
പൊന്നിൽകുളിച്ച് ആർത്തുല്ലസിച്ച് കണിക്കൊന്നകൾ
നമ്മുടെ ജീവിതത്തിൽ ഏറ്റവും വിശേഷപ്പെട്ട പ്രഭാതമാണ് വിഷുപ്പുലരി. വരും വർഷത്തിന്റെ ഐശ്വര്യം മുഴുവൻ നിശ്ചയിക്കുന്ന മുഹൂർത്തമായി വിഷുപ്പുലരിയെ ജനങ്ങൾ കണക്കുകൂട്ടുന്നു. ഈ പുലരിയുടെ ഐശ്വര്യം വരുംവർഷത്തെ ഗുണദോഷങ്ങൾക്ക് കാരണമായി കരുതുന്നു. ഐശ്വര്യപൂർണ്ണമായ ഈ വിഷുക്കണി ഇനി ഒരു വർഷത്തെ ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും എന്നാണ് വിശ്വാസവും അനുഭവവും. ആസുരശക്തിയുടെ മേൽ ദേവശക്തി വിജയം വരിച്ചതിന്റെ ഓർമ്മ ആഘോഷിക്കുന്ന ഉത്സവമാണ് വിഷു.
പുരാതനഭാരതത്തിൽ നിലവിലുണ്ടായിരുന്ന കാർഷിക പഞ്ചാംഗത്തിലെ വർഷാരംഭമാണ് ഇത്. കേരളത്തിന്റെ കാർഷിക ഉത്സവം കൂടിയായ വിഷു ആഘോഷം മലയാളമാസമായ മേടം ഒന്നിനാണ് ആഘോഷിച്ചുവരുന്നത്. യുഗാദിയായും അയനസംക്രമമായും ആണ്ടുപിറപ്പായും നാം ആഘോഷിക്കുന്ന പുണ്യദിനപ്പിറവിയാണ് മേടപ്പുലരി. ഐശ്വര്യപൂർണ്ണമായ തുടക്കം ഐശ്വര്യത്തിലേയ്ക്ക് നമ്മെ നയിക്കും എന്നതാണ് പ്രമാണം. ചരിഞ്ഞ അച്ചുതണ്ടിൽ സ്വയം തിരിയുന്ന ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നത് പ്രത്യേക രീതിയിലായതിനാൽ ഓരോ വർഷവും രണ്ടുതവണ മാത്രമാണ് രാത്രിയും പകലും തുല്യമായി വരുന്നത്. രാത്രിയും പകലും തുല്യമായ ദിവസം എന്ന അടിസ്ഥാനത്തിലല്ല കേരളത്തിൽ വിഷു കണക്കാക്കുന്നത്. മേടം ഒന്നിന് സൂര്യോദയത്തിനുശേഷം സംക്രമം വന്നാൽ മേടം രണ്ടിനായിരിക്കും വിഷു. അതാണ് ചില വർഷങ്ങളിൽ അങ്ങനെ വരുന്നത്.
കാലഭേദത്തിന്റെ അല്ലെങ്കിൽ സൂര്യൻ പന്ത്രണ്ട് രാശികളിൽ പ്രഥമ രാശിയായ മേടമാസത്തിലേയ്ക്ക് സംക്രമിക്കുന്നതിന്റെ പ്രാധാന്യം പ്രാചീനകാലം തൊട്ടുള്ളതാണ്. വിഷവം എന്ന വാക്കിൽ നിന്നാണ് വിഷു എന്ന പദം ഉണ്ടായത്. സമരാത്രി ദിനം എന്നതാണ് വിഷവം എന്ന വാക്കിന്റെ അർത്ഥം. പകലും രാത്രിയും തുല്യമായി വരുന്ന ദിനമാണ് വിഷു. അതിന് പിന്നിൽ ഒരു തത്വം അടങ്ങിയിട്ടുണ്ട്. ജീവിതത്തിൽ സുഖത്തേയും ദുഃഖത്തേയും സമഭാവത്തിൽ സ്വീകരിക്കാൻ നമുക്ക് കഴിയണം. ദുഃഖത്തിൽ തളരാതെയും സുഖത്തിൽ അഹങ്കരിക്കാതെയും ജീവിതത്തിൽ കുറേയൊക്കെ നിസ്സംഗത കൈവരിക്കാൻ നമ്മൾ ശ്രമിക്കണം.
