എന്താണ്  ക്ഷേത്രം?

എന്താണ് ക്ഷേത്രം?

HIGHLIGHTS

ഹൈന്ദവ വിശ്വാസികളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ക്ഷേത്രത്തില്‍ പോകാത്തവര്‍ കാണില്ല. മനുഷ്യനതീതമായ ഒരു പ്രപഞ്ചശക്തിയുണ്ടെന്നുള്ള വിശ്വാസമാണ് ആളുകളെ ക്ഷേത്രത്തിലേക്കെത്തിക്കുന്നത്.  എന്നാല്‍ തങ്ങള്‍ ദര്‍ശനപുണ്യം തേടിപ്പോകുന്ന ക്ഷേത്രം എന്നത് എന്താണ്? അവിടേക്ക് ചെന്നാല്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ഇതൊന്നും പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. അറിയാനൊട്ടു ശ്രമിക്കാറുമില്ല. കാരണം ചിലര്‍ക്ക് ക്ഷേത്രദര്‍ശനം എന്നത് ഒരു ഫാഷനാണ്. 

ഹൈന്ദവ വിശ്വാസികളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ക്ഷേത്രത്തില്‍ പോകാത്തവര്‍ കാണില്ല. മനുഷ്യനതീതമായ ഒരു പ്രപഞ്ചശക്തിയുണ്ടെന്നുള്ള വിശ്വാസമാണ് ആളുകളെ ക്ഷേത്രത്തിലേക്കെത്തിക്കുന്നത്. ഇവരില്‍ ചിലര്‍ വല്ലപ്പോഴും കൂടി മാത്രം ക്ഷേത്രദര്‍ശനം നടത്തുന്നവരായിരിക്കും. മറ്റ് ചിലര്‍ അതൊരു ദിനചര്യയായി മാറ്റിയവരുമായിരിക്കും. 

എന്നാല്‍ തങ്ങള്‍ ദര്‍ശനപുണ്യം തേടിപ്പോകുന്ന ക്ഷേത്രം എന്നത് എന്താണ്? അവിടേക്ക് ചെന്നാല്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ഇതൊന്നും പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. അറിയാനൊട്ടു ശ്രമിക്കാറുമില്ല. കാരണം ചിലര്‍ക്ക് ക്ഷേത്രദര്‍ശനം എന്നത് ഒരു ഫാഷനാണ്. എല്ലാ മലയാള മാസത്തിലേയും ഒന്നാം തീയതിയില്‍ ഞാന്‍ ഗുരുവായൂര്‍ അമ്പലത്തില്‍ പോകും, സ്ഥിരമായി കൊട്ടാരക്കര ഗണപതിയെ ചെന്നുകണ്ട് തൊഴും എന്നൊക്കെപ്പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം പൊങ്ങച്ചത്തിന്‍റെ ഭാഗമാണ്. വേറെ ചിലരുണ്ട്. 

ഏത് വിധേനയും പത്ത് പുത്തന്‍ കൈവന്നാല്‍ പിന്നെ അത് സംരക്ഷിക്കാനും പെരുപ്പിക്കാനുമുള്ള ഉത്തരവാദിത്തം ദൈവങ്ങളെ ഏല്‍പ്പിക്കുന്നവര്‍. അവര്‍ പലരും നിത്യവും ക്ഷേത്രദര്‍ശനം നടത്തുന്നവരായിരിക്കും. അവരെയൊക്കെ സംബന്ധിച്ചിടത്തോളം എന്താണ് ക്ഷേത്രമെന്നും, അവിടെ പാലിക്കേണ്ട ചിട്ടകള്‍ എന്താണെന്നുമൊക്കെ ചിന്തിക്കാന്‍ എവിടുന്ന് സമയം.

എന്താണ് ക്ഷേത്രം?

ഈ ചോദ്യത്തിന് 'ക്ഷയാത് ശ്രായതേ ഇതി ക്ഷേത്രാ' എന്നാണ് ആചാര്യന്മാര്‍ നല്‍കിയിട്ടുള്ള ഉത്തരം. അതായത് ക്ഷയത്തില്‍ നിന്ന് അഥവാ നാശത്തില്‍ നിന്ന് ത്രാണനം(തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം. ക്ഷേതൃ എന്ന സംസ്കൃതപദത്തിന് ശരീരം എന്നാണ് ഭഗവദ്ഗീതയില്‍ അര്‍ത്ഥമാക്കുന്നത്. എന്നുപറഞ്ഞാല്‍ ആകാരമുള്ളത് എന്താണോ അത് ക്ഷേത്രം എന്നര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ ദൈവത്തിന് രൂപഭാവം നല്‍കി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങളാണ് ക്ഷേത്രങ്ങള്‍.

