2025 വിഷു അനുകൂലമോ പ്രതികൂലമോ ?
ഈ വര്‍ഷം 2025 ഏപ്രില്‍ 14 ന് ഉദയത്തിന് മുന്‍പ് 3.21 മിനിട്ട് 14 സെക്കന്‍റിന് സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയില്‍ പകരുന്നു. ക്ഷേത്രത്തിലെ വിഷുക്കണി ഓരോ ക്ഷേത്രങ്ങളിലും അവിടുത്തെ പൂജാക്രമം അനുസരിച്ച് വ്യത്യാസപ്പെടാം. കേരളത്തില്‍ സാമുദായിക രാഷ്ട്രീയരംഗത്ത് പ്രതിസന്ധികള്‍ തുടരുകയോ, വഷളാകുകയോ ചെയ്യും. കുറ്റകൃത്യങ്ങള്‍ കൂടാന്‍ സാദ്ധ്യത കാണുന്നു. ലഹരിവസ്തുക്കള്‍ വ്യാപകമാകുന്നത് നിയന്ത്രിക്കാനുള്ള ശക്തി കാണിക്കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതരാകും. ആത്മീയരംഗത്തും, സാമൂഹിക സുരക്ഷയില്‍ പുതിയ ചില അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും.
വിഷുസംക്രമ ഗ്രഹനില
ഈ വര്‍ഷം 2025 ഏപ്രില്‍ 14 ന് ഉദയത്തിന് മുന്‍പ് 3.21 മിനിട്ട് 14 സെക്കന്‍റിന് സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയില്‍ പകരുന്നു. മലയാളവര്‍ഷം(1200-മീനം 30 രാത്രി), ശനി മീനത്തിലും വ്യാഴം ഇടവത്തിലും സഞ്ചരിക്കുന്ന കാലം. കുംഭലഗ്നത്തില്‍, തുലാക്കൂറില്‍ ചോതി നക്ഷത്രത്തില്‍ കൃഷ്ണപക്ഷ പ്രഥമയില്‍, വരാഹകരണവും വജ്രനാമ നിത്യയോഗവും കൂടിയ സമയം. ഭൂമി ഭൂദോദയത്തില്‍ മേട രവിസംക്രമണം. ഉദയരാശി കുംഭം.
വിഷുക്കണി ദര്‍ശനസമയം
ക്ഷേത്രത്തിലെ വിഷുക്കണി ഓരോ ക്ഷേത്രങ്ങളിലും അവിടുത്തെ പൂജാക്രമം അനുസരിച്ച് വ്യത്യാസപ്പെടാം.
വീട്ടിലെ സമയം രാവിലെ 3.25 മുതല്‍ 5.45 വരെ; 4.16 മുതല്‍ 5.14 വരെ. ശുക്രകാലഹോരാസമയം ഉത്തമം(ഉദയം അനുസരിച്ച് വ്യത്യാസം വരാം).
ഓരോ കൂറുകാര്‍ക്കും ഉള്ള ഈ വര്‍ഷത്തെ വിഷുഫലം 1200 മേടം 1 മുതല്‍ (14 ഏപ്രില്‍ 2025) (സൂര്യസംക്രമണം 1200 മീനം 30 ഞായര്‍ രാത്രി 3.21 ന്) മീനമാസത്തിലെ സൂര്യന്‍ നിരയനഗണിതപ്രകാരം മേട (രാശിയില്‍) മാസത്തില്‍ പ്രവേശിക്കുന്നു.
മേടസംക്രമഫലങ്ങള്‍
മേടസംക്രമവാരാധിപന്‍ സൂര്യന്‍ ആയതിനാല്‍ മഴയുടെ അളവ് കുറയാം. സംക്രമരാശി രാത്രി ആയതിനാല്‍ ദുര്‍ഭിക്ഷം അനുഭവിക്കാന്‍ സാധ്യത. ചോതി നക്ഷത്രത്തില്‍ ചോതി നക്ഷത്രാധിപന്‍ ചന്ദ്രസ്ഥിതി വന്നതിനാല്‍ മേല്‍പ്പറഞ്ഞ ദോഷങ്ങള്‍ക്ക് ശമനം ഉണ്ടായി നല്ല കാരവര്‍ഷവും, സുഭിക്ഷതയും, ബ്രഹ്മജ്ഞാനികള്‍ക്ക് ക്ഷേമവും മറ്റ് വര്‍ണ്ണാശ്രമക്കാര്‍ക്ക് നാശവും, സംക്രമസമയത്ത് വേലിയേറ്റം വന്നതിനാല്‍ അനുകൂല കാലവര്‍ഷവും, സുഭിക്ഷതയും ഫലം. പ്രഥമതിഥിയില്‍ സംക്രമണം നടന്നതിനാല്‍ ചില ദേശങ്ങളില്‍ കാലവര്‍ഷകുറവും അനുഭവത്തില്‍ വരാം. വരാഹകരണത്തില്‍ സംക്രമണം നടന്നതിനാല്‍ ഉചിതമായ കാലവര്‍ഷം ലഭിക്കും. എന്നാല്‍ പശുക്കള്‍ക്ക് നാശവും ദുര്‍ഭിക്ഷവും ഫലം. ഹര്‍ഷണനാമ നിത്യയോഗത്തില്‍ സംക്രമണം വന്നതിനാല്‍ വിഷവര്‍ദ്ധനവും, സംക്രമണം കുംഭം രാശിയില്‍ ആയതിനാല്‍ നല്ല കാലവര്‍ഷവും, സസ്യസമൃദ്ധിയും, തുലാക്കൂറില്‍ സംക്രമണം വന്നതിനാല്‍ വ്യാപാരികള്‍ക്കും വ്യാപാരത്തിനും അഭിവൃദ്ധിയും, സംക്രമണ സമയം രാഹു മീനക്കൂറില്‍ നിന്നതിനാല്‍ സര്‍വ്വസസ്യ അഭിവൃദ്ധിയും, സംക്രമണസമയം വ്യാഴം ഇടവം രാശിയില്‍ ആയതിനാല്‍ ശിശുക്കള്‍, പശുക്കള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ദുരിതങ്ങളും ഭരണാധികാരികള്‍ തമ്മില്‍ യുദ്ധവും സസ്യനാശവും ഫലം. ശനി സംക്രമ കാലത്ത് മീനംരാശിയില്‍ ആയതിനാല്‍ പൊതുജനങ്ങള്‍ക്ക് ക്ഷേമം ഫലം. ചൈത്രമാസ സംക്രമണം ഞായറാഴ്ച ആയതിനാല്‍ ആദ്യമാസങ്ങളില്‍ ചില ദിക്കുകളില്‍ കാലവര്‍ഷക്കുറവും പിന്നീട് അത് മറ്റ് ചില ദിക്കുകളില്‍ മെച്ചപ്പെടുകയും ചെയ്യും. മേട സംക്രമണ സമയം ഭൂമി ഭൂദോദയത്തില്‍ ആകയാല്‍ സകല സാധനങ്ങള്‍ക്കും സമൃദ്ധിഫലം.
