അല്ലലുകള്‍ അകറ്റുന്ന ചതുര്‍ത്ഥി വ്രതം

അല്ലലുകള്‍ അകറ്റുന്ന ചതുര്‍ത്ഥി വ്രതം

HIGHLIGHTS

ഈരേഴുലോകങ്ങളിലും ഉള്ള എല്ലാവരാലും അനുഷ്ഠിക്കപ്പെടുന്ന എല്ലാ വ്രതങ്ങളെക്കാളും ഉന്നതമായിട്ടാണ് വിനായകചതുര്‍ത്ഥി വ്രതം കരുതപ്പെടുന്നത്. ഈ വ്രതം അനുഷ്ഠിച്ചാല്‍ അല്ലലുകളും ജീവിതത്തിലെ തടസ്സങ്ങളും അകന്ന് ആഹ്ലാദം അലതല്ലുമെന്നാണ് വേദ-പുരാണ- ഇതിഹാസങ്ങള്‍ പറയുന്നത്.

 

എല്ലാവര്‍ക്കും ലളിതമായി അനുഷ്ഠിക്കാവുന്ന സദ്ഫലങ്ങള്‍ ഏറെ ലഭിക്കുന്ന ഉത്തമമായ വ്രതമാണ് വിനായക ചതുര്‍ത്ഥി വ്രതം. മനുഷ്യര്‍ മാത്രമല്ല ത്രിമൂര്‍ത്തികള്‍, ദേവന്മാര്‍, മഹര്‍ഷിമാര്‍ എന്നിങ്ങനെ എല്ലാവരാലും അനുഷ്ഠിക്കപ്പെട്ട വ്രതമാണിത്. 

നാലുവേദങ്ങള്‍, പതിനെട്ട് പുരാണങ്ങള്‍, രണ്ട് ഇതിഹാസങ്ങള്‍ എന്നിങ്ങനെ സര്‍വ്വവും പ്രകീര്‍ത്തിക്കുന്ന വ്രതം!ആഗ്രഹങ്ങള്‍ സഫലമാവാന്‍ തടസ്സമായിട്ടുള്ള വിഘ്നങ്ങളെ എല്ലാം തകര്‍ത്ത് ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന അതിവിശിഷ്ടമായ വ്രതമാണ് വിനായക ചതുര്‍ത്ഥി വ്രതം. മനസ്സിന് ഇഷ്ടപ്പെട്ട മണവാളനെ ലഭിക്കുവാനായി അമ്മ പാര്‍വ്വതി തന്നെ മകനെ ധ്യാനിച്ച് അനുഷ്ഠിച്ച വ്രതമത്രേ ഇത്. അമ്മ തന്‍റെ മനസ്സിനിഷ്ടപ്പെട്ട വരനെ ലഭിക്കുവാന്‍ മകനോട് പ്രാര്‍ത്ഥിച്ച് അനുഷ്ഠിച്ച വരം എന്നുപറയുമ്പോള്‍ അതില്‍ അതിശയോക്തിയില്ല. ബുദ്ധി ശൂന്യതയായി ഇത് തോന്നാം. എന്നാല്‍ അതിനെ സാധൂകരിക്കുന്ന കഥ പുരാണത്തില്‍ പറയുന്നുണ്ട്.

ഉമാമഹേശ്വരി ദക്ഷന്‍റെ മകളായി ദാക്ഷായണി എന്ന പേരില്‍ അവതരിച്ച് ശിവന്‍റെ പത്നിയായി തീര്‍ന്ന കാലം. അക്കാലത്ത് അഹന്ത തലയ്ക്ക് പിടിച്ച് ശിവനെ ബഹുമാനിക്കാതെ ദക്ഷന്‍ ഒരു യാഗം നടത്തി. പക്ഷേ ശിവനേയും ദാക്ഷായണിയേയും ദക്ഷന്‍ യാഗത്തിന് ക്ഷണിച്ചില്ല. എന്നിട്ടും പിതാവ് നടത്തുന്ന യാഗമല്ലേ? ക്ഷണിച്ചില്ലങ്കിലെന്ത്? എന്ന് കരുതി ദാക്ഷായണി യാഗത്തിന് പോയി. അവിടെ ചെന്ന് അപമാനിതയായ ദാക്ഷായണി യാഗാഗ്നിയില്‍ തന്‍റെ ദേഹം വെടിഞ്ഞു. അതിനുശേഷം ദേവി പാര്‍വ്വതി എന്ന പേരില്‍ ഹിമവാന്‍റെ പുത്രിയായി അവതരിച്ചു. 