ക്ഷേത്രത്തിന്‍റെ പര്യായമായ അമ്പലം എന്നത് അന്‍പ്+ ഇല്ലം എന്ന ദ്രാവിഡ പദങ്ങളില്‍ നിന്നാണ് രൂപമെടുത്തിരിക്കുന്നത്. ക്ഷേത്രം എന്നത് ദേവസ്ഥാനമായോ പ്രാര്‍ത്ഥനയ്ക്കുള്ള ഇടമായോ ഒക്കെയാണ് നിര്‍മ്മിച്ചിട്ടുള്ളതെങ്കിലും അതിന് മറ്റൊരു വലിയ ഉദ്ദേശം കൂടിയുണ്ട്. എല്ലാവര്‍ഷവും പോയിരുന്ന്, അവിടെനിന്നും ഉത്ഭവിക്കുന്ന ചൈതന്യം പ്രയോജനപ്പെടുത്താവുന്ന ഊര്‍ജ്ജദായകകേന്ദ്രങ്ങളായിട്ടുകൂടിയാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

ക്ഷേത്രനിര്‍മ്മാണ ശാസ്ത്രത്തില്‍ ഓരോന്നിനും അതിന്‍റേതായ വിധികളുണ്ട്. ആ വിധി പ്രകാരമായിരിക്കണം ക്ഷേത്രങ്ങള്‍ പണിയുന്നത്. വിഗ്രഹത്തിന്‍റെ രൂപം, വലിപ്പം, മുദ്ര, ഗര്‍ഭഗൃഹം, പ്രദക്ഷിണം തുടങ്ങി ഓരോന്നിനും അതിന്‍റേതായ ശാസ്ത്രവിധികളുണ്ട്. അതുപോലെ പ്രത്യേക അനുഷ്ഠാനങ്ങളിലൂടെ പ്രത്യേകമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് വിഗ്രഹത്തിന് ചൈതന്യം പകരുന്നത്. അങ്ങനെ ഇതെല്ലാം അനുസരിച്ച് വേണ്ടതുപോലെ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രവും അതിലെ പ്രതിഷ്ഠയും ആ പ്രദേശത്തിന് മുഴുവനും തന്നെ ശക്തിയുടെ പ്രഭവകേന്ദ്രമായി ഭവിക്കുന്നു.

ക്ഷേത്രത്തില്‍ പോകണം, പൂജാദികര്‍മ്മങ്ങളില്‍ പങ്കു കൊള്ളണം, വഴിപാടുകള്‍ നടത്തണം എന്നതൊക്കെപ്പോലെതന്നെ പരമ്പരാഗതമായി വിശ്വസിച്ചുവരുന്നത്, ക്ഷേത്രത്തില്‍ പോയി അവിടെ കുറച്ചുനേരമെങ്കിലും ഇരിക്കണം എന്നാണ്. എന്നാല്‍ ഇക്കാലത്ത് അങ്ങനെ ഇരിക്കാനൊന്നും ആര്‍ക്കും സമയമില്ല. തൊഴുത് ഓടിപ്പോരുക, എന്തോ ഒരു വഴിപാട് കഴിക്കുന്നതുപോലെ പൃഷ്ഠം ഇരിപ്പിടത്തില്‍ ഒന്ന് മുട്ടിച്ച് ധൃതിപിടിച്ച് പുറത്തേക്കിറങ്ങുക എന്നതായിരിക്കുന്നു പതിവ്. ദിവസവും മറ്റ് കാര്യങ്ങളിലേക്ക് കടക്കും മുന്‍പ് അല്‍പ്പനേരം അമ്പലത്തില്‍ ചെലവഴിക്കുക എന്നത് എല്ലാവരും ശീലമാക്കേണ്ടതാണ്. 

നമുക്കാവശ്യമായ തെളിവാര്‍ന്ന ഊര്‍ജ്ജം ലഭിക്കുവാന്‍ അത് സഹായിക്കും. അങ്ങനെ പുതുതായ ഒരുണര്‍വോടെ, ഉത്സാഹത്തോടെ ആ ദിവസത്തെ അഭിമുഖീകരിക്കാനും സാധിക്കും. അമ്പലത്തിന്‍റെ ഘടനതന്നെ അതിനുവേണ്ടി നിലകൊള്ളുന്നതാണ്. ആ ഊര്‍ജ്ജം നമ്മളിലേക്ക് ആവാഹിക്കാനാണ് നാം അമ്പലത്തില്‍ പോകുന്നത് എന്നുള്ളത് ശാസ്ത്രഭാഷ്യമാണ്.

