വിഷുഫലം 2026: ജീവിതത്തില്‍ മാറ്റങ്ങളുടെ പെരുമഴ
ഈ വര്‍ഷത്തെ വിഷുഫലം പൊതുവില്‍ എല്ലാ കൂറുകാര്‍ക്കും വളരെ ഗുണകരമാണ്. ജൂണ്‍ മാസത്തോടെ വ്യാഴം ഉച്ചനായി മാറുന്നതോടെ കഴിഞ്ഞ കുറേക്കാലമായി കഷ്ടത അനുഭവിച്ചിരുന്ന നക്ഷത്രക്കാര്‍ ദൈവാനുഗ്രഹത്താല്‍ ശുഭപ്രതീക്ഷകള്‍ക്ക് അവസരം വരുന്നു. വ്യാഴം അനിഷ്ടസ്ഥാനത്ത് വരുന്നവര്‍ക്ക് കൂടി ഉച്ചനാകയാല്‍ ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യുകയില്ല എന്നതാണ് ആശ്വാസം. വിഷു മുതല്‍ തുടങ്ങുന്ന ഒരു പുതുവര്‍ഷത്തിന്റെ സാമാന്യ ഫലങ്ങളാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാല്‍ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങള്‍ വിലയിരുത്തണം.
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
കടബാധ്യതകള്‍ കുറയും. കുടുംബസ്വത്ത് കൈവരാം. മാതൃഗുണം. പരിശ്രമശാലികള്‍ക്ക് പരീക്ഷാവിജയം. രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടപോലെ പ്രവര്‍ത്തിച്ച് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. ധനനഷ്ടം വരാതെ ശ്രദ്ധിക്കുക. അപഖ്യാതിക്ക് ഇടവരുമെങ്കിലും ദൈവകൃപയാല്‍ ദോഷമില്ല. ഉദ്യോഗത്തില്‍ ശരിയായ തീരുമാനമെടുത്ത് തക്കസമയത്ത് ചെയ്യുന്ന പ്രവൃത്തികള്‍ നാളെ ഫലം തരും. കുടുംബപ്രശ്നങ്ങളെ നയപരമായി പരിഹരിക്കണം. സാമൂഹ്യപ്രവര്‍ത്തകര്‍ കൂടെനില്‍ക്കുന്നവരില്‍ നിന്നും ചതിപറ്റാതെ നോക്കണം. ദൈവികപ്രീതികര്മ്മങ്ങള് അനുഷ്ഠിക്കണം. പഠനത്തില്‍ കഠിനാദ്ധ്വാനം വേണം. സ്വദേശത്തായാലും വിദേശത്തായാലും ജോലിക്ക് പലതരം പ്രശ്നങ്ങള്‍ വരാം. അര്‍ഹതപ്പെട്ട ധനം കിട്ടാതെ വരാം. ബന്ധുവിരോധം, ശിക്ഷണനടപടികള്‍, അപവാദം മുതലായ ദോഷങ്ങളെ തരണം ചെയ്യുവാന്‍ കഴിയാന്‍ ദൈവാധീനം വര്‍ദ്ധിപ്പിക്കുക.
