കിണര്‍, അടുക്കള, ഊണ്‍മുറി ഭക്ഷണം, അറിയേണ്ടതെല്ലാം

കിണര്‍, അടുക്കള, ഊണ്‍മുറി ഭക്ഷണം, അറിയേണ്ടതെല്ലാം

കിണറിന്‍റെ സ്ഥാനനിര്‍ണ്ണയം പ്രാധാന്യമേറിയതാണ്. ഗൃഹനിര്‍മ്മാണത്തിന് ഒരുങ്ങുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് സ്ഥലത്ത് വെള്ളം ലഭിക്കുമോ എന്നതാണ്.
സ്ഥലത്തിന്‍റെ വടക്ക്-കിഴക്കേ ദിക്കില്‍(മീനംരാശി) കിണര്‍ കുഴിക്കുന്നത് അത്യുത്തമം. ഈ ദിക്കിന്‍റെ മൂലയില്‍ അല്‍പ്പം പടിഞ്ഞാറ് മാറി കിണര്‍ കുഴിച്ചാല്‍ ശുദ്ധജലം സുലഭമായി ലഭിക്കും.

ഫലം- സമ്പല്‍സമൃദ്ധി
കിഴക്ക്- വടക്ക് ദിക്കുകളും കിണര്‍ കുഴിക്കുന്നതിന് ശുഭം. കുംഭംരാശിയും ഉത്തമം.
മീനം, മേടം രാശിയില്‍ മദ്ധ്യമം.
മിഥുനം രാശിയില്‍ സന്താനനാശം.
ധനുരാശിയില്‍ സ്ത്രീനാശം.
കന്നിരാശിയില്‍ മൃതിയുമാണ് ഫലം.

വാസ്തുമണ്ഡലത്തിലെ പദങ്ങളില്‍ കിഴക്ക് ഇന്ദ്രപദത്തിലും, പടിഞ്ഞാറ് വരുണ പദത്തിലും, വടക്ക് സോമപദത്തിലും കൂപസ്ഥാനമുണ്ട്. കിണര്‍ വറ്റാനിടയാവരുത്. വെള്ളത്തിന് ഗുരുത്വം ഉണ്ടാകാന്‍ നിത്യേന തുടിച്ച് വെള്ളം കോരണം. കിണറ്റില്‍ മണ്ണ്, കല്ല് ഇടുകയോ, തുപ്പുകയോ ചെയ്യരുത്. വെള്ളത്തില്‍ സൂര്യപ്രകാശം പതിക്കണമെന്നതിനാല്‍ കിണറിന് സമീപം വൃക്ഷങ്ങള്‍ നന്നല്ല. കിണര്‍ വലയിട്ടും, ചുറ്റുമതില്‍ കെട്ടിയും സംരക്ഷിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ ചേറ് നീക്കി കിണര്‍ താഴ്ത്തിക്കൊണ്ടിരിക്കണം.

അടുക്കള
തെക്ക്- കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഉചിതം. ഇവിടെ അഗ്നികോണ്‍ എന്നാണ് വിധി. ക്ഷേത്രങ്ങളുടെ തിടപ്പള്ളിയും ഈ ഭാഗത്താണുള്ളത്. വീടിന്‍റെ ശ്രീത്വവും, ശുചിത്വവും അടുക്കളയിലാണ്. വീടിന്‍റെ പൂജാമുറിപോലെ പ്രാധാന്യമാണ് അടുക്കളയ്ക്കും ഉള്ളത്. ജീവന്‍ നിലനിര്‍ത്താന്‍ ശാരീരിക ഊര്‍ജ്ജം അടുക്കളയില്‍ നിന്നും, ആത്മീയ ഊര്‍ജ്ജം പൂജാമുറിയില്‍ നിന്നുമാണ് ലഭിക്കുന്നത്.