അപ്പോള്‍ തീര്‍ച്ചയായും സംശയിക്കാം, ഈ ഊര്‍ജ്ജസ്രോതസ് എല്ലായിടത്തും ഇല്ലേ, പിന്നെന്തിനാണ് അതിനുവേണ്ടി അമ്പലത്തില്‍ പോകുന്നതെന്ന്. ശരിയാണ്, പക്ഷേ ഒന്നോര്‍ക്കുക ഭൂമിയുടെ എല്ലാ ഭാഗത്തും ജലസ്രോതസ്സുണ്ട്. എന്നാല്‍ എല്ലായിടത്തും കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടില്ല.

പാലിക്കേണ്ട ചിട്ടകള്‍

ഇനി ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പാലിക്കേണ്ട ചിട്ടകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഭക്തിക്ക് പ്രാധാന്യം നല്‍കി വേണം ക്ഷേത്രദര്‍ശനം നടത്തേണ്ടത്. ഭഗവാന്‍ സര്‍വ്വവ്യാപിയാണെങ്കിലും ഭഗവല്‍ചൈതന്യം മൂര്‍ത്തിമദ്ഭാവത്തില്‍ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങള്‍. അനുകൂലമായ ഊര്‍ജ്ജം നിറഞ്ഞുനില്‍ക്കുന്ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് ചില ചിട്ടകള്‍ പാലിക്കേണ്ടതായിട്ടുണ്ട്.

1. കുളിച്ച് ശരീരശുദ്ധി വരുത്തി വൃത്തിയുള്ള വസ്ത്രം ധരിച്ചുവേണം ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍. അലക്കി വൃത്തിയാക്കിയതോ ഈറനോടെ ഉള്ളതോ ആയ വസ്ത്രമാണ് അഭികാമ്യം.

2. സ്ത്രീകള്‍ മുടിയഴിച്ചിട്ടുകൊണ്ടും പുരുഷന്മാര്‍ ഷര്‍ട്ട്, ബനിയന്‍ എന്നിവ ധരിച്ചുകൊണ്ടും ദേവദര്‍ശനം പാടില്ല.(ഇന്ന് പല ക്ഷേത്രങ്ങളിലും ചിട്ടയ്ക്ക് മാറ്റം വന്നിട്ടുണ്ട്).

3. പുല, വാലായ്മ, ആര്‍ത്തവം തുടങ്ങിയ സമയങ്ങളില്‍ ക്ഷേത്രദര്‍ശനം പാടില്ല. പുലയില്‍ 16 ദിവസവും വാലായ്മയില്‍ 11 ദിവസവും ആര്‍ത്തവം കഴിഞ്ഞ് 7 ദിവസത്തിന് ശേഷവും മാത്രമേ നടത്തുവാന്‍ പാടുള്ളൂ. ഗര്‍ഭിണികള്‍ ഏഴാം മാസം തുടങ്ങി കുഞ്ഞിന് ചോറുകൊടുക്കുന്നിടംവരെയും ക്ഷേത്രദര്‍ശനം പാടില്ല.

4. ക്ഷേത്രത്തിനുള്ളില്‍ വച്ച് ഉച്ചത്തിലുള്ള സംസാരം, ചിരി, പരിചയം പുതുക്കല്‍, പരദൂഷണം പറച്ചില്‍ തുടങ്ങിയവ ഒഴിവാക്കി കഴിവതും നാമജപം മാത്രമായിരിക്കണം നമ്മുടെ ചുണ്ടുകളില്‍ നിറയേണ്ടത്. മത്സ്യമാംസാദികള്‍, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉച്ചയോഗശേഷവും ക്ഷേത്രപ്രവേശം പാടില്ല.

5. ശ്രീകോവിലിന്‍റെ നടയിലും ബലിക്കല്ലുകളിലും തൊട്ടുതൊഴുക, കര്‍പ്പൂരം കത്തിക്കുക എന്നിവയൊന്നും പാടില്ല. അബദ്ധവശാല്‍ ബലിക്കല്ലില്‍ തട്ടിയാല്‍ തൊട്ടുതൊഴരുത്. മൂന്നു തവണ ക്ഷമാപണം മന്ത്രം ജപിക്കണം.

