വ്യാഴം മാറുന്നു ജീവിതവും

വ്യാഴം മാറുന്നു ജീവിതവും

HIGHLIGHTS

ഗ്രഹങ്ങളില്‍ സര്‍വ്വേശ്വരകാരകനാണ് വ്യാഴം. ചാരവശാല്‍ വ്യാഴം ഒരു രാശിയില്‍ ഒരു വര്‍ഷം നില്‍ക്കും. ജാതകത്തില്‍ ധനം, സന്താനഗുണം, ദൈവാധീനം, ഐശ്വര്യം, ലക്ഷ്മിവാസം ഇവ ചിന്തിക്കുന്നത് വ്യാഴഗ്രഹത്തെ കൊണ്ടാണ്. വ്യാഴത്തിന്‍റെ ദൃഷ്ടി, ശുഭ അശുഭ സ്ഥാനം, ബന്ധു ശത്രുഗുണം, ഉച്ച- നീച അവസ്ഥ ഇവയ്ക്ക് അനുസരിച്ചാണ് ഒരാളുടെ ജീവിതത്തിലെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്. ചുരുക്കത്തില്‍ ഗ്രഹനിലയില്‍ ഒരു വ്യക്തിയെ ഏറ്റവും സ്വാധീനിക്കുന്ന ഗ്രഹം വ്യാഴമാണ്. അനുഭവയോഗങ്ങള്‍, ഭാഗ്യം, അവസരങ്ങള്‍, ജീവിതവിജയം ഇവയെല്ലാം വ്യാഴത്തിന്‍റെ അവസ്ഥകൊണ്ട് ചിന്തിക്കാവുന്നതാണ്. ചുരുക്കത്തില്‍ വ്യാഴം നന്നായാല്‍ ജീവിതവും നന്നാവും. മറ്റെല്ലാ ഗ്രഹസ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്‍റെ സ്ഥിതി ദോഷകരമാണെങ്കില്‍ അനുഭവഗുണം കുറയും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനക്കുറവ് അനുഭവപ്പെടും.

1200 മേടമാസം 31 (14-5-2025) ന് 41 നാഴിക 12 വിനാഴികയ്ക്ക് വ്യാഴം ഇടവം രാശിയില്‍ നിന്നും മിഥുനം രാശിയിലേക്ക് മാറുകയാണ്. അതുപ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്‍റെ കൂടെ ജാതകാല്‍ കൂടി പരിശോധിച്ചുവേണം ഗുണദോഷഫലങ്ങള്‍ വിലയിരുത്തേണ്ടത്.

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

മേടക്കൂറുകാര്‍ക്ക് വ്യാഴം രണ്ടാം ഭാവത്തില്‍ നിന്നും മൂന്നാം ഭാവത്തിലേക്ക് മാറുകയാണ്. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടായിവരും. എല്ലാ കാര്യങ്ങളിലും ശ്രദ്ധ വളര്‍ത്തണം. ജോലി, വിദേശവാസം ഇവയ്ക്ക് ഗുണകരമായ കാലം. വിവാഹകാര്യം വിചാരിക്കുന്നപോലെ എളുപ്പമല്ല. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള താക്കീത് വരാതെ ശ്രദ്ധിക്കുക. കച്ചവടത്തിലെ പ്രശ്നങ്ങള്‍ ബുദ്ധിപൂര്‍വ്വം തരണം ചെയ്യുക. പരീക്ഷകളില്‍ കഠിനാദ്ധ്വാനം വേണ്ടിവരും. ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരും. ആരോഗ്യശ്രദ്ധ വേണം.