ഒരു രാശിയിൽ നിന്നും അടുത്ത രാശിയിലേക്കുള്ള സൂര്യന്റെ പ്രയാണത്തെയാണ് സംക്രാന്തി എന്നുപറയുന്നത്. അങ്ങനെ പ്രവേശിക്കുന്ന പ്രക്രിയയാണ് സംക്രമം. ഏറ്റവും മഹത്തായ സംക്രാന്തിയാണ് വിഷുവിന് തലേരാത്രി. ആയതിനാൽ വിഷു ആഘോഷം രാത്രിയും പകലും നീണ്ടുനിൽക്കുന്നു. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന ജ്യോതിഷ നവവർഷം കൂടിയാണ് വിഷു. വിഷുവിന്റെ ആവിർഭാവത്തിന്റെ ഐതിഹ്യകഥകൾ ഏറെയുണ്ട്. എന്നാൽ വിഷു കേരളത്തിന്റെ കാർഷികോത്സവമാണെന്നാണ് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. എ.ഡി. 1010 ലെ ഭാസ്‌ക്കര രവിവർമ്മന്റെ തൃക്കൊടിത്താനം ശാസനമാണ് വിഷുവിനെപ്പറ്റി പറയുന്ന ഏറ്റവും പ്രാചീനമായ രേഖ. വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട ആഘോഷങ്ങൾ കൊണ്ടാടപ്പെടുന്നത്. ധാന്യങ്ങളുടെ വിളവെടുപ്പായ ഓണവും പഴം, പച്ചക്കറികളുടെ വിളവെടുപ്പായ വിഷുവും.
രാശിയിൽ മാറ്റമുണ്ടായാലും വിഷു ആവശ്യത്തിനായി ഒഴിച്ചുകൂട്ടാൻ പറ്റാത്തതാണ് കണിക്കൊന്നപ്പൂക്കൾ. കേരളത്തിന്റെ സംസ്ഥാനപുഷ്പം കൂടിയായ ഈ മഞ്ഞപ്പൂക്കൾ കണിവസ്തുക്കളിൽ പ്രധാനപ്പെട്ടതാണ്. വേനലിൽ സ്വർണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നമരത്തെക്കുറിച്ച് പഴമക്കാർ പറയുന്നത്.
വിഷുവിന്റെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നായ വിഷുക്കണിക്ക് ശ്രീകൃഷ്ണ വിഗ്രഹത്തോടൊപ്പം പഴവർഗ്ഗങ്ങളും പച്ചക്കറികളും സ്ഥാനം പിടിച്ചു. മുക്കാൽഭാഗം ജലത്താൽ നിറഞ്ഞ പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന വെള്ളരിക്കയും ജീവന്റെ തുടിപ്പാകുന്ന നെയ് വിളക്കും ഐശ്വര്യത്തെ പ്രതിനിധീകരിക്കുന്ന ദേവതാ സങ്കൽപ്പങ്ങളും ചേർന്നതാണ് ഈ വിഷുക്കണി. വിഷുക്കണി കണ്ടുണരുന്ന പുതുവർഷം ശോഭനാപൂർണ്ണമാകുമെന്നാണ് വിശ്വാസം. പ്രപഞ്ചത്തിന്റെ പ്രതീകമായ ഓട്ടുരുളിയിൽ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും ഫലങ്ങളും പൊന്നും പണവും തിരി തെളിയിച്ച വിളക്കും വെച്ചാണ് വിഷുക്കണി ഒരുക്കുക. പ്രകാശവും ധനവും ഫലങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ പുതിയൊരു ജീവിതചക്രത്തിലേക്കുള്ള യാത്രയായി അത് പരിണമിക്കും.
യോഗമഹാമായാ ദേവിയുടെ കാതിലെ കമ്മലായിട്ടാണ് പലപ്പോഴും കൊന്നപ്പൂവിനെ വിവരിക്കുന്നത്. കൊന്നപ്പൂക്കൾ ശ്രീകൃഷ്ണന്റെ അരഞ്ഞാണമായി കരുതുന്നവരുണ്ട്. മഹാദേവന്റെ ചെംജടയും ശക്തിദേവിയുടെ കാതർണി എന്ന ദൈവികഭാവവും കൊന്നപ്പൂവിനുണ്ട്. പ്രകൃതിവിഭവങ്ങൾ ചക്ക, മാങ്ങ, പഴവർഗ്ഗങ്ങൾ, അരി, കണ്ണാടി, വസ്ത്രം എന്നിവ തികച്ചും ദേവീസങ്കൽപ്പങ്ങളാണ്. ഇവയെല്ലാം ഓട്ടുരുളിയിൽ നിറച്ചുവയ്ക്കുമ്പോൾ സാക്ഷാൽ പ്രകൃതീദേവിയുടെ നിറസാന്നിധ്യമുണ്ടാകുന്നു. വിഷുദിനത്തിൽ പടക്കം പൊട്ടിക്കുക എന്നത് ഐതിഹ്യത്തിന്റെ ആഘോഷഭാഗമാണ്. ഇത് കുട്ടികളുടെ ആഘോഷമാണ്. അസുരവധത്തിന്റെ ആഘോഷവും യുഗപിറവിയുടെ ആനന്ദമായും ദുഷ്ട ശക്തികളെ ദൂരെ അകറ്റുന്നതായും ഈ ആഘോഷത്തെ കരുതിപ്പോരുന്നു.