സംക്രമണസമയത്ത് നക്ഷത്ര- ദേവതാ ഫലനിരൂപണം
അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം, വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് മഹാവിഷ്ണു ദേവത; ബ്രഹ്മജ്ഞാനികള്‍, പണ്ഡിതന്മാര്‍ എന്നിവരില്‍ നിന്നും അനുഗ്രഹം ലഭിക്കും. ഗുണപ്രദമായ കാലം.
ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്തൃട്ടാതി നക്ഷത്രക്കാര്‍ക്ക് ശിവന്‍ ദേവത; മനോദുഃഖം, സുഖഹാനി, കുടുംബപ്രശ്നങ്ങള്‍ ഫലം.
കാര്‍ത്തിക, തിരുവാതിര, ആയില്യം, ഉത്രം, ചോതി, കേട്ട, ഉത്രാടം, ചതയം, രേവതി നക്ഷത്രക്കാര്‍ക്ക് ബ്രഹ്മാവ് ദേവത: ഗുണദോഷ സമഗ്രഫലങ്ങള്‍.
കേരളത്തിന്‍റെ വിഷുഫലം
കേരളത്തില്‍ സാമുദായിക രാഷ്ട്രീയരംഗത്ത് പ്രതിസന്ധികള്‍ തുടരുകയോ, വഷളാകുകയോ ചെയ്യും. കുറ്റകൃത്യങ്ങള്‍ കൂടാന്‍ സാദ്ധ്യത കാണുന്നു. ലഹരിവസ്തുക്കള്‍ വ്യാപകമാകുന്നത് നിയന്ത്രിക്കാനുള്ള ശക്തി കാണിക്കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതരാകും. ആത്മീയരംഗത്തും, സാമൂഹിക സുരക്ഷയില്‍ പുതിയ ചില അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. എല്ലാ മതാചാര്യന്മാരും യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകും. പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ പല രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റം വരുത്തും. പുതിയ ചില അധികാരകേന്ദ്രങ്ങള്‍ ഉടലെടുക്കുന്നത് കാണാം. വിദ്യാഭ്യാസരംഗത്ത് പുതിയ സ്ഥാപനങ്ങളും പുതിയ സങ്കേതങ്ങളും വന്നുചേരാം. വാണിജ്യവ്യാപാരം, ഗതാഗതം, ശിശു-സ്ത്രീക്ഷേമം വര്‍ദ്ധിക്കും. ചില സാമൂഹിക അരാജകശക്തികള്‍ ചെറുപ്പക്കാരേയും സ്ത്രീകളേയും ആശയക്കുഴപ്പത്തില്‍ പെടുത്തും. കലാപസംബന്ധമായി ജാഗ്രത പാലിക്കണം. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കാം. ദാരിദ്ര്യരേഖ നേര്‍ത്ത് ഇല്ലാതാകാന്‍ സാധ്യത കാണുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും.
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
മേടക്കൂറുകാര്‍ക്ക് ഈ വിഷുവര്‍ഷം പൊതുജനങ്ങളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ആദരവും വളരെക്കാലമായി നടക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നിറവേറ്റപ്പെടുകയും, പരീക്ഷകളില്‍ ഉന്നത വിജയവും, വിദേശയാത്രയും, വിനോദയാത്രകളും, സ്വത്ത് സംബന്ധമായിട്ടുള്ള വിഷയങ്ങളില്‍ അനുകൂല തീരുമാനങ്ങളും, വിവാഹ-പ്രണയ സാഫല്യങ്ങളും, നൂതനവസ്ത്ര, വാഹനലാഭവും, പുതിയ സൗഹൃദങ്ങള്‍ മൂലം നേട്ടങ്ങളും, തെരഞ്ഞെടുപ്പ് വിജയങ്ങളും, ഭാഗ്യക്കുറി, ചിട്ടി എന്നിവകളില്‍ വിജയസാദ്ധ്യതയും നീണ്ടകാലം നിലനിന്ന രോഗങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഉള്ള വൈദ്യസഹായവും, ബന്ധുജനപരിപാലനവും പൂര്‍വ്വകാല സുഹൃത്തുക്കളും ബന്ധുക്കളുമായി ഒരുമിച്ച് കഴിയാന്‍ ഉള്ള സാഹചര്യങ്ങള്‍ ഉണ്ടാകും. കലാ-സാഹിത്യ-സിനിമാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ വിഷുവര്‍ഷം നന്മകള്‍ ഉണ്ടാകും. മേടക്കൂറുകാര്‍ക്ക് സന്താനജനനവും ഈ കാലയളവില്‍ പ്രതീക്ഷിക്കാം.
