വിനായക ചതുര്‍ത്ഥിവ്രതം  അനുഷ്ഠിക്കേണ്ട രീതി

വിനായക ചതുര്‍ത്ഥിവ്രതം അനുഷ്ഠിക്കേണ്ട രീതി

HIGHLIGHTS

എല്ലാ ഐശ്വര്യങ്ങളും നമുക്ക് നല്‍കും ഏകദന്തനായ ഗണപതി ഭഗവാന്‍. കുട്ടികള്‍ക്കും ഇഷ്ടദൈവമായ ഗണപതിയെ ഭജിച്ച് നിര്‍മ്മല ഭക്തിയോടെ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വതടസ്സങ്ങളും മാറി ജീവിതവിജയവും ജീവിതത്തില്‍ സകല ഐശ്വര്യങ്ങളും നേടാനും അതുവഴി ജീവിതം ആഹ്ലാദകരമാവാനും ഗണപതിഭഗവാന്‍ തുണയ്ക്കുന്നു. സമയം കിട്ടുമ്പോഴൊക്കെ ഗണപതി ഭഗവാന്‍റെ ബീജമന്ത്രമായ 'ഓം ഗം ഗണപതയേ നമഃ' എന്ന മന്ത്രം ജപിച്ചുകൊണ്ടേയിരുന്നാല്‍ ഗണപതിയുടെ അനുഗ്രഹവും  തുണയുമുണ്ടാവും എന്നത് സുനിശ്ചിതം.
 

 

 

ആദ്യമായി ചതുര്‍ത്ഥിവ്രതം അനുഷ്ഠിക്കുന്നവര്‍ കുംഭമാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥി ദിവസം ഈ വ്രതം അനുഷ്ഠിക്കാന്‍ തുടങ്ങണം. ആ ദിവസം ചൊവ്വാഴ്ചയായി വന്നാല്‍ അതിവിശിഷ്ടം.

ചതുര്‍ത്ഥിദിവസം രാവിലെ കുളിച്ച് നെറ്റിയില്‍ കുറിതൊടണം. ഗണപതി വിഗ്രഹം അല്ലെങ്കില്‍ ഫോട്ടോ പൂജാമുറിയില്‍ ഒരു പലകയില്‍ കോലമിട്ട് അതിനുമീതെ വയ്ക്കണം. ഗണപതിക്ക് ചന്ദനം, കുങ്കുമം, ഭസ്മം കൊണ്ട് പൊട്ടുവച്ച്, പൂചൂടി, കറുകമാല അണിയിച്ച് അനന്തരം വിളക്കുകത്തിച്ച് വയ്ക്കണം. ഗണപതി സ്തുതികള്‍ മനസ്സുരുകി ജപിച്ചുകൊണ്ട് ധൂര, ദീപ, നിവേദ്യം അര്‍പ്പിച്ച് നമസ്ക്കരിക്കണം. 'ഗം' എന്നത് ഗണപതിയുടെ ബീജമന്ത്രമാണ്. അത് തനിച്ചു പറയതെ 'ഓം ഗം ഗണപതയേ നമഃ' എന്ന് ഉച്ചരിക്കണം. ഈ മന്ത്രം ഗണപതിയെ പൂജിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് 108 തവണയെങ്കിലും ചൊല്ലുന്നത് നല്ലതാണ്. ഒപ്പം അന്ന് മുഴുവന്‍ പതിവുജോലികള്‍ക്കിടയില്‍ അല്ലെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ ഈ മന്ത്രം മനനം ചെയ്യുന്നത് വളരെ നല്ലതാണ്.

