഗണപതി. ഇന്ത്യയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലും മഹാഗണപതി ഇന്ന് ഏറെ പൂജിക്കപ്പെടുന്ന മൂര്‍ത്തിയാണ്.
ചൈനയിലും ജപ്പാനിലുമെല്ലാം ഇന്ന് ഗണപതി ക്ഷേത്രങ്ങള്‍ നിരവധിയുണ്ട്. ഇവിടെയെല്ലാം ഗണപതിയുടെ രൂപം പൂര്‍ണ്ണമാണ്. തലയും ഉടലും ആനയുടേതുതന്നെ. ചില ക്ഷേത്രങ്ങളില്‍ പരസ്പരം ആലിംഗനം ചെയ്തുനില്‍ക്കുന്ന ഗണപതി ബിംബങ്ങളും കാണാം. ഒന്ന് കൊമ്പനും മറ്റൊന്ന് പിടിയും. ചൈനയില്‍ ഈ രീതിയിലുള്ള ശില്‍പ്പങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും 'ഷോടേന്‍', 'കാന്‍ഗിടന്‍' എന്നും പേരുണ്ട്.
ആലിംഗനരൂപത്തിലുള്ള ഗണപതിശില്‍പ്പങ്ങള്‍ ചൈനയിലെ നിരവധി ഗൃഹങ്ങളില്‍ പെട്ടിയില്‍ വച്ച് പൂട്ടിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ഇവ പുറത്തെടുത്ത് പൂജിക്കുക പതിവാണ്.
ജപ്പാന്‍കാര്‍ക്ക് ഇന്ത്യാക്കാരെപ്പോലെതന്നെ ഗണപതിപൂജ മഹത്തായ കര്‍മ്മമാണ്. ഇപ്പോള്‍ ജപ്പാനില്‍ ഗണപതിവിഗ്രഹം സ്ഥാപിച്ചിട്ടുള്ള ഇരുന്നൂറിലധികം ക്ഷേത്രങ്ങളുണ്ട്. 'നോസക' എന്നപട്ടണത്തില്‍ വലിയൊരു ഗണപതി ക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തില്‍ മുഴുവന്‍ സമയ പൂജാരിയും, പൂജയുമുണ്ട്. ഈ ക്ഷേത്രത്തില്‍ പൂജ നടത്തിയാല്‍ ഐശ്വര്യവും സൗഭാഗ്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ആറാം നൂറ്റാണ്ടിന് മുമ്പുതന്നെ ചൈനയില്‍ ഗണപതി പൂജ നിലനിന്നതായി കാണാം. ഇതിനുവേണ്ട ചരിത്രരേഖകളും നിലവിലുണ്ട്. 'തൂങ്ഹ്വാങ്' എന്ന സ്ഥലത്ത് പാറ തുറന്ന് നിര്‍മ്മിച്ച ഒരു ഗുഹാക്ഷേത്രമുണ്ട്. ഈ ഗുഹയില്‍ നിരവധി വര്‍ണ്ണച്ചിത്രങ്ങള്‍ വരച്ചുചേര്‍ത്തിരിക്കുന്നു. ഹിന്ദുപുരാണവുമായി ബന്ധപ്പെട്ട സൂര്യന്‍, ചന്ദ്രന്‍, കാമദേവന്‍, നവഗ്രഹങ്ങള്‍, ഗണപതി തുടങ്ങിയവരുടെ ചിത്രങ്ങളാണിവയിലധികം.
ഇന്ത്യയില്‍ ഗണപതി 'വിഘ്നേശ്വര'നാണ് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും 'വിഘ്നേശ്വരന്‍' പ്രധാനപ്പെട്ട ദൈവമാണ്. ഗണപതി പൂജയിലും ഗണപതിഹോമത്തിലും ഹിന്ദുക്കള്‍ മാത്രമല്ല, മറ്റ് മതക്കാരും വിശ്വസിക്കുന്നുണ്ട്.