വിഷുവിനെ സംബന്ധിച്ച് ഒട്ടനവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. ശ്വേതാസുരനെ വധിച്ചതായും ഭസ്മാസുരനെ വധിച്ച ദിവസമായും ചില കഥകൾ കേൾക്കാറുണ്ട്. എന്നാൽ പ്രധാനമായും മഹാവിഷ്ണു യോഗനിദ്രയിൽ നിന്നും ഉണർന്ന ദിനം. ഭഗവാന്റെ മിഴികളിൽ യോഗ, മായാഭഗവതി എത്തുകയും യോഗനിദ്രയിൽ നിന്നും ശ്രീഹരി ഉണരുകയും പ്രപഞ്ച സൃഷ്ടിക്കായി ആരംഭം കുറിക്കുകയും ചെയ്ത ദിനമായിട്ടാണ് മേടസംക്രമത്തെ കരുതപ്പെടുന്നത്.
തന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ല. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാൻ രാവണൻ അനുവദിച്ചില്ല. രാവണനെ രാമൻ വധിച്ചതോടെയാണ് സൂര്യന് നേരെ ഉദിക്കാൻ സാധിച്ചത്. അസുരശക്തികളുടെ മേൽ വിജയം നേടിയതിന്റെ ആ ഓർമ്മയ്ക്കായിട്ടാണ് വിഷു ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം. വിഷുവിന് പൂത്തിരി കത്തിക്കുന്നത് സൂര്യൻ നേരെ ഉദിച്ചതിന്റെ പ്രതീകമായിട്ടാണ് എന്നാണ് വിശ്വാസം.
വിഷുവിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വിഷുക്കണി ദർശനവുമുണ്ട്.
ഗുരുവായൂർ
വിഷു സംക്രാന്തി നാൾ രാത്രി അത്താഴപൂജയ്ക്കും അവസാനചടങ്ങായ തൃപ്പുകയ്ക്കും ശേഷം ശ്രീകോവിലിനകത്ത് കീഴ്ശാന്തിക്കാരാണ് വിഷുക്കണി ഒരുക്കുക. മൂലവിഗ്രഹത്തിന് മുന്നിൽ മുഖമണ്ഡപത്തിന്റെ പൊൻപീഠത്തിൽ സ്വർണ്ണ ശീവേലിത്തിടമ്പ് എഴുന്നെള്ളിച്ചുവെച്ച് നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിക്കും. മുന്നിൽ ഓട്ടുരുളിയിൽ ഉണങ്ങലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, കണിക്കൊന്ന, സ്വർണ്ണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരിക്ക, നാളികേരം എന്നീ കണിക്കോപ്പുകളും ഒരുക്കിവയ്ക്കും.
വിഷുപ്പുലർച്ചെ 2.15 ന് മേൽശാന്തി ശ്രീലകത്ത് പ്രവേശിച്ച് കണിക്കോപ്പുകളിലെ നാളികേര മുറികളിൽ നിറച്ച നറുനെയ്യിലെ അരിതിരികളിലേയ്ക്ക് അഗ്നിപകരും. ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ച് കണ്ണന്റെ തൃക്കയ്യിൽ മേൽശാന്തി കൈനീട്ടം സമർപ്പിച്ച് വണങ്ങും. ശ്രീലകവാതിൽ രണ്ടരയ്ക്ക് മണിനാദം മുഴക്കി തുറക്കുന്നതോടെ സോപാനത്തിന് മുന്നിലേയ്ക്ക് ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണുണ്ടാവുക. മേൽശാന്തി ക്ഷേത്രപരിചാരകന്മാർക്ക് വിഷുക്കൈനീട്ടം നൽകും. പിന്നീട് ഭക്തർക്കും നൽകും.
ശ്രീലകത്ത് പീതാംബരപ്പട്ടുടുത്ത് പൊന്നിൻ കിങ്ങിണിയും പൊന്നോടക്കുഴലുമായി മന്ദഹാസം തൂകി നിൽക്കുന്ന കണ്ണനേയും വിഷുക്കണിയേയും തൊഴാൻ ആയിരങ്ങളാണ് വിഷുസംക്രമനാളിൽ ഗുരുപവനപുരിയിലെത്തുക.