ചെലവുകള്‍ പൊതുവില്‍ വര്‍ദ്ധിക്കും. ഇപ്പോള്‍ ശനിദശയുള്ള മേടക്കൂറുകാര്‍ക്ക് വാതസംബന്ധമായ രോഗസാദ്ധ്യത കൂടും. ശസ്ത്രക്രിയയോ ദീര്‍ഘകാല ചികിത്സകളോ ആവശ്യമായി വരാം.
ദോഷപരിഹാരങ്ങള്‍: ശാസ്താവിന് നീരാജനം, നെയ്യ് വിളക്ക്, ശനിയാഴ്ച ദിവസം ശ്രീഹനുമാന് വെണ്ണ നിവേദ്യം, ദശാകാലം അനുസരിച്ചുള്ള വഴിപാടുകളും നടത്തുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ധനഐശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുവരും. സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവര്‍ക്ക് ഫലങ്ങള്‍ ലഭിക്കും. പലവിധ സ്ഥാനമാനങ്ങള്‍ സാമൂഹികമായും സര്‍ക്കാരില്‍ നിന്നും ലഭിക്കാന്‍ സാധ്യത കൂടിയ കാലം. രാഷ്ട്രീയ അധികാരങ്ങളും ലഭിക്കാം. ശുക്രനാണ് ഇടവക്കൂറിന്‍റെ അധിപന്‍. ശുക്രന്‍റെ ദശാപഹാരം ഉള്ളവര്‍ക്കും ഗുണപ്രദമാണ്. ഭവന- വാഹന- സന്താനയോഗം കാണുന്നു. വിശേഷിച്ച് രോഹിണി നക്ഷത്രക്കാര്‍ക്ക് പലവിധ ധനഐശ്വര്യങ്ങള്‍ വന്നുചേരും. പൊതുവില്‍ ഗോചരഗ്രഹങ്ങള്‍ അനുകൂലമാകുന്ന ഒരു വര്‍ഷം കൂടി ആണ് ഇത്. മുന്‍കാലത്ത് പ്രവര്‍ത്തിച്ച് ഫലപ്രാപ്തിയില്‍ എത്താതെ പോയ പലതും അനുകൂലമായി വരും.
അപമാനിച്ചവരുടെ മുന്നില്‍ അഭിമാനപൂര്‍വ്വം തല ഉയര്‍ത്തി നില്‍ക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. പല വെല്ലുവിളികളും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കഴിയും. രാഷ്ട്രീയ-സാമൂഹിക- സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്ന കാലം. പൊതുജനപ്രീതി വര്‍ദ്ധിക്കുന്നത് അനുഭവത്തില്‍ നിന്നും അറിയാം.
ദോഷപരിഹാരങ്ങള്‍: ഭഗവതിക്ക് രക്തപുഷ്പാഞ്ജലി, പായസ നിവേദ്യം, ലളിതാസഹസ്രനാമജപം, അര്‍ച്ചന, സത്സംഘം എന്നിവ ഉത്തമം. ഭാഗവത സപ്താഹ യജ്ഞങ്ങളില്‍ പങ്കെടുക്കുന്നതും സാധുക്കള്‍ക്ക് അന്ന-വസ്ത്രാദിദാനങ്ങള്‍ നല്‍കുന്നതും മധുരപദാര്‍ത്ഥങ്ങള്‍ നല്‍കുന്നതും നല്ലതാണ്.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
അത്ര ശുഭകരമായ വര്‍ഷം ആയിരിക്കില്ല. ആയുധം, അഗ്നി, വിഷജീവികള്‍, വന്യമൃഗങ്ങള്‍, ജലാശയങ്ങള്‍, വൈദ്യുതി എന്നിവയില്‍ നിന്നും അപകടങ്ങള്‍ വരാതെ നോക്കണം. ആരോഗ്യപ്രശ്നങ്ങള്‍ കണ്ടാലുടന്‍ ശരിയായ വൈദ്യസഹായം തേടുക. ചീത്ത കൂട്ടുകെട്ടുകള്‍ മൂലം പലവിധ ദുര്‍നടപടികളില്‍ ചെന്ന് പെടാതെ നോക്കുക. സര്‍ക്കാരില്‍ നിന്നും പിഴ, നികുതി, നിയമനടപടികള്‍ എന്നിവ വരാം. ബന്ധുജനകലഹം, മിത്രങ്ങളില്‍ നിന്നും മോശപ്പെട്ട അനുഭവങ്ങളും മുമ്പ് അനുവര്‍ത്തിച്ചുവന്ന ജീവിതചിട്ടകളില്‍ നിന്നും പുതിയ ചിട്ടകളിലേയ്ക്കും ഭക്ഷണ രിതികളിലേയ്ക്കും മാറേണ്ടുന്ന സാഹചര്യം, വിദേശവാസം, അസുഖകരമായ പ്രമോഷന്‍, സ്ഥലംമാറ്റം, സസ്പെന്‍ഷന്‍, കാരണം കാണിക്കല്‍ നോട്ടീസുകള്‍ എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരിടേണ്ടി വരാം.
പലവിധ ധനദുര്‍ച്ചെലവുകള്‍ മൂലം മന:ശാന്തി നഷ്ടപ്പെടും. എന്നാല്‍ ദശാകാലം അപഹാരം നല്ലതായിട്ടുള്ള ജാതകക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ലഭിക്കുന്നതാണ്. എടുത്തുചാട്ടം മൂലം തിരുവാതിര നാളുകാര്‍ക്ക് പലവിധ അമളികള്‍ പിണയാവുന്ന കാലം. അതിവൈകാരിക തീരുമാനങ്ങള്‍ എടുത്ത് പുണര്‍തം നാളുകാരുടെ മന:ശാന്തി നഷ്ടപ്പെടാം. അമിതമായ ആദര്‍ശം മൂലവും, ലഭിക്കാവുന്ന ഗുണങ്ങള്‍ തടസ്സപ്പെടാം. മകയിരം മിഥുനക്കൂറുകാര്‍ ബന്ധുജനങ്ങളും, മക്കളുമായി അകല്‍ച്ച വരാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.