ദേശവ്യത്യാസമനുസരിച്ച് ഗണപതിയുടെ രൂപത്തിലും പൂജാരീതിയിലും ചെറിയ വ്യത്യാസങ്ങള്‍ കാണാം. ഇന്ന് നാം കാണുന്നതും നമുക്ക് ചിരപരിചിതവുമായ ഗണപതി രൂപം പുരാണങ്ങളിലും തന്ത്രഗ്രന്ഥങ്ങളിലും വാക്മയചിത്രങ്ങളായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. ڇ'ബൃഹത് സ്തോത്രരത്നാകരം' എന്ന സംസ്കൃത ഗ്രന്ഥത്തില്‍ ഗണപതിയുടെ രൂപത്തെ വ്യക്തമായി വര്‍ണ്ണിക്കുന്നുണ്ട്. 'മുഗ്ദലപുരാണം', 'ഗണേശപുരാണം' എന്നീ പുരാണഗ്രന്ഥങ്ങളിലും ഗണപതിയുടെ രൂപനിര്‍ണ്ണയം നടത്തിയിട്ടുണ്ട്.
പൂജ, രാജയോഗം, മന്ത്രസാധന എന്നിവയുടെ സമ്മിശ്ര ഭാവമാണ് തന്ത്രം. സൗന്ദര്യലഹരിയില്‍ '65' തന്ത്രങ്ങളെപ്പറ്റി പറയുന്നു. ഇതില്‍ ഒന്നത്രേ 'ഗാണപത്യം'. ഗാണപത്യതന്ത്രത്തിന്‍റെ ലഘുരൂപമാണ് ഇന്ന് ക്ഷേത്രങ്ങളില്‍ നടക്കുന്ന ഗണപതിപൂജ. 'ഗണപതിഹോമം' എന്നും ഇതിനുപേര്‍ പറയുന്നു. ഗണപതിയെ സങ്കല്‍പ്പിച്ച് തേങ്ങാ ഉടയ്ക്കലാണിതിന്‍റെ പ്രഥമ ചടങ്ങ്. വിഘ്നരാജനാണ് ഗണപതി. അതിനാല്‍ ഏത് മംഗളകര്‍മ്മത്തിനും മുന്നേ ഗണപതിപൂജ നടത്തുന്നത് ഉത്തമമായ കാര്യമാണ്. ഇതൊരു ചടങ്ങായി എല്ലാവരും നടത്തുകയും ചെയ്യുന്നു.
സാക്ഷാല്‍ ശിവന്‍പോലും പുതിയതായി ഏതുകാര്യവും ചെയ്യുന്നതിന് മുമ്പ് ഗണപതിയെ പ്രീതിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ പിതാവെന്നും പുത്രനെന്നുമുള്ള പരിഗണനയില്ല. ഒരിക്കല്‍ ഗണപതിയെ കാര്യമാക്കാതെ, ശിവന്‍ ഒരു കര്‍മ്മത്തിന് പുറപ്പെട്ടു. ത്രിപുരദഹനത്തിന്. അതിന്‍റെ ഫലവും അദ്ദേഹം അറിഞ്ഞു. ത്രിപുരദഹനത്തിന് പുറപ്പെട്ട ശിവന്‍റെ രഥത്തിന്‍റെ അച്ചുമുറിഞ്ഞു. ഗണപതിപുജ നടത്തിയപ്പോള്‍ അച്ചു ശരിയാവുകയും ചെയ്തു. അമ്മയായ പാര്‍വ്വതിയും പുത്രനായ ഗണേശനെ വന്ദിച്ചതിനുശേഷമേ ഏത് കാര്യത്തിനും പുറപ്പെടുകയുള്ളൂ. മഹിഷാസുരനെ വധിക്കാന്‍ പുറപ്പെട്ടപ്പോള്‍ പാര്‍വ്വതി വിഘ്നനിവൃത്തി വരുത്തിയത്രെ. ലോകം സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രഹ്മാവും ബലിയെ ബന്ധിക്കാന്‍ പുറപ്പെട്ട വാമനനും ആദ്യം ഗണപതിയെ വന്ദിക്കുകയുണ്ടായി.