ശബരിമല
ശ്രീകോവിലിൽ തെളിയുന്ന നെയ്ത്തിരി വെട്ടത്തിൻ അയ്യപ്പന്റെ കനകരൂപം. ഒപ്പം കണിക്കൊന്നയും വെള്ളരിയും തങ്കനൂലും നിറഞ്ഞ വിഷുക്കണി. ഐശ്വര്യരൂപങ്ങളെ കണ്ണിലും മനസ്സിലും നിറച്ച് ഭക്തർ മലയിറങ്ങും. വർഷംതോറും വിഷുക്കണി കണ്ടുതൊഴാൻ വലിയ തിരക്കാണ് ശബരിമലയിലുണ്ടാവുക. കണിദർശനത്തിനെത്തുന്നവരുടെ നീണ്ടനിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിവരെ നീളാറുണ്ട്.
പുലർച്ചെ നാലിന് തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപം തെളിച്ച് അയ്യപ്പനെ കണികാണിക്കും. തുടർന്നാണ് ഭക്തർക്കുള്ള കണിദർശനം. ദർശനത്തിനെത്തുന്നവർക്ക് തന്ത്രിയും മേൽശാന്തിയും ശ്രീകോവിലിൽ നിന്ന് വിഷുക്കൈനീട്ടം നൽകും. വിഷു പ്രമാണിച്ച് ഏപ്രിൽ 10 ന് തുറക്കുന്ന തിരുനട വിഷുപൂജകൾ പൂർത്തിയാക്കി 19 ന് രാത്രി 10 ന് ഹരിവരാസനം പാടി അടയ്ക്കും.
കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വിഷുക്കണി ദർശനം പുലർച്ചെ 2.30 ന് ആരംഭിക്കും. സർവ്വാഭരണഭൂഷിതയായിട്ടാണ് ഭഗവതി ദർശനം നൽകുക. രാവിലെ ഉഷഃപൂജ കഴിഞ്ഞ് 10 ന് നട അടയ്ക്കും. വൈകിട്ട് പതിവുപോലെ 4 ന് നട തുറക്കും.
തൃപ്രയാർ
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2.30 നാണ് വിഷുക്കണി ദർശനം. രാവിലെ 8.30 ന് മേളത്തോടെ ശീവേലി എഴുന്നെള്ളിപ്പുണ്ടാകും. 9.30 ന് വിഷുസദ്യ ആരംഭിക്കും.
തിരുവുള്ളക്കാവ്
തിരുവുള്ളക്കാവ് ധർമ്മശാസ്താക്ഷേത്രത്തിൽ പുലർച്ചെ 3 ന് നട തുറക്കും. 3.30 ന് ബലിക്കൽപ്പുരയിൽ വിഷുക്കണി ദർശനം.വൈകിട്ട് മൂന്നുമണിക്ക് മൂന്ന് ഗജവീരന്മാരുടേയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളിപ്പ്.
ചെറുകുന്നിലെ വിഷുക്കണി
കണ്ണൂർ ചെറുകുന്നിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ വിഷുദിനമായ മേടം ഒന്നിന് പുലർച്ചെയാണ് കണിദർശനം. പലയിടത്തും നാണയങ്ങൾ കൈനീട്ടമാകുമ്പോൾ ഇവിട പിടിയരിയാണ് കൈനീട്ടം. കലവറയിൽ നിന്നും ലഭിക്കുന്ന പിടിയരി ദേവിയുടെ കൈനീട്ടപ്രസാദമായി സ്വീകരിച്ച് ഭക്ത്യാദരങ്ങളോടെ വീടുകളിൽ സൂക്ഷിക്കും. വീട്ടിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ ഈ അരിമണികളിൽ കുറച്ച് നിക്ഷേപിക്കുകയും ചെയ്യും. ഇത് ഐശ്വര്യദായകമാണ്.
കുന്ദംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിൽ പുലർച്ചെ 4.30 ന് വിഷുക്കണി ദർശനം. ഗുരുവായൂർ മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ പുലർച്ചെ 3 ന് മേൽശാന്തി വിഷുക്കണി ഒരുക്കും. മൂന്നരയ്ക്കാണ് വിഷുക്കണി ദർശനം. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബരക്ഷേത്രത്തിൽ വിഷുദിവസമാണ് പൂരാഘോഷം. ഉത്രാളിക്കാവിൽ പുലർച്ചെ 5 മണിക്ക് വലിയമ്പലത്തിലാണ് വിഷുക്കണിക്കുള്ള സജ്ജീകരണം. മേൽശാന്തിയാണ് വിഷുക്കണിയൊരുക്കുക.
പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമലയിൽ അയ്യപ്പസ്വാമിക്ക് ചാർത്തുന്ന തിരുവാഭരണം ചാർത്തിയാണ് വിഷുക്കണി ദർശനം. പുലർച്ചെ 4 മണി മുതൽ 11 മണി വരെ തിരുവാഭരണം ചാർത്തിയ ദർശനം ലഭിക്കും. വർഷത്തിൽ രണ്ടുതവണ ലഭിക്കുന്ന അപൂർവ്വ അവസരമാണ് ഇത്.