ദോഷപരിഹാരങ്ങള്‍: ശാസ്താവിന് നീരാജനം, നെയ്വിളക്ക് ശനി, ബുധന്‍ ആഴ്ചകളിലോ, ജന്മനാള്‍ വരുന്ന ദിവസമോ നടത്തുക. ഗണപതിക്ക് ഇളനീര്‍ അഭിഷേകം, ഹനുമാന്‍ സ്വാമിക്ക് വെണ്ണ ചാര്‍ത്തുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
യാത്രകള്‍, വിദേശയാത്രകള്‍, വിദേശപഠനം, വളരെ നാള്‍ തടസ്സപ്പെട്ട് കിടന്ന കാര്യങ്ങള്‍ വേഗത്തില്‍ നടക്കാന്‍ ഉള്ള സാദ്ധ്യത. പലവിധ കേസ്, കോടതി, വിഷയങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം, ജീവികളില്‍ നിന്ന് പലവിധമായ ഉപദ്രവങ്ങള്‍, ആശുപത്രി ചെലവുകള്‍, ഇന്‍ഷുറന്‍സ് പരിരക്ഷയാല്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും രക്ഷ. വീട്ടില്‍ ഭാഗം പിരിയല്‍, പൂര്‍വ്വിക സ്വത്തുക്കള്‍ കൈവശം വന്നുചേരുക, തൊഴില്‍പരമായ ഉന്നതിക്ക് ഉള്ള മാര്‍ഗ്ഗങ്ങള്‍ തെളിയും. അയല്‍ക്കാരുമായി പ്രശ്നങ്ങള്‍ വരാതെ നോക്കുക. മഹാക്ഷേത്രദര്‍ശനം, തീര്‍ത്ഥയാത്രകള്‍, അവിചാരിതമായി പൂര്‍വ്വഗുരുക്കന്മാരെ കണ്ടുമുട്ടുന്നത് കൊണ്ടുള്ള സന്തോഷം, ചില വ്യക്തിബന്ധങ്ങളുടെ തകര്‍ച്ച. പുതിയവയുടെ സമാരംഭം, പ്രേമകാര്യങ്ങളില്‍ അമിതമായ പണച്ചെലവ്, ചതി, വഞ്ചന എന്നിവയില്‍പ്പെട്ട് ധന-മാനനഷ്ടങ്ങള്‍ എന്നിവ ഫലം. പുണര്‍തംകാര്‍ക്ക് ടെന്‍ഷന്‍, കലഹം എന്നിവ മൂലം പലവിധ കഷ്ടനഷ്ടങ്ങള്‍ വരാം. പൂയം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ദാമ്പത്യസൗഖ്യം കുറയും. അനാവശ്യ കൂട്ടുകെട്ടുകള്‍ മൂലം മനശാന്തി കുറയും. പൂയം നാളില്‍ ജനിച്ച പുരുഷന്മാര്‍ക്ക് പരസ്ത്രീകള്‍ മൂലം ധനനഷ്ടം, മാനഹാനി എന്നിവ വരാതെ നോക്കുക.
ദോഷപരിഹാരങ്ങള്‍: ജന്മരാശിയുടെ അധിപന്‍ ആയ ചന്ദ്രന്‍റെ ധാന്യം വെളുത്ത അരി (പച്ചരി) പാലോ, തൈരോ ചേര്‍ത്ത് കഴിക്കുക. ഭഗവതിക്ക് രക്തപുഷ്പാഞ്ജലി, കടുംപായസം, മുല്ലമാല, ഭഗവതിസേവ എന്നിവ നടത്തുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. നഷ്ടപരിഹാരമായി വീട്, സ്ഥലം, വസ്തുവകകള്‍ എന്നിവ വാങ്ങാന്‍ ധനസഹായം ലഭിക്കും. സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് അത് നടക്കാന്‍ സാധ്യത കൂടിയ സമയം. നിയമയുദ്ധത്തില്‍ അവിചാരിത വിജയം, വിവാഹം, പ്രേമസാഫല്യം, വിവാഹം മൂലം വിദേശത്ത് തൊഴില്‍ മുതലായ നേട്ടങ്ങള്‍. അധികാരസ്ഥാനത്ത് എത്തിച്ചേരാന്‍ ഉള്ള അവസരങ്ങള്‍ വന്നുചേരും. ഭരണസിരാകേന്ദ്രങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കാനും, മേലധികാരികളില്‍ നിന്നും പലവിധമായ ആനുകൂല്യങ്ങള്‍ ലഭിക്കാനും സാധ്യത. വിദേശത്ത് തൊഴിലവസരങ്ങള്‍ നേടുന്നവര്‍ക്കും ഗുണപ്രദമായ കാലം, ചിട്ടി, ലോട്ടറി, കമ്മീഷന്‍ എന്നിവ മൂലം ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ ലഭിക്കും. അവസരങ്ങള്‍ ബുദ്ധപരമായി പ്രയോജനപ്പെടുന്ന ഈ കൂറുകാര്‍ ജീവിതത്തില്‍ പലതരം വിജയങ്ങള്‍ ഈ വിഷുവര്‍ഷത്തില്‍ സ്വന്തമാകും. സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. മകം നക്ഷത്രക്കാര്‍ക്ക് ചില വലിയ വിജയങ്ങള്‍ ഈ വര്‍ഷം ലഭിക്കുന്നതാണ്. പൂരം നക്ഷത്രക്കാര്‍ക്ക് സ്ഥിരവരുമാനം ഉള്ള തൊഴില്‍ ലഭിക്കാനും ബിസിനസ്സില്‍ വിജയിക്കാനും വിശേഷാല്‍ സാധ്യത കാണുന്നു. ഉത്രക്കാര്‍ക്കും പൊതുവില്‍ ഗുണപ്രദമാണ്.
