വിശ്വാസവും  ബന്ധുത്വവും

വിശ്വാസവും ബന്ധുത്വവും

HIGHLIGHTS

ജ്യോതിഷപ്രകാരം, മനുഷ്യന് സംഭവിക്കുന്ന ദുരിതകാരണങ്ങളില്‍ ഏറ്റവും ഒടുവിലായി പരാമര്‍ശിക്കുന്ന വിഷയമാണ് ശത്രുബാധ എന്നത്. എന്തെന്നാല്‍ അതിന് അത്ര നിസ്സാരസ്ഥാനമേ മനുഷ്യജീവിതത്തില്‍ ആചാര്യന്മാര്‍ കല്‍പ്പിച്ചിട്ടുള്ളൂ എന്നതാണ് വാസ്തവം. ദേവകോപം, ധര്‍മ്മദേവകോപം, സര്‍പ്പകോപം, പിതൃകോപം, ഗുരുശാപം, ബ്രാഹ്‌മണശാപം, വാക്‌ദോഷം എന്നിവയെല്ലാം കഴിഞ്ഞിട്ടാണ് ശത്രുബാധ എന്ന വിഷയം ഗ്രന്ഥത്തില്‍ പറയുന്നത്.

കളരി പഠിക്കാന്‍ പോയ ഒരു കുട്ടിയുടെ കഥയില്‍ നിന്നായിരുന്നു പ്രദീപ് നമ്പൂതിരി കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയത്...

കളരി പഠിക്കാന്‍ പോയ മകന്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ വന്നു. അവന് കഴിക്കാന്‍ കഞ്ഞിവിളമ്പി കൊടുത്തപ്പോള്‍ അമ്മ ചോദിച്ചു.

മോനേ; ഇപ്പോ എത്ര ആള്‍ക്കാരോട് നിനക്ക് എതിര്‍ത്ത് നില്‍ക്കാനാവും. അമ്മേ, ഒരു ആയിരം പേര് വന്നാല്‍ ഞാന്‍ ഒറ്റയ്ക്ക് മതി.
അവന്‍ പിന്നേയും കളരി പഠിക്കാനായി ഗുരുകുലത്തിലേയ്ക്ക് പോയി. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ അവന്‍ വീട്ടിലേക്ക് വന്നു. അപ്പോഴും അമ്മ അതേ ചോദ്യം ആവര്‍ത്തിച്ചു.
അമ്മേ, ഒരു അഞ്ഞൂറ് പേര് വന്നാല്‍ ഞാന്‍ ഒറ്റയ്ക്ക് മതി. 

 

പിന്നേയും അവന്‍ കളരി പഠിക്കാന്‍ പോയി. ഓരോ പ്രാവശ്യവും വരുമ്പോഴും മകന്റെ അഭ്യാസബലത്തെക്കുറിച്ച് അമ്മ ചോദിച്ചുകൊണ്ടിരുന്നു. അഞ്ഞൂറ്, നൂറായി, അന്‍പതായി, പത്തായി.. കഷ്ടിച്ച്  രണ്ട് വര്‍ഷത്തോളം നീണ്ട കളരി പഠനത്തിനുശേഷം അമ്മ വീണ്ടും മകനോട് അതേ ചോദ്യം ആവര്‍ത്തിച്ചു.
 

രണ്ടുവര്‍ഷമായി കളരി പഠിച്ച് നിന്റെ ശരീരം ബലമുള്ളതായി മാറിയിരിക്കുകയാണ്. ഇന്നിപ്പോള്‍ എത്ര ആള്‍ക്കാരെ നിനക്ക് എതിര്‍ത്ത് നില്‍ക്കാനാവും?
 

അമ്മേ, ആരോഗ്യമുള്ള ഒരാള്‍ എതിര്‍ത്ത് വന്നാല്‍ കഷ്ടിച്ച്  ഒന്ന് ഒഴിഞ്ഞുമാറാന്‍ കഴിയും.
അറിയുന്തോറും അറിവിന്റെ അഗാധത നേടുന്നതാണ് വിജ്ഞാനം. ഇനിയും ഏറെ അറിയാന്‍ ബാക്കിയുണ്ട്. എന്റെ ജീവിതത്തില്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞവ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നു. ഒരേസമയം ഞാന്‍ ഗുരുവും ശിഷ്യനുമാണ്.
ഗുരുവില്‍ നിന്നും ജ്യോതിഷനിലേയ്ക്കായിരുന്നു പ്രദീപ് നമ്പൂതിരിയുമായിട്ടുള്ള അഭിമുഖം തുടര്‍ന്നത്. മാനുഷിക വിഷയങ്ങളില്‍ കൂടിത്തന്നെ ആയിരുന്നു കാര്യങ്ങള്‍ പറഞ്ഞുപോന്നത്.

