ശിവക്ഷേത്രങ്ങളില്‍ നന്തിയുടെ  പ്രാധാന്യം എന്ത്?

ശിവക്ഷേത്രങ്ങളില്‍ നന്തിയുടെ പ്രാധാന്യം എന്ത്?

HIGHLIGHTS

എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നില്‍ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോകത്തെ ഗണങ്ങളില്‍ പ്രഥമനാണ് നന്തി. അതുകൊണ്ടുതന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്...

ല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നില്‍ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോകത്തെ ഗണങ്ങളില്‍ പ്രഥമനാണ് നന്തി. അതുകൊണ്ടുതന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്.

നന്തി എന്നാല്‍ ആനന്ദമേകുന്നവന്‍ എന്നാണ് പൊരുള്‍. ശിവനെ തൊഴാന്‍ ഭക്തര്‍ക്ക് അനുമതിയേകി, ഭക്തര്‍ക്ക്  ആനന്ദമേകുന്നവന്‍ എന്നതിനാലാണ് ഈ പേര്.
കൈലാസത്തില്‍ വാതില്‍ക്കല്‍ കാവല്‍നില്‍ക്കുന്നവനാണ് നന്തി. നന്തിയുടെ അനുവാദമുണ്ടെങ്കിലേ കൈലാസവാസനായ ശിവനെ കാണാന്‍ കഴിയൂ. അതേ രീതിതന്നെയാണ് നമ്മുടെ ശിവക്ഷേത്രങ്ങളിലും പിന്തുടര്‍ന്നുപോരുന്നത്. ആദ്യം നന്തിയെ തൊഴുത് പ്രാര്‍ത്ഥിക്കണം. അതിനുശേഷം വേണം ശിവനെതൊഴാന്‍ എന്നതാണ് ചിട്ട.

പ്രദോഷകാലങ്ങളില്‍ നന്തീശ്വരനാണ് ആദ്യപരിഗണന; കാളകൂട വിഷം കുടിച്ച ശിവന്‍, നന്തിയുടെ കൊമ്പുകള്‍ക്ക് മദ്ധ്യേ നിന്നുകൊണ്ട് നൃത്തമാടി. അത് ഒരു പ്രദോഷവേളയിലായിരുന്നു. അതുകൊണ്ടാണ് പ്രദോഷകാലത്ത് നന്തിക്കും അഭിഷേകം നടത്തുന്നത്.

തമിഴ്നാട്ടില്‍ തഞ്ചാവൂരിലുള്ള വിശ്വപ്രസിദ്ധമായ ബൃഹദീശ്വര ബ്രഹ്മാണ്ഡ നന്തിയെ ഒറ്റക്കല്ലില്‍ വാര്‍ത്തെടുത്തതാണ്.

വൈക്കം മഹാദേവക്ഷേത്രത്തില്‍ നാല് മൂലകളിലും നന്തിയുടെ ശില കാണാം.
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ ആത്തൂര്‍ മന്ദാരവനേശ്വരന്‍ ക്ഷേത്രത്തില്‍ നന്തിദേവന്‍ ശിവനെ പൂജിക്കുന്ന കാഴ്ച കാണാം.

ആന്ധ്രയിലെ ലോകപാക്ഷിയില്‍ ഉള്ള കരിങ്കല്‍ നന്തിയാണ് ഇന്‍ഡ്യയിലുള്ള ഏറ്റവും വലിയ നന്തി എന്നാണ് കരുതപ്പെടുന്നത്.

മഹാരാഷ്ട്രയിലെ പൂനെയില്‍ ശ്രീകോവില്‍ നന്തി എന്ന നന്തിക്ഷേത്രം തന്നെയുണ്ട്.
മൈസൂരിനടുത്തുള്ള ചാമുണ്ഡിമലയുടെ മീതെ കാണപ്പെടുന്ന നന്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുംവിധമാണ് രൂപകല്‍പ്പനചെയ്തിട്ടുള്ളത്.

അഗ്നിക്ഷേത്രമായി വിളങ്ങുന്ന തിരുവണ്ണാമലയിലെ ഗിരിവലപാതയില്‍ ഒരുഭാഗത്ത് നന്തി കിടക്കുന്നതുപോലെ രൂപം കാണാം. ഇതിനെ നന്തിമുഖദര്‍ശനം എന്നുപറയുന്നു.
തിരുവണ്ണാമലൈയിലെ ഗിരിവല പാതയില്‍ തന്നെ 'ജ്യോതിനന്തി' എന്ന നന്തിദേവ സന്നിധിയും കാണാം. ഇതിന്‍റെ മുമ്പാകെ ദീപം കത്തിച്ചുപ്രാര്‍ത്ഥിച്ചശേഷം ഗിരിവലം തുടങ്ങുകയെന്നതാണ് ഭക്തരുടെ പതിവ്.

തിരുവാരൂരിലെ ത്യാഗരാജ ക്ഷേത്രത്തില്‍ ശിവനെ ആശ്ചര്യത്തോടെ നോക്കി എഴുന്നേറ്റുനില്‍ക്കുന്ന രൂപത്തിലുള്ള നന്തിയെ കാണാം. ഈ നന്തിയെ തൊഴുതുപ്രാര്‍ത്ഥിച്ചാല്‍ ചെയ്ത പാപങ്ങള്‍ എല്ലാം വിട്ടൊഴിയും എന്നാണ് ഭക്തവിശ്വാസം.

കര്‍ണ്ണാടകയില്‍ കോലാര്‍ജില്ലയില്‍ സ്ഥിതി ചെയ്യുന്നു നന്തിമല. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലുള്ള ഈ മലയില്‍ പുരാതനമായ ഒരു നന്തിക്ഷേത്രമുണ്ട്.
നന്തിയുടെ ചരിത്രം ലിംഗപുരാണത്തില്‍ വിവരിക്കുന്നുണ്ട്. ശിവന്‍ തന്നെ നന്തിദേവനായി പിറന്ന് ഗണങ്ങളുടെ തലവനായി തീര്‍ന്നു എന്നാണ് പറയപ്പെടുന്നത്.

സനകന്‍, സനന്ദന്‍, സനാതനന്‍, സനത്കുമാരന്‍, പതഞ്ജലി, ശിവയോഗ മഹാമുനി, വ്യാഘ്രപാദന്‍, തിരുമൂലം എന്നീ എട്ട് പേര്‍ നന്തിദേവന്‍റെ ശിഷ്യരായി കരുതപ്പെടുന്നു.
തത്വം, യോഗം, നൃത്തം, സംഗീതം, ആയൂര്‍വേദം, അശ്വവേദം, കാമവേദം എന്നിങ്ങനെ പലതരം ശാസ്ത്രങ്ങള്‍ പഠിച്ച അഗ്രഗണ്യനായ ഒരു മഹര്‍ഷി നന്തികേശ്വരന്‍ എന്ന പേരില്‍ നന്തിദേവന്‍റെ അവതാരമായി ജീവിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.

ശിവന്‍ നൃത്തകല ബ്രഹ്മാവിന് അഭ്യസിച്ചുകൊടുക്കവേ, അതുകണ്ട് മനസ്സിലാക്കിയ നന്തിദേവന്‍ നൃത്തകല ഭരതമുനിയെ പഠിപ്പിച്ചതായി അഭിനയതര്‍പ്പണം എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.