പരിഹാരാര്‍ത്ഥം ശനി, വ്യാഴപ്രീതികര്മ്മങ്ങള്, കാക്കയ്ക്ക് ഭക്ഷണം, ഹനുമാന് ചാലിസ പാരായണം.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ജൂണ്‍ മുതല്‍ ധന ഇടപാടുകളില്‍ ജാഗ്രത. സന്താനങ്ങളെ നിരീക്ഷിക്കുക. തറവാട്ടുസ്വത്തില്‍ തര്‍ക്കം വരാം. അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് പഴിവാങ്ങരുത്. ആരോഗ്യപരമായി നല്ല കാലം. കലാകാരന്മാര്ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും വ്യക്തിപരമായി ചില നേട്ടങ്ങള്‍. കുടുംബ അഭിവൃദ്ധി. ഒപ്പം ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിവാഹത്തിന് അനുകൂല സമയം. കായികം, നിയമം, സൈന്യം, പോലീസ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകാലം. ഭരണരംഗത്ത് വര്‍ത്തിക്കുന്നവര്‍ക്ക് അഭിപ്രായ ഭിന്നത, ടെന്‍ഷന്‍. വിദേശത്തുള്ളവര്‍ക്ക് അഭിവൃദ്ധികൊണ്ട് അഭിമാനിക്കാവുന്ന തരത്തിലുള്ള നേട്ടങ്ങള്‍. ധനകാര്യം സമ്പന്നമായിരിക്കും. വിദേശവിഷയത്തില് വളരെ പെട്ടെന്നുള്ള സാധ്യതകള്‍ കാണുന്നു. ഇതരതൊഴില്രംഗത്തും അഭിമാനാര്‍ഹമായ അഭിവൃദ്ധി നേടും. പ്രണയത്തില്‍ ആദ്യപകുതിക്കുശേഷം സ്വല്പ്പം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ അനുഭവപ്പെടും. ഈശ്വരാധീനത്താല്‍ കുടുംബപ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും.
പരിഹാരാര്‍ത്ഥം വിഷ്ണുവിന്റെ അവതാരമൂര്‍ത്തികള്‍ക്ക് നിവേദ്യം, ഗുരുതുല്യര്‍ക്കും വൃദ്ധര്‍ക്കും അന്നം നല്‍കണം. ദേവിക്ക് കടുംപായസം.
മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
മാറ്റത്തിന്റെ സുവര്‍ണ്ണകാലം. കഴിഞ്ഞ കാലദുഃഖദുരിതങ്ങള് ശമിക്കുന്നു. കടബാധ്യത തീരാന്‍ വഴിതെളിയും. ഇന്നലെ തള്ളിപ്പറഞ്ഞവര്‍ തേടിവരും. സൗഹൃദങ്ങളില്‍ അതീവജാഗ്രത വേണം. ജോലിയില്‍ അനുഭവിച്ചുവരുന്ന കഷ്ടത നീങ്ങും. ശത്രുദോഷങ്ങള്‍ക്ക് ശമനം വരും. പുതിയജോലി തേടുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തൊഴില്‍, സാമ്പത്തികരംഗം ഇവ മെച്ചപ്പെട്ടുവരാം. വിവാഹം, സര്‍ക്കാര്‍ ജോലി ഇവ പ്രതീക്ഷിക്കുന്നവര്‍ക്ക് അവ ലഭിക്കുകയും പല പ്രകാരത്തിലുള്ള സാമ്പത്തിക ഉന്നതിക്കുവേണ്ടിയുള്ള ശ്രമം ഫലവത്തായിത്തീരുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജസ്വലതയോടുകൂടി പ്രവര്‍ത്തിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന സമയമാണ്. വിദേശയോഗം, ബിസിനസ്സില്‍ ഗുണകരമായ മാറ്റങ്ങള്‍. വീടുപണി തുടങ്ങാന്‍ കഴിയും. സാമൂഹ്യ- കലാ-സാഹിത്യരംഗത്തുള്ളവര്‍ക്ക് അപ്രതീക്ഷിത സ്ഥാനലബ്ധി, പുതിയ അവസരങ്ങള്‍.
പരിഹാരാര്‍ത്ഥം ശാസ്താവിന് എള്ളുപായസം, ദേവിക്ക് കുങ്കുമാര്‍ച്ചന. ശിവന് ജലധാര, പിന്‍വിളക്ക്.
കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ഭാവിയിലേക്ക് വേണ്ടുന്ന പദ്ധതികള്‍ തുടങ്ങിവയ്ക്കാം. മംഗല്യഭാഗ്യം. വിദേശഗുണം. ആരോഗ്യപ്രശ്നങ്ങള്‍ മാറും. മനഃക്ലേശങ്ങള്‍ക്ക് പോംവഴി കണ്ടെത്തും. കടബാധ്യതകള്‍ കുറയും. പുതിയ ജോലി സാധ്യത. ജോലിയില്‍ ഗുണകരമായ മാറ്റം. വിദ്യാര്‍ത്ഥികള്‍ കാര്യങ്ങളോട് വിമുഖത കാണിക്കും. അല്‍പ്പം മടിയും ഉണ്ടാകാം. പ്രാര്‍ത്ഥനകള്‍ ഫലിക്കും. സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകരും കലാകാരന്മാര്ക്കും സംയമനത്തോടെ കഴിഞ്ഞാല്‍ കാര്യങ്ങള്‍ ഏകദേശം ഗുണകരമായി മാറും. പുതിയ അവസരങ്ങള്‍ക്ക് വഴിതെളിയും. കുടുംബത്തില്‍ ക്ഷമ ശീലിക്കുക. സഹായികളുടെ വിശ്വാസത്തിലൂടെ കാര്യങ്ങള്‍ സഫലീകരിക്കാന്‍ കഴിയും. ബിസിനസ്സില്‍ വളര്‍ച്ചയ്ക്ക് ശ്രമിക്കേണ്ടതാണ്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ നന്നായി ശ്രദ്ധിച്ചുചെയ്യുക. മോശം കൂട്ടുകെട്ടുകളില്‍ ജാഗ്രത. സന്താനങ്ങളെ നന്നായി ശ്രദ്ധിക്കുക. വാക്കുകളില്‍ നിയന്ത്രണം വേണം. എല്ലാരുമായും രമ്യതയില്‍ കഴിയണം.
പരിഹാരാര്‍ത്ഥം ദേവീപ്രീതി, ഗണപതിഹോമം, സുബ്രഹ്മണ്യന് പഞ്ചാമൃതം. വിഷ്ണു സഹസ്രനാമജപം.
ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
ധനപരമായ ഇടപാടുകളില്‍ ജാഗ്രത വേണം. പഴയകാല സുഹൃത്തുക്കളെ ആകസ്മികമായി കണ്ടുമുട്ടും. ലഭിക്കാവുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് തടസ്സം. ജോലിലഭ്യതയും വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനും സാധിക്കും. കച്ചവടം തുടങ്ങാനുള്ള വഴിതെളിയും. വിദേശയാത്രയ്ക്ക് അവസരം വന്നുചേരും. മധ്യസ്ഥത, ജാമ്യം, കടബാധ്യത ഇവയില്‍ ചെന്നുപെടരുത്. ആരോഗ്യപരമായും തൊഴില്‍, കുടുംബം ഇവയെല്ലാം ഊര്‍ജ്ജസ്വലതയോടുകൂടി കാണപ്പെടും. കര്‍മ്മരംഗം ഉന്നതിയെ പ്രാപിച്ച് പല ഇടപാടുകളും നടത്തപ്പെടും. ഭാവിയെ കരുതിയുള്ള ആശങ്ക വേണ്ട. രാഷ്ട്രീയ സാമൂഹ്യ- കലാരംഗത്തുള്ളവര്‍ പേരുദോഷം വരാതെ ശ്രദ്ധിക്കുക. ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കും. കൃഷിയില്‍ അഭിവൃദ്ധി ഉണ്ടാകും. ഊഹക്കച്ചവടം ചെയ്യുന്നവര്‍ക്കും ഉന്നതി ഉണ്ടാകും. ജൂണിനുശേഷം ധനവരവില്‍ അല്‍പ്പം കുറവുവരും. ജീവിതശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നവര്‍ വളരെ കരുതലോടെയിരിക്കണം.
പരിഹാരാര്‍ത്ഥം വിഷ്ണുവിന്റെ അവതാരമൂര്ത്തിക്ഷേത്രങ്ങളില് ഭാഗ്യസൂക്താര്‍ച്ചന. ഹനുമാന്‍സ്വാമിക്ക് വടമാല, ശാസ്താവിന് എള്ളുപായസം, കാക്കയ്ക്ക് ഭക്ഷണം നല്‍കുക. ചാമുണ്ഡി അല്ലെങ്കില്‍ ഭദ്രകാളിക്ക് കടുംപായസം, ശിവന് ജലധാര, പിന്‍വിളക്ക്, ഭാഗ്യസൂക്തപുഷ്പാഞ്ജലി, ഗണപതിഹോമം.
കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
അപ്രതീക്ഷിത ധനലാഭം. ബിസിനസ്സില്‍ ഗുണകരമായ മാറ്റങ്ങള്‍. അപ്രതീക്ഷിത മനോവിഷമങ്ങള്‍ അലട്ടും. പ്രണയിനിയുമായി പിണങ്ങാതെ നോക്കണം. പുതിയ ജോലി, പഠനവിജയം, മംഗല്യഭാഗ്യം. നിലവിലുള്ള കര്‍മ്മഗുണങ്ങള്‍. ധനലഭ്യത കണ്ടുതുടങ്ങും. രാഷ്ട്രീയ സാമൂഹ്യ-കലാരംഗത്ത് ഉയര്‍ച്ചയും പല വിധേന സാമ്പത്തികവളര്‍ച്ച കൈവരിക്കും. കുടുംബവിഷയങ്ങള്‍ സാധൂകരിക്കപ്പെടുകയും ചെയ്യും. സന്താനങ്ങള്‍ക്ക് ആഗ്രഹിച്ചിരുന്ന ജോലി. സര്‍ക്കാര്‍ ഗുണലഭ്യതയും ഉണ്ടാകും. ഗൃഹനിര്‍മ്മാണം സാധിക്കും.
പരിഹാരാര്‍ത്ഥം ശാസ്താവിന് നീരാജനം, സുബ്രഹ്മണ്യന് പനിനീരഭിഷേകം, ദേവിക്ക് കുങ്കുമാര്‍ച്ചന.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ അപ്രതീക്ഷിത തിരിച്ചടികള്‍ കരുതിയിരിക്കുക. ധനഭാഗ്യാനുഭവങ്ങള് വന്നുചേരും. ഉദ്യോഗം, വിദ്യ കര്‍മ്മം, ബിസിനസ്സ് ഇവയില്‍ പരീക്ഷണകാലം. വിദേശവാസത്തിന് യോഗം. ബന്ധങ്ങള്‍ വിപുലീകരിക്കാനും നേട്ടത്തിനും ഗുണകാലം. കരാറുകള്‍, ഭൂമി ഇടപാടുകള്‍ ഇവയ്ക്കും അനുകൂലം. ജൂണിനുശേഷം എല്ലാ കാര്യങ്ങളിലും മന്ദത വരാം. കലാരംഗത്ത് വിചാരിക്കുന്നപോലെ അവസരം വരില്ല. ഭാഗ്യാവസരങ്ങള്‍ അടുത്തെത്തുമെങ്കിലും നടക്കണമെന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിപ്പില്‍ അലസത പാടില്ല. അനാരോഗ്യ പ്രവണത, അനാവശ്യസൗഹൃദം ഒഴിവാക്കിക്കോളൂ. കര്മ്മപുരോഗതിക്കായി കഠിനമായി ശ്രമിക്കണം. നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക.
പരിഹാരാര്‍ത്ഥം സുബ്രഹ്മണ്യപ്രീതി, ശാസ്താവിന് നെയ് ദീപം, ഹനുമാന് ചാലിസ ജപം, ദേവിക്ക് കടുംപായസം.
വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ജൂണ്‍ മുതല്‍ ധനനേട്ടം, കടങ്ങള്‍ മാറിവരും. രാഷ്ട്രീയ സാമൂഹ്യ-കലാപ്രവര്‍ത്തകര്‍ ചെറിയ സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കും. ജോലിയിലും ബിസിനസ്സിലും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കണം. വരവിനേക്കാള്‍ ചെലവ് നിയന്ത്രിക്കണം. ശത്രുക്കളെ സൂക്ഷിച്ചുവേണം നീങ്ങാന്‍. വര്ഷപകുതിക്ക് ശേഷം പ്രായേണ കാര്യങ്ങള്‍ വരുതിക്കുള്ളില്‍ വരും. വഞ്ചകരെ തിരിച്ചറിയാന്‍ സാധിക്കും. ലോണ്‍, സര്‍ക്കാര്‍ കാര്യങ്ങള്‍ ഇവയില്‍ സമയാനുകൂല്യാവസ്ഥ അനുഭവവേദ്യമാകുന്നതാണ്. പഠനമാന്ദ്യം അനുഭവപ്പെടും. നിയമനങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് അവസരം ഉണ്ടാകാം. ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ധനം വന്നുചേരും. മംഗല്യ യോഗം, പ്രണയം പൂവണിയും, ജോലിയില്‍ ഉയര്‍ച്ചയും ഗൃഹം സ്വന്തമാക്കാനും കഴിയും. തടസ്സപ്പെട്ട് കിടന്ന വിദേശയാത്ര സഫലീകൃതമാവും.
