ശ്രീ വിഷ്ണു സഹസ്രനാമത്തിന്റെ പിന്നിൽ
നമ്മുടെ ഇതിഹാസമായ മഹാഭാരതത്തിൽ ശ്രീ വിഷ്ണു സഹസ്രനാമത്തെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. കുരുക്ഷേത്ര യുദ്ധക്കളത്തിൽ ശ്രീ ഭീഷ്മ പിതാമഹൻ ശരശയ്യയിൽക്കിടന്ന സന്ദർഭം. ഇച്ഛാമൃത്യു വരമായി ലഭിച്ചിട്ടുളള പിതാമഹൻ ഉത്തരായനപുണ്യകാലത്ത് ജീവൻ ത്യജിക്കാമെന്ന സങ്കൽപ്പത്തോടെ ശരശയനം തുടർന്നു.
ഈ സന്ദർഭത്തിൽ പരമജ്ഞാനിയായ ഭീഷ്മരിൽ നിന്ന് ധർമ്മോപദേശങ്ങൾ സ്വീകരിക്കുന്നതിനായി യുധിഷ്ഠിര മഹാരാജാവ്, ഭഗവാൻ ശ്രീകൃഷ്ണന്റെ ഉപദേശ പ്രകാരം ഭഗവാനും സോദരൻമാരും ഒരുമിച്ച് പിതാമഹന്റെ അടുക്കലെത്തി.
ഭഗവാനെ ദർശിച്ച മാത്രയിൽ ഭീഷ്മപിതാമഹന്റെ ഹൃദയം ഭഗവദ്ഭക്തിയാൽ ആർദ്രമായി. ഭഗവാന്റെ വിശ്വരൂപം ദർശിച്ചാൽ കൊളളാമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പരമഭക്തനും ജ്ഞാനിയുമായ ഭീഷ്മരുടെ മനോഗതം മനസ്സിലാക്കിയ ഭഗവാൻ അദ്ദേഹത്തിന് ജ്ഞാനചക്ഷുസ്സ് പ്രദാനം ചെയ്തുകൊണ്ട് തന്റെ വിശ്വരൂപം പ്രദർശിപ്പിച്ചു. അത്യാശ്ചര്യം തുളുമ്പുന്ന മനമോടെ ഭഗവത് മഹിമകളെ പ്രകാശിപ്പിച്ചു കൊണ്ട് ഭീഷ്മ പിതാമഹൻ ആയിരം നാമങ്ങൾ ഉൾക്കൊളളുന്ന ഭഗവാന്റെ അതിമഹത്തായ 'വിഷ്ണു സഹസ്രനാമം' ഉരുക്കഴിച്ചുകൊണ്ട് ഭഗവാനെ സ്തുതിച്ചു.
ശ്രീ യുധിഷ്ഠിര മഹാരാജാവിന്റെ ആറ് ചോദ്യങ്ങൾക്ക് ഭീഷ്മർ നൽകിയ മറുപടിയാണ് വിഷ്ണു സഹസ്രനാമത്തിന്റെ മുഖ്യ പ്രതിപാദ്യ വിഷയം.
അത്യുൽകൃഷ്ടമായ ശ്രീ വിഷ്ണു സഹസ്രനാമം ഭീഷ്മ പിതാമഹനാൽ സ്തുതിക്കപ്പെട്ടത് ലോകമംഗളാർത്ഥം ഭവിക്കണമെന്ന് ഭഗവാൻ നിശ്ചയിച്ചു. പിഴവ് കൂടാതെ ജനങ്ങൾ ഗ്രഹിക്കുമാറാകണം എന്ന ഉദ്ദേശ്യത്തോടെ ഭഗവാൻ ശ്രീകൃഷ്ണൻ സമീപത്തു നിന്നിരുന്ന സഹദേവനോട് ഒരു രഹസ്യം അരുൾ ച്ചെയ്തു.
ഭീഷ്മരുടെ കഴുത്തിൽ അണിഞ്ഞിരുന്ന സ്ഫടികമാല ഭഗവാൻ അഴിച്ചെടുത്ത് സഹദേവന് നൽകി കൊണ്ട് പറഞ്ഞു. ' സ്ഫടികത്തിന് ശബ്ദതരംഗങ്ങളെ ആകർഷിക്കുവാനുളള ശക്തിയുണ്ട്. അതിനാൽ ഏകാഗ്ര മനസ്സോടും ഭക്തി വിശ്വാസത്തോടും കൂടി ഈ മാലയിലെ ഓരോ സ്ഫടികമണികളേയും സ്പർശിച്ചാൽ ഭീഷ്മരാൽ സ്തുതിക്കപ്പെട്ട സഹസ്ര നാമങ്ങളെ ഗ്രഹിക്കാനാകും.' ഇതായിരുന്നു ഭഗവാൻ സഹദേവനോട് വെളിപ്പെടുത്തിയ രഹസ്യം.
തുടർന്ന് പരമജ്ഞാനിയായ സഹദേവൻ സ്ഫടികമണികളെ സ്പർശിച്ച് വിഷ്ണു സഹസ്രനാമം മുഴുവൻ ഗ്രഹിക്കുകയും പകർത്തി വെക്കുകയും ചെയ്തു.
സ്ഫടിക നിർമ്മിതമായ മാലകൾ ജപിക്കുന്നതിന് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ഇതാണ്. തന്നേയുമല്ല സ്ഫടിക ലിംഗങ്ങൾ ആരാധിക്കുന്ന സമ്പ്രദായത്തിനും ഏറെ പ്രസക്തിയുണ്ട്. പെട്ടെന്ന് മന്ത്രസിദ്ധി ലഭിക്കാനും, ആരാധനാഫലം ലഭ്യമാവാനും സ്ഫടിക മാലകളും സ്ഫടിക ലിംഗങ്ങളും ഏറെ പ്രയോജനം ചെയ്യുമെന്നാണ് മഹാൻമാരുടെ അഭിപ്രായം.
