ഗുരുവായൂരിൽ വെർച്വൽ ക്യൂ വഴി ഇനി സൗജന്യ ദർശനം

ഗുരുവായൂരിൽ വെർച്വൽ ക്യൂ വഴി ഇനി സൗജന്യ ദർശനം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിങ് മുഖേന വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഇനി സൗജന്യ ദർശനത്തിനും അവസരം. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഗുരുവായൂർ ദേവസ്വം പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ ഓഗസ്റ്റ് 4 മുതൽ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലുമാണ് സേവനം ലഭ്യമാകുക.

ഓരോ മണിക്കൂറിലും 300 ഭക്തർക്കാണ് പ്രവേശനം അനുവദിക്കുക. രാവിലെ 7, 8, 9, 10 മണിക്കും, ഉച്ചയ്ക്ക് 12, 1 മണിക്കും, വൈകിട്ട് 4, 5 മണിക്കും സ്ലോട്ടുകൾ ലഭ്യമാണ്. ഒരു ബുക്കിങ്ങിൽ പരമാവധി ആറു പേർക്ക് വരെ രജിസ്റ്റർ ചെയ്യാം. ബുക്കിങ് guruvayurdevaswom.in വെബ്സൈറ്റ് വഴി നടത്താം.

അതേസമയം, ഗുരുവായൂർ ദേവസ്വത്തിന്റെ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഈ മാസം 28ന് ഭക്തജനങ്ങൾക്കായി തുറന്നു നൽകും. രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ സമർപ്പണം നിർവഹിക്കും. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷത വഹിക്കും.

ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ച താമസസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 13.30 കോടി രൂപ ചെലവഴിച്ചാണ് കൗസ്തുഭം നവീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം നിർവഹിച്ചത്. ദേവസ്വത്തിന്റെ സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളാണ് മേൽനോട്ടം വഹിച്ചത്.

50,300 ചതുരശ്ര അടി വിസ്തീർണമുള്ള റെസ്റ്റ് ഹൗസിൽ ആകെ 97 മുറികളാണുള്ളത്. ഇതിൽ 23 രണ്ട് ബെഡ് എസി മുറികളും, 45 രണ്ട് ബെഡ് നോൺ എസി മുറികളും, 8 മൂന്ന് ബെഡ്, 5 നാല് ബെഡ്, 16 ആറ് ബെഡ് നോൺ എസി മുറികളും ഉൾപ്പെടുന്നു.