തുമ്പപൂത്താല്‍ ഓണം കൊന്നപൂത്താല്‍ വിഷു

തുമ്പപൂത്താല്‍ ഓണം കൊന്നപൂത്താല്‍ വിഷു

HIGHLIGHTS

ചെരിഞ്ഞ അച്ചുതണ്ടില്‍ സ്വയം തിരിയുന്ന ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നത് പ്രത്യേക രീതിയിലായതിനാല്‍ ഓരോ വര്‍ഷവും രണ്ടുതവണ മാത്രമാണ് രാത്രിയും പകലും തുല്യമായി വരുന്നത്. മേടമാസം ഒന്നാം തീയതിയും തുലാമാസം ഒന്നാം തീയതിയും. രാത്രിയും പകലും തുല്യമായ ദിവസം എന്ന അടിസ്ഥാനത്തിലല്ല കേരളത്തില്‍ വിഷു കണക്കാക്കുന്നത്. മേടം ഒന്നിന് സൂര്യോദയത്തിന് ശേഷം സംക്രമം വന്നാല്‍ മേടം രണ്ടിനായിരിക്കും വിഷു. അതാണ് ചില വര്‍ഷങ്ങളില്‍ അങ്ങനെ വരുന്നത്. ഈ വര്‍ഷം ഏപ്രില്‍ 15 നാണ് വിഷു.ജ്യോതിഷരത്നത്തിന്‍റെ എല്ലാ മാന്യവായനക്കാര്‍ക്കും വിഷുദിനാശംസകള്‍ നേര്‍ന്നുകൊള്ളുന്നു.

 

കേരളത്തിന്‍റെ കാര്‍ഷിക ഉത്സവം കൂടിയായ വിഷു ആഘോഷം മലയാളമാസമായ മേടം ഒന്നിനാണ് ആഘോഷിച്ചുവരുന്നത്. കൊല്ലവര്‍ഷം വരുന്നതിനു മുമ്പ് വിഷുവായിരുന്നു കേരളത്തിന്‍റെ ആണ്ടുപിറപ്പ്. വസന്തത്തിന്‍റെ വരവിനെയാണ് അക്കാലത്ത് നവവത്സരത്തിന്‍റെ തുടക്കമായി കണക്കാക്കിപ്പോന്നത്. വിഷുവിനാണത്രെ സൂര്യന്‍ നേരെ കിഴക്കുദിക്കുന്നത്. 

വിഷു ഒരാഘോഷമായി കൊണ്ടാടാന്‍ തുടങ്ങിയത് ഭാസ്ക്കര രവിവര്‍മ്മയുടെ കാലം മുതലാണെന്ന് വിശ്വാസം. കുലശേഖര രാജാവായിരുന്നു ഭാസ്ക്കര രവിവര്‍മ്മ. എ.ഡി 1010 ലെ ഭാസ്ക്കര രവിവര്‍മ്മന്‍റെ തൃക്കൊടിത്താനം ശാസനമാണ് വിഷുവിനെപ്പറ്റി പറയുന്ന ഏറ്റവും പ്രാചീനമായ രേഖ. പുരാതനഭാരതത്തില്‍ നിലവിലുണ്ടായിരുന്ന കാര്‍ഷിക പഞ്ചാംഗത്തിലെ വര്‍ഷാരംഭമാണ് ഇത്. യുഗാദിയായും അയനസംക്രമമായും ആണ്ടുപിറപ്പായും നാം ആഘോഷിക്കുന്ന പുണ്യദിനപ്പിറവിയാണ് മേടപ്പുലരി.

ചെരിഞ്ഞ അച്ചുതണ്ടില്‍ സ്വയം തിരിയുന്ന ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നത് പ്രത്യേക രീതിയിലായതിനാല്‍ ഓരോ വര്‍ഷവും രണ്ടുതവണ മാത്രമാണ് രാത്രിയും പകലും തുല്യമായി വരുന്നത്. മേടമാസം ഒന്നാം തീയതിയും തുലാമാസം ഒന്നാം തീയതിയും. രാത്രിയും പകലും തുല്യമായ ദിവസം എന്ന അടിസ്ഥാനത്തിലല്ല കേരളത്തില്‍ വിഷു കണക്കാക്കുന്നത്. മേടം ഒന്നിന് സൂര്യോദയത്തിന് ശേഷം സംക്രമം വന്നാല്‍ മേടം രണ്ടിനായിരിക്കും വിഷു. അതാണ് ചില വര്‍ഷങ്ങളില്‍ അങ്ങനെ വരുന്നത്. ഈ വര്‍ഷം ഏപ്രില്‍ 15 നാണ് വിഷു.

സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന ജ്യോതിഷ നവ വര്‍ഷം കൂടിയാണ് വിഷു. ഒരു രാശിയില്‍നിന്നും അടുത്തരാശിയിലേയ്ക്കുള്ള സൂര്യന്‍റെ പ്രയാണത്തെയാണ് സംക്രാന്തി എന്നുപറയുന്നത്. അങ്ങനെ പ്രവേശിക്കുന്ന പ്രക്രിയയാണ് സംക്രമം. ഏറ്റവും മഹത്തായ സംക്രാന്തിയാണ് വിഷുവിന് തലേരാത്രി. അതായത് വിഷുസംക്രാന്തി. ആയതിനാല്‍ വിഷു ആഘോഷം രാത്രിയും പകലും നീണ്ടുനില്‍ക്കുന്നു.

വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട ആഘോഷങ്ങള്‍ കൊണ്ടാടപ്പെടുന്നത്. ധാന്യങ്ങളുടെ വിളവെടുപ്പായ ഓണവും പഴം പച്ചക്കറികളുടെ വിളവെടുപ്പായ വിഷുവും. 'തുമ്പ പൂത്താല്‍ ഓണം, കൊന്ന പൂത്താല്‍ വിഷു'എന്നാണ് ചൊല്ല്. കാലാവസ്ഥയില്‍ വന്ന വ്യതിയാനം കൊണ്ട് കാലം തിരിച്ചറിയാനാകാതെ ഇന്ന് പല കാലത്തും കൊന്നപ്പൂക്കളുണ്ടെന്നത് വേറെ കാര്യം. 

എന്നാലും വിഷു എത്തുമ്പോഴേയ്ക്കും ഒരുവിധം കൊന്നകളൊക്കെ സ്വര്‍ണ്ണത്തോരണങ്ങള്‍ തൂക്കിക്കഴിഞ്ഞിരിക്കും. കണിയില്ലാത്ത വിഷുവും കര്‍ണികാരമില്ലാത്ത കണിയും മലയാളിക്ക് ചിന്തിക്കാനെ വയ്യെന്ന് കൊന്നയ്ക്കും അറിയാമായിരിക്കും. രാശിയില്‍ മാറ്റമുണ്ടായാലും വിഷു ആവശ്യത്തിനായി ഒഴിച്ചുകൂട്ടാന്‍ പറ്റാത്തതാണ് കണിക്കൊന്നപ്പൂക്കള്‍.

വിരുന്നെത്തുന്ന വിഷുപ്പക്ഷി

മങ്ങിയ ചാരനിറമുള്ള ഏകദേശം പുള്ളിക്കുയിലിനെപ്പോലെയിരിക്കുന്ന പക്ഷിയാണ് വിഷുപ്പക്ഷി. ഇതിനെ കണ്ടവര്‍ ചുരുക്കമായിരിക്കും. വിഷുക്കാലമായാല്‍ 'വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്' എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വിരുന്നെത്തുന്ന പക്ഷിയാണ് വിഷുപ്പക്ഷി. കാക്കയുടെയും കാക്കത്തമ്പുരാട്ടിയുടെയും കൂട്ടിലാണ് കുയിലിനെപ്പോലെ ഇതും മുട്ടയിടുക. ഏപ്രില്‍ മാസത്തോടെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനായാണിത് ഇവിടെയെത്തുന്നത്. 'ചക്കയ്ക്കുപ്പുണ്ടോ, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, കള്ളന്‍ ചക്കേട്ടു കണ്ടാ മിണ്ടണ്ട' തുടങ്ങി പലവിധത്തിലും പലരും ഇതിന്‍റെ ശബ്ദത്തെ അനുകരിക്കാറുണ്ട്.

വിഷുക്കണിയുടെ ആചാരം

വരാനിരിക്കുന്ന ഒരു കൊല്ലത്തിന്‍റെ മുഴുവന്‍ പ്രതീക്ഷയാണ് വിഷുക്കണിയായി ഒരുക്കുന്നത്. സ്വന്തം അദ്ധ്വാനത്താല്‍ വിളയിച്ചെടുത്തതും വീടിന് ചുറ്റുപാടുനിന്നും ലഭിക്കുന്നതുമായ വിഭവങ്ങള്‍ കൊണ്ടാണ് വിഷുക്കണി ഒരുക്കുക. വിഷുക്കണി കണ്ടുണരുന്ന പുതുവര്‍ഷം ശോഭനാപൂര്‍ണ്ണമാകുമെന്നാണ് വിശ്വാസം. പ്രപഞ്ചത്തിന്‍റെ പ്രതീകമായ ഓട്ടുരുളിയില്‍ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും ഫലങ്ങളും പൊന്നും പണവും തിരി തെളിയിച്ച വിളക്കും വെച്ചാണ് വിഷുക്കണി ഒരുക്കുക. അപ്രിയമായതൊന്നും കണ്ണില്‍പ്പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണ് തുറക്കാതെയാണ് കണികാണാന്‍ വരിക. ഈ ഐശ്വര്യപൂര്‍ണ്ണമായ കാഴ്ചയോടൊപ്പം വാല്‍ക്കണ്ണാടിയില്‍ നിലവിളക്കിന്‍റെ സ്വര്‍ണ്ണപ്രഭയില്‍ തിളങ്ങുന്ന സ്വന്തം മുഖവും ഒരു വര്‍ഷം മുഴുവന്‍ അകക്കണ്ണില്‍ ഈ അഭൗമദൃശ്യം തിളങ്ങി നില്‍ക്കാതിരിക്കില്ല.

