വിശാഖം ജ്ഞാനത്തിന്‍റെ കാരകത്വം
ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ പതിനാറാമതായി വരുന്ന വിശാഖം നക്ഷത്രം ജ്ഞാനത്തിന്‍റെ കാരകത്വമുള്ളതും വ്യാഴത്തിന്‍റെ ആധിക്യത്തിലുള്ളതുമാണ്. ചില നക്ഷത്രങ്ങള്‍ ദൈവത്തിന് പ്രീതികരമായതും, ദൈവങ്ങള്‍ അവതാരമെടുത്ത നക്ഷത്രങ്ങളായും കരുതപ്പെടുന്നു. അപ്രകാരം വൈകാശി(ഇടവം) മാസം പൗര്‍ണ്ണമിയില്‍ വരുന്ന വിശാഖം മുരുകന്‍റെ നക്ഷത്രമായി കൊണ്ടാടപ്പെടുന്നു.
ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ പതിനാറാമതായി വരുന്ന വിശാഖം നക്ഷത്രം ജ്ഞാനത്തിന്‍റെ കാരകത്വമുള്ളതും വ്യാഴത്തിന്‍റെ ആധിക്യത്തിലുള്ളതുമാണ്. ചില നക്ഷത്രങ്ങള്‍ ദൈവത്തിന് പ്രീതികരമായതും, ദൈവങ്ങള്‍ അവതാരമെടുത്ത നക്ഷത്രങ്ങളായും കരുതപ്പെടുന്നു. അപ്രകാരം വൈകാശി(ഇടവം) മാസം പൗര്‍ണ്ണമിയില്‍ വരുന്ന വിശാഖം മുരുകന്‍റെ നക്ഷത്രമായി കൊണ്ടാടപ്പെടുന്നു.
ഈ ദിവസം മുരുകന്‍ അവതരിച്ചതിനാല്‍ വിശാഖന്‍ എന്നും മുരുകന് പേരുണ്ട്. 'വി' എന്നാല്‍ പക്ഷി, മയില്‍. ശാഖന്‍ എന്നാല്‍ യാത്ര ചെയ്യുന്നവന്‍ എന്നാണ് പൊരുള്‍. വടിവേലന്‍ എന്ന് പേരുള്ള മുരുകനെ ആരാധിച്ചാല്‍ പതിനാറ് സൗഭാഗ്യങ്ങളും കരഗതമാവും എന്നാണ് പണ്ടുകാലം തൊട്ടേയുള്ള ഭക്തരുടെ അചഞ്ചലമായ വിശ്വാസം.
പരാശര മഹര്‍ഷിക്ക് വികൃതികളായ ആറ് ആണ്‍മക്കളുണ്ടായിരുന്നു. വികൃതികള്‍ കാണിക്കുന്നതില്‍ ഒരാള്‍ക്ക് ഒരാള്‍ മുമ്പനായിരുന്നു. ഒരുദിവസം അവര്‍ ആറുപേരും കുളത്തില്‍ കളിച്ചു വെള്ളം അശുദ്ധമാക്കിക്കൊണ്ടിരിക്കയായിരുന്നു. അവരുടെ ആ ചെയ്തി കാരണം കുളത്തില്‍ വസിച്ചിരുന്ന മത്സ്യങ്ങളും തവളകളും പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലായി. ഈ കാഴ്ച കണ്ട പുത്രന്മാരോട് പരാശര മഹര്‍ഷി, വെള്ളം അശുദ്ധമാക്കരുത് ശിവനായി കരുതി വെള്ളത്തെ പൂജിക്കണം, നീരാടിയതുമതി കരയ്ക്ക് കയറൂ എന്ന് ആജ്ഞാപിച്ചു.
എന്നാല്‍ പിതാവിന്‍റെ വാക്ക് ചെവിക്കൊള്ളാതെ അവര്‍ കുളത്തില്‍ കുത്തിമറിഞ്ഞ് കുളം കലക്കിക്കൊണ്ടേയിരുന്നു. അതുകാരണം കുളത്തിലെ മീനുകള്‍ ചത്തുതുടങ്ങി. ഇത് കണ്ട മഹര്‍ഷി ക്ഷുഭിതനായി 'നിങ്ങള്‍ ആറുപേരും മീനുകളാവട്ടെ' എന്ന് ശപിച്ചു. ആ ക്ഷണം തന്നെ അദ്ദേഹത്തിന്‍റെ ആറ് മക്കളും മത്സ്യങ്ങളായി മാറി. തെറ്റ് തിരിച്ചറിഞ്ഞ അവര്‍ ശാപമോക്ഷത്തിനായി പിതാവിനോട് അപേക്ഷിച്ചു. അപ്പോള്‍ അമ്മ പാര്‍വ്വതിദേവിയുടെ അനുഗ്രഹത്താല്‍ ശാപമോക്ഷം ലഭിക്കുമെന്ന് പരാശരന്‍ അരുളി ചെയ്തു. മത്സ്യങ്ങളായി മാറിയ ആ ആറുപേരും ദീര്‍ഘകാലം വെള്ളത്തില്‍ ജീവിച്ചു.