ദോഷനിവാരണാര്‍ത്ഥം നരസിംഹമൂര്‍ത്തിക്ക് പാനകം, ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, ശാസ്താവിന് നീരാജനം, കാക്കയ്ക്ക് ഭക്ഷണം നല്‍കുക. 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍,രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

ഇടവക്കൂറുകാര്‍ക്ക് വ്യാഴം ജന്മത്തില്‍ നിന്നും ധനഭാവത്തിലേക്ക് മാറുകയാണ്. അപ്രതീക്ഷിത ധനലാഭത്തിന് സാദ്ധ്യത. ധനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കും. യാത്രകള്‍ ഗുണകരം. വിവാഹകാര്യങ്ങള്‍ പുരോഗമിക്കും. പ്രണയവിജയം, ബിസിനസ്സില്‍ ഗുണാനുഭവ കാലമാണ്. പുതിയ ഭൂമി, ഗൃഹം, വാഹനം ഇവ വാങ്ങാന്‍ കാലം അനുകൂലം. പരീക്ഷാവിജയം, ഉപരിപഠനം, സര്‍ക്കാര്‍ സഹായം ഇവയും ഉണ്ടാവും. ശത്രുക്കളെ കരുതിയിരിക്കുക.

ദോഷനിവാരണാര്‍ത്ഥം ദേവീക്ഷേത്രത്തില്‍ കുങ്കുമാര്‍ച്ച, നക്ഷത്രദിവസം ഗണപതിഹോമം.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

മിഥുനക്കൂറുകാര്‍ക്ക് വ്യാഴം പന്ത്രണ്ടാം ഭാവത്തില്‍ നിന്നും ജന്മത്തിലേക്ക് മാറുകയാണ്. അനാവശ്യവിവാദങ്ങളില്‍ ചെന്നുചാടരുത്. ധനം കൈകാര്യം ചെയ്യുമ്പോള്‍ അബദ്ധം പറ്റാതെ നോക്കുക. ധൂര്‍ത്ത് ഒഴിവാക്കുക. ഏത് തീരുമാനവും ക്ഷമയോടെ ആലോചിച്ച് മതി. പുതിയ സൗഹൃദങ്ങള്‍ ഗുണം ചെയ്യും. ആത്മവിശ്വാസം കൈവിടരുത്. ബിസിനസ്സില്‍ പുതിയ കരാര്‍ പദ്ധതികള്‍ എന്നിവ ഉടന്‍ വേണ്ട.

ദോഷനിവാരണാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ സുദര്‍ശനാര്‍ച്ചന.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

കര്‍ക്കിടക്കൂറുകാര്‍ക്ക് വ്യാഴം പതിനൊന്നാം ഭാവത്തില്‍ നിന്നും പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുകയാണ്. കടബാധ്യതകള്‍ വരുത്തരുത്. നിയമകാര്യങ്ങളില്‍ വിട്ടുവീഴ്ച വേണം. ധനകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുക. ജാമ്യം, മധ്യസ്ഥത പാടില്ല. സന്താനങ്ങള്‍ക്ക് വിഷമങ്ങള്‍ക്കിടവരാതെ ജാഗ്രത. ബിസിനസ്സില്‍ തല്‍ക്കാലം മാറ്റങ്ങള്‍ വേണ്ട. പുതിയ പദ്ധതികള്‍ ഉടന്‍ വേണ്ട. ആരോഗ്യശ്രദ്ധ വേണം. എല്ലാവരോടും മനസ്സ് തുറക്കരുത്. വിദേശയോഗം, വാക്കിലും പ്രവൃത്തിയിലും ക്ഷമ വേണം. അപകടസാദ്ധ്യതയുള്ള എല്ലാ പ്രവൃത്തികളും പരമാവധി ഒഴിവാക്കണം.

ദോഷനിവാരണാര്‍ത്ഥം വിഷ്ണുവിന്‍റെ അവതാരമൂര്‍ത്തി ക്ഷേത്രങ്ങളില്‍ അര്‍ച്ചനനിവേദ്യം, ഗണപതിഹോമം.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ചിങ്ങക്കൂറുകാര്‍ക്ക് വ്യാഴം പത്താം ഭാവത്തില്‍ നിന്നും പതിനൊന്നാം ഭാവത്തിലേക്ക് മാറുകയാണ്. ജോലിസാദ്ധ്യത തെളിയും. ഉദ്യോഗക്കയറ്റം. നിയമതടസ്സങ്ങള്‍ അകലും. ബിസിനസ്സില്‍ പുരോഗതി, കുടുംബസ്വത്ത് ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സമകലും. ചിരകാലസ്വപ്നങ്ങള്‍ പൂവണിയും. വിവാഹം നടക്കും. വ്യാപാര വ്യവസായ രംഗങ്ങളിലുള്ളവര്‍ക്ക് പുരോഗതി. സന്താനങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ആഭരണലബ്ധി, അര്‍ത്ഥലാഭം, അകന്നിരുന്നവര്‍ അടുക്കും.

