വ്യാഴമാറ്റം ജനജീവിതത്തിലൂടെ...

വ്യാഴമാറ്റം ജനജീവിതത്തിലൂടെ...

HIGHLIGHTS

വ്യാഴരാശിപ്പകര്‍ച്ച മുതല്‍ ഒരു വര്‍ഷം വരെയുള്ള സാമാന്യ ഫലങ്ങളാണിവിടെ പറയുന്നത്. ഇതിന്‍റെ കൂടെ ജാതകം കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങള്‍ വിലയിരുത്തണം.

 

മീനശ്ശനി മിഥുനവ്യാഴം കൊല്ലവര്‍ഷം 1201 ഇടവമാസം 18 ന്(2026 ജൂണ്‍ 1) തിങ്കളാഴ്ച ഉദയാല്‍പൂര്‍വ്വം 10 നാഴിക 37 വിനാഴികയ്ക്ക്(രാത്രി 1 മണി 50 മിനിറ്റിന്) തൃക്കേട്ട നക്ഷത്രം വൃശ്ചികക്കൂറും കൃഷ്ണപക്ഷ പ്രഥമതിഥിയും പുലികരണവും സിദ്ധനാമ നിത്യയോഗവും കൂടിയ സമയം വ്യാഴസംക്രമം.

 

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

കുടുംബസ്ഥാനത്തേയ്ക്ക് വ്യാഴം വരുന്നു. ദാമ്പത്യഗുണം. പാരമ്പര്യസ്വത്ത് കൈവരാം. അകന്നിരുന്ന ബന്ധുക്കള്‍ തേടി വരും. ജീവിതസാഹചര്യം മെച്ചപ്പെടും. കടങ്ങള്‍ നികത്തുന്നതിന് നിരന്തരം ശ്രമിക്കണം. പരീക്ഷാവിജയം. മംഗല്യയോഗം. ഉന്നതപഠനം, വിദേശയാത്ര. പുതിയ ജോലി ലഭിക്കും. സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടപോലെ പ്രവര്‍ത്തിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. സഹപ്രവര്‍ത്തകരില്‍ നിന്ന് ചതിവരാതെ സൂക്ഷിക്കുക. സ്വാര്‍ത്ഥത മനഃശാന്തി കെടുത്തും. ജോലിയില്‍ ഗുണകരമായ മാറ്റം. പഠനത്തില്‍ ഉത്സാഹവും ഉന്മേഷവും വീണ്ടെടുക്കാന്‍ ശ്രമിക്കണം. സാമ്പത്തികസ്ഥിതിയില്‍ ഉയര്‍ച്ചപോലെ താഴ്ചയും ഉണ്ടാകും. പാഴ്ച്ചെലവുകള്‍ നിയന്ത്രണ വിധേയമാക്കണം. ജീവിതത്തില്‍ പണത്തിനുള്ള പ്രാധാന്യം തിരിച്ചറിയണം. പ്രശ്നങ്ങള്‍ നയപരമായി പരിഹരിക്കണം. ദാമ്പത്യജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ വേണം. പകര്‍ച്ചവ്യാധികളെ കരുതിയിരിക്കുക. പണമോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ അശ്രദ്ധ മൂലം നഷ്ടപ്പെടാന്‍ ഇടയുള്ളതിനാല്‍ ശ്രദ്ധിക്കണം.

ദോഷനിവാരണം: ഹനുമാന്‍സ്വാമിക്ക് അവല്‍, ശാസ്താവിന് എള്ളുപായസം, കാക്കയ്ക്ക് ഭക്ഷണം നല്‍കുക. ശനിയാഴ്ച വ്രതം

