ദോഷസംഹാരിണിയായ വ്യാഴന്‍
വ്യാഴം സര്‍വ്വേശ്വര കാരകനാണ്. സര്‍വ്വേശ്വര കാരകനായതുകൊണ്ട് ജാതകപ്രശ്നാദികളില്‍ വ്യാഴത്തിന്‍റെ ഇഷ്ടസ്ഥിതിക്ക് പ്രാധാന്യം നല്‍കി വരുന്നു. ധനു മീനരാശികള്‍ സ്വക്ഷേത്രവും കര്‍ക്കിടകം ഉച്ചവും മകരം നീചവുമാണ്. വ്യാഴത്തിന്‍റെ ബന്ധുഗ്രഹങ്ങള്‍ രവിചന്ദ്രകുജന്മാരും ശത്രുഗ്രഹങ്ങള്‍ ബുധശുക്രന്മാരും സമന്‍ ശനിയുമാണ്. വ്യാഴദശ പതിനാറ് കൊല്ലമാണ്. പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യം വ്യാഴദശയാണ് വരുന്നത്. ലക്ഷം ദോഷങ്ങളെയും ഇല്ലാതാക്കുന്ന ദേവഗുരുവാണ് വ്യാഴം.
വ്യാഴം സര്‍വ്വേശ്വര കാരകനാണ്. സര്‍വ്വേശ്വര കാരകനായതുകൊണ്ട് ജാതകപ്രശ്നാദികളില്‍ വ്യാഴത്തിന്‍റെ ഇഷ്ടസ്ഥിതിക്ക് പ്രാധാന്യം നല്‍കി വരുന്നു. ധനു മീനരാശികള്‍ സ്വക്ഷേത്രവും കര്‍ക്കിടകം ഉച്ചവും മകരം നീചവുമാണ്. വ്യാഴത്തിന്‍റെ ബന്ധുഗ്രഹങ്ങള്‍ രവിചന്ദ്രകുജന്മാരും ശത്രുഗ്രഹങ്ങള്‍ ബുധശുക്രന്മാരും സമന്‍ ശനിയുമാണ്. വ്യാഴദശ പതിനാറ് കൊല്ലമാണ്. പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യം വ്യാഴദശയാണ് വരുന്നത്. ലക്ഷം ദോഷങ്ങളെയും ഇല്ലാതാക്കുന്ന ദേവഗുരുവാണ് വ്യാഴം.
വ്യാഴത്തിന്‍റെ കാരകത്വങ്ങള്‍
ഓരോ ഗ്രഹത്തിനും പ്രത്യേക കാരകത്വങ്ങളുണ്ട്. സന്താനം, ധനം, ജ്ഞാനം, ദൈവഭക്തി, സൗഭാഗ്യം, ആചാരാനുഷ്ഠാനങ്ങള്‍, വിദ്യ, മന്ത്രോപാസന എന്നിവ വ്യാഴത്തിന്‍റെ കാരകത്വങ്ങളാണ്. ഒരു ഗ്രഹത്തിന്‍റെ ബലം, അനുകൂലസ്ഥിതി ഇവയുണ്ടാകുമ്പോള്‍ കാരകത്വമനുസരിച്ചുള്ള ഗുണഫലങ്ങള്‍ നല്‍കും. അതുപോലെ ഗ്രഹം ദുര്‍ബലമാകുകയോ പ്രതികൂല സ്ഥിതിയില്‍ ആകുകയോ ചെയ്താല്‍ ദോഷഫലങ്ങളും നല്‍കും.
വ്യാഴം ബലവാനായാല്‍
വ്യാഴം ബലവാനായാല്‍ ഈശ്വരാനുഗ്രഹവും ആശീര്‍വാദവും ആ വ്യക്തിക്ക് വേണ്ടുവോളം ലഭിക്കും. ശുഭാപ്തി വിശ്വാസം വച്ച് പുലര്‍ത്തുന്നവരുമായിരിക്കും. ആകര്‍ഷണീയ പെരുമാറ്റത്തിന് ഉടമകളായിരിക്കും. ഹൃദയവിശാലതയുള്ളവരായിരിക്കും. പരോപകാരികളായിരിക്കും.