ഓം കരചരണകൃതം വാ
കായജം കായജം വാ
ശ്രവണ നയനജം വാ
മാനസം വാപരാധം
വിഹിതമഹിതം വാ
സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവകരുണാബ്ധേ
ശ്രീ മഹാദേവ ശംഭോ

6. ശ്രീകോവിലില്‍ നിന്ന് പുറത്തേയ്ക്കുള്ള ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീര്‍ത്ഥം കോരിക്കുടിക്കുകയോ ചെയ്യരുത്.

7. പ്രദക്ഷിണശേഷം കൊടിമരച്ചുവട്ടില്‍ പുരുഷന്മാര്‍ സാഷ്ടാംഗ നമസ്ക്കാരവും സ്ത്രീകള്‍ പഞ്ചാംഗ നമസ്ക്കാരവും ചെയ്യണം. സ്ത്രീകള്‍ ശയനപ്രദക്ഷിണം ചെയ്യാന്‍ പാടില്ല. ഒറ്റയടി പ്രദക്ഷിണമാണ് അഭികാമ്യം.

8. ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന ചന്ദനവും മറ്റ് പ്രസാദങ്ങളും അവിടെത്തന്നെ ഉപേക്ഷിക്കരുത്. തൊഴുത് പുറത്തിറങ്ങിയശേഷം വേണം ചന്ദനം തൊടുന്നതും മറ്റ് പ്രസാദങ്ങള്‍ സേവിക്കുന്നതും.

9. ചുറ്റമ്പലത്തിന് പുറത്തുകൂടി വലം വച്ചശേഷം ക്ഷേത്രത്തിനകത്തേയ്ക്ക് കയറി ഭഗവാന്‍റെ വാഹനത്തെ വണങ്ങുകയും, കൊടിയേറി നില്‍ക്കുന്ന സമയമാണെങ്കില്‍ കൊടി കണ്ട് തൊഴുകയും വേണം. തുടര്‍ന്ന് ഭഗവാനെ തൊഴാം. ഭഗവാനെ കാണാനുള്ള അനുമതി തേടുക എന്ന സങ്കല്‍പ്പത്തിലാണ് ഭഗവാന്‍റെ വാഹനത്തെ വന്ദിക്കുന്നത്. ഭഗവാനും ഭഗവല്‍വാഹനത്തിനും ഇടയിലൂടെ നടക്കരുത്.

10. ദേവീദേവന്മാര്‍ക്ക് ഒറ്റപ്രദക്ഷിണം പാടില്ല. രാവിലെ പ്രദക്ഷിണം വച്ചാല്‍ രോഗശമനവും ഉച്ചയ്ക്ക് അഭീഷ്ടസിദ്ധിയും സന്ധ്യക്ക് ദുഃഖനിവാരണവും രാത്രി മോക്ഷവുമാണ് ഫലം. എല്ലാ ദേവീദേവന്മാര്‍ക്കും പൊതുവേ മൂന്ന് പ്രദക്ഷിണമാകാം.

ഗണപതി- ഒറ്റപ്രദക്ഷിണം

സൂര്യന്‍- രണ്ട് പ്രദക്ഷിണം

മഹാദേവന്‍- മൂന്ന് പ്രദക്ഷിണം

ദേവി- മൂന്ന്/അഞ്ച്/ഏഴ് പ്രദക്ഷിണം(ചില ക്ഷേത്രങ്ങളില്‍ നാലും പറയപ്പെടുന്നു)

മഹാവിഷ്ണു, ശ്രീരാമന്‍, കൃഷ്ണന്‍, ധന്വന്തരി- നാല് പ്രദക്ഷിണം

ഹനുമാന്‍, നാഗരാജാവ്- മൂന്ന് പ്രദക്ഷിണം

സുബ്രഹ്മണ്യന്‍- ആറ് പ്രദക്ഷിണം

അരയാല്‍- ഏഴ് പ്രദക്ഷിണം

ക്ഷേത്രത്തിനുള്ളില്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, പൂര്‍ണ്ണഗര്‍ഭിണിയായ ഒരു സ്ത്രീ ഒക്കത്തോ തലയിലോ ഒരു കുടം വെള്ളവുമായി എത്ര പതുക്കെയാണോ നടക്കുന്നത് അത്രയും പതുക്കെ മാത്രമേ ശ്രീകോവിലിന് വലം വയ്ക്കാന്‍ പാടുള്ളൂ.