പരിഹാരാര്‍ത്ഥം ഗണപതി, ചാമുണ്ഡിപ്രീതി, നവാക്ഷരി മന്ത്രജപം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
അപ്രതീക്ഷിത ധനനഷ്ട സാധ്യത. ബിസിനസ്സില്‍ പുതിയ പദ്ധതികള്‍ ഉടന്‍ വേണ്ട. കലാ-സാമൂഹ്യ-രാഷ്ട്രീയരംഗത്ത് ഗുണാധിക്യ സമയമാകുന്നു. ആഗ്രഹത്തിനൊത്ത് ഏകദേശം ചലിക്കാന്‍ സാധിക്കും. വിവാഹം, വാഹനം ഉപരിപഠനം ഇവയില്‍ കാലതാമസം. ഭവനസ്വപ്നം സാധൂകരിക്കപ്പെടും. പ്രണയസാഫല്യം, തൊഴില്‍രംഗത്ത് നല്ല രീതിയില്‍ പുരോഗതിയുണ്ടാകുമെങ്കിലും പലപ്പോഴും ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാവാന്‍ സാധ്യത. സൗഹൃദങ്ങളില്‍ അമിതമായ വിശ്വാസം വേണ്ട. ആഡംബര ഭ്രമം ഉപേക്ഷിക്കണം. ആത്മീയത വര്‍ദ്ധിപ്പിക്കുക. ബുദ്ധികൊണ്ട് ഈ സമയത്തെ അതിജീവിച്ചാല്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാവാതെ വര്‍ത്തിക്കാന്‍ കഴിയും.
പരിഹാരാര്‍ത്ഥം വിഷ്ണുപ്രീതി. ഗുരുതുല്യര്‍ക്ക് ഇഷ്ടഭക്ഷണം. ദാനധര്‍മ്മം. രാമായണം സുന്ദരകാണ്ഡപാരായണം.
മകരക്കൂറ്: (ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
കിട്ടില്ലെന്ന് എഴുതിത്തള്ളിയ ധനഭാഗ്യം തേടിവരും. അപ്രതീക്ഷിത സ്ഥാനലബ്ധി. ജീവിതത്തില്‍ ഏകദേശം അനുഗൃഹീതമായ അവസ്ഥകള്‍ സൃഷ്ടിക്കപ്പെടും. സ്വപ്നപദ്ധതികള്‍ക്ക് വളരെ നല്ല സമയമായിരിക്കും. ഇന്നലെകളില്‍ തനിക്ക് അബദ്ധമായി എന്നുതോന്നിയ കാര്യങ്ങളില്‍ മാറി ചിന്തിക്കണം. വിദേശയാത്ര അനുകൂലം. പല ഗുണങ്ങളും സാമ്പത്തിക അഭിവൃദ്ധിയും കുടുംബ ഉന്നതിയും ആഗ്രഹാനുസരണമുള്ള വിവാഹം. വിദേശപഠനം, കൃഷിയില്‍ ഉന്നതി, നടക്കാന്‍ സാധിക്കാത്ത കാര്യങ്ങളുടെ സാക്ഷാത്കാരം. അപ്രതീക്ഷിതമായ സുഹൃത്സമാഗമം. യാത്രയില്‍ സാമ്പത്തികനേട്ടം. ജോലിമാറ്റത്തിലൂടെ ഉന്നതി.