അടുക്കള സദാനേരവും വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. പഴകിയ ഭക്ഷണം, എച്ചില്‍ പാത്രങ്ങള്‍ എന്നിവ അടുക്കളയില്‍ സൂക്ഷിക്കരുത്. മത്സ്യമാംസാദികള്‍ പാകം ചെയ്യുന്നത് ഒഴിവാക്കുകയോ, അത്യാവശ്യമെങ്കില്‍ ശുചിത്വം പാലിച്ച് പാകം ചെയ്യുകയുമാകാം. പാകം ചെയ്യുന്ന പാത്രങ്ങള്‍ ചെമ്പ്, ഇരുമ്പ്, ഓട് തുടങ്ങിയ ശരീരത്തിനാവശ്യമായ ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാകയാല്‍ വളരെ നന്ന്. കളിമണ്‍, അലൂമിനിയം പാത്രങ്ങള്‍ ഒഴിവാക്കുക. ഇലയില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നവര്‍ക്ക് അങ്ങനേയുമാകാം. പാചകത്തിന് ഗ്യാസിന്‍റെ ഉപയോഗം കുറച്ച് വിറകില്‍ പാകം ചെയ്യുന്നതാണ് ആരോഗ്യദൃഷ്ടിയില്‍ നന്ന്. ചോറിന് അരി അളന്നെടുക്കുമ്പോള്‍ ഒരു പിടിയരി അന്നദാനത്തിനായി മാറ്റിവയ്ക്കുക. അരി കഴുകി അടുപ്പത്തിടുമ്പോള്‍ ആദ്യം രണ്ട് മണി അരിയെടുത്ത് കലത്തെ മൂന്ന് തവണ ചുറ്റി അഗ്നിയില്‍ ഹോമിക്കണം. വീണ്ടും രണ്ട് മണി അരിയെടുത്ത് അന്നപൂര്‍ണ്ണേശ്വരിയെ ധ്യാനിച്ച് മൂന്ന് ചുറ്റുചുറ്റി കലത്തിലിട്ട ശേഷം മുഴുവന്‍ അരിയും കലത്തിലിടാം. തേങ്ങ ഉടച്ചാല്‍ അല്‍പ്പമെടുത്ത് അഗ്നിയില്‍ ഹോമിക്കുന്ന പതിവ് പഴമക്കാര്‍ക്ക് ഇപ്പോഴുമുണ്ട്. പാല്‍ എടുക്കുമ്പോള്‍ ഒരു ടീസ്പൂണ്‍ അഗ്നിയില്‍ ആഹുതി ചെയ്യണം. അടുപ്പില്‍ ഭക്ഷണം പാകം ചെയ്യാത്ത ദിനങ്ങള്‍ ഉണ്ടാകരുത്. അരി വെന്ത് ഊറ്റിയ ശേഷം അല്‍പ്പം ചോറെടുത്ത് കാക്കയ്ക്ക് ബലിയായി നല്‍കാം. ഒരു വീട്ടില്‍ വെവ്വേറെ പാകം ചെയ്യല്‍ പാടില്ല.

ഭക്ഷണം തയ്യാറാക്കുന്നവരുടെ സംസ്ക്കാരം അത് കഴിക്കുന്നവരിലേയ്ക്കും പ്രസരിക്കും. പാകം ചെയ്യുന്ന സമയത്തെ ചിന്തകള്‍ ഭക്ഷണത്തിലും സ്വാധീനം ഉണ്ടാക്കും. ഒരിക്കല്‍ ഒരു സന്യാസി ഉറക്കത്തില്‍ പത്രവാര്‍ത്തകള്‍ സ്വപ്നം കാണുക പതിവായി. അദ്ദേഹം പത്രം വായിക്കാന്‍ താല്‍പ്പര്യമില്ലാത്തയാളാണ്. എന്നിട്ടും പത്രത്തിലെ വാര്‍ത്തകള്‍ മനസ്സിലേക്ക് തെളിഞ്ഞുവരുന്നു. ഇതിനുള്ള കാരണം എന്തെന്ന് ചിന്തിച്ചിരിക്കേ, ആശ്രമത്തിലെ അടുക്കളക്കാരന്‍ പത്രം വായിച്ചുകൊണ്ട് ആഹാരം പാകം ചെയ്യുന്നതായി സന്യാസി കണ്ടു. തന്‍റെ സ്വപ്നത്തിന്‍റെ കാരണഹേതു സന്യാസിക്ക് ബോധ്യമാവുകയും ചെയ്തു. അന്നശുദ്ധി മനഃശുദ്ധിയിലേക്ക് നയിക്കും. കുളിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വമായിരിക്കണം അടുപ്പില്‍ തീകൂട്ടുവാന്‍. അഗ്നിജ്വാലയില്‍ ഇഷ്ടദേവത നില്‍ക്കുന്നതായി സങ്കല്‍പ്പിക്കാം. സദ്ചിന്തകളോടെ ഭക്ഷണം പാകം ചെയ്താല്‍ ആഹാരം കൂടുതല്‍ പവിത്രമാകുന്നു. ഇതിന്‍റെ ഗുണഫലം കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും.