ദോഷനിവാരണാര്‍ത്ഥം ഗണപതി ഹോമം, ശാസ്താവിന് എള്ള് പായസം, ഹനുമാന്‍ സ്വാമിക്ക് അവല്‍ നിവേദ്യം, കാക്കയ്ക്ക് ഭക്ഷണം നല്‍കുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

കന്നിക്കൂറുകാര്‍ക്ക് വ്യാഴം ഒന്‍പതാം ഭാവത്തില്‍ നിന്നും പത്താം ഭാവത്തിലേക്ക് മാറുകയാണ്. ജോലിമാറ്റം പ്രതീക്ഷിക്കാം. അപ്രതീക്ഷിത സുഖാനുഭവം വരാനുള്ള സാഹചര്യം വന്നുചേരും. ജീവിതമുന്നേറ്റത്തിന് വഴി തെളിയും. ഒരു പരിധിയിലധികം ആരേയും ആശ്രയിക്കരുത്. വാക്കുകളില്‍ നിയന്ത്രണം വേണം. പിടിവാശിയും മുന്‍കോപവും ഉപേക്ഷിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. ദുഷ്ടജനങ്ങളുമായുള്ള സമ്പര്‍ക്കം പാടില്ല. വിശ്വസ്തരില്‍ നിന്ന് ചതിവരാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിത ധനലാഭം, ഭൂമി, വീട് ലാഭം, റിയല്‍ എസ്റ്റേറ്റില്‍ ഗുണകാലം.

ദോഷനിവാരണാര്‍ത്ഥം ഗണപതിഹോമം, ദേവീപ്രീതി, ശിവന് ജലധാര, പിന്‍വിളക്ക്, ശാസ്താവിന് നീരാജനം, ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

തുലാക്കൂറുകാര്‍ക്ക് വ്യാഴം എട്ടാംഭാവത്തില്‍ നിന്നും ഒന്‍പതാം ഭാവത്തിലേക്ക് മാറുകയാണ്. നഷ്ടപ്പെട്ട ധനം ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. ഉപരിപഠനസാദ്ധ്യത തെളിയും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഫലപ്രാപ്തി. പ്രണയസാഫല്യം. പുതിയ സാഫല്യ സൗഹൃദങ്ങള്‍ ഗുണകരം. മംഗല്യഭാഗ്യം. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം. ബിസിനസ് രംഗത്ത് ശോഭിക്കും. വിദേശയാത്രയ്ക്ക് വഴിതെളിയും.

ദോഷനിവാരണാര്‍ത്ഥം ദേവിക്ക് കടുംപായസം, ഗണപതിഹോമം.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് വ്യാഴം ഏഴാം ഭാവത്തില്‍ നിന്നും അഷ്ടമത്തിലേക്ക് മാറുകയാണ്. ജാമ്യം, മധ്യസ്ഥത, തര്‍ക്കം ഇവ പാടില്ല. അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് പഴിവാങ്ങരുത്. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണ്ട കാലം. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്ന് താക്കീത് വരാതെ സൂക്ഷിക്കുക. വാക്കിലും പ്രവൃത്തിയിലും ക്ഷമ പുലര്‍ത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാദ്ധ്വാനം വേണം. കര്‍മ്മത്തില്‍ അലസത വെടിയണം. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത. പുതിയ സൗഹൃദങ്ങളില്‍ ശ്രദ്ധ വേണം. കാലം അത്ര നന്നല്ലെന്ന് ഓര്‍മ്മ വേണം. ജോലി മാറ്റത്തിന് ശ്രമിക്കരുത്.