പരിഹാരാര്‍ത്ഥം ഗണപതി, ദേവിപ്രീതി, ലളിതാസഹസ്ര നാമാര്‍ച്ചന, തിരുവല്ല വല്ലഭ ഭഗവാന് കേശാദിമാല. സുബ്രഹ്മണ്യന് പഞ്ചാമൃതം.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
മാറ്റത്തിന്റെ പെരുമഴക്കാലം. ധനനേട്ടത്തിന് അവസരമൊരുങ്ങും. സാമൂഹ്യ-കലാ-രാഷ്ട്രീയക്കാര്‍ക്ക് വളരെ ഗുണപ്രദമായിരിക്കും. തൊഴില്‍ രംഗത്ത് പ്രതീക്ഷയ്ക്കൊത്ത് വളര്‍ച്ച നേടാന്‍ സാധിക്കും. പുതിയ ജോലി സാദ്ധ്യത തെളിയും. വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. പഠനകാര്യങ്ങളില്‍ ജാഗ്രത വേണം. സൗഹൃദങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പലരംഗത്തും വിജയപ്രതീക്ഷകള്‍ ഉണ്ടാകുമെങ്കിലും ശത്രുക്കളെ കരുതിയിരിക്കുക. വ്യക്തിപരമായ ഇടപാടുകളില്‍ രഹസ്യം സൂക്ഷിക്കണം. സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവരും. പ്രശ്നങ്ങളെ നയപരമായി പരിഹരിക്കണം. ദൈവികപ്രീതികര്മ്മങ്ങള് അനുഷ്ഠിക്കണം.
പരിഹാരാര്‍ത്ഥം ഹനുമാന്‍സ്വാമിക്ക് അവല്, ശാസ്താവിന് പാനകം, വിഷ്ണുവിന് സുദര്‍ശനാര്‍ച്ചന, ഗണപതിഹോമം, നവാക്ഷരി മന്ത്രജപം.
മീനക്കൂറ്: (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
കഷ്ടകാലം ഒഴിയുന്നു. കടബാധ്യതകള്‍ കുറയും. കുടുംബസ്വസ്ഥത കൈവരും. രാഷ്ട്രീയ സാമൂഹ്യ കലാകാരന്മാര് അനുഭവിച്ചുവരുന്ന വൈഷമ്യങ്ങള്‍ അകലും. ബിസിനസ്സില്‍ മാറ്റങ്ങള്‍ക്ക് ഏറ്റവും അനുകൂല സമയം. ഇടപാടുകളില്‍ സംയമനം പാലിച്ചില്ലെങ്കില്‍ ശത്രുക്കളെ സൃഷ്ടിക്കപ്പെടും. ഉചിതമായ വിവാഹലബ്ധി, പ്രണയസാഫല്യം, സല്‍സന്താനഭാഗ്യം, ഉപരിപഠനവിജയം, സന്താനങ്ങള്‍ക്ക് ഉയര്‍ച്ച, ഗൃഹനിര്‍മ്മാണം. ഭൂമി ഇടപാടില്‍ ഗുണം. കുടുംബവസ്തുവകകള് കൈവശം വന്നുചേരും. വിദേശയോഗത്താല് എല്ലാവിധത്തിലുള്ള ഐശ്വര്യലബ്ധിയും ഉണ്ടാകുന്നതാണ്.
പരിഹാരാര്‍ത്ഥം ശാസ്താവ്, ഹനുമാന്‍സ്വാമി, നരസിംഹസ്വാമി, ദുര്ഗ്ഗാദേവീപ്രീതി വേണം. കാക്കയ്ക്ക് ഭക്ഷണംനല്‍കുക.
ജ്യോതിഷരത്നം ശങ്കരമംഗലത്ത് ത്രിലോചനന്‍,
ശ്രീഭദ്രാ അസ്ട്രോളജിക്കല്‍ വാസ്തു കണ്‍സള്‍ട്ടന്റ്,
കുടപ്പനക്കുന്ന്. പി.ഒ, തിരുവനന്തപുരം,
ഫോണ്‍: 9447107574