'ഗണപതി' എന്ന വാക്ക് ഉണ്ടായത് 'ഗണം' എന്ന വാക്കില്‍ നിന്നാണ്. 'ഗണ'മെന്നാല്‍ ഒരു ജനസമൂഹമെന്നും സൈന്യമെന്നുമൊക്കെയാണ് അര്‍ത്ഥം. സമൂഹത്തിന്‍റെ നായകന്‍, വഴികാട്ടി എന്നീ നിലയിലാണ്'ഗണപതി' എന്ന വാക്കുണ്ടായത്. ബുദ്ധമതത്തിലെ മഹായാനക്കാര്‍ 'ഗണപതി'യെ പൂജിച്ചിരുന്നു. ബൗദ്ധശില്‍പ്പങ്ങളില്‍ ചെവി പരന്ന്, മൂക്കുനീണ്ട ഒരു യക്ഷന്‍റെ ശില്‍പ്പമുണ്ട്. ഈ ശില്‍പ്പത്തില്‍ നിന്നാണ് ഗണപതിയുടെ ആദിമരൂപമുണ്ടായതെന്ന് പറയപ്പെടുന്നു.
ഗണപതിയെ പല രീതിയില്‍ ചിത്രീകരിച്ച പടങ്ങളും ശില്‍പ്പങ്ങളുമുണ്ട്. പൊതുവേ ചെന്താമരയില്‍ ഇരിക്കുന്ന ഗണപതി ശില്‍പ്പമാണ് കൂടൂതലായി കാണാറുള്ളത്. ഈ ശില്‍പ്പത്തിന് നാല് കൈകള്‍ ഉണ്ട്. ഈ കൈകളില്‍ പാശം, അങ്കുശം, ആനക്കൊമ്പ്, മോദകം എന്നിവ ഉണ്ടായിരിക്കും.
എട്ടുകൈകളുള്ള പ്രതിമകളും ചില ഭാഗങ്ങളില്‍ കാണാം. എഴുന്നേറ്റുനിന്ന് നൃത്തം ചെയ്യുന്ന വിധത്തിലും ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പ്രധാന വിഗ്രഹത്തിനൊപ്പം ഗണപതിവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും ഗണപതിപൂജ അഥവാ ഗണപതിഹോമം ഒരു പ്രധാന പൂജാരീതിയാണ്.
നരസിംഹ പല്ലവനാണ് ഗണപതിപൂജ തമിഴ്നാട്ടില്‍ വ്യാപകമാക്കിയത്. ബി.സി. 640 ല്‍ ചാലൂക്യരുടെ തലസ്ഥാനമായിരുന്ന 'വാതാപി നഗരം' പിടിച്ചടക്കിയ നരസിംഹ പല്ലവര്‍, വാതാപിയിലെ ഗണപതിക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം തമിഴ്നാട്ടിലേക്ക് കൊണ്ടുവന്നു. 'വാതാപിഗണപതേ' എന്ന മഹത്തായ കര്‍ണ്ണാട്ടിക്ക് സംഗീതം ഈ 'ഗണപതി'യെ സ്തുതിച്ചുകൊണ്ടുള്ളതാണ്.
തമിഴ്നാട്ടിലെ ഏറ്റവും വലിയ ഗണപതിവിഗ്രഹം മധുരമീനാക്ഷി ക്ഷേത്രത്തിലേതാണ്. മുക്കുറുണിഗണപതി എന്നാണീ വിഗ്രഹത്തിന് ലഭിച്ചിരിക്കുന്ന പേര്. 'പറ'പോലെ ഒരളവ് ഉപകരണമാണ്. 'കുറുണി'. മൂന്ന് കുറുണി ധാന്യം കൊണ്ടുള്ള വലിയ അപ്പമാണിവിടുത്തെ നിവേദ്യം. ഇതില്‍നിന്നാണ് 'മുക്കുറുണി' എന്ന പേര് ഉത്ഭവിച്ചത്.
