സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലാനുളളവഴികള്‍


സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലാനുളളവഴികള്‍

HIGHLIGHTS

ധനം മനുഷ്യജീവിതത്തില്‍ വലിയൊരു സ്ഥാനം വഹിക്കുന്നു. ചിലരുടെ ജാതകപ്രകാരം എത്ര ശ്രമിച്ചാലും സാമ്പത്തിക പുരോഗതി ഉണ്ടാവില്ല. അബദ്ധങ്ങളില്‍ ചാടി കടുത്ത ധനക്ലേശങ്ങള്‍ ഉണ്ടാകുക, ധനം ഉണ്ടായാലും ബുദ്ധിമോശം കൊണ്ട് കടബാധ്യത വരിക, ധനം കടം വാങ്ങുന്നതിലും, ധനപരമായ കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെടുന്നതിലും ഭയമില്ലാതിരിക്കുക ഇതൊക്കെ ജാതക വിശകലനങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകും.

 

ധനം മനുഷ്യജീവിതത്തില്‍ വലിയൊരു സ്ഥാനം വഹിക്കുന്നു. ചിലരുടെ ജാതകപ്രകാരം എത്ര ശ്രമിച്ചാലും സാമ്പത്തിക പുരോഗതി ഉണ്ടാവില്ല. അബദ്ധങ്ങളില്‍ ചാടി കടുത്ത ധനക്ലേശങ്ങള്‍ ഉണ്ടാകുക, ധനം ഉണ്ടായാലും ബുദ്ധിമോശം കൊണ്ട് കടബാധ്യത വരിക, ധനം കടം വാങ്ങുന്നതിലും, ധനപരമായ കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെടുന്നതിലും ഭയമില്ലാതിരിക്കുക ഇതൊക്കെ ജാതക വിശകലനങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകും.


ക്ഷേത്രദര്‍ശനം, വഴിപാടുകള്‍, യന്ത്ര- മന്ത്രങ്ങള്‍, ജപം, തീര്‍ത്ഥാടനം ഇവകൊണ്ടൊന്നും കടബാധ്യതകള്‍ക്ക് ആശ്വാസം ലഭിക്കാത്ത ധാരാളം പേര്‍ എന്നെ തേടി വരാറുണ്ട്. അവരോട് ഒന്നേ പറയാനുളളൂ. 
 

കതിരിന്‍മേല്‍ കൊണ്ട് വളം വയ്ക്കുന്നതിലും നല്ലത് വിത്തുഗുണം അറിഞ്ഞ് വിതയ്ക്കുന്നതാണ്. 
 

ചെറിയ പ്രായത്തില്‍ തന്നെ നാം ജാതകം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. പഠിക്കുമോ, ഉദ്യോഗം കിട്ടുമോ, നല്ല വിവാഹം നടക്കുമോ എന്നൊക്കെ ചിന്തിക്കുന്നപോലെ കുട്ടി ഭാവിയില്‍ ധനപരമായി വിജയിക്കുമോ സാമ്പത്തിക ക്ലേശമോ കഷ്ടതയോ വരാന്‍ സാദ്ധ്യതയുണ്ടോ, കടുത്ത പ്രതിസന്ധികള്‍ വരുമോ, അതിനെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങള്‍  കൂടി മനസ്സിലാക്കണം.
 

