വിവാഹത്തിന് ജാതകചേര്‍ച്ച നോക്കുമ്പോള്‍
വിവാഹശേഷം പങ്കാളികളില്‍ ഒരാള്‍ അകാലത്ത് നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന വൈഷമ്യങ്ങളും പരാധീനതകളും വലുതാണ്. സ്ത്രീക്ക് ഭര്‍ത്താവും, പുരുഷന് ഭാര്യയുമാണ് കളത്രം. കളത്രനാശയോഗം സ്ത്രീ-പുരുഷ ജാതകങ്ങളില്‍ ഉണ്ടോയെന്ന് പരിശോധിച്ച് വേണം ജാതകങ്ങള്‍ ചേര്‍ക്കേണ്ടത്. ഇതില്‍ കുജദോഷം അഥവാ ചൊവ്വാദോഷം പ്രധാനമാണ്. ജാതകത്തിലെ കുജന്‍റെ സ്ഥാനത്തെ ആസ്പദമാക്കിയാണ് കുജദോഷം മനസ്സിലാക്കേണ്ടത്.
എല്ലാ പാപഗ്രഹങ്ങള്‍ക്കും 1, 2, 12, 4, 7, 8 എന്നീ ഭാവങ്ങളില്‍ പാപത്തം ഉണ്ട്. എങ്കിലും വിവാഹവിഷയത്തില്‍ പാപസാമ്യം നോക്കുമ്പോള്‍ കുജനാണ് പ്രാധാന്യം. കുജന്‍ മേല്‍പ്പറഞ്ഞ ഭാവങ്ങളില്‍ ദുഃസ്ഥിതനാവുകയോ, ഏഴാം ഭാവാധിപനെ ദൃഷ്ടി ചെയ്യുകയോ ചെയ്താല്‍ കുജദോഷം ഭവിക്കുന്നു. സ്ത്രീജാതകത്തിലെ കുജദോഷം ഭര്‍തൃമരണത്തിനും, പുരുഷജാതകത്തിലെ പ്രസ്തുതദോഷം ഭാര്യാ മരണത്തിനും കാരണമാകും എന്നാണ് വിശ്വാസം. എന്നാല്‍ ദമ്പതികള്‍ക്ക് ഇരുവര്‍ക്കും ഒരുപോലെ കുജദോഷമുണ്ടെങ്കില്‍ കളത്രനാശത്തിന് സാദ്ധ്യതയില്ലെന്നാണ് അഭിജ്ഞമതം.
കുജദോഷം ഉണ്ടാകാത്ത രാശികള്‍
എന്നാല്‍ കുജന്‍ ചില പ്രത്യേക രാശികളില്‍ നിന്നാല്‍ കുജദോഷം ഭവിക്കില്ലെന്നു നിയമമുണ്ട്. അതായത്-
1. മിഥുനമോ, കന്നിയോ രണ്ടാം ഭാവമായി അവിടെ കുജന്‍ നിന്നാല്‍ കുജദോഷമില്ല. ഇവ രണ്ടാം ഭാവമാകണമെങ്കില്‍ ലഗ്നം ഇടവവും ചിങ്ങവുമാകണം. ഇടവലഗ്നത്തിലെ ഏഴാം ഭാവാധിപനും, ചിങ്ങലഗ്നത്തിന് കേന്ദ്രത്രികോണാധിപത്യമുള്ള യോഗകാരകനായ ശുഭനുമാണ് കുജന്‍. ഈ കാരണങ്ങളാല്‍ ഈ അവസ്ഥയില്‍ കുജന്‍ ദോഷം ചെയ്യുകയില്ല.
2. ഇടവമോ, തുലാമോ പന്ത്രണ്ടാം ഭാവമായി കുജന്‍ അവിടെ നിന്നാല്‍ ദോഷമില്ല. ഇവ പന്ത്രണ്ടാം ഭാവമാകണമെങ്കില്‍ ലഗ്നം മിഥുനവും വൃശ്ചികവും യഥാക്രമം ആകണം. മിഥുനലഗ്നത്തിലെ ആറാം ഭാവാധിപനും, വൃശ്ചികലഗ്നത്തിലെ ആറാം ഭാവാധിപനും ലഗ്നാധിപനുമാണ് കുജന്‍. ഈ അവസ്ഥയില്‍ കുജന് ദോഷമില്ല.
3. മേടമോ വൃശ്ചികമോ നാലാം ഭാവമായി കുജന്‍ അവിടെ നിന്നാല്‍ ദോഷമില്ല. യഥാക്രമം മകരമോ ചിങ്ങമോ ലഗ്നമാകുമ്പോഴാണ് ഇവ നാലാം ഭാവമാകുന്നത്. മേടം കുജന്‍റെ മൂലക്ഷേത്രവും, വൃശ്ചികം സ്വക്ഷേത്രവുമായതിനാല്‍ ഈ അവസ്ഥയില്‍ കുജന്‍ ദോഷം ചെയ്യുകയില്ല.