ദോഷനിവാരണാര്‍ത്ഥം സുദര്‍ശനാച്ചര്‍ച്ചന, ഭാഗ്യസൂക്തം, വിഷ്ണു സഹസ്രനാമം ജപം, ഹനുമാന്‍ചാലീസ പാരായണം, ഹനുമാന്‍സ്വാമിക്ക് അവല്‍നിവേദ്യം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ധനക്കൂറുകാര്‍ക്ക് വ്യാഴം ആറാം ഭാവത്തില്‍ നിന്നും ഏഴാം ഭാവത്തിലേക്ക് മാറുകയാണ്. സ്വപ്നപദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ബിസിനസ്സില്‍ പുതിയ മാറ്റം, അപ്രതീക്ഷിത ഭാഗ്യാനുഭവം. പ്രണയസാഫല്യം, വിവാഹം, ദാമ്പത്യസുഖം, സ്ഥാനലാഭം, ഗൃഹസുഖം എന്നിവ ഫലം. അകന്നുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും അടുക്കും. ബിസിനസ്സ് മെച്ചപ്പെടും. കളത്രവീട്ടുകാരില്‍ നിന്നും ധനസഹായം ലഭിക്കും. വീട്, ഭൂമിലാഭം, ആഡംബരവസ്തുക്കള്‍ വാങ്ങുവാനവസരമുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്കും കലാകാര്‍ക്കും നേട്ടങ്ങള്‍.

ദോഷനിവാരണാര്‍ത്ഥം ശാസ്താപ്രീതി, ഗണപതി ഹോമം, ദേവിക്ക് നിവേദ്യം.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

മകരക്കൂറുകാര്‍ക്ക് വ്യാഴം അഞ്ചാം ഭാവത്തില്‍ നിന്നും ആറാം ഭാവത്തിലേക്ക് മാറുകയാണ്. യാത്രകളില്‍ നഷ്ടം വരാതെ സൂക്ഷിക്കുക. ആരോഗ്യശ്രദ്ധ വേണം. ബിസിനസ്സില്‍ നന്നായി ശ്രദ്ധിക്കുക. ഒപ്പം നില്‍ക്കുന്നവരില്‍ നിന്ന് ചതിവരാം. സഹായത്തിന് ചില തടസ്സങ്ങള്‍ വരാം. രഹസ്യ ഇടപാടുകള്‍ ഉണ്ടായേക്കാം. ഉന്നത ഉദ്യോഗസ്ഥരുമായുള്ള മാനസിക അകല്‍ച്ച സ്ഥാനചലനത്തിനിടവരാം. സന്താനങ്ങളുടെ കാര്യത്തില്‍ ജാഗ്രത വേണം. പുതിയ സൗഹൃദങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമായി വന്നേക്കാം. വാഹനകാര്യങ്ങളില്‍ ജാഗ്രത. പേരുദോഷം ഉണ്ടാകാതെ സൂക്ഷിക്കണം.

ദോഷനിവാരണാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരി അര്‍ച്ചന, ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, ഗണപതിഹോമം.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

കുംഭക്കൂറുകാര്‍ക്ക് വ്യാഴം നാലാം ഭാവത്തില്‍ നിന്നും അഞ്ചാം ഭാവത്തിലേക്ക് മാറുകയാണ്. പുതിയ പഠനങ്ങള്‍, വിദേശയോഗം, പരീക്ഷാവിജയം, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയവും സാമ്പത്തിക അഭിവൃദ്ധിയും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകും. ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നും ധനവരവ് ഉണ്ടാവും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച. മംഗല്യഭാഗ്യം. ഇണകളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. ഉപരിപഠനവിജയം. സ്വപ്നപദ്ധതികള്‍ പൂര്‍ത്തിയാക്കും. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. മാനസിക ഉല്ലാസം. വിനോദയാത്രകള്‍, യാത്രാഗുണം.