സുധീന എന്ന പെണ്‍കുട്ടി എന്നെ കാണാനെത്തിയത് ഇത്തരം ഒരു പ്രതിസന്ധിയിലാണ്. സാധു കുടുംബത്തില്‍ ജനിച്ച സുന്ദരിയായ സുധീനയെ ധനികനും വിദേശത്ത് ജോലിയുമുളള ജയന്തന്‍ വിവാഹം കഴിച്ചു. അമ്മ പറഞ്ഞതിന്‍പ്രകാരം സുധീന അമ്മയുടെ സഹോദരനെയും കുടുംബത്തെയും സാമ്പത്തികമായി സഹായിച്ചു. അമ്മാവന്‍റെ വലിയ കടബാധ്യതകള്‍ക്ക് സുധീന ജാമ്യം നിന്നു. ഒടുവില്‍ ഭര്‍ത്താവും വീട്ടുകാരും അറിയാതെ ആ കടം വീട്ടാന്‍ ലക്ഷങ്ങള്‍ പലിശയ്ക്കെടുത്തു. ചുരുക്കത്തില്‍ കടബാധ്യത പെരുകി. വഴക്കും കേസുമായതോടെ അമ്മ കൈമലര്‍ത്തി. 40 ലക്ഷംരൂപയുടെ   സാമ്പത്തിക ബാധ്യത വരുത്തിവച്ച ആ പെണ്‍കുട്ടിയെ ജീവിക്കാനറിയാത്തവളെന്ന് പറഞ്ഞ് ഭര്‍ത്തൃവീട്ടുകാരും കയ്യൊഴിഞ്ഞു. ഇവിടെയാണ് ബുദ്ധിഹീനത കൊണ്ട് ധനക്ലേശം ചോദിച്ചു വാങ്ങുന്നവരുടെ ഗ്രഹനിലയുടെ പ്രാധാന്യം.
 

ഋണ ബാദ്ധ്യത വരുന്ന വഴി 


ഒരു ജാതകത്തില്‍ ഋണ ബാദ്ധ്യത വരുന്നതിന് ഒരുകാരണം പൂര്‍വ്വജന്മത്തില്‍ അത്തരം കടങ്ങള്‍ ബാക്കി കിടക്കുന്നതാണ്. ചന്ദ്രന്‍റെ പക്ഷബലവും ഒന്‍പതും അഞ്ചും ഭാവങ്ങളുടെ സൂക്ഷ്മ ചിന്തനവും നടത്തി ഏതു ഭാവത്തിന്‍റെ ശക്തിക്കാണോ പ്രശ്നം ആ ഭാവപുഷ്ടിക്ക് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളെ കണ്ടെത്തി പ്രശ്നം പരിഹരിക്കണം. 


ഗ്രഹാനിഷ്ടത പോലെ പരദേവതയുടെ അപ്രീതി, ശാപദോഷങ്ങള്‍, ആഭിചാരശത്രുദോഷങ്ങള്‍, താമസിക്കുന്ന വീടിന്‍റെയോ, ഭൂമിയുടെയോ ദോഷങ്ങള്‍, പിതൃദോഷം, സര്‍പ്പദോഷം ഇവയും ധനക്ലേശങ്ങള്‍ക്ക് കാരണമാകാം.
ഋണഭാവാധിപതിയുടെ സ്ഥിതി മനസ്സിലാക്കി വേണം എങ്ങനെ കടം വന്നു ചിന്തിക്കാന്‍. ഉദാഹരണമായി ഋണഭാവാധിപനായി ആദിത്യന്‍ പിഴച്ചാല്‍ സര്‍ക്കാരുമായി ഇടപാടുകള്‍ നടത്തി പ്രശ്നമുണ്ടാക്കാം. ബാങ്ക് ലോണ്‍, ജാമ്യം നില്‍ക്കല്‍, അന്യരെ കര്‍മ്മങ്ങളില്‍ സഹായിച്ച് ശത്രുത നേടുക ഇതൊക്കെയുണ്ടാകാം. അതേ സ്ഥാനത്ത് ചൊവ്വയാണ് പിഴച്ചതെങ്കില്‍ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍, കടപ്പാട്, കടപ്പെടുത്തല്‍ കോടതി വ്യവഹാരങ്ങള്‍, മധ്യസ്ഥത, ഒത്തുതീര്‍പ്പ് ഇവ വഴിയാകും പ്രശ്നം വരിക.

 

ജാതകത്തില്‍ കടബാദ്ധ്യതയിലേക്ക് നയിച്ച ഗ്രഹം വ്യാഴമാണെങ്കില്‍ സംഘടനകളുടെയോ, സ്ഥാപനങ്ങളുടെയോ സ്ഥാനമാനം കുടുംബത്തിന്‍റെ ഉത്തരവാദിത്വം, സ്വയം താന്‍ മിടുക്കനാണെന്ന് കാണിക്കാന്‍ ശ്രമിച്ച് കടമുണ്ടാക്കുക ഇവ ഫലം. ശുക്രനാണ് പിഴച്ചതെങ്കില്‍ അനാവശ്യ ബന്ധങ്ങള്‍, വാഹന ഇടപാട്, ആസക്തി ഇവയിലൂടെ ധനക്ലേശം സംഭവിക്കാം. ശനിയാണെങ്കില്‍ വേണ്ടാത്ത കൂട്ടുകെട്ട്, ചൂതുകളി, ഊഹകച്ചവടം, കോണ്‍ട്രാക്ട്, ശാപാതാപങ്ങള്‍, ആഭിചാരം, ആഹാരത്തിലൂടെയും കൈവിഷം എന്നിവയിലൂടെയും ഋണബാദ്ധ്യത വരാം.
 