മഹാഗണപതി ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും മാത്രമല്ല ഭക്ഷണപ്രിയന്‍ കൂടിയാണ്. എത് ചടങ്ങിലും ആദ്യം ഗണപതിക്ക് ഭക്ഷണം കൊടുക്കുക എന്നതിന്‍റെ കാരണമിതാണ്.
ഗണപതിയുടെ ജനനത്തെ സംബന്ധിച്ച് പല ഐതിഹ്യകഥകളും നിലവിലുണ്ട്. വള്ളത്തോളിന്‍റെ 'ഗണപതി' എന്ന ഖണ്ഡകാവ്യത്തില്‍ ഇദ്ദേഹത്തിന്‍റെ ജനനത്തെപ്പറ്റി പറയുന്ന ഒരു കഥയുണ്ട്.
ഒരുദിവസം ശ്രീപാര്‍വ്വതി കുളത്തില്‍ നീരാട്ടിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ശ്രീപാര്‍വ്വതിയുടെ നീരൊട്ടൊന്നുകാണാന്‍ പരമശിവന് മോഹം തോന്നി. അദ്ദേഹം ഒന്ന് ഒളിഞ്ഞുനോക്കിയത്രെ.
'വെണ്ണ തോല്‍ക്കുമുടലില്‍ സുഗന്ധിയാ-
മെണ്ണതേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേലരുമാ നതാംഗി
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം'
വെണ്ണ തോല്‍ക്കുന്ന ആ ഉടല്‍ കണ്ടപ്പോള്‍ സാക്ഷാല്‍ പരമശിവന് ഒന്ന് അതിക്രമിച്ചു കടക്കാന്‍ മോഹം തോന്നി. അദ്ദേഹം അതിക്രമിച്ചുകടക്കുകയും ചെയ്തു. ശ്രീപാര്‍വ്വതിക്കത് പിടിച്ചില്ല. ശ്രീപാര്‍വ്വതി ശരീരത്തിലെ അഴുക്കു മുഴുവനുമെടുത്ത് ഒരു പുത്രനെ സൃഷ്ടിച്ച് ദ്വാരപാലകനായി നിയമിച്ചു. കയ്യില്‍ ഒരു ദണ്ഡ് കൊടുത്തു. ഈ പുത്രന്‍ സാക്ഷാല്‍ ശിവനെപ്പോലും പാര്‍വ്വതി നീരാടുന്ന സമയത്ത് ഉള്ളില്‍ വിട്ടിരുന്നില്ല.
ഈ കഥയെക്കാള്‍ കൂടുതല്‍ പ്രാബല്യമുള്ളത് മറ്റൊരു കഥയ്ക്കാണ്. ശിവ-പാര്‍വ്വതിമാര്‍ ആനകളുടെ രൂപത്തില്‍ വനത്തില്‍ ക്രീഡിച്ചുനടന്ന കാലത്ത് അവര്‍ക്ക് ജനിച്ച പുത്രനാണ് ഗണപതി. ഗണപതിയുടെ മുഖം ആനയുടേതുപോലെ ആയത് അതുകൊണ്ടാണ്.
ഒരിക്കല്‍ പരശുരാമനുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഗണപതിയുടെ ഒരു കൊമ്പ് ഒടിഞ്ഞുപോയി. വള്ളത്തോള്‍ തന്‍റെ ശിഷ്യനും മകനുമെന്ന കാവ്യം ഈ കഥയെ ആധാരമാക്കിയാണ് രചിച്ചിട്ടുള്ളത്.