ഋതുമതിയായതോടെ പാര്‍വ്വതിദേവി പരമേശ്വരനുവേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി. കാലം കടന്നതല്ലാതെ പരമേശ്വരന്‍റെ കടാക്ഷം പാര്‍വ്വതിയിലുണ്ടായില്ല. കടുത്ത പല തപസ്സുകളും നടത്തി നോക്കി പാര്‍വ്വതിദേവി. എന്നിട്ടും കനിഞ്ഞില്ല പരമശിവന്‍. മകള്‍ അതീവദുഃഖിതയാണെന്ന് മനസ്സിലാക്കിയ ഹിമവാന്‍ ആഗ്രഹസാഫല്യത്തിനായി മകളുടെ മുന്നില്‍ ഒരു നിര്‍ദ്ദേശം വെച്ചു. എല്ലാ ദുഃഖദുരിതങ്ങളും തടസ്സങ്ങളും മാറാന്‍ അനുഷ്ഠിക്കേണ്ടതായ, വിശിഷ്ടമായ ഒരു വ്രതം അനുഷ്ഠിച്ചാല്‍ ആഗ്രഹം നിറവേറുമെന്ന് ഹിമവാന്‍ അറിയിച്ചു. അത് എന്ത് വ്രതമാണെന്ന് ഉപദേശിച്ചു തന്നാല്‍ മുറതെറ്റാതെ ആ വ്രതം അനുഷ്ഠിച്ച് താന്‍ കരുണാകരനായ ശിവനെ സ്വന്തമാക്കി കൊള്ളാം എന്ന് പാര്‍വ്വതി ദേവി ഹിമാവാനോട് പറഞ്ഞു.

'മകളേ, ചിങ്ങ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിവസം ഗജമുഖനെ പൂജിച്ച് അനുഷ്ഠിക്കേണ്ട വ്രതമാണിത്. അന്ന് ഒരു ദിവസം മാത്രം വ്രതം അനുഷ്ഠിച്ചാല്‍ മതി. അതേസമയം ആഗ്രഹം നിറവേറാന്‍ കന്നിമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി വരെ നിത്യവും പൂജകളും ചെയ്യാം.' ഹിമവാന്‍ അതോടൊപ്പം തന്നെ വിനായക ചതുര്‍ത്ഥി അനുഷ്ഠിക്കേണ്ടത് എങ്ങനെയെന്നും പാര്‍വ്വതിദേവിക്ക് വിവരിച്ചുകൊടുത്തു. അതുപ്രകാരം അമ്മയായ പാര്‍വ്വതിദേവി മകനായ ഗണപതിയെ ധ്യാനിച്ച് വ്രതമനുഷ്ഠിച്ച് പശുപതിയായ ശിവനെ തന്‍റെ പതിയായി നേടിയെടുത്തുവത്രെ.

ഇനി പ്രധാനപ്പെട്ട വിഷയം, പാര്‍വ്വതിക്ക് മുമ്പേതന്നെ ഗണപതി എങ്ങനെ അവതരിച്ചു എന്ന ചോദ്യം ന്യായമായും ഉയരാം. അതിനുള്ള ഉത്തരം ഒരോ യുഗത്തിലും ആദ്യന്ത ദൈവമായി അവതരിച്ച് തടസ്സങ്ങളില്ലാതെ കാര്യസിദ്ധിയുണ്ടാവാന്‍ അതിനുശേഷം എടുത്ത അവതാരങ്ങളാണ് പാര്‍വ്വതി സുതന്‍, ലംബോധരന്‍, വികടരാജന്‍, മഹോര്‍ക്കടന്‍ എന്നീ അവതാരങ്ങള്‍ എന്നതാണ്.