വൈകുന്നേരം ചന്ദ്രന്‍ ഉദിക്കുന്നതോടെ വീണ്ടും ഗണപതിക്ക് പൂജകള്‍ ചെയ്ത് സങ്കടങ്ങള്‍ എല്ലാം അകലണമെന്ന് മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കണം. ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചതുര്‍ത്ഥിദിനമായ നാലാം ദിവസം ചന്ദ്രനെ നോക്കരുത് എന്ന് ചിലര്‍ പറയാറുണ്ട്. വിനായകചതുര്‍ത്ഥി ദിവസം മാത്രം ഇതിന് വിലക്കുണ്ട് എന്നും ഐതിഹ്യമുണ്ട്. എന്നാല്‍ അറിയാതെ നിലാവ് കാണുന്നതില്‍ അപരാധമൊന്നുമില്ല. മനസ്സില്‍ തെറ്റാണെന്ന് തോന്നിയാല്‍ ഗണപതിമന്ത്രം പതിനൊന്ന് പ്രാവശ്യം ജപിക്കുക. മനസ്സിന് സ്വസ്ഥത കൈവരും. ചതുര്‍ത്ഥിവ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അന്ന് മുഴുവന്‍ ഉപവാസം(ആഹാരം കഴിക്കാതെ) ഇരിക്കാം. പൂര്‍ണ്ണ ഉപവാസം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പാലോ പഴങ്ങളോ കഴിക്കാം. മുതിര്‍ന്നവര്‍ക്ക് അവരുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച്  ലളിതമായ ആഹാരങ്ങള്‍ കുറച്ച് കഴിക്കാം. 

എന്താണ് സങ്കടഹരചതുര്‍ത്ഥി

ചതുര്‍ത്ഥിദിവസം ഗണനാഥനെ ആരാധിക്കുന്നത് സങ്കടങ്ങളകറ്റി സന്തോഷമേകുന്നതാണ് എങ്കിലും ചൊവ്വാഴ്ചകളില്‍ വരുന്ന ചതുര്‍ത്ഥിദിവസങ്ങള്‍ക്ക് സങ്കടഹര ചതുര്‍ത്ഥി എന്നാണ് പേര്. മാത്രമല്ല ആ ചതുര്‍ത്ഥി ദിനങ്ങള്‍ക്ക് ഏറെ പ്രത്യേകതയുമുണ്ട്.
ഭരദ്വാജ മഹര്‍ഷിയുടെ മകനായി ജനിച്ച് ഭൂമിദേവിയാല്‍ പരിപാലിക്കപ്പെട്ടവനാണ് അങ്കാരകന്‍ എന്ന ചൊവ്വ. അമ്മയുടെ ആശ്ലേഷത്തില്‍ വളര്‍ന്ന അങ്കാരകന്‍ തക്കപ്രായത്തിലെത്തിയപ്പോള്‍ പിതാവ് ഭരദ്വാജ മഹര്‍ഷിയെ കാണാനെത്തി. മകനെക്കണ്ട മഹര്‍ഷി അതിരറ്റ സന്തോഷവാനായി. അങ്കാരകന്‍ ഭരദ്വാജനോട് 'പിതാവേ, ശ്രേഷ്ഠമഹര്‍ഷിയായ താങ്കളുടെ പുത്രനായി ജനിച്ച ഞാന്‍, താങ്കളെപ്പോലെ ഉന്നതമായ നിലയില്‍ എത്തണം എന്ന് ആഗ്രഹിക്കുന്നു. അതിനുള്ള മാര്‍ഗ്ഗം താങ്കള്‍ തന്നെ പറഞ്ഞുതരണം' എന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. പുത്രന്‍റെ ബുദ്ധി ചാതുരി മഹര്‍ഷിയെ ഏറെ സന്തുഷ്ടനാക്കി.

അദ്ദേഹം അങ്കാരകന്‍റെ ആഗ്രഹം നിറവേണമെങ്കില്‍ ഗണപതിയെ പൂജിക്കുകയെന്നതാണ് ഏകമാര്‍ഗ്ഗം എന്ന് നിര്‍ദ്ദേശിച്ചു. ഒപ്പം പൂര്‍ണ്ണത്രയനായ ഗണപതിയുടെ മൂലമന്ത്രവും അദ്ദേഹം പുത്രന് ഉപദേശിച്ചുകൊടുത്തു. പിതാവ് നിര്‍ദ്ദേശിച്ചപ്രകാരം അങ്കാരകന്‍ ഗണപതിയെ ധ്യാനിച്ച് തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി. തക്കസമയമായപ്പോള്‍ ഗണപതി അങ്കാരകന് ദര്‍ശനം നല്‍കി. അമൂല്യങ്ങളായ ഒട്ടേറെ വരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. മാത്രമല്ല ഗ്രഹങ്ങളില്‍ ഒന്നായി വിളങ്ങുവാനുള്ള അനുഗ്രഹവും നല്‍കി. അന്നേദിവസം ഒരു ചതുര്‍ത്ഥി ദിനമായിരുന്നതിനാല്‍ 'അങ്കാരക ചതുര്‍ത്ഥി'എന്ന് തന്‍റെ പേരില്‍ ആ ദിവസം അറിയപ്പെടണം എന്നും, അന്നേദിവസം ഗണപതിയെ തൊഴുത് പ്രാര്‍ത്ഥിക്കുന്നവരുടെ സങ്കടങ്ങള്‍ എല്ലാം അകലമെന്നും ഗണപതിയോട് അങ്കാരകന്‍ അപേക്ഷിച്ചു. അങ്കാരകന്‍റെ ആഗ്രഹപ്രകാരം ഗണപതി തന്നെ ആ വരവും നല്‍കി അനുഗ്രഹിച്ചു.