ദോഷപരിഹാരങ്ങള്‍: സൂര്യന്‍റെ ധാന്യം ഗോതമ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും, ശീലമാക്കുന്നതും ഗുണപ്രദമാണ്. ശിവന് ജലധാര, പിന്‍വിളക്ക്, ഇളനീര്‍ അഭിഷേകം, ആയുര്‍സൂക്ത പുഷ്പാഞ്ജലി, രുദ്രാഭിഷേകം എന്നിവ നടത്തുന്നതും, കാര്യതടസ്സം വരാതെ ഇരിക്കാന്‍ ഗണപതിഹോമം, ഭഗവതിക്ക് വിളക്കും, മാലയും, നാരങ്ങാദീപം, രക്തപുഷ്പാഞ്ജലി എന്നിവ നടത്തുന്നതും നല്ലതാണ്.
കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
തൊഴില്‍ മാറ്റം, സ്ഥലം മാറ്റം, തൊഴില്‍ നഷ്ടം, ബിസിനസ്സ് പരാജയ സാധ്യതകള്‍ കൂടുതലായി അനുഭവത്തില്‍ വരാം. ചതി, വഞ്ചന എന്നിവയില്‍പ്പെടാതെ നോക്കുക. ബന്ധുമിത്രാദികളുമായി കാര്യാലോചനനടത്തി ഗുണപ്രദമായ വിഷയങ്ങളില്‍ മാത്രം ധനം ചെലവാക്കുക. കുറച്ച് മോശം കാലം ആണെങ്കിലും ചില വിജയസാധ്യതകളും ആദ്യകാലങ്ങളില്‍ ഉണ്ടാകാം. ഉദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക് തൊഴില്‍മാറ്റം, വീടുമാറ്റം, പുതിയ ഭവന- വാഹനയോഗം, പൂര്‍വ്വകാല ഇടപാടുകളില്‍ നിന്നും ധനലാഭം, ഷെയര്‍ വിറ്റ് ലാഭം, പൂര്‍വ്വിക സ്വത്തുക്കള്‍ ലഭ്യമാവാന്‍ സാധ്യത കൂടിയ കാലം. പുതിയ ഭവനനിര്‍മ്മാണ സാധ്യത. കെട്ടിടങ്ങളുടേയും മറ്റും കയ്യവകാശം, മേല്‍നോട്ടം എന്നിവ വന്നുചേരാം. വിദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാധ്യത. ദേശാന്തരഗമനം, ചില നിയമപ്രശ്നങ്ങള്‍ മൂലം സ്ഥലം മാറി നില്‍ക്കേണ്ടുന്ന അവസ്ഥകള്‍ എന്നിവ വരാം. സംഘട്ടനം, സംഘര്‍ഷം എന്നിവയില്‍ ചെന്നുപെടാതെ നോക്കുക. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ സ്വയം രക്ഷ നോക്കുന്നത് നല്ലതാണ്. അപകടകരമായ സാഹചര്യങ്ങളില്‍ ചെന്ന് പെടാതെ നോക്കുക. അഗ്നിബാധ, പൊട്ടിത്തെറി എന്നിവ വരാതെ മുന്‍കൂട്ടി സുരക്ഷാമുന്നൊരുക്കങ്ങള്‍ ഉറപ്പാക്കുക.
ദോഷപരിഹാരങ്ങള്‍: ബുധന്‍ ജന്മാധിപന്‍ ആകയാല്‍ ദോഷശാന്തിക്കായി ചെറുപയര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും, ദാനമായി അര്‍ഹര്‍ക്ക് നല്‍കുന്നതും ശ്രീകൃഷ്ണക്ഷേത്രത്തില്‍ രാജഗോപാലാര്‍ച്ചന, സുദര്‍ശനഹോമം, അര്‍ച്ചന, ഭാഗ്യസൂക്താപുഷ്പാഞ്ജലി, കുട്ടികള്‍ക്ക് അന്നദാനം, വസ്ത്രദാനം എന്നിവ നടത്തുക.
തുലാക്കൂറ്: (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
പരീക്ഷകളില്‍ ഉന്നതവിജയം, തൊഴില്‍പരമായ നേട്ടങ്ങള്‍, വിവാഹസാധ്യത കൂടിയ സമയം. സന്താനഭാഗ്യം, വളരെ കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ ഫലവത്താകും. ഭൂമി, കെട്ടിടം, വാഹനം എന്നിവ വില്‍ക്കാനും വാങ്ങാനും ഭവനനിര്‍മ്മാണത്തിനും അനുയോജ്യമായ കാലമാണ്. വീട്ടില്‍ പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. വീട് മോടിപിടിപ്പിക്കാന്‍ ഉള്ള സാഹചര്യങ്ങള്‍ വന്നുചേരും. വളരെ കാലമായി ചികിത്സയിലിരുന്ന തുലാക്കൂറുകാര്‍ക്ക് രോഗശമനമോ, രോഗമുക്തിയോ വരും. കോടതികള്‍, അദാലത്തുകള്‍ എന്നിവ വഴി കേസുവഴക്കുകള്‍ തീര്‍പ്പാകും. വിവിധങ്ങളായ സാമ്പത്തിക നേട്ടങ്ങള്‍ ഇക്കാലത്ത് ഉണ്ടാകും. ഉദ്യോഗത്തില്‍ പ്രൊമോഷന്‍ കിട്ടാന്‍ സാദ്ധ്യത കൂടുതലായി കാണുന്നു. അവിചാരിതമായി ആഗ്രഹിച്ച സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റം, പ്രൊമോഷന്‍ എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കും. തടഞ്ഞുവച്ചിട്ടുള്ള അലവന്‍സ,് ശമ്പളകുടിശ്ശിക, ലീവ് സറണ്ടര്‍ എന്നിവ മൂലം ഗുണം കിട്ടും. കേസുവഴക്കുകളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുകയും അത് സാമ്പത്തികരംഗം മെച്ചപ്പെടുകയും ചെയ്യും. ആഗ്രഹിച്ച പ്രകാരമുള്ള വാഹനം വാങ്ങാനും, വിവാഹം നടത്താനും, ഭവനനിര്‍മ്മാണത്തിനും എല്ലാം അനുകൂലമായ സമയം. വിദേശത്ത് തൊഴില്‍ ലഭിക്കാനും ഉപരിപഠനത്തിന് പോകാനും അനുകൂലമായ കാലമാണിത്.