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

പുതിയ സൗഹൃദങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്. കടബാധ്യതകള്‍ വരാതെ സൂക്ഷിക്കുക. ഉന്നതവിദ്യാഭ്യാസത്തിന് കാലതാമസം. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ക്രമേണ പ്രതീക്ഷ നിറവേറും. ദീര്‍ഘനാളായി നല്‍കിയിട്ട് തിരിച്ചുകിട്ടാനുണ്ടായിരുന്ന സംഖ്യയില്‍ ഒരു ഭാഗം തിരിച്ചുകിട്ടും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സാഹചര്യം. വിദേശജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ജോലി സാധ്യത. വിവാഹകാര്യങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ വിവാഹം. ശത്രുശല്യം കുറയും. ഭൂമി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ശ്രമിക്കുന്നവര്‍ക്ക് അത് നടക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം. പുതിയ ബിസിനസ് അവസരം ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് സന്തോഷം. സാഹസപ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം.

ദോഷനിവാരണം: വിഷ്ണുവിന്‍റെ അവതാരമൂര്‍ത്തികള്‍ക്ക് പാല്‍പ്പായസം, ഭാഗ്യസൂക്ത ഗണപതിഹോമം.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

കഴിഞ്ഞകാല കഷ്ടതകള്‍ക്ക് വിട. പലവഴിയില്‍ സഹായഹസ്തങ്ങള്‍. മുടങ്ങിക്കിടന്ന ചില കര്‍മ്മപദ്ധതികള്‍ പുനരാരംഭിക്കാന്‍ കഴിയും. യശസ്സ് വര്‍ദ്ധിക്കും. എങ്കിലും ശ്രദ്ധ വേണം. മുതിര്‍ന്ന ആളുകളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. സന്താനങ്ങളുടെ പുരോഗതിയില്‍ സന്തോഷിക്കാനിടവരും. അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ധാരാളം ധനം കയ്യില്‍ വരും. വിവാഹം താമസിച്ചവരുടെ വിവാഹം നടക്കും. പ്രിയപ്പെട്ടവരെ വാക്കുകള്‍ കൊണ്ട് നോവിക്കരുത്. ഉദരസംബന്ധമായ അസുഖം ബുദ്ധിമുട്ടിച്ചേക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിജയം. ജോലിമാറ്റം ഉണ്ടാകും. മത്സരപരീക്ഷാവിജയം. വിദേശയോഗം പ്രതീക്ഷിക്കാം. പുതിയ ജോലി തേടുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നുചേരും.

ദോഷനിവാരണം: കാക്കയ്ക്ക് അന്നം നല്‍കുക. വൃദ്ധജനങ്ങള്‍ക്ക് ഇഷ്ടഭക്ഷണം. ഗണപതിക്ക് നാളികേരം ഉടയ്ക്കുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ധനപരമായി ഗുണം വരും. കടങ്ങള്‍ തീര്‍ന്നുകിട്ടും. ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാദ്ധ്വാനം വേണ്ടിവരും. ഉദ്യോഗത്തില്‍ പുതിയ അവസരം പാഴാക്കിക്കളയരുത്. ആത്മമിത്രങ്ങളുടെ നിര്‍ദ്ദേശം അനുസരിക്കുക. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ക്ക് സാദ്ധ്യത. വാക്കില്‍ നിയന്ത്രണം. വിദേശയോഗം നഷ്ടമാക്കരുത്. ശത്രുക്കള്‍ വര്‍ദ്ധിക്കും. സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും കലാകാരന്മാരും സംയമനത്തോടെ കഴിഞ്ഞാല്‍ കാര്യങ്ങള്‍ ഗുണകരമായി മാറും. ക്രമേണ പഴയബാദ്ധ്യതകള്‍ തീര്‍ക്കാന്‍ കഴിയും. സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ കഴിയുന്ന അവസരങ്ങള്‍ തേടിവരും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധ വേണം. ചില കാര്യങ്ങള്‍ക്കായി കഠിനശ്രമം വേണം. സന്താനവിഷയങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകും.

