സ്വര്‍ഗ്ഗപ്രാപ്തിയും ദാമ്പത്യസന്തുഷ്ടിയും നല്‍കുന്ന വ്രതങ്ങള്‍
വ്രതം എന്നുകേള്‍ക്കുമ്പോള്‍ അത് സ്ത്രീകള്‍ക്കുമാത്രം നിശ്ചയിച്ചിട്ടുള്ളതാണെന്നാണ് പരക്കെ ധാരണ. ഈ വ്രതം ആണുങ്ങള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ്. വൈധവ്യദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ സ്ത്രീകള്‍ക്കും, പത്നിവിയോഗദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ പുരുഷന്മാര്‍ക്കും ഈ വ്രതത്താല്‍ കഴിയുമെന്ന് സാരം.
പ്രഥമതിഥിവ്രതത്തെയാണ് സംവത്സരവ്രതം എന്ന പേരില്‍ അറിയപ്പെടുന്നത്. ശകവര്‍ഷത്തിലെ കാര്‍ത്തികമാസത്തിലോ, മാഘമാസത്തിലോ, വൈശാഖമാസത്തിലോ വ്രതം ആരംഭിക്കാം. വെളുത്തപക്ഷത്തിലെ പ്രഥമതിഥിയിലാണ് വ്രതം ആരംഭിക്കേണ്ടത്.
പ്രഥമവ്രതം അനുഷ്ഠിക്കുന്നവര്‍ ഇതിനുമുമ്പായി വരുന്ന ചതുര്‍ദ്ദശി ദിനത്തില്‍ ഒരിക്കല്‍ ഇരിക്കേണ്ടതാണ്. ഒരുനേരം മാത്രം ഊണുകഴിക്കുന്നതിനെയാണ് ഒരിക്കല്‍ എന്നുപറയുന്നത്. ബാക്കിനേരങ്ങളില്‍ പഴമോ, പാലോ, പലഹാരമോ കഴിക്കാം.
അമാവാസി ദിവസം ഉപവാസം അനുഷ്ഠിക്കാം. വ്രതാനുഷ്ഠാനദിനമായ പ്രഥമതിഥിയില്‍ പ്രഭാതസ്നാനം നിര്‍വ്വഹിച്ചശേഷം 'ഓം ഭൂര്‍ ഭുവഃ സ്വഃ' എന്ന ഗായത്രീമന്ത്രം ഉരുവിടണം. ബ്രഹ്മാവ് എന്നില്‍ പ്രസന്നനാകണമെന്ന പ്രാര്‍ത്ഥനയോടെ 'ബ്രഹ്മമേ പ്രീയതാം പ്രഭുഃ' എന്ന മന്ത്രം ഉച്ചരിക്കണം. ഇപ്രകാരം ഒരു വര്‍ഷത്തില്‍ വരുന്ന മേല്‍പ്പറഞ്ഞ ശകവര്‍ഷ മാസങ്ങളിലോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിലെ പന്ത്രണ്ട് മലയാളമാസങ്ങളിലെ ശുക്ലപക്ഷത്തില്‍ വരുന്ന പ്രഥമതിഥിയിലോ വ്രതം അനുഷ്ഠിക്കാവുന്നതാണ്.
വ്രതഫലം
ബ്രഹ്മാവിനെ പ്രീതിപ്പെടുത്തുകയാണ് ഈ വ്രതാനുഷ്ഠാനത്തിന്‍റെ ലക്ഷ്യം. ഇതിലൂടെ ഉപാസകന് സര്‍വ്വാഭീഷ്ടങ്ങളും സിദ്ധിക്കുന്നതോടൊപ്പം തേജസ്സും, ദീര്‍ഘായുസ്സും സമ്പല്‍ സമൃദ്ധിയും ഉണ്ടാകുമെന്നാണ് ഫലശ്രുതി.