ദോഷപരിഹാരങ്ങള്‍: നാഗര്‍ക്ക് നൂറും പാലും, ആയില്യപൂജ, സര്‍പ്പബലി എന്നിവ നടത്തുക. നരസിംഹമൂര്‍ത്തിക്ക് പാനകം, മുഴുക്കാപ്പ് വഴിപാടുകള്‍ നടത്തുക.
വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ഈ വര്‍ഷം ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ പൊതുവില്‍ പ്രതീക്ഷിക്കാം. ഭൂമി, വാഹനം, ഭവനം എന്നിവ വാങ്ങാനും വില്‍ക്കാനും സാധ്യത കാണുന്നു. പലവിധത്തിലുള്ള ഗവണ്‍മെന്‍റ് ആനുകൂല്യങ്ങള്‍ ഈ വര്‍ഷത്തില്‍ ലഭിക്കും. നഷ്ടപരിഹാരമായും പൊന്നും വില ഇനത്തിലും സര്‍ക്കാരില്‍ നിന്നും ധനാഗമം ഉണ്ടാകും. വളരെകാലമായി നിലനില്‍ക്കുന്ന പല സാമ്പത്തിക വിഷമതകളും ഈ കാലയളവില്‍ പരിഹരിക്കപ്പെടും. നിയമനടപടികളില്‍ നിന്നും മുക്തി, ഗുരുക്കന്മാരുടെ അനുഗ്രഹം, വിദേശയാത്രകള്‍, വിവാഹനിശ്ചയം, പ്രേമസാഫല്യം, പുതിയ അനുകൂല ബന്ധങ്ങള്‍, അവാര്‍ഡുകള്‍, പൊതുജനപ്രീതി, സാമൂഹിക അംഗീകാരം എന്നിവയും ഫലമാണ്. ജലസമൃദ്ധിക്കുവേണ്ടിയുള്ള പരിശ്രമം ഫലം കാണും. എഞ്ചിനീയറിംഗ് രംഗം, രാസവസ്തുക്കളുമായി ബന്ധപ്പെട്ട രംഗം, കോടതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഗുണപ്രദമായ കാലം. പോലീസ്, സൈന്യം എന്നിവയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും, ഈ രംഗത്ത് തൊഴില്‍ തേടുന്നവര്‍ക്കും നല്ലവിധത്തിലുള്ള അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയനേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍, അംഗീകാരം, അവാര്‍ഡുകള്‍ എന്നിവയും, തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകും. പ്രാദേശിക രാഷ്ട്രീയരംഗത്ത് നേതൃത്വത്തിന്‍റെ അംഗീകാരം ലഭിക്കുന്നത് കാണാം. അവിചാരിതമായ സ്ഥാനലബ്ധിയും ഫലം.
ദോഷപരിഹാരങ്ങള്‍: ശ്രീമുരുകന് പഞ്ചാമൃതാഭിഷേകം, ശാസ്താവിന് പുഷ്പാഭിഷേകം, കളകാഭിഷേകം, നീരാജനം, നെയ്വിളക്ക് വഴിപാടുകള്‍ നടത്തുക. ശ്രീമുരുകന് പഞ്ചാമൃതാഭിഷേകം, ഭദ്രകാളി ദേവിക്ക് ചെമ്പട്ട് സമര്‍പ്പണം, കടുംപായസം വഴിപാടും, രക്തപുഷ്പാഞ്ജലിയും നടത്തുക. ശ്രീകൃഷ്ണന് രാജഗോപാലാര്‍ച്ചനയും, പാല്‍പായസ നിവേദ്യവും നടത്തുക.
ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ഈ വിഷുഫലം പൊതുവില്‍ ഗുണപ്രദമാണ്. വിവാഹകാര്യങ്ങള്‍ നോക്കാന്‍ പറ്റിയ കാലം. ഭവനം, വാഹനം എന്നിവ സ്വന്തമാക്കാനും നിയമപ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാനും ഈ വര്‍ഷം സഹായിക്കും. പലവിധത്തില്‍ ഉപദ്രവിച്ചിരുന്നവര്‍ ദുര്‍ബലരാവുകയും, അവര്‍ മൂലം ഉള്ള മാര്‍ഗ്ഗതടസ്സങ്ങള്‍ മാറുകയും ചെയ്യും. പുതിയ സ്ഥാപനങ്ങള്‍, ബിസിനസ്സുകള്‍, നിക്ഷേപസാധ്യതകള്‍ എന്നിവയ്ക്ക് നല്ലതാണ്. മുടങ്ങിക്കിടന്ന പൂര്‍വ്വകാല ബിസിനസ്സ് ബന്ധങ്ങള്‍ വീണ്ടും തളിര്‍ത്ത് പൂവിടും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും സൗഹൃദം ദൃഢമാക്കാന്‍ സാധ്യത വരും. പശു, ആട് പരിപാലനത്തിലൂടെ വരുമാനം വര്‍ദ്ധിക്കുന്നതാണ്. നൂതനകൃഷിരീതികള്‍ കൊണ്ട് അംഗീകാരം ലഭിക്കുന്നതാണ്. പുതിയ കൃഷിസ്ഥലങ്ങള്‍ വാങ്ങാന്‍ സാധ്യത കാണുന്നു. മാതാവ്, മാതൃബന്ധുക്കള്‍ എന്നിവരുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. മുന്‍കാല പരാജയഭീതി, രോഗഭീതി എന്നിവയില്‍ നിന്ന് മുക്തി ലഭിക്കുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ വരുമാനം പലവിധത്തില്‍ വര്‍ദ്ധിക്കാനുള്ള വഴികള്‍ തെളിഞ്ഞുവരും. സാക്ഷി, മദ്ധ്യസ്ഥന്‍ എന്നീ നിയമസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ സാദ്ധ്യത കാണുന്നു.