വ്യാഴം ദുര്‍ബലനായാല്‍
ജാതകത്തില്‍ വ്യാഴം ദുര്‍ബലനായ വ്യക്തിക്ക് ഈശ്വരവിശ്വാസം കുറവായിരിക്കും. ആത്മവിശ്വാസം കുറവുണ്ടാകും. സന്താനങ്ങളില്‍ നിന്ന് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകില്ല. സാമ്പത്തികമായ പ്രതിസന്ധികളില്‍ അകപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണെങ്കില്‍ കരുതലോടുകൂടി പോയില്ലെങ്കില്‍ പ്രതീക്ഷകള്‍ തകിടം മറിയും.
സ്ത്രീകള്‍ക്ക് ഗുരുബലം മുഖ്യം
സ്ത്രീജാതകത്തില്‍ ഗുരു ചന്ദ്രന്‍റെ രണ്ട്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് ഭാവങ്ങളില്‍ ഇരുന്നാല്‍ നന്മകള്‍ നല്‍കും. ധനസ്ഥാനമായ രണ്ടില്‍ നിന്നാല്‍ ധനസമൃദ്ധിയുണ്ടാകും. സന്താനസ്ഥാനമായ അഞ്ചില്‍ നിന്നാല്‍ സന്താനാഭിവൃദ്ധിയുണ്ടാകും. കളത്രസ്ഥാനമായ ഏഴില്‍ നിന്നാല്‍ ദീര്‍ഘസുമംഗലിയായിരിക്കും. ഭാഗ്യസ്ഥാനമായ ഒമ്പതില്‍ നിന്നാല്‍ ക്ഷേമാഐശ്വര്യങ്ങള്‍ ഉണ്ടാകും. ലാഭസ്ഥാനമായ പതിനൊന്നില്‍ നിന്നാല്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും. ഗുരുവിനോട് പാപികള്‍ ചേര്‍ന്നോ അനിഷ്ടസ്ഥാനത്തോ നിന്നാല്‍ ഭര്‍തൃസംബന്ധമായും സന്താനസംബന്ധമായും പ്രശ്നങ്ങളുണ്ടാകും.
ഹംസയോഗം
പഞ്ചമഹാ പുരുഷയോഗങ്ങളില്‍ വ്യാഴം നല്‍കുന്ന മഹായോഗമാണ് ഹംസയോഗം. വ്യാഴം ലഗ്നകേന്ദ്രത്തില്‍ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നില്‍ക്കുമ്പോഴാണ് ഹംസയോഗം സംഭവിക്കുന്നത്. ഈശ്വരവിശ്വാസികളും ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസം ഉള്ളവരുമായിരിക്കും. രാജതുല്യമായ പദവികളില്‍ വിരാജിക്കും. ഗുരു, ഉപദേഷ്ടാവ്, ആചാര്യന്‍ എന്നീ നിലകളില്‍ ശോഭിക്കും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. സുഖഭോഗങ്ങള്‍ അനുഭവിക്കും. ദീര്‍ഘായുസ്സ് ഉണ്ടാകും.
ഗജകേസരിയോഗം
ചന്ദ്രകേന്ദ്രത്തില്‍ വ്യാഴം ബലവാനായി നില്‍ക്കുന്നതാണ് ഗജകേസരി യോഗം. ഈ യോഗത്തില്‍ ജനിക്കുന്നവര്‍ ശത്രുക്കളെ പരാജയപ്പെടുത്തുന്നവരും സാഹസിക പ്രവര്‍ത്തികളില്‍ തല്‍പ്പരരും ആയിരിക്കും. ബുദ്ധിസാമര്‍ത്ഥ്യത്താല്‍ അനുഗൃഹീതരായിരിക്കും. വാക്ചാതുര്യമുള്ളവരും ഉന്നതമായ പദവി അലങ്കരിക്കുന്നവരുമായിരിക്കും. ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകും.
