കർക്കടകത്തിൽ വിവാഹവും ഗൃഹപ്രവേശവും ഒഴിവാക്കുന്നത് എന്തുകൊണ്ട്? പരമ്പരാഗത വിശ്വാസം ഇങ്ങനെ

കർക്കടകത്തിൽ വിവാഹവും ഗൃഹപ്രവേശവും ഒഴിവാക്കുന്നത് എന്തുകൊണ്ട്? പരമ്പരാഗത വിശ്വാസം ഇങ്ങനെ

കേരളത്തിലെ പരമ്പരാഗത വിശ്വാസങ്ങളിൽ കർക്കടകമാസത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. പൊതുവെ "പഞ്ഞമാസം" എന്നറിയപ്പെടുന്ന ഈ കാലഘട്ടം മാറ്റങ്ങളുടെയും മാനസിക ചാഞ്ചാട്ടത്തിന്റെയും സമയമായാണ് ആചാര്യന്മാർ വിശേഷിപ്പിക്കുന്നത്. ജ്യോതിഷശാസ്ത്രത്തിൽ ഞണ്ടാണ് കർക്കടകത്തിന്റെ ചിഹ്നം. ചരരാശിയിൽ ഉൾപ്പെടുന്ന ഈ മാസം ചലനത്തെയും അസ്ഥിരതയെയും പ്രതിനിധീകരിക്കുന്നതിനാൽ, ജീവിതത്തിൽ സ്ഥിരത ആവശ്യമായ കാര്യങ്ങൾക്ക് അനുയോജ്യമായ കാലമല്ലെന്നാണ് വിശ്വാസം.

ഇക്കാരണത്താൽ വിവാഹം, ഗൃഹപ്രവേശം, പുതിയ തൊഴിൽ ആരംഭിക്കൽ തുടങ്ങിയ ദീർഘകാല ഫലങ്ങൾ പ്രതീക്ഷിക്കുന്ന മംഗളകർമങ്ങൾ കർക്കടകമാസത്തിൽ നടത്തുന്നത് ഒഴിവാക്കണമെന്നാണ് പാരമ്പര്യ ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നത്. അതേസമയം അധ്വാനത്തിനും ആത്മീയചിന്തയ്ക്കും പ്രാധാന്യം നൽകേണ്ട സമയമായാണ് ഈ മാസത്തെ കണക്കാക്കുന്നത്. രാമായണമാസാചരണവും ശ്രീരാമനുമായി ബന്ധപ്പെട്ട നാലമ്പല ദർശനവും ഈ കാലയളവിൽ നടത്തുന്നതും മനസ്സിന് ശാന്തിയും ആത്മവിശ്വാസവും നൽകുമെന്ന വിശ്വാസത്തോടെയാണ്.

കർക്കടകമാസത്തിൽ വിവാഹമോ ഗൃഹപ്രവേശമോ നടത്തിയാൽ കുടുംബജീവിതത്തിൽ മാനസിക അസ്ഥിരതയും സമാധാനക്കുറവും ഉണ്ടാകാമെന്നാണ് ആചാര്യന്മാർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ഇത്തരം മംഗളകർമങ്ങൾക്ക് സ്ഥിരരാശികളായ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം മാസങ്ങളാണ് കൂടുതൽ അനുയോജ്യമെന്ന് അവർ അഭിപ്രായപ്പെടുന്നു.

കച്ചവട സംരംഭങ്ങൾ ആരംഭിക്കുന്നതിനും കർക്കടകം അനുകൂലമല്ലെന്ന വിശ്വാസവും നിലനിൽക്കുന്നു. ജ്യോതിഷപരമായി രാഹുവുമായി ബന്ധമുള്ള മാസമായതിനാൽ പുതിയ സംരംഭങ്ങൾ തുടങ്ങുകയോ പ്രധാന തീരുമാനങ്ങൾ എടുക്കുകയോ ചെയ്യുന്നത് തടസ്സങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമാകാമെന്നാണ് പരമ്പരാഗത വിശ്വാസം.