കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുട്ടി ജനിച്ച് 11-12 ഈ ദിവസങ്ങളിലാണ് നാമകരണം. 13-ാം ദിവസം ഈ ചടങ്ങ് നടത്തരുത്. കൗഷിതന്മാർക്ക് 10-ാം ദിവസം രാത്രിയുടെ നാലാം യാമം, ഏഴാം നാഴിക വെളുപ്പു മുതൽ ഉദയം വരെയുള്ള സമയം ഉചിതം. ഇതിന് രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി നക്ഷത്രങ്ങൾ അനുയോജ്യം.
ഇതിന് ചരരാശികൾ പാടില്ലെങ്കിലും കർക്കിടകം നന്ന്. മേടം, മകരം, തുലാം രാശികളും അപരാഹ്നവും ചൊവ്വ, ശനിയാഴ്ചകളും 12 ൽ ഏതെങ്കിലും ഗ്രഹമുള്ള രാശിയും 8 ൽ ചൊവ്വയും ജന്മനക്ഷത്രവും പാടില്ല. ശൂദ്രന്മാർക്ക് ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ശുഭന്മാരുടെ യോഗദൃഷ്ടിയുള്ള മുഹൂർത്തത്തിൽ 28 ന് നടത്താം.
കുജമന്ദവാരങ്ങൾ, ജന്മനക്ഷത്രം ഇവ പാടില്ലെന്ന് വന്നിരിക്കുകയാൽ 27-29 ഈ ദിവസങ്ങളിലും ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ആഴ്ചകളും മേടം, മകരം, തുലാം ഒഴിച്ചുള്ള മറ്റ് രാശികളും നന്ന്.വാവുകൾ രണ്ടുമല്ലാത്ത ഒരു തിഥിയും അഷ്ടമശുദ്ധിയുള്ള മുഹൂർത്തവും വേണം. ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ യോഗദൃഷ്ടിയുള്ള മുഹൂർത്തത്തിൽ നാമകരണം ചെയ്താൽ കുട്ടി പ്രശസ്തനായി തീരും.നാമകരണത്തിന് ശിശുവിനെ ദേഹശുദ്ധി വരുത്തിയശേഷം, മടിയിൽ വച്ചുകൊണ്ട് പിതാവോ, പിതൃസമാനരോ കിഴക്കോട്ട് തിരിഞ്ഞിരിക്കണം. ശിശുവിന്റെ ശരീരത്ത് അരിതാരം, ഗോരോചനം ഇവയിൽ ഏതെങ്കിലും ചാർത്തിയിരിക്കണം.
വിളക്ക് കൊളുത്തിവച്ച് തൂശനിലയിൽ അവൽ, മലർ, പഴം, മുന്തിരി, കൽക്കണ്ടം, തേങ്ങ, പുഷ്പങ്ങൾ എന്നിവ ഗണപതി പ്രീതിക്കായി വയ്ക്കണം. ശേഷം പഞ്ചലോഹങ്ങൾ കൊണ്ടുള്ള മണികൾ കെട്ടിയ കറുത്ത ചരട് കുട്ടിയുടെ അരയിൽ കെട്ടണം. മൂന്ന് വെറ്റിലയെടുത്തു ശിശുവിന്റെ ഓരോ ചെവിയിലും അടച്ചുപിടിച്ചുകൊണ്ട് ആദ്യം വലത്തുചെവിയിലും പിന്നീട് ഇടതുചെവിയിലും പേര് വിളിക്കണം. ഉച്ചാരണ ക്ലേശമില്ലാത്തതും, സ്ഫുടവും പ്രീതികരവും, മംഗളപ്രദവുമായ പേരാണ് കുട്ടിക്ക് ഇടേണ്ടത്. കുട്ടിക്ക് വാക്ക് ശുദ്ധിക്കും, മേധാശക്തിക്കും വേണ്ടി വയമ്പും, തേനും, സ്വർണ്ണവും ചാലിച്ച് നാവിൽ തൊട്ടുകൊടുക്കുകയും ചെയ്യണം.
പിറന്നാൾ ആചരിക്കുമ്പോൾ...
നമ്മുടെ സംസ്‌കാരം അനുസരിച്ച് മലയാളമാസത്തിലെ ജന്മനക്ഷത്രത്തിലാണ് പിറന്നാൾ ആചരിക്കുന്നത്. ഒരു ദിവസം ജന്മനക്ഷത്രം 6 നാഴികയിൽ കൂടുതൽ ഉണ്ടെങ്കിൽ അന്ന് പിറന്നാൾ ആചരിക്കാം. അല്ലെങ്കിൽ തലേന്നാവും പിറന്നാൾ. ഒരു മാസത്തിൽ രണ്ടുതവണ ജന്മനക്ഷത്രം വന്നാൽ അവസാനത്തേതാവും പിറന്നാൾ. അവസാനം വരുന്ന ദിവസം സംക്രമം വരുകയാണെങ്കിൽ ആദ്യത്തേതാണ് പരിഗണിക്കേണ്ടത്.
അന്നേദിവസം പുലർച്ചെ ശരീരശുദ്ധിയോടെ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ ചെയ്തു തീർത്ഥം സേവിച്ചതിനുശേഷം മാത്രമേ ജലപാനമാകാവൂ. വിളക്കുവെച്ച്, ഇലയിട്ട് ഇരുവശത്തും ഓരോരുത്തരെ ഇരുത്തി അമ്മയുടെ കൈകൊണ്ട് വിളമ്പിയ അന്നം ശുഭസമയത്ത് കഴിക്കുക.
