ഗണപതി പ്രതിമയും ചിത്രവും വീട്ടില്‍ വയ്ക്കുമ്പോള്‍...

ഗണപതി പ്രതിമയും ചിത്രവും വീട്ടില്‍ വയ്ക്കുമ്പോള്‍...

HIGHLIGHTS

നമ്മുടെ സംസ്ക്കാരത്തില്‍ ഏത് ശുഭകാര്യത്തിനും ഗണപതിപ്രീതി മുഖ്യമാണ്. വിഘ്നങ്ങള്‍ മാറി ഐശ്വര്യം വരാന്‍ ഗണേശന്‍റെ ചിത്രങ്ങളോ വിഗ്രഹങ്ങളോ വയ്ക്കാത്ത വീടുകള്‍ വിരളമാണ്. ഇങ്ങനെ വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രകൃതിയില്‍ നിന്നും നേരിട്ടു ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഗണപതി വിഗ്രഹങ്ങളാണ് നല്ലത്. മണ്ണ്, മരം, ധാന്യങ്ങള്‍, ലോഹം, ചകിരി, വെള്ളാരങ്കല്ല് മുതലായവ നല്ലതാണ്. പ്ലാസ്റ്റിക്, പേപ്പര്‍, റബ്ബര്‍, തുകല്‍ എന്നിവ ഒഴിവാക്കണം.

വീടിന്‍റെ മുന്‍വശത്ത് ദൃഷ്ടി ഗണപതിയുടെ വിഗ്രഹമോ ചിത്രമോ വയ്ക്കുന്നതാണ് നല്ലത്. വീട്ടിലേയ്ക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്‍റെ ദൃഷ്ടി ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ ഐശ്വര്യം നിറയ്ക്കുകയും ചെയ്യും. ഇത്തരത്തില്‍ ഗണേശവിഗ്രഹം പ്രതിഷ്ഠിക്കുന്നതിലൂടെ വീടിന്‍റെ സംരക്ഷകനായി അദ്ദേഹം മാറുമെന്നാണ് വിശ്വാസം.
വീടിന്‍റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വയ്ക്കുക എന്നതാണ് വളരെ പ്രചാരത്തിലുള്ള ഒരു രീതി.

വീട്ടിലേക്ക് കയറുന്നിടത്ത് ഗണേശവിഗ്രഹം വയ്ക്കുകയാണെങ്കില്‍ എപ്പോഴും രണ്ടെണ്ണമായിട്ടേ വയ്ക്കാവൂ. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിര്‍ദിശയിലേക്ക് തിരിച്ചും വയ്ക്കണം. വീടിന്‍റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്‍റെ പിറകുവശം വരുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അതിന് പരിഹാരം കാണുന്നതിനാണ് മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില്‍ വയ്ക്കുന്നത്.

മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഗണേശവിഗ്രഹങ്ങള്‍ വാതില്‍ക്കല്‍ വയ്ക്കുന്നത് വീടിന് ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം. ഇത് പോസിറ്റീവ് ഊര്‍ജ്ജവും നല്ല ഭാഗ്യവും നല്‍കുമെന്നും വിശ്വസിച്ചുപോരുന്നു.

യാതൊരു കാരണവശാലും തെക്കുഭാഗത്ത് ഗണേശവിഗ്രഹം വയ്ക്കരുത്. ഇത് ദോഷം വരുത്തും. അതുപോലെ ടോയ്ലറ്റിനടുത്തോ, ടോയ്ലറ്റിന്‍റെ ചുവരിന്‍റെ ഭാഗത്തോ വയ്ക്കരുത്. സ്റ്റെയര്‍ കേസിന് താഴെയും ഗണേശ വിഗ്രഹം വയ്ക്കാന്‍ പാടില്ല. ഇത് നെഗറ്റീവ് ഊര്‍ജ്ജമാണ് നല്‍കുക.

ഗണേശവിഗ്രഹം കഴിവതും ബെഡ് റൂമില്‍ സൂക്ഷിക്കരുത്. തുളസിത്തറയിലും ഗണേശവിഗ്രഹം വയ്ക്കരുത്. ഗണേശന് തുളസി നിഷിദ്ധമാണ്.

ലോഹഗണേശ വിഗ്രഹമാണെങ്കില്‍ ഇത് വടക്കുകിഴക്കോ തെക്കുപടിഞ്ഞാറോ വയ്ക്കണം. ക്രിസ്റ്റല്‍ കൊണ്ട് നിര്‍മ്മിച്ച ഗണേശ വിഗ്രഹങ്ങള്‍ വീടിന്‍റെ വാസ്തുദോഷങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ ഗണേശവിഗ്രഹം അധികം ബുദ്ധിമുട്ടാതെ തന്നെ ഭാഗ്യം കൊണ്ടുവരുന്ന ഒന്നാണ്.

പൂജാമുറിയില്‍ ഒന്നില്‍ക്കൂടുതല്‍ ഗണപതി വിഗ്രഹങ്ങള്‍ പാടില്ല. ഇത് ഗണപതിയുടെ പത്നിമാരായ ബുദ്ധി, സിദ്ധി എന്നിവരുടെ അപ്രീതിക്ക് കാരണമാകും എന്ന് പറയപ്പെടുന്നു.

സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില്‍ വെളുത്ത ഗണപതിവിഗ്രഹം വേണം വീട്ടില്‍ വയ്ക്കാന്‍. വെളുത്ത ഗണപതിയുടെ ഒരു ചിത്രം വീട്ടില്‍ സൂക്ഷിക്കുകയും വേണം.

ഇരിക്കുന്ന ഗണപതി വിഗ്രഹമാണ് വീട്ടിലേക്ക് ഏറെ നല്ലത്. ഇത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും. ജോലിസ്ഥലത്ത് നില്‍ക്കുന്ന ഗണേശവിഗ്രഹമാണ് ഏറെ നല്ലത്.

നേരെയുള്ള തുമ്പിക്കയ്യുള്ള ഗണേശ പ്രതിമകള്‍ വിരളമാണ്. എന്നാല്‍ ഇവ ഏറെ നല്ലതുമാണ്. പ്രത്യേകിച്ച് വീട്ടിലുള്ളവരുടെ മാനസിക സന്തോഷത്തിനും കുട്ടികളുടെ ആരോഗ്യത്തിനും നല്ലതാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.

വീട്ടിലേക്ക് ഒരു ഗണേശവിഗ്രഹം വാങ്ങുമ്പോള്‍ ഒരു പ്രധാനപ്പെട്ട കാര്യം ഓര്‍ക്കണം. വലതുവശത്തേയ്ക്ക് തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രഹങ്ങള്‍ ഒഴിവാക്കണം. മൂക്കിന്‍റെ ഭാഗത്ത് നിന്നും തുടങ്ങുമ്പോള്‍ ഇടതു വശത്തേയ്ക്കുള്ളവ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം. 

ഗണേശ വിഗ്രഹങ്ങള്‍ വയ്ക്കുന്നതിനൊപ്പം പരിപാലനവും വേണം. ഇല്ലെങ്കില്‍ നെഗറ്റീവ് ഊര്‍ജ്ജമാകും. പൊടി, മാറാല കെട്ടാതെ നോക്കണം. ഉടഞ്ഞ വിഗ്രഹം സൂക്ഷിക്കരുത്.

 

Photo Courtesy - Google