വഴിത്തിരിവുകള്‍ ശുഭപര്യവസായിയാകുമ്പോള്‍... - മുട്ടത്തുമഠം രാജേഷ് നമ്പൂതിരി

വഴിത്തിരിവുകള്‍ ശുഭപര്യവസായിയാകുമ്പോള്‍... - മുട്ടത്തുമഠം രാജേഷ് നമ്പൂതിരി

HIGHLIGHTS

ശാന്തിജോലിക്കൊപ്പം സംഗീതപരിപാടികളിലും ആദ്ധ്യാത്മിക രചനയിലും, പാട്ടെഴുത്തിലും ഒക്കെ സജീവമായ  മുട്ടത്തുമഠം രാജേഷ് നമ്പൂതിരി

 

മയ്യനാട് മുട്ടത്തുമഠത്തിന് താന്ത്രിക വിദ്യയിലെന്നപോലെ തന്നെ കലയിലും പറയുവാന്‍ നല്ലൊരു പാരമ്പര്യമുണ്ട്. ഇവിടെ ജനിച്ചുവളര്‍ന്നവരധികവും പാരമ്പര്യമായി പൂജാരിമാരാണെങ്കിലും കലയിലും കാലുറപ്പിച്ചവരാണ്. പ്രത്യേകിച്ചും കഥകളിയിലും സംഗീതത്തിലും. അധികം മുന്നോട്ടുപോകാതെ, സമീപകാല ചരിത്രം പരിശോധിച്ചാല്‍ തന്നെ അത് ബോധ്യപ്പെടും. രണ്ട് തലമുറകള്‍ക്ക് മുന്‍പുള്ള കാര്യം. 

അത് നാട്ടിലെ അറിയപ്പെടുന്ന ഒരു പൂജാരിയായിരുന്നു മുട്ടത്തുമഠം ദാമോദരന്‍ നമ്പൂതിരി. ഒപ്പം അറിയപ്പെടുന്ന കഥകളി കലാകാരനും. നിരവധി കളിയരങ്ങുകള്‍ അഭിനയചാതുരികൊണ്ട് കീഴടക്കി ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞുവെങ്കിലും ദാമോദരന്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം ആ കീഴടക്കലിന് ഒരു പൂര്‍ണ്ണത തോന്നിയില്ല.

ആ അപൂര്‍ണ്ണത പരിഹരിക്കുവാനാണ് മകന്‍ കേശവന്‍ നമ്പൂതിരിയെ കഥകളി പഠിക്കുവാന്‍ വിട്ടത്. തനിക്ക് കൈവരിക്കാന്‍ കഴിയാതെ പോയ പൂര്‍ണ്ണത മകനിലൂടെ കൈവരിക്കുകയായിരുന്നു ദാമോദരന്‍ നമ്പൂതിരിയുടെ ലക്ഷ്യം. അതിലദ്ദേഹം വിജയിച്ചു എന്നുതന്നെ പറയാം. കുലത്തൊഴിലായ പൂജാകാര്യങ്ങളില്‍ നിന്ന് വിട്ടുപോകാതെ തന്നെ കഥകളിപഠനം നടത്തിയ കേശവന്‍ നമ്പൂതിരി പേരിന് മുന്നില്‍ ജന്മനാട്ടിനുകൂടി സ്വാഗതം നല്‍കി മയ്യനാട് കേശവന്‍ നമ്പൂതിരിയായി മാറുന്നതും, കഥകളി ആസ്വാദക സമൂഹം തന്‍റെ മകന്‍റെ അഭിനയചാതുരിയെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതും ദാമോദരന്‍ നമ്പൂതിരിക്ക് കാണുവാനായി. പിന്നെ, കേരളം അറിയപ്പെടുന്ന ഒരു കഥകളിനടനായി മാറി മയ്യനാട് കേശവന്‍ നമ്പൂതിരി.