ഭൂലോകവാസികളുടെ നന്മയ്ക്കായി ഭൂമാതാവിന്‍റെ പുത്രനായ ചൊവ്വ, ഗണപതിയില്‍ നിന്നും വരം നേടിയത് മുതല്‍ ചൊവ്വാഴ്ചകളില്‍ വരുന്ന ചതുര്‍ത്ഥിദിനം ഏറ്റവും ശ്രേഷ്ഠമായതായി പുരാണങ്ങള്‍ പറയുന്നു. അങ്കാരക ചതുര്‍ത്ഥി സങ്കടങ്ങള്‍ പോക്കുന്ന ചതുര്‍ത്ഥിയായിരിക്കണം എന്ന് ചൊവ്വ വരം ചോദിച്ചതിനാല്‍, സങ്കടഹര ചതുര്‍ത്ഥി എന്നറിയപ്പെട്ട് പിന്നീട് സങ്കടചതുര്‍ത്ഥി എന്ന പേര് പറയപ്പെടുന്നു. എന്നാല്‍ സങ്കടങ്ങള്‍ പോക്കുന്ന ചതുര്‍ത്ഥിയെ സങ്കടഹര ചതുര്‍ത്ഥി എന്നുപറയുന്നത് തന്നെയാണ് ശരി. ഓരോ മാസവും കൃഷ്ണപക്ഷ കാലത്തില്‍ വരുന്ന ചതുര്‍ത്ഥിയും സങ്കടഹരചതുര്‍ത്ഥി എന്ന് പറയാറുണ്ട്.

വ്രതം ആരംഭിക്കുവാന്‍ കുംഭമാസം വരെ കാത്തിരിക്കണമോ എന്ന് ചോദിച്ചേക്കാം. ഏതെങ്കിലും ഒരു മാസത്തില്‍ ചൊവ്വാഴ്ചകളില്‍ വരുന്ന ചതുര്‍ത്ഥിദിവസത്തില്‍ ഗണപതിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് വ്രതം ആരംഭിക്കാവുന്നതാണ്. ചതുര്‍ത്ഥിവ്രതം ഗണപതിക്ക് അതിവിശിഷ്ടമാണ്. ചൊവ്വ പൂജിച്ചതിനാല്‍ മഹത്വമേറെയാണ്. എന്നാല്‍ ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണണം എന്നും കാണാന്‍ പാടില്ലെന്നു രണ്ടുപക്ഷം പറയുന്നുണ്ട്. അതിന്‍റെ പിന്നിലും ഒരു ഐതിഹ്യമുണ്ട്.

ചന്ദ്രനാണ് ബുദ്ധിയുടെ/ അറിവിന്‍റെ അധിപതി എന്നാണ് പറയാറ്. അങ്ങനെ മതി(ബുദ്ധി)യുടെ കാരകനായി എന്നതുകൊണ്ട് മതി എന്നും ചന്ദ്രന് പേരുണ്ട്. എന്നാല്‍ ഒരിക്കല്‍ ചന്ദ്രനും മതി(ബുദ്ധി) നഷ്ടപ്പെട്ടു. അതുകാരണം സ്തുതിക്കേണ്ട ഗണപതിയെ കളിയാക്കുന്നതിന് ചന്ദ്രന്‍റെ മതി പ്രേരിപ്പിച്ചു. അത് ചന്ദ്രന്‍റെ ദുര്‍വിധിയായി ഭവിച്ചു. ഒരു ചതുര്‍ത്ഥി ദിവസം കുറേയധികം മോദകംഭക്ഷിച്ച് ഏകാഗ്രതയില്‍ ഉലാത്തികൊണ്ടിരിക്കുകയായിരുന്നു ഗണപതി. ആ സമയത്ത് അതുവഴി വന്ന ചന്ദ്രന്‍ ഗണപതി ഭഗവാന്‍റെ രൂപത്തെ കളിയാക്കി സംസാരിക്കാന്‍ തുടങ്ങി. പൊതുവേതന്നെ ആരെങ്കിലും കളിയാക്കി(ചാമരകര്‍ണന്‍- മുറം പോലെയുള്ള ചെവിയോടുകൂടിയവന്‍, ലംബോധരന്‍- വലിയ വയറുള്ളവന്‍ എന്നിങ്ങനെ) വിളിച്ചാല്‍ പോലും കോപിക്കാത്ത ആളാണ് ഗണപതി. 