ഒരിക്കല്‍ ശിവലോകത്ത് പാര്‍വ്വതിദേവി ഒരു സ്വര്‍ണ്ണത്തളിക കൊണ്ട് മുരുകന് ജ്ഞാനപ്പാല്‍ ഊട്ടിക്കൊണ്ടിരുന്നു. ആ പാലില്‍ നിന്നും ഒരു തുള്ളി ഭൂലോകത്ത് പരാശരമഹര്‍ഷിയുടെ പുത്രന്മാര്‍ മത്സ്യങ്ങളായി ജീവിക്കുന്ന കുളത്തിലെ വെള്ളത്തില്‍ വീണു. ആ വെള്ളം കുടിച്ചതുകൊണ്ട് ആറുപേരും മഹര്‍ഷിമാരായി പൂര്‍വ്വസ്ഥിതി പ്രാപിച്ചു. ആറു മഹര്‍ഷിമാരും പരമശിവന് നന്ദി പറയാനായി വീണ്ടും പ്രാര്‍ത്ഥിക്കവേ 'നിങ്ങള്‍ ആറുപേരും തിരുച്ചെന്തൂരില്‍ ചെന്ന് തപസ്സ് ചെയ്ത് മുരുകനെ പൂജിക്കൂ. മുരുകന്‍ നിങ്ങളെ അനുഗ്രഹിക്കുംچ എന്നൊരു അശരീരി പ്രതിധ്വനിച്ചു.
അശരീരി കേട്ടപ്രകാരം ആറുപേരും കൂടി തിരുച്ചെന്തൂരിലെത്തി തപസ്സ് തുടങ്ങി. വൈകാശി മാസത്തിലെ നിറപൗര്‍ണ്ണമിയോട് കൂടിയ വിശാഖം നാളില്‍ അവര്‍ക്ക് മുരുകന്‍റെ ദര്‍ശനം കിട്ടി. ആറുമഹര്‍ഷിമാരുടെയും ശാപം പൂര്‍ണ്ണമായും അകലാന്‍ മുരുകന്‍ അനുഗ്രഹിച്ച ദിവസമാണ് വൈകാശി വിശാഖം. അന്നേദിവസം മുജ്ജന്മ വിനകളാല്‍ ദുഃഖദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ മുരുകനോട് പ്രാര്‍ത്ഥിച്ചാല്‍ ദുഃഖങ്ങളകന്ന് ജീവിതം സുഖകരവും സന്തുഷ്ടവുമാവുമെന്ന് പുരാണങ്ങള്‍ പറയുന്നു.
പരാശരന്‍റെ പുത്രന്മാര്‍ക്ക് മുരുകന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിനാല്‍ ഈ സംഭവം വൈകാശി വിശാഖകാലത്ത് പത്തുദിവസം കൊണ്ടാടപ്പെടുന്നു. ഈ പുണ്യദിനത്തില്‍ തിരുച്ചെന്തൂര്‍ ക്ഷേത്രത്തിന്‍റെ വസന്തമണ്ഡപത്തിലുള്ള വെള്ളതൊട്ടിയില്‍ ആറുമീന്‍ ബൊമ്മകളെ ഇടുന്നു. മുരുകന്‍റെ വായില്‍ നിന്നും ചിന്തിയ പാല്‍ കുടിച്ച ആ മീനുകള്‍ ശാപമോചനം നേടിയ പരാശര മഹര്‍ഷിയുടെ പുത്രന്മാരെ ഓര്‍മ്മിപ്പിക്കുംവിധം ആറുമഹര്‍ഷിമാരുടെ ബൊമ്മ വച്ച് മുരുകന്‍ ശാപമോചനം നല്‍കുന്ന ചടങ്ങായി ഓരോ വര്‍ഷവും നടത്തപ്പെടുന്നു. ശ്രീകോവിലില്‍ വെള്ളം കെട്ടി നിര്‍ത്തി ഭഗവാന് 'ഉഷ്ണശാന്തി ഉത്സവം' എന്ന ഉഷ്ണം ശമിപ്പിക്കുന്ന ആഘോഷവും ഓരോ വര്‍ഷവും പതിവായി നടത്തപ്പെടുന്നു. ഈ ദിവസം മുരുകന് ചെറുപയര്‍ പരിപ്പ് പായസം, അപ്പം, മോര് എന്നിവ നേദിക്കുന്നു.
മുരുകന് ചുവന്ന നിറത്തിലുള്ള പൂക്കളാണ് പ്രിയം. അരുളി, ചെമ്പരത്തി എന്നീ പുഷ്പങ്ങളാല്‍ മുരുകനെ അലങ്കരിക്കാം. മുരുകന് എന്തൊക്കെ ആഘോഷങ്ങളും പൂജകളും നടത്തിയാലും വൈകാശി വിശാഖപൂജയും ആഘോഷവുമാണ് സമൃദ്ധിയേകുന്ന ആഘോഷം.
Photo Courtesy - Google