ആ പാരമ്പര്യം പിന്‍തുടരുവാനായി കേശവന്‍ നമ്പൂതിരി തന്‍റെ രണ്ട് ആണ്‍മക്കളില്‍ മൂത്തവനായ രാജേഷ് നമ്പൂതിരിയേയും കഥകളി പഠിപ്പിക്കുകയും അരങ്ങേറ്റം നടത്തുകയും ചെയ്തെങ്കിലും രാജേഷിന് താല്‍പ്പര്യം അമ്മ രാധാമണി അന്തര്‍ജ്ജനത്തിന്‍റെ സംഗീത പാരമ്പര്യം പിന്‍തുടരുവാനായിരുന്നു. ഒപ്പം ഇലക്ട്രോണിക്സ് മേഖലയോടൊരു താല്‍പ്പര്യവും. അമ്മ ഗാനപ്രവീണ പാസ്സായി നന്നായി പാടുമായിരുന്നെങ്കിലും അച്ഛന്‍റെ കലാജീവിതത്തിനായി സ്വയം വഴിമാറിയ ത്യാഗസമ്പന്നയായിരുന്നു. കുടുംബത്തിലെ സാഹചര്യങ്ങളും അതിനുകാരണമായിരുന്നു. എങ്കിലും വീടിന്‍റെ നാലുചുവരുകള്‍ക്കുള്ളില്‍ എന്നും സംഗീതം നിറച്ചുനിര്‍ത്തുവാന്‍ രാധാമണി അന്തര്‍ജ്ജനം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അത് കേട്ടുവളര്‍ന്നതും രാജേഷിന്‍റെ സംഗീതപ്രേമത്തിന് കാരണമായി. ഒപ്പം ഇലക്ട്രോണിക്സ് മേഖലയിലെ താല്‍പ്പര്യം ഡിപ്ലോമയിലും എത്തിച്ചു. അതോടെ മൂത്തമകന്‍ കഥകളിയില്‍ തനിക്ക് പിന്‍ഗാമിയാകില്ലെന്ന് കണ്ട കേശവന്‍ നമ്പൂതിരി ഇളയമകന്‍ രാജീവിനെ കലാമണ്ഡലത്തില്‍ ചേര്‍ത്തു. അച്ഛന്‍റെ ആഗ്രഹം തിരിച്ചറിഞ്ഞ ഇളയമകന്‍ രാജീവ് പിന്നീട് അച്ഛനേക്കാളും കേമനായി, കഥകളി അരങ്ങുകള്‍ക്ക് സുപരിചിതനായ കലാമണ്ഡലം രാജീവ് ആയി.

ഇനി നമുക്ക് രാജേഷ് നമ്പൂതിരിയിലേക്ക് വരാം.

മുത്തശ്ശന്‍ ദാമോദരന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ പൂജാവിധികള്‍ പഠിച്ച രാജേഷ് പത്താമത്തെ വയസില്‍ ശാന്തിക്കാരനായി മാറി. ഉപനയനം കഴിഞ്ഞപ്പോള്‍തന്നെ തറവാടിന്‍റെ മൂലസ്ഥാനമായ കൂട്ടിക്കട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ മുത്തശ്ശന് സഹായിയായിട്ടായിരുന്നു തുടക്കം. അധികം താമസിയാതെ ജന്മംകുളം ഭഗവതി ക്ഷേത്രത്തില്‍ ശാന്തിയായി. അത്രയും ചെറുപ്പത്തില്‍ ഈശ്വരപൂജ ചെയ്യുവാനുള്ള അവസരം രാജേഷിന് ലഭിച്ചതിനുപിന്നില്‍ ഒരു കാരണമുണ്ട്. മയ്യനാട് ഭാഗത്തെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് ജന്മംകുളം ഭഗവതി ക്ഷേത്രം.

കാലാകാലങ്ങളായി മുട്ടത്തുമഠംകാരായിരുന്നു അവിടത്തെ പൂജാരിമാര്‍. ക്ഷേത്രനടത്തിപ്പും അവര്‍ക്കായിരുന്നു. എന്നാല്‍ പിന്നീട് നടത്തിപ്പുചുമതല കയ്യൊഴിഞ്ഞെങ്കിലും പൂജാകാര്യങ്ങള്‍ മുട്ടത്തുമഠത്തില്‍ തന്നെ നിലനിന്നു. അങ്ങനിരിക്കെ ഒരവസരത്തില്‍, കേശവന്‍ നമ്പൂതിരിക്ക് ശാന്തിച്ചുമതലയായിരുന്ന കാലത്ത് അതിനും ചില ബുദ്ധിമുട്ടുകള്‍ വന്നുചേര്‍ന്നു. 