എന്നാല്‍ ആ ഗജമുഖന് തന്നെ ദേഷ്യം വരുന്ന രീതിയില്‍ ചന്ദ്രന്‍റെ അവഹേളനം അതിര്‍ത്തി കടന്നുപോയി. ഗണപതി ചന്ദ്രനെ 'ചന്ദ്രാ, ഏത് സൗന്ദര്യം നിന്നെ അഹങ്കാരിയാക്കി മാറ്റിയോ, ആ സൗന്ദര്യം നിനക്ക് കുറയട്ടെ, നിന്നെ കണ്ട് ആസ്വദിച്ചിരുന്നവര്‍ ഇനി നിന്നെക്കണ്ടാല്‍ പാപികളായിത്തീരും' എന്ന് ശപിച്ചു. ഗണപതി ശപിച്ച ആ ഞൊടിയില തന്നെ ചന്ദ്രന്‍റെ പ്രഭമങ്ങി തേഞ്ഞുപോകാന്‍ തുടങ്ങി. ചന്ദ്രനെ കണ്ടാല്‍ പാപമാണെന്നതിനാല്‍ എല്ലാവരും ചന്ദ്രന് നേരെ മുഖം തിരിച്ചു. ഗണപതിയെ കളിയാക്കിയത് കടുത്ത അപരാധമായി എന്ന് ചന്ദ്രന് ബോധ്യപ്പെട്ടത് പ്രഭ നഷ്ടപ്പെടുവാന്‍ തുടങ്ങിയപ്പോഴാണ്. തന്‍റെ തെറ്റു പൊറുത്ത് മാപ്പ് നല്‍കുവാനും കുറവുകള്‍ അകറ്റി പൂര്‍വ്വസ്ഥിതി പ്രാപിക്കുവാന്‍ അനുഗ്രഹിക്കണമെന്നും ചന്ദ്രന്‍ ഗണപതിയോട് കേണപേക്ഷിച്ചു.

കരുണാനിധിയായ ഗണപതി ഭഗവാന്‍റെ മനസ്സലിഞ്ഞു. ചന്ദ്രന്‍ചെയ്ത അപരാധത്തിന് മാപ്പുനല്‍കി. ചന്ദ്രന് ശാപം നല്‍കിയ ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിവസം മാത്രം ചന്ദ്രനെ കാണരുതെന്നും ആ ദിവസം മാത്രം ചന്ദ്രദര്‍ശനം ആവാമെന്നും മറ്റുദിവസങ്ങളില്‍ നോക്കരുതെന്നും ചില പുരാണങ്ങള്‍ വ്യത്യസ്തരീതിയില്‍ പറയുന്നുണ്ട്.  ഏതായാലും ചന്ദ്രന്‍ ദേഹം തേഞ്ഞ് മറഞ്ഞാലും വീണ്ടും വളരുമെന്നും ഗണപതി അനുഗ്രഹിച്ചു. എല്ലാറ്റിനുമുപരി പിറ(കല)യായിരുന്ന ചന്ദ്രനെ തന്‍റെ ശിരസ്സില്‍ ചൂടുകയും ചെയ്തു. അതുകൊണ്ട് ഗണപതിക്ക് ബാലചന്ദ്രധാരി എന്നും പേരുണ്ടായി. ചതുര്‍ത്ഥിദിവസം നാലാം പിറനാള്‍ എന്നതുകൊണ്ട് 'നാലാം പിറ' കണ്ടാല്‍ നായയെപ്പോലെ ദുരിതം അനുഭവിക്കും എന്നും പറഞ്ഞുതുടങ്ങി.