ഭക്ഷണം
സാത്വികാഹാരമാണ് മനുഷ്യശരീരത്തിന് ഉചിതം. അമിതമായ ഉപ്പും, മധുരവും, എരിവും, പുളിയും വര്‍ജ്ജിക്കണം. മാംസഭക്ഷണവും പഴകിയ ഭക്ഷണവും കഴിയുന്നത്ര ഒഴിവാക്കുക.

'അന്ന'ത്തെ ലക്ഷ്മിയായി കരുതി ഭക്ത്യാദരപൂര്‍വ്വം വേണം സ്വീകരിക്കാന്‍. അന്നം ബ്രഹ്മമാണ്. വിഭവങ്ങളുടെ കുറ്റവും, കുറവുകളും പറയാന്‍ പാടില്ല. ഭഗവത് പ്രസാദമായിട്ടാവണം ഭക്ഷണം കഴിക്കാന്‍. നാം കഴിക്കുന്ന ഒരു വറ്റുപോലും നാം തനിയെ ഉണ്ടാക്കിയെടുക്കുന്നതല്ല. സഹജീവികളുടെ അദ്ധ്വാനവും, പ്രകൃതിയുടെ കനിവും, ഈശ്വരകാരുണ്യവുമാണ് അന്നത്തിന്‍റെ രൂപത്തില്‍ നമ്മുടെ മുമ്പില്‍ എത്തിയിരിക്കുന്നത്. പ്രാര്‍ത്ഥനാപൂര്‍വ്വം ഭക്ഷണം കഴിക്കണം. നടന്നുകൊണ്ടോ, നിന്നുകൊണ്ടോ ശണ്ഠകൂടിക്കൊണ്ടോ, മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടോ ഭക്ഷണം കഴിക്കരുത്. കഴിവതും തറയില്‍ ആസനമിട്ട്, ഇരുന്നുവേണം ഭക്ഷണം കഴിക്കേണ്ടത്. നന്നായി വിശക്കുമ്പോള്‍ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്നത് രുചിയില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടാവരുത്. നമുക്കൊപ്പം ഇഷ്ടദേവത അല്ലെങ്കില്‍ ഗുരു ഇരിക്കുന്നതായും അവിടുത്തെ ഊട്ടുന്നതായും ഭാവനചെയ്യണം. ഭക്ഷണം കഴിക്കുന്നതും ഇങ്ങനെയൊരു സാധനയായി മാറും. ആഹാരത്തില്‍ നിയന്ത്രണമില്ലാതെ മനസ്സിനെ നിയന്ത്രിക്കാനാവില്ല. ഭക്ഷണം ആരോഗ്യം നിലനിര്‍ത്താനായിരിക്കണം. നാവിന്‍റെ രുചിക്ക് വേണ്ടിയാകരുത്. നാവിന്‍റെ രുചി വിടാതെ ഹൃദയത്തിന്‍റെ രുചി തിരിച്ചറിയാനാവില്ല. വയറ് നിറച്ച് ഭക്ഷണം കഴിക്കുകയുമരുത്. വയറിന്‍റെ കാല്‍ഭാഗം ഒഴിച്ചിടണം. ശരിയായ ദഹനത്തിനും ഇത് സഹായകമാകും. ശ്വാസം മുട്ടെ ആഹാരം ഉള്ളിലെത്തിയാല്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനഭാരം വര്‍ദ്ധിക്കും. ഭക്ഷണകാര്യത്തില്‍ സമയനിഷ്ഠ പാലിക്കുന്നത് ആരോഗ്യത്തിനും, മനോനിയന്ത്രണത്തിനും നന്ന്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പൂര്‍ണ്ണ ഉപവാസം അത്യുത്തമമാണ്. ഏകാദശി, വാവ് ദിനങ്ങള്‍ ഇതിന് അനുയോജ്യമാണ്. പൂര്‍ണ്ണഉപവാസത്തിന് കഴിയാത്തവര്‍ക്ക് പഴങ്ങള്‍ മാത്രം കഴിച്ച് ഒരു ദിവസം കഴിച്ചുകൂട്ടാം.