 

ജീവിതത്തില്‍ എന്ത് തടസ്സം വന്നാലും എല്ലാം ശത്രുബാധയാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹമാണ് ഇന്നിപ്പോള്‍ ഏറെയും. എന്നാല്‍ ശത്രുബാധ എന്നൊന്ന് എന്റെ പ്രശ്‌നവിധികളില്‍ വലുതായി ഞാന്‍ പ്രതിപാദിക്കാറില്ല. ജ്യോതിഷപ്രകാരം, മനുഷ്യന് സംഭവിക്കുന്ന ദുരിതകാരണങ്ങളില്‍ ഏറ്റവും ഒടുവിലായി പരാമര്‍ശിക്കുന്ന വിഷയമാണ് ശത്രുബാധ എന്നത്. എന്തെന്നാല്‍ അതിന് അത്ര നിസ്സാരസ്ഥാനമേ മനുഷ്യജീവിതത്തില്‍ ആചാര്യന്മാര്‍ കല്‍പ്പിച്ചിട്ടുള്ളൂ എന്നതാണ് വാസ്തവം. ദേവകോപം, ധര്‍മ്മദേവകോപം, സര്‍പ്പകോപം, പിതൃകോപം, ഗുരുശാപം, ബ്രാഹ്‌മണശാപം, വാക്‌ദോഷം എന്നിവയെല്ലാം കഴിഞ്ഞിട്ടാണ് ശത്രുബാധ എന്ന വിഷയം ഗ്രന്ഥത്തില്‍ പറയുന്നത്. ബാധാവിഷയങ്ങള്‍ ഒരു വ്യക്തിയില്‍ ഉണ്ടാവാം. ബാധാവിഷയത്തെ സുദര്‍ശനഹോമത്താല്‍ ഒഴിവാക്കുക എന്നത് മാത്രമാണ് പതിവ്.
ധര്‍മ്മദൈവ കോപം

ഇന്നിപ്പോള്‍ കാണപ്പെടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ധര്‍മ്മദൈവവിഷയം. നമ്മുടെ ആചാരങ്ങളെ, ജാത്യാചാരം, കുലാചാരം, ദേശാചാരം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. പുളിയാംപുള്ളി, വെള്ളാംപുള്ളി എന്നിവരെ ആചരിച്ചിരുന്ന ജാതിവര്‍ഗ്ഗങ്ങള്‍. ഭുവനേശ്വരിയെ ആരാധിച്ചിരുന്ന നായന്മാര്‍, വേട്ടയ്ക്കരനെ ആരാധിച്ചിരുന്ന ബ്രാഹ്‌മണര്‍. ഒരു കാലഘട്ടത്തില്‍ കേരളത്തിന് പുറത്തുനിന്നും എത്തപ്പെട്ടവരാണ് ഇവിടുത്തെ നമ്പൂതിരിസമുദായം. അതിന് മുമ്പും ഇവിടെ ഈശ്വരാരാധനയും പൂജകളും ഇവിടുത്തെ ആള്‍ക്കാര്‍ ആചരിച്ചുപോന്നിരുന്നു. ബ്രാഹ്‌മണര്‍ വന്നതിനുശേഷമാണ് ഇവിടെ അവരുടെ ആചാരരീതി നിലവില്‍ വന്നത്. എന്നാല്‍ അവരുടെ വരവിനോട് ചേര്‍ന്ന്  ഇവിടെ രണ്ട് ആചരിച്ചിരുന്ന പലരീതിക്കും മാറ്റം വന്നു.

മുന്‍കാലങ്ങളില്‍ ഇവിടെ താമസിച്ചിരുന്നവര്‍ ആരാധിച്ചിരുന്ന അവരുടെ ധര്‍മ്മദൈവ സങ്കേതങ്ങള്‍ പലതും മഹാക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു. അവിടുത്തെ പൂജകള്‍ ബ്രാഹ്‌മണ ആചാരപ്രകാരത്തിലേയ്ക്ക് മാറ്റപ്പെട്ടു. പലരും തങ്ങളുടെ അധീനത്തിലുള്ള കാവുകള്‍ ദേവപ്രശ്‌നങ്ങള്‍ നടത്തി അമ്പലങ്ങളാക്കി മാറ്റുകയാണ്. കൗളമാര്‍ഗ്ഗ ആചാരത്തില്‍ ആ കുടുംബക്കാര്‍ തന്നെ പൂജ ചെയ്തിരുന്നതാണ്(ദേശക്കാര്‍) ഈ സന്നിധികളെല്ലാം. വെറ്റില, മദ്യം, കോഴി എന്നിങ്ങനെ നേര്‍ച്ചകള്‍ നല്‍കിയിരുന്നവ. 'അവള്‍', 'അവന്‍', 'എടീ', ഇന്നിപ്പോള്‍ സഭ്യമല്ല എന്ന് കരുതുന്ന പല വാക്കുകളാല്‍ ആ ദേവതയെ അവര്‍ ഭക്ത്യാവിളിച്ചിരുന്നു. അതായത്, ദേവതയും അവരും തമ്മില്‍ യാതൊരു ഭിന്നതയും ഇല്ലാതെ ബന്ധുത്വത്തോട് പരിപാലിച്ചുപോന്നവയായിരുന്നു അവയെല്ലാം.
 