ഗണപതിയെ സംബന്ധിച്ച നിരവധി കഥകള്‍ വേറെയുമുണ്ട്. ഒരിക്കല്‍ ഗണപതി കാക്കയുടെ രൂപം പൂണ്ട് അഗസ്ത്യമുനിയുടെ കമണ്ഡലുവിലെ ജലം തട്ടിക്കളഞ്ഞു. അഗസ്ത്യന്‍ കോപാകുലനായി കാക്കയെ ആക്രമിച്ചു. പക്ഷേ ഗണപതി സ്വന്തരൂപം പൂണ്ട് അഗസ്ത്യനെ അനുഗ്രഹിച്ചുവത്രെ. ഗണപതിയോട് സ്വന്തം തലയില്‍ വിരല്‍മടക്കി മുട്ടിക്കൊണ്ട് മാമുനി മാപ്പപേക്ഷിച്ചു. അന്നുമുതലാണ് ഗണപതിക്ക് മുന്നില്‍ ഈ ആചാരം പ്രബലമായതത്രെ.
മഹാഭാരതം മുഴുവന്‍ എഴുതിയത് ഗണപതിയാണ്. വ്യാസമഹര്‍ഷി കഥ പറഞ്ഞു. ഗണപതി എഴുതി.
മഹാഭാരത കാവ്യം എഴുതാന്‍ വ്യാസന്‍ ഗണപതിയെ നിര്‍ദ്ദേശിച്ചപ്പോള്‍, ഗണപതി വ്യാസനോട് ഒരു നിബന്ധന മുന്നോട്ടുവച്ചു. എഴുത്തുകാരനായി പണിയെടുക്കും, പക്ഷേ ഇടയ്ക്കുവെച്ച് കഥ നിറുത്തരുത്. വ്യാസന്‍ വ്യവസ്ഥ സമ്മതിച്ചു. മഹാഗണപതി ധരിച്ചത് വ്യാസന് ഈ വ്യവസ്ഥ പാലിക്കാന്‍ കഴിയില്ല എന്നാണ്. എന്നാല്‍ വ്യാസന്‍ ഇടമുറിയാതെ മഹാഭാരതം കഥ മൂന്നുവര്‍ഷം കൊണ്ട് പറഞ്ഞുതീര്‍ത്തു. ഗണപതിയും തുടര്‍ച്ചയായി അത് എഴുതി.
കേരളത്തിലെ 'ഗണപതി' ബ്രഹ്മചാരിയാണ്. എന്നാല്‍ ഗണപതി വിവാഹിതനാണ്. രണ്ട് ഭാര്യമാരാണ് ഗണപതിക്കുള്ളത്. സിദ്ധിയും ബുദ്ധിയും. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും പ്രധാന പ്രതിഷ്ഠയുടെ വലതുവശത്താണ് ഗണപതിവിഗ്രഹം പ്രതിഷ്ഠിക്കുക.
ഗണപതിയെ വന്ദിക്കുന്നവര്‍ വെറുതെ നിന്ന് കൈകൂപ്പുകയല്ല ചെയ്യുന്നത്. ഏത്തമിട്ടുകൊണ്ടാണ് ഗണപതിവന്ദനം നടത്തുന്നത്. ഇങ്ങനെ കുറഞ്ഞത് 'പന്ത്രണ്ട്' ഏത്തമെങ്കിലും ഇടണം. ഉറക്കെ എണ്ണിക്കൊണ്ട് ഏത്തമിട്ടാല്‍ അത്രയും ഗുണമേറും.
കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പ്രധാന വിഗ്രഹങ്ങള്‍ക്കൊപ്പം ഗണപതിവിഗ്രഹവും പൂജിക്കപ്പെടാറുണ്ടെങ്കിലും ഗണപതിക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഈ വിശ്വാസം ഏറെ നേടിയിട്ടുള്ളതും ഭക്തജനപ്രവാഹമുള്ളതുമായ കുറേ ക്ഷേത്രങ്ങളുണ്ട്. ഇവയില്‍ തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രവും കൊല്ലം കളക്ടറേറ്റിനടുത്തുള്ള ഗണപതി ക്ഷേത്രവും തലശ്ശേരി വടക്കെത്തെരുവ് ഗണപതി ക്ഷേത്രവും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ശ്രീമഹാഗണപതിക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും കൂടുതല്‍ ഭക്തജനങ്ങളെ ആകര്‍ഷിക്കുന്ന ക്ഷേത്രങ്ങളാണ്.