സന്ധ്യാനേരത്ത് ഭക്ഷണം കഴിക്കരുത്. പ്രഹ്ലാദന്‍ ഹിരണ്യ കശിപുവിനെക്കൊന്ന സമയമാണിത്. ഈ സമയം അന്തരീക്ഷം ദുഷിച്ച വായുകൊണ്ട് നിറഞ്ഞിരിക്കും. ഒന്നിനുമൊരു പൂര്‍ണ്ണതയില്ലാത്ത നേരമാണിത്. ഈ സമയം വയര്‍ നിറക്കാനുള്ളതല്ല. നാമങ്ങളുരുവിട്ട് മനസ്സിനെയാണ് നിറക്കേണ്ടത്. കടയാത്ത തൈര് കൂട്ടി ഉണ്ണരുത്, മോരാക്കി കഴിക്കാം. രാത്രി ഭക്ഷണത്തില്‍ മോരും വര്‍ജ്ജ്യമാണ്. ഊണിന് മുമ്പും, പിമ്പും അല്‍പ്പം വെള്ളം കുടിക്കണം.

ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രം
1. ഹരിര്‍ദ്ദാതാ ഹരിര്‍ഭോക്താ
ഹരിരന്നം പ്രജാപതിഃ
ഹരിര്‍വിപ്രഃ ശരീരസ്തു
ഭുങ്ക്തേ ഭോജയതേ ഹരിഃ

2. ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേനഗന്തവ്യം
ബ്രഹ്മകര്‍മ്മ സമാധിനാ
ഭക്ഷണത്തിന് ശേഷം ജപിക്കേണ്ട മന്ത്രം
അമൃതാഭിധാനമസി അന്നദാതാ സുഖീഭവഃ

ഒരു നേരം ഭക്ഷണം കഴിക്കുന്നവന്‍ യോഗി
രണ്ട് നേരം ഭക്ഷണം കഴിക്കുന്നവന്‍ ഭോഗി
മൂന്ന് നേരം കഴിക്കുന്നവന്‍ രോഗി
നാല് നേരം ഭക്ഷണം കഴിക്കുന്നവന്‍ പാപി

ഊണ്‍മുറി
കന്നിമൂല ഒഴികെ മറ്റ് ഭാഗങ്ങളില്‍ എവിടേയും ഊണ്‍മുറി തയ്യാറാക്കാം.
അടുക്കളയിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ എച്ചിലും മറ്റും താഴെ വീഴുമെന്നതിനാല്‍ ഊണ്‍മുറി വേറെയാണ് നന്ന്. ഭക്ഷണമേശ സദാനേരവും വൃത്തിയായിരിക്കട്ടെ... ഭക്ഷണം കഴിഞ്ഞാലുടന്‍ പാത്രം എടുത്തുമാറ്റുകയും, മേശ വൃത്തിയാക്കുകയും ചെയ്യുക. വിഭവങ്ങള്‍ ആവശ്യത്തിന് മാത്രം വിളമ്പുക, ഭക്ഷണസാധനങ്ങള്‍ അടച്ച് വയ്ക്കുക.