ദോഷനിവാരണം: വിഷ്ണുസഹസ്രനാമജപം, അര്‍ച്ചന, ഭാഗവതപാരായണം.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

വാക്കിലും പ്രവൃത്തിയിലും വളരെ സംയമനം വേണം. ധനഇടപാടുകളില്‍ വളരെ ശ്രദ്ധ വേണം. ആരോഗ്യകാര്യത്തിലും ജാഗ്രത. ദൂരയാത്രകള്‍ ഒഴിവാക്കുക. മേലധികാരികളുടെ താക്കീത് വരാതെ സൂക്ഷിക്കുക. സ്ഥലം മാറ്റം ജോലി മാറ്റം ഇവയ്ക്ക് ഇപ്പോള്‍ സമയം അനുകൂലമല്ല. രാഷ്ട്രീയ സാമൂഹികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒപ്പം നില്‍ക്കുന്നവരില്‍ നിന്ന് ചതിവരാതെ സൂക്ഷിക്കുക. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. പുതിയ സൗഹൃദങ്ങള്‍ വഴി പേരുദോഷം ഉണ്ടാകാതെ ജാഗ്രത വേണം. ദാമ്പത്യക്ലേശം, ബന്ധുവിയോഗം തുടങ്ങിയ ദോഷാനുഭവങ്ങള്‍ക്കും ഇടവരാം. ഉദരരോഗ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. തീര്‍ത്ഥയാത്ര ചെയ്യാന്‍ അവസരമുണ്ടാകും. ജാമ്യം, മധ്യസ്ഥത, പരസഹായം ഇവ മനക്ലേശത്തിന് വഴിയൊരുക്കും. ധന ഇടപാടുകള്‍ കരുതലോടെയാവണം. കുടുംബസ്വത്തിന്‍റെ കാര്യത്തില്‍ ചെറിയ ചെറിയ പ്രയാസങ്ങള്‍ ഉണ്ടാകാം. മാറുക. ഈശ്വരപ്രാര്‍ത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കുക. അനാവശ്യചെലവുകള്‍ നിയന്ത്രണവിധേയമാക്കുക.

ദോഷനിവാരണം: ഗണപതി ഹോമം, നരസിംഹമൂര്‍ത്തിക്ക് പാനകം, വിഷ്ണുവിന്‍റെ അവതാരമൂര്‍ത്തികള്‍ക്ക് പാല്‍പ്പായസം, വ്യാഴാഴ്ചവ്രതം, നാരായണകവചം ജപിക്കുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

നിലവിലുള്ള ജോലിയില്‍ ഗുണകരമായ മാറ്റം. നഷ്ടപ്പെട്ടു എന്നുകരുതിയ ധനം ലഭിക്കും. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍, പഠനഗുണം, വിദേശയോഗം. സര്‍ക്കാര്‍ ജോലിക്ക് ഭാഗ്യം. വിവാഹകാര്യത്തിനുള്ള തടസ്സം മാറും. പുതിയ വാഹനം സ്വന്തമാക്കും. പ്രണയം പൂവണിയും. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. പുതിയ സൗഹൃദങ്ങള്‍ വിദേശജോലിക്ക് അവസരം വന്നുചേരും. സാമൂഹ്യ-രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കും എഴുത്തുകാര്‍ക്കും കലാസാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയം. ദാമ്പത്യസുഖം. ചതിപ്രയോഗത്തില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. അടുത്തവര്‍ഷം ആദ്യം മുതല്‍ എല്ലാകാര്യങ്ങളിലും ജാഗ്രത പുലര്‍ത്തണം.

ദോഷനിവാരണം: ഗണപതി, ശാസ്താവ്, ഹനുമാന്‍ എന്നീ ദേവതാപ്രീതി. കാക്കയ്ക്ക് ഭക്ഷണം നല്‍കുക.

തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)

അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍. നഷ്ടപ്പെട്ടു എന്നുകരുതിയ പലതും തിരികെ കിട്ടും. സ്വപ്നപദ്ധതികള്‍ക്ക് അനുകൂല കാലം. തൊഴില്‍മേഖലയില്‍ മേന്മ. രാഷ്ട്രീയസാമൂഹ്യരംഗത്തുള്ളവര്‍ക്ക് ഗുണകരമായ മാറ്റം. സ്ഥാനലബ്ധി, സന്താനങ്ങളെകൊണ്ട് സന്തോഷ അനുഭവം. സന്താനഭാഗ്യം, സന്താനങ്ങള്‍ക്ക് ഐശ്വര്യം. നല്ല വിവാഹം എന്നിവയും ഫലം. കുടുംബകാര്യങ്ങളില്‍ സമാധാനം. പദവിക്കുള്ള തര്‍ക്കങ്ങളില്‍ വിജയം, വിദേശ യോഗം, തീരുമാനങ്ങളില്‍ ബുദ്ധിമോശം വരാതെ ശ്രദ്ധിക്കുക.

ദോഷനിവാരണം: ഗണപതിപ്രീതി, സാധുജനങ്ങള്‍ക്ക് അന്നദാനം.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

കഴിഞ്ഞകാല കഷ്ടതകള്‍ നീങ്ങി പദവികള്‍, ധനം, പുതിയ അവസരങ്ങള്‍ വന്നുചേരും. ഉന്നത വിദ്യായോഗം. പരീക്ഷാവിജയം. വിദേശയാത്ര. പുതിയ സംരംഭങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കും ഗുണകാലം. രാഷ്ട്രീയ സാമൂഹ്യ കലാപ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധിക്കുശേഷം പ്രതീക്ഷ നിറവേറും. ഉദ്യോഗത്തില്‍ അഭിവൃദ്ധി, കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ലബ്ധി, വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യം, അകന്നുതാമസിക്കുന്ന ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കാനവസരവും ഉണ്ടാകും. വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നവര്‍ക്ക് കോടതിവിധി അനുകൂലം. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. ബിസിനസ്സില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ ഒഴിവാകും. വാഹനമിടപാടില്‍ നേട്ടം. വായ്പാകുടിശ്ശിക അടച്ചുതീര്‍ക്കും. യാത്രാഗുണം. പ്രതീക്ഷിത ലോട്ടറി ഭാഗ്യം.

ദോഷനിവാരണം: ഗണപതിപ്രീതി, ഗുരുതുല്യര്‍ക്ക് വസ്ത്രദാനം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

എല്ലാകാര്യങ്ങളിലും വളരെ ജാഗ്രത. കുടുംബത്തില്‍ മനസ്സമാധാനം നിലനിര്‍ത്തണം. വാക്കിലും പ്രവൃത്തിയിലും ക്ഷമ വേണം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. മനക്ലേശം വര്‍ദ്ധിക്കാതെ നോക്കണം. കലാ-സാമൂഹ്യ- രാഷ്ട്രീയരംഗത്തുള്ളവര്‍ വിശ്വസ്തരില്‍ നിന്ന് തിരിച്ചടികള്‍ പ്രതീക്ഷിക്കണം. വിദേശയാത്രകള്‍ക്ക് തടസ്സം ഉണ്ടാവുമെങ്കിലും പിന്നീട് സാധ്യമാകും. പുതിയ സൗഹൃദങ്ങളില്‍ ശ്രദ്ധയോടെ വര്‍ത്തിക്കണം.

ഏര്‍പ്പെടുന്ന എല്ലാകാര്യങ്ങളിലും വീഴ്ച ഉണ്ടാവാതെ സൂക്ഷിക്കുക. വേണ്ടത്ര ആലോചനകൂടാതെ ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന ദോഷാനുഭവങ്ങള്‍ വരാം. ആരോഗ്യശ്രദ്ധ വേണം. തൊഴില്‍ പ്രശ്നങ്ങള്‍ അലട്ടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റ സാധ്യത. ദുഷ്ടജനങ്ങളുമായുള്ള സമ്പര്‍ക്കം അപകീര്‍ത്തിക്ക് ഇടവരുത്തുമെന്നതിനാല്‍ ശ്രദ്ധിക്കണം. കഠിനാദ്ധ്വാനം ചെയ്താലും ഫലപ്രാപ്തിക്ക് കൂടുതല്‍ സമയം എടുക്കും. പിടിവാശിയും മുന്‍കോപവും ഉപേക്ഷിക്കണം. ധനനഷ്ടത്തിന് ഇടയുള്ളതിനാല്‍ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജപം, ധ്യാനം മുടക്കരുത്.