ശകടയോഗം
ഇത് ഒരു ദുര്‍യോഗമാണ്. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളില്‍ വ്യാഴം നില്‍ക്കുന്നത് ശകടയോഗമാണ്. ചന്ദ്രനോ വ്യാഴമോ ലഗ്നമോ കേന്ദ്രത്തിലോ ത്രികോണത്തിലോ നിന്നാല്‍ യോഗഭംഗം വരും. പ്രസ്തുത യോഗത്തില്‍ ജനിച്ചാല്‍ സാമ്പത്തികപരാധീനതയും മനോദുഃഖവും ആയാസവും ഹൃദയപീഡയും അലസതയും ഫലം.
ഗ്രഹയോഗങ്ങള്‍
വ്യാഴവും സൂര്യനും യോഗം ചെയ്താല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ആദരവും ലഭിക്കും. തൊഴില്‍രംഗത്ത് നേട്ടങ്ങളുണ്ടാകും. ഉന്നതപദവി അലങ്കരിക്കും.
വ്യാഴവും ചന്ദ്രനും യോഗം ചെയ്താല്‍ ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവര്‍ത്തനം വിജയത്തിലെത്തും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. ബന്ധുമിത്രാദികളുമായി സന്തോഷത്തോടെ കഴിയും. സന്താനസൗഭാഗ്യം ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. വ്യാഴവും ചൊവ്വയും കൂടി യോഗം ചെയ്താല്‍ നേതൃത്വപാടവം ഉള്ളവരും ബിസിനസ്സ് രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നവരുമായിരിക്കും. ഉയര്‍ന്ന ലക്ഷ്യമുള്ളവരും ശാസ്ത്രജ്ഞാനമുള്ളവരും ജ്യോതിഷത്തില്‍ പാണ്ഡിത്യമുള്ളവരുമായിരിക്കും. സര്‍ക്കാരില്‍ നിന്ന് ആദരവ് ലഭിക്കും. വ്യാഴവും ബുധനും കൂടി യോഗം ചെയ്താല്‍ ശുഭാപ്തി വിശ്വാസം വച്ചുപുലര്‍ത്തുന്നവരായിരിക്കും. കലാവാസനയുള്ളവരായിരിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കും.
വ്യാഴവും ശുക്രനും കൂടി യോഗം ചെയ്താല്‍ സൗഭാഗ്യപ്രദമായ ജീവിതം നയിക്കുവാനിടവരും. സാമ്പത്തികഭദ്രത ഉണ്ടാകും. സമൂഹത്തില്‍ മാന്യമായ ഒരു സ്ഥാനമുണ്ടാകും. പരോപകാരിയായിരിക്കും. രാഷ്ട്രീയരംഗത്തും ശോഭിക്കും. വ്യാഴവും ശനിയും കൂടി യോഗം ചെയ്താല്‍ ആദ്ധ്യാത്മികതയില്‍ താല്‍പ്പര്യമുണ്ടാകും. സത്യത്തിനും നീതിക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കും. വ്യാഴവും രാഹുവും യോഗം ചെയ്യുന്നത് ഗുരു ചണ്ഡാളയോഗമാണ്. എല്ലാവിധ യോഗങ്ങളെയും ഇല്ലാതാക്കുന്ന ഒരു യോഗമാണ്. ഈശ്വരനിന്ദ ചെയ്യും. വ്യാഴവും കേതുവും യോഗം ചെയ്താല്‍ ജ്ഞാനത്തിന് അനുകൂലമാണ്. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
വ്യാഴപ്രീതി എങ്ങനെ നേടാം?
വ്യാഴപ്രീതിക്ക് മഹാവിഷ്ണുവിനെ ഭജിക്കുക. വ്യാഴാഴ്ച തോറും വ്രതമനുഷ്ഠിച്ച് വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുക. വിഷ്ണുസഹസ്രനാമം ജപിക്കുക. ഭാഗവതം പാരായണം ചെയ്യുക. ഏകാദശിവ്രതം അനുഷ്ഠിക്കുക. മഞ്ഞവസ്ത്രം ധരിക്കുക. തുളസിമാല ധരിക്കുക. സാത്വികമായ ജീവിതരീതി പുലര്‍ത്തുക. വ്യാഴപ്രീതികരമായ കര്‍മ്മാനുഷ്ഠാനങ്ങളിലൂടെ ജീവിതം ധന്യമാക്കുക.
ശ്രീകുമാര്‍ പെരിനാട്
മൊ: 9037520325
Photo Courtesy - Google