ഗണപതി ചന്ദ്രനെ ശപിച്ചതും ചന്ദ്രനെ ആരും കാണരുത് എന്ന് പറഞ്ഞതും അദ്ദേഹത്തിന്‍റെ ജന്മദിനത്തിലാണ്. അതെ ആവണി(ചിങ്ങം) മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി നാളിലാണ് ഗണപതിയുടെ പിറന്നാള്‍ ചിലര്‍ ജന്മദിനം തീയതിപ്രകാരവും ചിലര്‍ നക്ഷത്രപ്രകാരവും ആഘോഷിക്കും. എന്നാല്‍ ഗണപതിയ്ക്കാകട്ടെ അദ്ദേഹം ജനിച്ച തിഥിയായ ചതുര്‍ത്ഥിദിനം വരുമ്പോഴൊക്കെ ആഹ്ലാദവും ആഘോഷവുമാണ്. ഗണപതി ആനന്ദചിത്തനായിട്ടുള്ളപ്പോഴൊക്കെ അനുഗ്രഹം ചോദിച്ചാല്‍ വാരിക്കോരി ഒന്നിന് പലമടങ്ങ് നല്‍കുന്നു. അതുപോലെയാണ് ചതുര്‍ത്ഥിവ്രതം അനുഷ്ഠിക്കുന്നവര്‍ക്കും നിര്‍ലോപം സന്തോഷവും സൗഭാഗ്യങ്ങളും നല്‍കുന്നു. ഇപ്പോഴും ചന്ദ്രനെകാണാമോ, പാടില്ലല്ലോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. അവരവരുടെ കുടുംബ ആചാരപ്രകാരം ഇത് അനുഷ്ഠിക്കുന്നതാണ് ഉത്തമം എന്നതാണ് ഇതിനുള്ള മറുപടി.

അതേസമയം പൂര്‍ണ്ണ പൂജാവിധിപ്രകാരം, വിനായകചതുര്‍ത്ഥി ദിവസം ഗണപതിയെ പൂജിച്ചു കഴിഞ്ഞശേഷം അന്നേദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ച് വീണ്ടും ഒരു തവണ കൂടി ഗണപതിയെ തൊഴുത് പ്രാര്‍ത്ഥിക്കണം. എങ്കിലേ വ്രതപൂജയുടെ പൂര്‍ണ്ണഫലം ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ വിനയകചതുര്‍ത്ഥിദിവസം മാത്രം ചന്ദ്രനെ കാണാം, മറ്റുള്ള ചതുര്‍ത്ഥ ദിവസങ്ങളില്‍ കാണാതിരിക്കുന്നതാണ് നല്ലത് എന്നാണ് ആചാര്യമതം. എരിക്കിന്‍പൂവ്, കറുക, തുമ്പ എന്നിവയൊക്കെ എല്ലാവര്‍ക്കും എളുപ്പം കിട്ടുന്നവയാണ്. അവ പൂജയ്ക്ക് ഉചിതമായവയായി സ്വീകരിക്കുക.

എല്ലാ ഐശ്വര്യങ്ങളും നമുക്ക് നല്‍കും ഏകദന്തനായ ഗണപതി ഭഗവാന്‍. കുട്ടികള്‍ക്കും ഇഷ്ടദൈവമായ ഗണപതിയെ ഭജിച്ച് നിര്‍മ്മല ഭക്തിയോടെ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വതടസ്സങ്ങളും മാറി ജീവിതവിജയവും ജീവിതത്തില്‍ സകല ഐശ്വര്യങ്ങളും നേടാനും അതുവഴി ജീവിതം ആഹ്ലാദകരമാവാനും ഗണപതിഭഗവാന്‍ തുണയ്ക്കുന്നു. സമയം കിട്ടുമ്പോഴൊക്കെ ഗണപതി ഭഗവാന്‍റെ ബീജമന്ത്രമായ 'ഓം ഗം ഗണപതയേ നമഃ' എന്ന മന്ത്രം ജപിച്ചുകൊണ്ടേയിരുന്നാല്‍ ഗണപതിയുടെ അനുഗ്രഹവും  തുണയുമുണ്ടാവും എന്നത് സുനിശ്ചിതം.

'ഓം ഗം ഗണപതയേ നമഃ'

അജയ്കുമാര്‍