ദോഷനിവാരണം: ഹനുമാന്‍ചാലീസ പാരായണം, നരസിംഹമൂര്‍ത്തിക്ക് പാല്‍പ്പായസം, കൃഷ്ണക്ഷേത്രത്തില്‍ സുദര്‍ശനാര്‍ച്ചന, ഗണപതിക്ക് നാളികേരം ഉടക്കുക.

മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

തടസ്സപ്പെട്ട് കിടന്ന വീടുപണി പൂര്‍ത്തിയാവും. പുതിയ വാഹനം, ജോലി ഇവയ്ക്ക് സാധ്യത. വിവാഹം, വിദേശയോഗം സഫലമാകും. സാമ്പത്തികമായി ഗുണാധിക്യം പ്രതിക്ഷിക്കാം. കലാസാമൂഹ്യരാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് അനുഗൃഹീതമായ അവസ്ഥകള്‍ സൃഷ്ടിക്കപ്പെടും. ജോലിഭാരം വര്‍ദ്ധിക്കും. ഔദ്യോഗികരംഗത്ത് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍. ശത്രുക്കള്‍ കുറയും. സന്താനഭാഗ്യത്തിനും സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും സാധ്യത. പുതിയ ബിസിനസ് തുടങ്ങാനും നിലവിലെ ബിസിനസ് വികസിപ്പിക്കാനും ശ്രമിക്കുന്നവര്‍ക്ക് അനുകൂല കാലം. ഗൃഹനിര്‍മ്മാണം നടത്താം. എല്ലാകാര്യങ്ങളിലും ഭാഗ്യം അനുഭവയോഗ്യമാകും. കിട്ടേണ്ട ധനം കൈവശം വന്നുചേരും. വിവാദവിഷയം കെട്ടടങ്ങും. മൊത്തത്തില്‍ ഗുണകാലം.

ദോഷനിവാരണം: ഗണപതിപ്രീതി. സാധുജനങ്ങള്‍ക്ക് അന്നദാനം.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

അപ്രതീക്ഷിത ധനാഗമനവഴികള്‍ തെളിയും. സൗഹൃദങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. മറ്റുള്ളവര്‍ക്കായി ധനവും വിലപ്പെട്ട സമയവും നഷ്ടപ്പെടുത്തരുത്. ഉയര്‍ന്ന അധികാരപദവിയോ സ്ഥാനമാനങ്ങളോ ലഭിക്കും. കലാസാഹിത്യ രംഗങ്ങളിലുള്ളവര്‍ക്ക് കഴിവ് തെളിയിക്കാനവസരം. പുതിയ ഭവനത്തിന്‍റെ നിര്‍മ്മാണം. കുടുംബാംഗങ്ങള്‍ക്ക് സൗഖ്യം, പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഉത്തരവാദിത്വമുള്ള സ്ഥാനമാനങ്ങള്‍ ലഭിക്കാനിടയാകും. കലഹപ്രിയ പ്രവണതകള്‍ ദോഷം ചെയ്യാതെ ശ്രദ്ധിക്കണം. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് പൊതുജനപിന്തുണ കുറയും. വിദേശയാത്രാപരിശ്രമങ്ങള്‍ പൂവണിയും. ഈശ്വരപ്രാര്‍ത്ഥനവേണം. പുതിയ സുഹൃത്തുക്കളില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നും നേട്ടം. സന്താനഗുണം പ്രതീക്ഷിക്കാം. പ്രണയത്തില്‍ കലഹിക്കാന്‍ ഇടവരും. ക്ഷിപ്രകോപം പരമാവധി ഒഴിവാക്കണം. ദുര്‍വ്യയങ്ങള്‍ ഒഴിവാക്കുക. സാമ്പത്തിക ഇടപാടുകള്‍ നന്നായി ശ്രദ്ധിച്ചു ചെയ്യുക. ജപ, ധ്യാനങ്ങള്‍ മുടക്കരുത്.