ദോഷപരിഹാരങ്ങള്‍: ശാസ്താവിന് നെയ്യഭിഷേകം, നീരാജനം, നെയ്വിളക്ക് വഴിപാടുകള്‍ നടത്തുക. ധര്‍മ്മശാസ്താക്ഷേത്രദര്‍ശനം, അര്‍ച്ചന, കുല-പരദേവതാ ക്ഷേത്രദര്‍ശനം, വഴിപാടുകള്‍, ശ്രീമുരുകന് പാല്‍, പഞ്ചാമൃതാഭിഷേകം, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ധന്വന്തരി, സുദര്‍ശനഅര്‍ച്ചന എന്നിവ നടത്തുക.
മകരക്കൂറ്: (ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
ഈ വര്‍ഷം ഗുണദോഷസമ്മിശ്രമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ ആയി നേരിട്ടിരുന്ന ഭൂമി, ഭവനം, കെട്ടിടം, റവന്യൂ വിഭാഗവുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ എന്നിവ പരിഹരിക്കപ്പെടും. കുടുംബഷെയര്‍, ഭാഗം പിരിയല്‍, പങ്കാളിത്ത വ്യാപാരം എന്നിവയില്‍ നിന്നും അനുകൂല ഫലങ്ങള്‍ ലഭിക്കാം. ഉദരസംബന്ധമായി പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. മൂത്രാശയരോഗങ്ങള്‍ക്കും സാധ്യത കൂടുതല്‍. ആശുപത്രി പ്രശ്നങ്ങള്‍ക്കായി പണം ധാരാളമായി ചെലവാക്കേണ്ടി വരും. ഇന്‍ഷുറന്‍സ് മുതലായ വിഷയങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണപ്രദമാണ്. മുതിര്‍ന്നവരുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. അവിചാരിതമായി വിദേശജോലിയോ, യാത്രാ വസരമോ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ചിട്ടി, ലോട്ടറി, ഷെയര്‍മാര്‍ക്കറ്റ് എന്നിവയില്‍ ലഭിക്കുന്ന സംഖ്യ ഭൂമി, സ്വര്‍ണ്ണം, കെട്ടിടനിര്‍മ്മാണം എന്നിവയില്‍ നിക്ഷേപിക്കുന്നത് ഗുണപ്രദമായി കാണുന്നു. മത്സ്യവ്യാപാരരംഗത്ത് ഉള്ളവര്‍ക്ക് ബിസിനസ്സ് പരമായി നേട്ടം ഉണ്ടാകും. കുടുംബത്തില്‍ വിവാഹം നടത്തുവാനുള്ള സാധ്യത തെളിയും. ചില പരീക്ഷാവിജയങ്ങളും ഈ വര്‍ഷം ഉണ്ടാകും. ഭക്ഷ്യവിഷബാധ ഏല്‍ക്കാനും സാദ്ധ്യത കാണുന്നു. ശനിയുടെ ധാന്യം ആയ എള്ള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ദോഷപരിഹാരങ്ങള്‍: ശാസ്താവ്, ശ്രീഹനുമാന്‍, ഗണപതി, വിഷ്ണുമായ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തുന്നതും ഗുണപ്രദമാണ്. വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ ലക്ഷ്മീനാരായണപൂജ, ഭൂസൂക്താര്‍ച്ചന, നെയ്വിളക്ക് എന്നീ വഴിപാടുകള്‍ നടത്തുക. ശിവന് ജലധാര, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ നടത്തുക. ശ്രീകൃഷ്ണന് പാല്‍പായസ നിവേദ്യം, നെയ്വിളക്ക്, രാജഗോപാലാര്‍ച്ചന നടത്തുക.
കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ഈ വര്‍ഷം ചെലവ് വര്‍ദ്ധിക്കും. എങ്കിലും ധനപരവും സാമൂഹിക അംഗീകാരവും, തൊഴില്‍ രംഗങ്ങളില്‍ ഉയര്‍ച്ചയും വാക്കുകള്‍ മൂലം പുതിയ ശത്രുക്കളും, തെറ്റിദ്ധാരണകള്‍ മൂലം കുടുംബത്തില്‍നിന്നുള്ള പരിഭവസ്വരങ്ങളും, കഴുത്ത്, വായ എന്നീ അവയവങ്ങളില്‍ രോഗസാദ്ധ്യതകളും, കാലാവസ്ഥ അനുകൂലമല്ലാത്തതുമൂലം കൃഷി, വ്യവസായരംഗത്ത് ചില്ലറ കഷ്ടനഷ്ടങ്ങളും, ഗവണ്‍മെന്‍റ് അധികാരികളുമായി തര്‍ക്കവും, നിയമപ്രശ്നങ്ങളും, സ്വത്തുതര്‍ക്കത്തിന്‍റെ പേരില്‍ അപമാനവും കേസ് വഴക്കുകളും മാനസികസംഘര്‍ഷ സാധ്യതകളും വരാം. എന്നാലും ധനസ്ഥിതി മെച്ചപ്പെടുന്നതിനാല്‍ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ സാധിക്കും. ദാമ്പത്യവിഷയങ്ങള്‍ കലുഷിതമാകാതെ നോക്കുക. റവന്യു-പോലീസ്, പ്രാദേശിക നേതാക്കന്മാര്‍ എന്നിവരില്‍ നിന്നും മോശം പെരുമാറ്റമോ നടപടികളോ വരാന്‍ സാധ്യത കൂടുതലാണ്. ആവശ്യമില്ലാതെ ശത്രുതകള്‍ വളര്‍ത്താതിരിക്കുക. വാക്തര്‍ക്കങ്ങളില്‍ നിന്നും അകലം പാലിക്കുക. ചതയം നക്ഷത്രക്കാര്‍ക്ക് മോശം അനുഭവങ്ങള്‍ കൂടാന്‍ സാധ്യത. ബന്ധനയോഗവും ഉണ്ടാകാം.