4. മകരമോ കര്‍ക്കിടകമോ ഏഴാം ഭാവമായി കുജന്‍ അവിടെ നിന്നാല്‍ കുജദോഷമില്ല. അപ്പോള്‍ ലഗ്നം യഥാക്രമം കര്‍ക്കിടകവും മകരവുമായിരിക്കുമല്ലോ. കര്‍ക്കിടകലഗ്നത്തിന് ഏഴാം ഭാവത്തിലെ കുജന്‍ ഉച്ചാധിപനും, യോഗകാരകനുമാണ്. മകരലഗ്നത്തിന് ഏഴാം ഭാവത്തിലെ കുജന്‍ നീചത്തിലാണെങ്കിലും നീചഭംഗരാജയോഗത്തെ പ്രദാനം ചെയ്യുന്നു. ഈ അവസ്ഥയില്‍ കുജന് ദോഷമില്ല.
5. ധനുമീനങ്ങള്‍ എട്ടാം ഭാവമായി കുജന്‍ അവിടെ നിന്നാല്‍ കുജദോഷമില്ല. ഇവ എട്ടാം ഭാവമാകണമെങ്കില്‍ ലഗ്നം ഇടവവും ചിങ്ങവും ആകണം. ഇടവത്തിന് കുജന്‍ ഏഴാം ഭാവാധിപനും, ചിങ്ങത്തിന് യോഗകാരകനുമാകയാല്‍ ഈ പരിതഃസ്ഥിതിയില്‍ കുജന്‍ ദോഷം ചെയ്യുകയില്ല.
6. ചിങ്ങത്തിലും കുംഭത്തിലും നില്‍ക്കുന്ന കുജന്‍ ഏത് ഭാവം വഹിച്ചുനിന്നാലും കുജദോഷമില്ല.
7. കുജന്‍ ഗുരുവുമായി യോഗം ചെയ്ത് എവിടെ നിന്നാലും കുജദോഷമില്ല. അതുപോലെ കുജന്‍ ചന്ദ്രനുമായി യോഗം ചെയ്ത്(ശശിമംഗളയോഗം) എവിടെ നിന്നാലും കുജദോഷമില്ല.
8. കുജന്‍ 2, 12, 4, 7, 8 എന്നീ ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ ലഗ്നത്തില്‍ ശുക്രനോ, ഗുരുവോ നിന്നാലും കുജദോഷമില്ല.
രജസ്സുല്‍പ്പാദിപ്പിക്കുവാന്‍ സ്ത്രീകളില്‍ കഴിവ് സൃഷ്ടിക്കുന്നത് ചന്ദ്രന്‍റെയും കുജന്‍റെയും യോഗമാണ്. വിവാഹാനന്തരം ദമ്പതികള്‍ക്ക് സന്താനസൃഷ്ടിക്കുള്ള ധാര്‍മ്മികപിന്തുണ രക്തപിത്തക്ഷോഭത്താല്‍ കുജന്‍റെ സംഭാവനയാണ്. പാപദൃഷ്ടിയോട് എവിടെ നില്‍ക്കുന്ന കുജനും നല്‍കുന്നത് പാപഫലങ്ങള്‍ ആയിരിക്കും. ലഗ്നാലും, ചന്ദ്രാലും ശുക്രാലും 2, 12, 4, 7, 8 ഭാവങ്ങളിലേക്കുള്ള പാപദോഷം ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതുകൊണ്ട് ഇവ മൂന്നും പ്രത്യേകം നോക്കേണ്ടതുണ്ട്. ചില ജാതകങ്ങളില്‍ ലഗ്നത്തില്‍ നിന്നുള്ള പ്രസ്തുത ഭാവങ്ങളില്‍ കാണുന്ന പാപത്വത്തേക്കാള്‍ ദോഷം ചന്ദ്രാലോ, ശുക്രാലോ ഈ ഭാവങ്ങളില്‍ നിന്ന് കാണാം.
സ്ത്രീജാതകത്തില്‍ ലഗ്നത്തില്‍ നില്‍ക്കുന്ന കുജനുപകരം പുരുഷജാതകത്തില്‍ രണ്ടിലോ നാലിലോ നില്‍ക്കുന്ന കുജന് സ്ത്രീയുടെ വൈധവ്യദോഷത്തെ ചെറുക്കാന്‍ ശക്തി കുറവാണ്. പുരുഷജാതകത്തില്‍ ലഗ്നത്തിലോ ഏഴിലോ നില്‍ക്കണം പാപസാമ്യത്തിന്.
സ്ത്രീജാതകത്തില്‍ ഏഴിലോ എട്ടിലോ പാപനുണ്ടെങ്കില്‍ പുരുഷജാതകത്തില്‍ ഏഴില്‍ പാപന്‍ വേണം. പന്ത്രണ്ടില്‍ പാപന്‍ നിന്നാല്‍ പാപസാമ്യമാകില്ല. എന്നാല്‍ രണ്ടിലോ പന്ത്രണ്ടിലോ പാപന്‍ നില്‍ക്കുകയും ശുക്രന് പാപക്ഷേത്ര സ്ഥിതിയും, പാപമദ്ധ്യസ്ഥിതിയും വന്നാല്‍ പാപസാമ്യമാകും.
കെ.ആര്‍.ബി
(9846522432)