ദോഷനിവാരണം: വിഷ്ണുവിന്‍റെ അവതാരമൂര്‍ത്തികള്‍ക്ക് പാല്‍പ്പായസം. വിഷ്ണുസഹസ്രനാമജപം. ഗണപതി പ്രീതി, ദേവിപ്രീതി.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

കഴിഞ്ഞകാല കഷ്ടതകള്‍ മാറി ധനം, വിദേശയോഗം, സന്താനഗുണം, മംഗല്യഭാഗ്യം, പുതിയ ജോലി ഇവയാല്‍ ജീവിതത്തില്‍ മാറ്റത്തിന്‍റെ പുതുമഴ. രാഷ്ട്രീയ സാമൂഹ്യകലാരംഗത്തുള്ളവര്‍ക്ക് ഇതുവരെ ഉണ്ടായിരുന്ന വിഷമാവവസ്ഥയ്ക്ക് മോചനം കിട്ടും. ജോലിയില്‍ മോചനം കിട്ടും. ജോലിയില്‍ അസൂയാവഹമായ പുരോഗതി നേടും. ജീവിതത്തില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാവും. സന്താനങ്ങള്‍ക്ക് ഉന്നതി, സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് സല്‍സന്താനഭാഗ്യം. പ്രണയം പൂവണിയും. കടബാധ്യതകള്‍ ഒഴിയും. ബിസിനസ്സില്‍ പുതിയ ഗുണകരമായ മാറ്റങ്ങള്‍. നടക്കുവാന്‍ സാധ്യത ഇല്ലെന്ന് കരുതിയ സ്വപ്നപദ്ധതികള്‍ സഫലമാകും. ശത്രുജയം കൈവരിക്കാനുതകുന്ന സന്ദര്‍ഭം വന്നുചേരും. മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ സന്തോഷവും സംതൃപ്തിയുമുണ്ടാകും. പലവിധ സാമ്പത്തികനേട്ടങ്ങള്‍ക്ക് വഴിതെളിയും. പഠനപരാധീനങ്ങളില്‍ നിന്നും മുക്തി നേടും. പണ്ഡിതന്മാര്‍ വിവിധ സേനാംഗങ്ങള്‍ രാഷ്ട്രീയരംഗത്ത്  പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന സ്ഥാനമാനങ്ങളും കീര്‍ത്തിയും ലഭിക്കും. ബന്ധുമിത്രാദികളുടെ പരാതികള്‍ തീര്‍ക്കും. പ്രിയപ്പെട്ടവരുടെ സാമീപ്യം സന്തോഷം നല്‍കും. തെറ്റിദ്ധാരണകള്‍ മാറി കുടുംബത്തില്‍ സ്വസ്ഥത കൈവരും. ബിസിനസ്സില്‍ ലാഭം കൂടും. വ്യാപാരതടസ്സങ്ങള്‍ മാറും. വിലപിടിപ്പുള്ള രേഖകള്‍, ആഭരണങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. അനാവശ്യയാത്രകള്‍ കുറയ്ക്കണം. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയേക്കാം.

ദോഷനിവാരണം: ഗണപതിപ്രീതി, ശാസ്താക്ഷേത്രത്തില്‍ നീരാജനം, ശനിയാഴ്ച കാക്കയ്ക്ക് ഭക്ഷണം നല്‍കുക. ഹനുമാന്‍ സ്വാമിക്ക് അവല്‍ നിവേദ്യം.

ജ്യോതിഷരത്നം 
ശങ്കരമംഗലത്ത് ത്രിലോചനന്‍
(9447107574)