ദോഷപരിഹാരങ്ങള്‍: ശാസ്താവിനും ഭദ്രകാളി ദേവിക്കും ശ്രീഹനുമാനും ശ്രീമുരുകനും യഥാശക്തി വഴിപാടുകള്‍ നടത്തുക. വിഷ്ണുക്ഷേത്രത്തില്‍ തൃപ്പടിയില്‍ നെയ്യും, പണക്കിഴിയും, മഞ്ഞഹാരവും സമര്‍പ്പിച്ച് അര്‍ച്ചന നടത്തുക. ആയില്യപൂജ, സര്‍പ്പംപാട്ട്, സര്‍പ്പബലി, നൂറും പാലും വഴിപാടുകള്‍ നടത്തുക. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും അന്നദാനം, വസ്ത്രദാനം നടത്തുക.
മീനക്കൂറ്: (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ഈ വര്‍ഷം മീനക്കൂറുകാര്‍ക്ക് ഗുണദോഷസമ്മിശ്രഫലം. മന:ശാന്തി കുറയുന്ന കാലം. ഭവനമാറ്റം, ഭവനവായ്പാസംബന്ധമായി പ്രശ്നങ്ങള്‍, വാഹനവായ്പകള്‍ മൂലം ഉള്ള മന:ക്ലേശം, തൊഴില്‍മാറ്റം. എന്നാല്‍ മേലധികാരികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍, വിദേശയാത്ര കൊണ്ട് ധനലാഭം, ചിട്ടി, ഷെയര്‍ മാര്‍ക്കറ്റ് എന്നിവയില്‍ നിന്നും ധനം നേടും. വിദ്യാഭ്യാസരംഗത്ത് പുരോഗതി, പരീക്ഷാവിജയം, റവന്യു, പോലീസ്, കോടതി എന്നീ വിഭാഗങ്ങളില്‍ നിന്ന് പ്രതികൂല നടപടികള്‍. സ്വര്‍ണ്ണം, പണം, പട്ടുവസ്ത്രം, ഗൃഹോപകരണങ്ങള്‍ എന്നിവ നഷ്ടം വരാനുള്ള സാധ്യത. ബന്ധുജനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം, ദാമ്പത്യജീവിതത്തില്‍ പുതിയ പരിവര്‍ത്തനങ്ങള്‍, തൊഴില്‍പരമായും മറ്റും അകന്ന് താമസിച്ച ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ ഉള്ള സാധ്യതകള്‍ തെളിയുന്നതാണ്. സംഘടനാപ്രവര്‍ത്തനരംഗത്തും സാമൂഹ്യപ്രവര്‍ത്തനരംഗത്തും ചില വിജയങ്ങള്‍ ലഭിക്കുന്നതാണ്. പ്രാദേശിക തെരഞ്ഞടുപ്പുകളില്‍ വിജയം ലഭിക്കാന്‍ സാധ്യത. മത്സ്യവും മറ്റ് കടല്‍-ജലാശയങ്ങള്‍ എന്നിവയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണഫലങ്ങള്‍ ലഭിക്കുന്നതാണ്.
ദോഷപരിഹാരങ്ങള്‍: ഉത്തൃട്ടാതി നക്ഷത്രക്കാര്‍ക്കും രേവതിക്കാര്‍ക്കും ഗുണഫലങ്ങള്‍ കൂടുതല്‍ ലഭിക്കാം. വിഷ്ണുമൂര്‍ത്തികളെ ആരാധിക്കുക. ശ്രീകൃഷ്ണന് മഞ്ഞ വസ്ത്രം, മഞ്ഞഹാരം, നെയ്യ് എന്നിവ സമര്‍പ്പിച്ച് അര്‍ച്ചന നടത്തുക. നരസിംഹമൂര്‍ത്തിക്ക് പാനകം, മുഴുകാപ്പ് വഴിപാട് നടത്തുക. ഗുരുവായൂര്‍ ദര്‍ശനവും, സമീപത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പായസ നിവേദ്യം, സഹസ്രനാമാര്‍ച്ചന, നെയ്വിളക്ക് മുതലായ വഴിപാടുകളും, ശാസ്താവിന് നെയ്യഭിഷേകം, നീരാജനം, നെയ്വിളക്ക് വഴിപാടുകള്‍ നടത്തുക.
ആര്‍. സഞ്ജീവ്കുമാര്‍ PGA
ജ്യോതിസ്, അസ്ട്രോളജിക്കല്‍ റിസര്‍ച്ച് സെന്‍റര്‍
ലുലു അപ്പാര്‍ട്ട്മെന്‍റ്, പോലീസ് ഗ്രൗണ്ടിന് എതിര്‍വശം
തൈക്കാട്. പി.ഒ, തിരുവനന്തപുരം 695014 (8078908087)