ഇതിന് ഉദാഹരണമാണ് വിശ്വാമിത്രന്‍റെ കഥ. ക്ഷത്രിയകുലത്തില്‍ പിറന്ന വിശ്വാമിത്രന്‍ തനിക്ക് ബ്രാഹ്മണ്യം പ്രാപ്തമാക്കണമെന്ന ഉദ്ദേശത്തോടെ കഠിനമായി തപസ്സനുഷ്ഠിച്ചു. ബ്രാഹ്മണ്യം ലഭിച്ചെന്നുമാത്രമല്ല. വിശ്വാമിത്രന്‍റെ തപസ്സുമൂലം ദേവന്മാര്‍ക്ക് ഉപദ്രവങ്ങള്‍ നേരിടേണ്ടതായും വന്നു. ഒടുവില്‍ അദ്ദേഹം ബ്രഹ്മദേവനെ പ്രീതിപ്പെടുത്തുന്നതിനായി പ്രഥമതിഥിവ്രതം ഒരു സംവത്സരം അനുഷ്ഠിച്ചു. ഇതില്‍ സന്തുഷ്ടനായ ബ്രഹ്മദേവന്‍ വിശ്വാമിത്രന് 'ബ്രാഹ്മണ്യം' കനിഞ്ഞരുളുകയും ചെയ്തു. പ്രഥമതിഥി വ്രതം അനുഷ്ഠിക്കുന്ന ബ്രാഹ്മണരല്ലാത്ത മൂന്ന് വര്‍ണ്ണങ്ങള്‍ക്കും(ക്ഷത്രിയ-വൈശ്യ-ശൂദ്ര) ഉയര്‍ന്ന ബ്രാഹ്മണകുലത്തില്‍ ജന്മം സിദ്ധിക്കുമെന്നും വ്രതഫലത്തില്‍ പറയുന്നു. ബ്രഹ്മാവിന്‍റെ അനുഗ്രഹത്താല്‍ വ്രതോപാസകന് സ്വര്‍ഗ്ഗത്തിലെത്താന്‍ കഴിയുമെന്നും പ്രഥമതിഥി വ്രതത്തിന്‍റെ ഫലശ്രുതിയില്‍ പറയുന്നുണ്ട്.
അശൂന്യശയനവ്രതം
ദ്വിതീയ തിഥി വ്രതത്തെയാണ് ഈ പേരില്‍ അറിയപ്പെടുന്നത്. ശകവര്‍ഷത്തിലെ കാര്‍ത്തിക മാസത്തില്‍ വരുന്ന രണ്ടാമത്തെ തിഥിയായ ദ്വീതിയയ്ക്ക് വ്രതം ആരംഭിക്കാം. കാര്‍ത്തികമാസത്തെക്കാള്‍ നമുക്ക് എളുപ്പം മലയാളത്തിലെ ഏതെങ്കിലും ഒരു മാസം സൗകര്യപ്രദമായി തെരഞ്ഞെടുത്ത് വ്രതം ആരംഭിക്കുകയെന്നതാണ്. വ്രതം ആരംഭിച്ച് ഒരു വര്‍ഷം മുടങ്ങാതെ എടുക്കേണ്ടതാണ്. അത് എല്ലാമാസത്തിലെയും ശുക്ലപക്ഷ ദ്വിതീയയ്ക്കാണ് വ്രതം അനുഷ്ഠിക്കേണ്ടത്.
ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ അതാതുകാലത്ത് ലഭ്യമാകുന്ന പുഷ്പങ്ങള്‍ മാത്രമേ ആഹാരമാക്കാവൂ എന്നാണ് നിഷ്ഠ. അത് പലപ്പോഴും പ്രായോഗികമല്ലാത്തതിനാല്‍ ഫലങ്ങള്‍ കഴിച്ചും ദ്വിതീയ തിഥിവ്രതം നോല്‍ക്കാം. അശ്വനിദേവകളെ ഉദ്ദേശിച്ചാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്.
വ്രതം എന്നുകേള്‍ക്കുമ്പോള്‍ അത് സ്ത്രീകള്‍ക്കുമാത്രം നിശ്ചയിച്ചിട്ടുള്ളതാണെന്നാണ് പരക്കെ ധാരണ. ഈ വ്രതം ആണുങ്ങള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ്. വൈധവ്യദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ സ്ത്രീകള്‍ക്കും, പത്നിവിയോഗദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ പുരുഷന്മാര്‍ക്കും ദ്വിതീയ തിഥി വ്രതത്താല്‍ കഴിയുമെന്ന് സാരം.
ഈ അശൂന്യശയനതിഥിയുടെ ഉപാസനാമൂര്‍ത്തി ശ്രീലക്ഷ്മി നാരായണനാണ്. ലക്ഷ്മീ ദേവിയോടൊപ്പം ആദിശേഷതല്‍പ്പത്തില്‍ ശയനം കൊള്ളുന്ന ശ്രീമഹാവിഷ്ണുവിനെ ഉദ്ദേശിച്ചാണ് അശൂന്യശയനവ്രതം അനുഷ്ഠിക്കുന്നത്.