ഇത്തരം സങ്കേതങ്ങള്‍ അഞ്ച് പൂജയും, മൂന്ന് ശീവേലിയുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെടുമ്പോള്‍, വന്ന് തൊഴുന്നവര്‍ക്ക് ഐശ്വര്യം ലഭിക്കും. എന്നാല്‍ പൂര്‍വ്വകാലങ്ങളില്‍ അവരെ ആരാധിച്ചിരുന്ന പരമ്പരയ്ക്കും ദേശക്കാര്‍ക്കും ദുരിതം തുടരുക തന്നെ ചെയ്യും. മുന്‍പ് ആചരിച്ചിരുന്ന ചടങ്ങുകള്‍ യാതൊന്നും ശ്രീകോവിലിനുള്ളില്‍ സാധ്യമല്ല.
 

പണ്ട് വര്‍ഷത്തില്‍ ഒരു ദിവസം മാത്രം ആഘോഷവും കുരുതി വഴിപാടുകളും നടത്തിയിരുന്ന ദേവസ്ഥാനങ്ങള്‍. തങ്ങളുടെ ഒരു ദിവസത്തെ പണിക്കൂലി കാവിലേയ്ക്ക് എന്ന പ്രകാരം വാര്‍ഷികം നടത്തിയിരുന്നു. ആചാരങ്ങള്‍ മുടങ്ങുമ്പോള്‍ ധര്‍മ്മദൈവകോപം ബാധിക്കുക തന്നെ ചെയ്യും.
 

ഈ ദുരിതാവസ്ഥയെ മറികടക്കാന്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ. വര്‍ഷത്തില്‍ ഒരുദിവസം ക്ഷേത്രത്തിന് വെളിയില്‍ ഒരു നിര്‍ദ്ദിഷ്ടസ്ഥാനത്ത് ആ ദേവതയ്ക്കായി ആ കുടുംബക്കാര്‍ പൂര്‍വ്വാചാരങ്ങള്‍ ആചരിക്കണം. പണ്ടുകാലങ്ങളില്‍ അവന്‍ സര്‍വ്വസ്വാതന്ത്ര്യത്തോടെ തൊട്ടുതൊഴുതിരുന്ന ദേവതയാണ് ഇന്നിപ്പോള്‍ ശ്രീകോവിലിനുള്ളില്‍ അവര്‍ക്ക് സ്വന്തമായി ആരാധിക്കാന്‍ പോലും കഴിയാതെ നിലകൊള്ളുന്നതെന്ന്.
 

ഇന്നിപ്പോഴും തുടരുന്ന പ്രവര്‍ത്തിയാണിത്. പലര്‍ക്കും അവരുടെ കുടുംബദേവതകള്‍ക്ക് വലിയ അമ്പലങ്ങള്‍ പണിയണം. അമ്പലം പണിതാല്‍ പിന്നീട് സംഭവിക്കുന്ന ഭവിഷ്യത്തുകള്‍ തലമുറയ്ക്ക് താങ്ങാനാവാത്ത ദുരിതമായിരിക്കും. ഇത് മാത്രവുമല്ല ഇത്തരം പല അമ്പലങ്ങളും പൂജാരിമാരെ കിട്ടാത്തതിനാല്‍ അടഞ്ഞുകിടക്കുന്ന കാഴ്ച കേരളത്തിലങ്ങോളമിങ്ങോളം കാണാവുന്നതുമാണ്.
 

ദേവപ്രശ്‌നങ്ങള്‍ക്ക് പോവുമ്പോള്‍, ബ്രാഹ്‌മണപൂജ വേണ്ട, നിങ്ങളുടെ പൂര്‍വ്വാചാരപൂജകള്‍ മതി എന്ന് പറയും. അതെ; അറിവും തിരിച്ചറിവും ഒട്ടനവധി ആള്‍ക്കാരുടെ ദുരിതം കേട്ടറിഞ്ഞതും കൊണ്ടാണ്, നിങ്ങള്‍ ആര്‍ക്കും അത്തരം ദുരിതങ്ങള്‍ സംഭവിക്കരുത് എന്ന് കരുതിത്തന്നെയാണ് അപ്രകാരം പറയുന്നതും.
 

പ്രദീപ് നമ്പൂതിരി
(9446897909)
തയ്യാറാക്കിയത്:
നാരായണന്‍പോറ്റി
ഫോട്ടോ: പ്രദീപ്കൃഷ്ണന്‍