ദോഷനിവാരണാര്‍ത്ഥം ഹനുമാന്‍സ്വാമിക്ക് അവല്‍ നിവേദ്യം, കാക്കയ്ക്ക് ഭക്ഷണം നല്‍കുക. ഗണപതിഹോമം, ദേവിക്ക് കുങ്കുമാര്‍ച്ചന.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് വ്യാഴം മൂന്നാം ഭാവത്തില്‍ നിന്നും നാലാം ഭാവത്തിലേക്ക് മാറുകയാണ്. കുടുംബസ്വത്ത് കൈവരാം. മംഗല്യഭാഗ്യം. പരീക്ഷാവിജയം. വാഹനഭാഗ്യം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം. തൊഴില്‍പരമായും ധനക്രയവിക്രയപരമായും ചതി പറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. യാത്രാക്ലേശം. സൗഹൃദങ്ങള്‍ കുറയ്ക്കുക. അപവാദ സാദ്ധ്യത. മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സന്താനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. ദുഃശീലങ്ങള്‍ ഒഴിവാക്കണം. ധനം കൈകാര്യം ചെയ്യുമ്പോള്‍ അബദ്ധം പറ്റാതെ നോക്കുക. തീരുമാനവൈകല്യം വരാതെ നോക്കുക. പുതിയ പദ്ധതികള്‍ ക്ഷമയോടെ ആലോചിച്ച് മതി. വിശ്വസ്തരെ കൈവിടരുത്.

ദോഷനിവാരണാര്‍ത്ഥം ശാസ്താവിന് എള്ള് പായസം, ഹനുമാന്‍സ്വാമിക്ക് അവല്‍നിവേദ്യം. ഗണപതിഹോമം. ദേവിക്ക് കുങ്കുമാര്‍ച്ചന.

വ്യാഴപ്പിഴവിന് അനുഷ്ഠിക്കേണ്ടവ

പൊതുവില്‍ വ്യാഴപ്പിഴവ് ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് 6 8 12 ഭാവങ്ങളില്‍ ഉള്ളവര്‍ക്കാണ്. മകരം, വൃശ്ചികം, കര്‍ക്കിടകം രാശിയില്‍ ഉള്‍പ്പെട്ട നക്ഷത്രക്കാരെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. ഇടവം, കുംഭം, ധനു, തുലാം, കന്നി, ചിങ്ങം എന്നീ രാശിയില്‍പ്പെട്ട നക്ഷത്രക്കാര്‍ക്ക് ധനപരമായി സന്താനങ്ങളെ ക്കൊണ്ടും ഗുണകരമായ കാലമാണ്.

വ്യാഴദോഷം ഉള്ളവര്‍ക്ക് അത് നീങ്ങാനും, വ്യാഴഗുണം പൂര്‍ണ്ണമായി അനുഭവത്തില്‍ വരാനും വ്യാഴപ്രീതികരമായ അനുഷ്ഠാനങ്ങള്‍ ഗുണം ചെയ്യും. വ്യാഴാഴ്ചവ്രതം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിഷ്ണുവിന്‍റെ അവതാരമൂര്‍ത്തികളുടെ ക്ഷേത്രദര്‍ശനം, താരായന്ത്രധാരണം, താരാമന്ത്രജപം, വിഷ്ണുസഹസ്രനാജപം, മഞ്ഞകലര്‍ന്ന വസ്ത്രധാരണം, ഗുരുതുല്യര്‍ക്കും വൃദ്ധജനങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കുക, പാല്‍പ്പായസ ദാനം. സ്വര്‍ണ്ണം, മഞ്ഞപുഷ്യരാഗം ഇവ ധരിക്കുക, ബൃഹസ്പതി മന്ത്രജപം ഇവയൊക്കെ വ്യാഴപ്രീതി ഗുണകരമാണ്. ഒപ്പം ക്ഷേത്രപുനരുദ്ധാരണ കര്‍മ്മങ്ങളില്‍ പങ്കെടുക്കുക. ആനയ്ക്ക് ഭക്ഷണം നല്‍കുക ഇവയും ഗുണം ചെയ്യും.

ജ്യോതിഷരത്നം 
ഏരൂര്‍ ചന്ദ്രന്‍നായര്‍,
(9447865011)