'ശൂന്യശയനം' എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് സ്ത്രീക്ക് സഹശയനത്തിന് ഭര്‍ത്താവ്(പുരുഷന്‍) ഇല്ലാത്ത അവസ്ഥ എന്നാണ്. ഇതുപോലെ തിരിച്ചും പുരുഷന് സഹശയനത്തിന് പത്നിയില്ലാത്ത സ്ഥിതി വിശേഷവുമുണ്ട്. വൈധവ്യയോഗവും ഭാര്യാവിയോഗദുഃഖവും പരിഹരിച്ചുകിട്ടാനും നെടുനാള്‍ സുഖകരമായ ദാമ്പത്യജീവിതം നയിക്കാനും അശൂന്യശയനദ്വിതീയ വ്രതാനുഷ്ഠാനത്താല്‍ സാദ്ധ്യമാകും.
അശൂന്യശയനവ്രതം ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ ദ്വിതീയയ്ക്ക് ആരംഭിക്കുന്നത് വളരെ ഉത്തമമാണെന്നും ഒരഭിപ്രായമുണ്ട്.
അനുഷ്ഠാനം
ദ്വിതീയ ദിവസം പ്രഭാതസ്നാനത്തിനുശേഷം ശ്രീവത്സാദിചിഹ്നങ്ങളോടുകൂടിയ മഹാവിഷ്ണുവിനെ, സര്‍വ്വാഭരണ വിഭൂഷിതയായ ശ്രീലക്ഷ്മി സമേതനായി ഭക്തിപൂര്‍വ്വം മനസ്സില്‍ സ്മരിച്ചുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിക്കണം-
'ശ്രീലക്ഷ്മി നാരായണനായ ഭഗവാനെ, സര്‍വ്വൈശ്വര്യങ്ങള്‍ക്കും ഇരിപ്പിടമായിട്ടുള്ള അവിടുന്ന് ഒരിക്കലും നാശമില്ലാത്തവനാണല്ലോ. ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍ അനുഭവയോഗ്യമാക്കി ത്തീര്‍ക്കുന്ന എന്‍റെ ഗൃഹസ്ഥാശ്രമ ജീവിതം നാശമടയാനിടയാക്കരുതേ. എന്‍റെ പശുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നാശംഭവിക്കരുതേ. അവിടുന്ന് സദാ ലക്ഷ്മിദേവിയോടൊപ്പം വര്‍ത്തിക്കുന്നതുപോലെ എന്‍റെ പത്നിയോടൊപ്പം സന്തുഷ്ടജീവിതം നയിക്കാന്‍ ഇടയാക്കണേ. പത്നിയോടൊപ്പമുള്ള ശയനം ശൂന്യമാക്കരുതേ..'
ഇപ്രകാരം പ്രാര്‍ത്ഥിച്ച് ലക്ഷ്മിദേവിയേയും ശ്രീമഹാവിഷ്ണുവിനേയും സങ്കല്‍പ്പിച്ച് പ്രത്യേകം ആരാധിക്കണം. ശേഷം ഭഗവാന് നിവേദിച്ച വസ്തുക്കള്‍ ആഹാരമാക്കാം. മധുരഫലങ്ങളോ, വസ്ത്രങ്ങളോ ദമ്പതിമാര്‍ക്ക് ദാനമായി നല്‍കാം.
അശ്വിനിദേവകളാണ് ദ്വിതീയ വ്രതത്തിന്‍റെ അധിപന്മാര്‍ എങ്കിലും ശ്രാവണം തൊട്ടുള്ള നാലുമാസങ്ങളിലെ കൃഷ്ണപക്ഷ ദ്വിതീയവ്രതത്തിന്‍റെ അധിദേവത ശ്രീലക്ഷ്മീനാരായണന്മാര്‍ക്ക് അശ്വിനീദേവതകള്‍ തന്നെ കല്‍പ്പിച്ചുകൊടുത്തിട്ടുള്ളതാണെന്ന് പറയപ്പെടുന്നു.
എന്‍.ടി. സതീഷ്
Photo Courtesy - Google