വ്രതം അനുഷ്ഠിക്കേണ്ട വിധം

ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിവസം അതിരാവിലെ എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അനന്തരം മൂഷിക വാഹനനായ ഗണപതിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് സ്നാനം ചെയ്യണം. അതിനുശേഷം പൂജാമുറിയില്‍ ശുദ്ധിയുള്ള ഒരു പലക വെച്ച് അതിനുമീതെ അരിപ്പൊടി കൊണ്ട് കോലമിടണം. അതിനുമീതെ തൂശനില(വാഴ ഇല) വച്ച് അതിനുമീതെ കുറച്ച് പച്ചരി പരത്തിയിടുക. വാഴ ഇലയുടെ തുമ്പ് വടക്കോട്ട് അഭിമുഖമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അവരവരുടെ ഇഷ്ടാനുസരണം ആചാരമനുസരിച്ചും പുതിയ കളിമണ്ണുകൊണ്ടുള്ള ഗണപതിവിഗ്രഹമോ, അല്ലെങ്കില്‍ പതിവായി പൂജ ചെയ്യുന്ന ഗണപതി വിഗ്രഹമോ, ഫോട്ടോയോ ആ അരിക്ക് മധ്യത്തില്‍ വയ്ക്കുക. ഇലയ്ക്ക് പകരമായി പ്രിയങ്കരമായത് കറുകപ്പുല്ലാണ്. അതിനോടൊപ്പം കഴിവിനനുസരിച്ച് പത്രങ്ങളും പുഷ്പങ്ങളും അര്‍ച്ചനചെയ്യുവാനായി എടുത്തുവയ്ക്കുക.

പത്രം എന്ന് ഇവിടെ ഉദ്ദേശിച്ചത് ഇലകളെയാണ്. ശിവന് വില്ലം എന്ന പോലെ ഗണപതിക്ക് വഹ്നി, മന്ദാരം എന്നിവയുടെ ഇലകള്‍ പ്രിയപ്പെട്ടതാണ്.

ഗണപതിക്ക് അടുത്തായി ഒരു (ചെമ്പ്) കലശത്തില്‍ വെള്ളം നിറച്ച് മാവില, നാളികേരം എന്നിവ കൊണ്ട് കുംഭമായി അലങ്കരിക്കുക. പതിവുപോലെ വീട്ടിലുള്ള ദൈവങ്ങള്‍ക്ക് മുമ്പാകെയും ഗണപതിക്ക് മുന്നിലും വിളക്കുകത്തിച്ചുവെച്ചിട്ട് മൂന്നുപ്രാവശ്യം ഗണപതി ഗായത്രി ജപിക്കുക. അതിനുശേഷം കൊഴുക്കട്ട, പഴവര്‍ഗ്ഗങ്ങള്‍, ചുണ്ടല്‍ എന്നിങ്ങനെ അവരവരാല്‍ കഴിയുംവിധം നിവേദ്യങ്ങള്‍ സമര്‍പ്പിക്കുക. ഇതില്‍ ആഡംബരത്തേക്കാള്‍ നിര്‍മ്മലമായ ഭക്തിയാണ് വേണ്ടത് എന്ന് ഓര്‍ക്കുക. എല്ലാം തയ്യാറാക്കി വെച്ചശേഷം ഗണപതിക്ക് പൂണൂല്‍ അണിയിക്കുക. അതിനുശേഷം പുഷ്പലതാദികളാല്‍ അലങ്കരിക്കുക.

ഓം ഗം ഗണപതയെ നമഃ എന്നുമാത്രം ചൊല്ലി പ്രാര്‍ത്ഥിക്കണം. അതിനുശേഷം അറിയാവുന്ന ഗണപതി സ്തുതികള്‍ പാടി ഗണപതി പ്രീതി വരുത്തുക. അവസാനമായി ധൂപം, ദീപം, നിവേദ്യം എന്നിവ നടത്തി ഗണപതിയോട് പ്രാര്‍ത്ഥിക്കുക. അതിരാവിലെ മുതല്‍ പൂജ ചെയ്യുന്നതുവരെ ഉപവാസമിരിക്കുന്നത് ഉത്തമം. അവരവരുടെ ആരോഗ്യം, കുടുംബരീതി എന്നിവയ്ക്ക് അനുസൃതമായി ഇവ പിന്തുടരാം.

വിനായക ചതുര്‍ത്ഥിദിനത്തില്‍ കഴിയുന്ന രീതിയില്‍ അന്നദാനം നടത്താം.

ഈരേഴുലോകങ്ങളിലും ഉള്ള എല്ലാവരാലും അനുഷ്ഠിക്കപ്പെടുന്ന എല്ലാ വ്രതങ്ങളെക്കാളും ഉന്നതമായിട്ടാണ് വിനായകചതുര്‍ത്ഥി വ്രതം കരുതപ്പെടുന്നത്. ഈ വ്രതം അനുഷ്ഠിച്ചാല്‍ അല്ലലുകളും ജീവിതത്തിലെ തടസ്സങ്ങളും അകന്ന് ആഹ്ലാദം അലതല്ലുമെന്നാണ് വേദ-പുരാണ- ഇതിഹാസങ്ങള്‍ പറയുന്നത്.

അജയ്കുമാര്‍

Photo Courtesy - Google