പിറന്നാളുകാരൻ അറിയേണ്ടത്
വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. അന്നേദിവസം ശുദ്ധമനസ്സോടെ ഈശ്വരസ്മരണയിൽ കഴിച്ചുകൂട്ടണം. ക്ഷേത്രത്തിൽ പുഷ്പാഞ്ജലി, വിളക്ക്, മാല എന്നിവ വഴിപാടുകൾ ചെയ്യണം. കൺമഷിയെഴുതണം. കിഴക്കോട്ട് തിരിഞ്ഞിരുന്നുണ്ണണം. ആദ്യം ഗണപതിക്ക് സങ്കൽപ്പിച്ച് ഭക്ഷണം വിളമ്പിയ ശേഷമേ പിറന്നാളുകാരന് വിളമ്പാവൂ. പിറന്നാളുകാരന്റെ പിറകിൽ നിന്ന് വലതുവശത്തുകൂടി വേണം വിളമ്പാൻ. അമ്മ ഇല്ലെങ്കിൽ മൂത്ത സഹോദരിക്ക് വിളമ്പാം. തൂശനിലയിലാണ് ഭക്ഷണം വിളമ്പേണ്ടത്. ഇലയുടെ തല വാട്ടിയതായിരിക്കണം. ഇലയുടെ അടിയിൽ വേറെ ഇലച്ചീന്തിടണം. രണ്ടുവട്ടം വിളമ്പണം. ചുരുങ്ങിയത് നാലുകൂട്ടം ഭക്ഷണമെങ്കിലും വിളമ്പണം. കാളൻ, ഓലൻ, എരിശ്ശേരി, ഇഞ്ചിത്തൈര് എന്നിവയുണ്ടെങ്കിൽ വളരെ നന്ന്. നിലത്ത് പലകയിൽ ഇരുന്നുവേണം ഭക്ഷണം കഴിക്കാൻ.
പിറന്നാളുകാരൻ അന്ന് വിറക് കീറരുത്. ഇല മുറിക്കരുത്. അന്നേദിവസം ശരീരത്തിൽ മുറിവുകൾ, ചതവുകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. ദൂരയാത്ര ഒഴിവാക്കുക. എണ്ണ തേക്കരുത്. കാലത്ത് കഞ്ഞി കുടിക്കരുത്. എച്ചിൽ ഭക്ഷിക്കരുത്. പഴകിയ ഭക്ഷണവും വേണ്ട. വീടിന്റെ പുറത്തുനിന്ന് ഭക്ഷിക്കരുത്. മരണ വീട്ടിൽപോകരുത്. അടിയന്തിര സദ്യ ഉണ്ണരുത്. ഭക്ഷണശേഷം ഇല എടുക്കരുത്. നഖം വെട്ടരുത്. പിറന്നാൾ മാസം മുടി മുറിക്കരുത്. മത്സ്യ-മാംസ ഭോജനമരുത്. കുളിക്കാതെ ഭക്ഷിക്കരുത്. ഭക്ഷണം മതി എന്ന് പറയരുത്. ഭക്ഷണം കഴിച്ച് ഇല നിലത്ത് ഇടരുത്. ഇലയിൽ വിളമ്പിയ ഭക്ഷണം മുഴുവനും കഴിക്കരുത്. പിറന്നാൾ ദിവസം വയസ്സ് പറയരുത്.
പിറന്നാൾകാരൻ ശ്രദ്ധിക്കേണ്ട ചിട്ടകൾ മിക്കവാറും പാചകം ചെയ്യുന്നയാളും വിളമ്പുന്നയാളും ശ്രദ്ധിക്കണം. പിറന്നാൾകാരൻ ഭക്ഷണം കഴിച്ചശേഷം എഴുന്നേൽക്കുന്നതിന് മുമ്പ് മറ്റുള്ളവർ എഴുന്നേൽക്കരുത്. മറ്റുള്ളവരുടെ ഊണ് കഴിയും മുമ്പ് പിറന്നാൾകാരനും എഴുന്നേൽക്കരുത്. പിറന്നാൾ ദിവസം ഏകാദശി വന്നാൽ അന്ന് ഏകാദശി നോറ്റ് പിറ്റേന്ന് പിറന്നാൾ ഉണ്ണുക. പിറന്നാൾ ദിവസം പിറന്നാൾകാരനെ അടിക്കുകയോ, വഴക്കുപറയുകയോ അരുത്. യാതൊരു മാനസിക പ്രയാസവുമില്ലാതെ അയാൾ കഴിയണം. പിറന്നാളുകാരൻ ഊണ് കഴിഞ്ഞതിനുശേഷമേ വിളക്ക് കെടുത്താവൂ.
പിറന്നാൾ ദിവസം അനുഗ്രഹിക്കാനുള്ള മന്ത്രം-
സ്വസ്ത്യസ്തു തേ കുശല സ്തു ചിരായൂരസ്തു
ഗോദന്തിവാജി ധനധാന്യ സമൃദ്ധിരസ്തു
ഐശ്വര്യമസ്തു വിനയോസ്തു രിപുക്ഷയോസ്തു
സന്താനമസ്തു സതതം ഹരിഭക്തിരസ്തു