വ്രതാനുഷ്ഠാനങ്ങള്‍


ധനാകര്‍ഷണ ദിവസമായ വെളളിയാഴ്ച, കാര്‍ത്തിക നക്ഷത്രം, വ്യാഴാഴ്ച, പൗര്‍ണമി ഈ ദിവസങ്ങളില്‍ വ്രതാനുഷ്ഠാനത്തോടെ ഋണമോചനസ്തുതികള്‍, ധനാകര്‍ഷണ സ്തുതികള്‍, കനകധാരാസ്തവം, ലക്ഷ്മിമന്ത്രങ്ങള്‍, ലക്ഷ്മീനരസിംഹമന്ത്രം ഇവ ഉപാസിക്കുന്നത് കടുത്ത ധനക്ലേശത്തില്‍ നിന്ന് ശാന്തിയേകും. 
 

ബൃഹസ്പതി ഉപാസനയും ഗുണകരമാണ്. അവരവരുടെ ജാതകത്തില്‍ ഏതു ദേവനാണ് ധനാധിപതിയെന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ആ ദേവന്‍റെ യന്ത്രം, മന്ത്രം, ഉപാസന, വ്രതം ഇവ അനുഷ്ഠിക്കുന്നതിലൂടെ കുടുംബപരമായ പൂര്‍വ്വിക സുകൃതക്ഷയത്തില്‍ നിന്ന് കരകയറാനാകും. അത് ഋണമോചനത്തിനും വഴിതെളിക്കും. ഏതനുഷ്ഠാനവും ഒരു വര്‍ഷം മുതല്‍ ദോഷകാഠിന്യ മനുസരിച്ച് അനുഷ്ഠിക്കേണ്ട കാലം മുഴുവന്‍ അനുഷ്ഠിച്ചാലേ ഫലം ലഭിക്കൂ.
 

ഋണമോചന മാര്‍ഗ്ഗങ്ങള്‍


1. ജാതകാല്‍ 9, 5 ഭാവാധിപന്മാര്‍, കാരകഗ്രഹം, ചന്ദ്രന്‍ എന്നിവരുടെ ബലക്കുറവുകള്‍ മാറ്റുന്ന കര്‍മ്മങ്ങള്‍ ചെയ്യുക. 
2. വ്യാഴപ്രീതികരമായ അനുഷ്ഠാനങ്ങള്‍.
3. താമരപ്പൂവുകൊണ്ട് ദേവിക്ക് അര്‍ച്ചന.
4. ശ്രീസൂക്തം, ഭാഗ്യസൂക്തം, ലക്ഷ്മിസൂക്തം എന്നീ മന്ത്രജപത്തോടൊപ്പം ധനസ്ഥാനാധിപതിയുടെ മന്ത്രവും ജപിക്കുക.
5. ധനസ്ഥാനാധിപതിയുടെ പുഷ്ടിക്ക് അനുകൂല യന്ത്രമോ രത്നമോ ധരിക്കുക.
6. ലളിതാസഹസ്രനാമാര്‍ച്ചന
7. തിരുപ്പതി ദര്‍ശനം
8. പൗര്‍ണ്ണമി തോറും ദുര്‍ഗ്ഗാ പ്രീതികരമായ കര്‍മ്മങ്ങള്‍
9. വിഷ്ണു സഹസ്രനാമം ജപിക്കുക. വ്യാഴാഴ്ചവ്രതമെടുക്കുക.
 

       

  ജോതിഷാചാര്യന്‍
         ശ്രീനിവാസ ശര്‍മ്മ
               9961033370