ഐതിഹ്യകഥകള്‍

വിഷുവിനെ സംബന്ധിച്ച് ഒട്ടനവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നു. മഹാവിഷ്ണു യോഗനിദ്രയില്‍ നിന്നും ഉണര്‍ന്ന ദിനം. ഭഗവാന്‍റെ മിഴികളില്‍ യോഗമായാഭഗവതി എത്തുകയും യോഗനിദ്രയില്‍ നിന്നും ശ്രീഹരി ഉണരുകയും പ്രപഞ്ചസൃഷ്ടിക്കായി ആരംഭം കുറിക്കുകയും ചെയ്ത ദിനമായിട്ടാണ് മേടസംക്രമത്തെ കരുതപ്പെടുന്നത്. ശ്വേതാസുരനെ വധിച്ചതായും ഭസ്മാസുരനെ വധിച്ച ദിവസമായും ചില കഥകളും കേള്‍ക്കാറുണ്ട്.

ഒരുനാള്‍ ഇഷ്ടപ്പെടാത്ത നേരത്ത് തന്‍റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണനിഷ്ടപ്പെട്ടില്ല. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ അനുവദിച്ചില്ല. ശ്രീരാമന്‍ ലങ്കായുദ്ധക്കാലത്ത് രാവണനെ വധിച്ചതോടെയാണ് സൂര്യനുനേരെ ഉദിക്കാന്‍ സാധിച്ചത്. ഈ ദിവസം ജനങ്ങള്‍ ഗംഭീരമായി ആഘോഷിച്ചു. ഇങ്ങനെയാണത്രേ വിഷു ആഘോഷത്തിന്‍റെ തുടക്കം. നരകാസുരനെ വധിച്ച കൃഷ്ണന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് വിഷുവെന്നും ഒരു കഥയുണ്ട്. കണ്ണനെ കണികാണുന്നതിന്‍റെ രഹസ്യം ഇതാണത്രേ. അസുരശക്തികളുടെ മേല്‍ വിജയം നേടിയതിന്‍റെ ആ ഓര്‍മ്മയ്ക്കായിട്ടാണ് വിഷു ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.

വിഷുക്കഞ്ഞിയും വിഷുക്കട്ടയും

വിഷക്കഞ്ഞിയും വിഷുക്കട്ടയുമാണ് വിഷുക്കാലത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍. അരി, തേങ്ങ, ശര്‍ക്കര, പാല്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന വിഷുക്കഞ്ഞിയാണ് വിഷുനാളിലെ പ്രഭാതഭക്ഷണം. ഉണക്കലരി തേങ്ങാപ്പാലില്‍ വേവിച്ച് വറ്റിച്ചുണ്ടാക്കുന്ന വിഷുക്കട്ടയും വിഷുവിന്‍റെ സ്പെഷ്യല്‍ ഭക്ഷണമാണ്. ഇത് ശര്‍ക്കരനീരോ പപ്പടമോ കൂട്ടിക്കഴിക്കാന്‍ നല്ല രസമാണ്. മാങ്ങയുടെയും കൂടി സീസണായതിനാല്‍ മാമ്പഴപ്പുളിശ്ശേരിയും വിഷു വിഭവമാണ്.

വിഷുത്തലേന്ന് പടക്കം പൊട്ടിക്കുക എന്നത് ഐതിഹ്യത്തിന്‍റെ ആഘോഷമാണ്. ഇത് കുട്ടികളുടെ ആഘോഷമാണ്. അസുരവധത്തിന്‍റെ ആഘോഷമായും യുഗപ്പിറവിയുടെ ആനന്ദമായും ഈ ആഘോഷത്തെ കരുതിപ്പോരുന്നു.

വിഷുവിനോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വിഷുക്കണി ദര്‍ശനവുമുണ്ട്.

ബാബുരാജ് പൊറത്തിശ്ശേരി