മിക്കവാറും ദിവസം കഥകളിക്ക് പോകേണ്ടതുള്ളതുകൊണ്ട് കേശവന്‍ നമ്പൂതിരിക്ക് പലപ്പോഴും പൂജയ്ക്ക് പോകാന്‍ സമയം ലഭിക്കാത്ത സാഹചര്യമുണ്ടായി. അദ്ദേഹത്തിന്‍റെ അനുജന്‍ ഗോപാലകൃഷ്ണന്‍ നമ്പൂതിരി ഗള്‍ഫിലുമാണ്. അങ്ങനൊരവസ്ഥയിലാണ് ജന്മംകുളം ക്ഷേത്രത്തിലെ ശാന്തി മുട്ടത്തുമഠത്തിന് കയ്യൊഴിയേണ്ടി വന്നത്.

തുടര്‍ന്ന് മറ്റാരെയൊക്കെയോ ശാന്തിക്കാരനാക്കിയെങ്കിലും അതൊന്നും ദേവിക്ക് ഹിതകരമല്ലെന്നാണ് ദേവപ്രശ്നത്തില്‍ തെളിഞ്ഞത്. മുട്ടത്തുമഠത്തില്‍ നിന്ന് ആരെങ്കിലും ചെന്ന് ദിവസവും വിളക്ക് കത്തിക്കുകയെങ്കിലും ചെയ്താല്‍ മതി എന്നു പ്രശ്നത്തില്‍ വെളിപ്പെട്ടു.

അങ്ങനെയാണ് മുട്ടത്തുമഠം രാജേഷ് നമ്പൂതിരി ആദ്യമായി ശാന്തിക്കാരനായി മാറുന്നത്. അന്ന് വയസ് പത്ത്. പിന്നീട് അടിമറ്റത്ത് മഠം സുകുമാരന്‍ ഭട്ടതിരി, അമ്മയുടെ അച്ഛന്‍ എന്നിവരില്‍ നിന്നും കൂടുതല്‍ പഠിച്ചെങ്കിലും അതിനിടെയാണ് ഇലക്ട്രോണിക്സില്‍ കമ്പം കയറി ഒരു ഡിപ്ലോമ കോഴ്സ് ചെയ്തത്.

അതിനിടെ ജന്മംകുളത്ത് ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ദല്‍ഹി പോലീസില്‍ എസ്.ഐ ആയി ജോലി ലഭിക്കുവാനുള്ള അവസരം കൈവന്നെങ്കിലും സാമ്പത്തിക കാരണത്താല്‍ നഷ്ടപ്പെട്ടു. പിന്നെ ഒരു വര്‍ഷം, മമ്മൂട്ടിയും ഭാര്യയും നിര്‍മ്മാതാക്കളായ 'ജ്വാല' എന്ന സീരിയലിന്‍റെ അണിയറപ്രവര്‍ത്തകനായി. ആയിടയ്ക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരനായി ജോലി ലഭിക്കുന്നത്. ഓഞ്ചേരിക്കാവിലായിരുന്നു ആദ്യനിയമനം. അതിന് മുന്‍പുണ്ടായ ഒരു സംഭവമാണ് രാജേഷിനെ വിവാഹജീവിതത്തിലേക്ക് നയിച്ചത്. അതൊരു കഥയാണ്. മനോഹരമായ കഥ. അക്കഥ രാജേഷ് തന്നെ പറയും:

'കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിനടുത്തുള്ള പെറൈയ്ച്ചുവീട് ഭഗവതി ക്ഷേത്രം കുടുംബക്ഷേത്രത്തില്‍ തന്ത്രിക്കൊപ്പം പൂജയ്ക്ക് പോയതായിരുന്നു ഞാന്‍. അപ്പോളവിടെ ഒരു പെണ്‍കുട്ടി ദേവിക്ക് മുന്നില്‍ കൈകൂപ്പി നിന്ന് പ്രാര്‍ത്ഥിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ശ്രദ്ധയില്‍പ്പെടാന്‍ കാരണം ആ കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സാധാരണ നിലയില്‍ പതിവില്ലാത്ത രീതിയാണെങ്കിലും, എന്തുകൊണ്ടോ ആ കരച്ചിലിന്‍റെ കാരണം തിരക്കാന്‍ മനസ്സ് പറഞ്ഞു. ഞാന്‍ ചോദിച്ചു. അപ്പോള്‍ ആ കുട്ടി പറഞ്ഞു, വിവാഹം നടക്കുന്നില്ല. അതിനാല്‍ കുടുംബക്ഷേത്രത്തില്‍ സ്വയംവരപൂജ നടത്താന്‍ വന്നതാണ്.

കൂടുതലൊന്നും ചോദിക്കാതെ ഞാന്‍ നേരെ ദേവിക്കരികില്‍ ചെന്നു. എന്‍റെ ജീവിതത്തിലെ പല കാര്യങ്ങളിലും വഴികാട്ടിയായിട്ടുള്ള ദേവിയായതിനാല്‍ ഞാന്‍ ദേവിയോട് ചോദിച്ചു- ആ കണ്ണുനീര്‍ ഞാന്‍ ഒപ്പിമാറ്റട്ടോ.

അവിടുന്ന് സമ്മതം തരുന്നതുപോലെ തോന്നി. ശ്രീകോവിലില്‍ നിന്നു ഇറങ്ങിവന്ന് ആ പെണ്‍കുട്ടിയോട് ഞാന്‍ ചോദിച്ചു- ഞാന്‍ വിവാഹം കഴിക്കുന്നതിനോട് എതിര്‍പ്പുണ്ടോ? ഇല്ല എന്ന് ആദ്യം ആ മുഖഭാവവും പിന്നെ വാക്കും പറഞ്ഞു. അങ്ങനെയാണ് നമ്പൂതിരിയായ എന്‍റെ ജീവിതത്തിലേക്ക് ബിനി എന്ന നായര്‍ പെണ്‍കുട്ടി ജീവിതപങ്കാളിയായി കടന്നുവരുന്നത്.

ഏതാണ്ടിതുപോലെയായിരുന്നു എന്‍റെ അച്ഛനും അമ്മയുമായുള്ള വിവാഹം. ആറന്മുള പ്രയാറ്റില്ലമാണ് അമ്മയുടെ തറവാട്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ കഥകളിക്ക് അച്ഛന്‍റെ കൃഷ്ണവേഷം കണ്ട അമ്മയുടെ മനസ്സില്‍ ആ കൃഷ്ണന്‍ കുടിയേറുകയായിരുന്നു. അങ്ങനെയാണ് പ്രയാറ്റി ല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍ മയ്യനാട് കേശവന്‍ നമ്പൂതിരിയുടെ വേളിയായത്. 

അങ്ങനെ എന്‍റെ അച്ഛന്‍റേയും അമ്മയുടേയും വിവാഹത്തിന് കാരണക്കാരനായതുകൊണ്ടായിരിക്കാം, ഏറ്റവും കൂടുതല്‍ പൂജ ചെയ്തിട്ടുള്ളത് ദേവി ക്ഷേത്രങ്ങളിലാണെങ്കിലും എന്‍റെ ഇഷ്ടദൈവം കൃഷ്ണനാണ്. ഇവിടെ ആശ്രാമം ശ്രീകൃഷ്ണഭഗവാനെ പൂജിക്കുവാനുള്ള അവസരം കൈവന്നത്, അതുകൊണ്ടുതന്നെ ദൈവനിയോഗമായാണ് ഞാന്‍ കാണുന്നത്. ഇനി വിരമിക്കലും ഇവിടെ നിന്നു തന്നെയായിരിക്കും.

ഓഞ്ചേരിക്കാവില്‍ തുടങ്ങിയ ദേവസ്വം ശാന്തിജോലി പിന്നെ മുണ്ടക്കയം, മുഖത്തല, ഇടയ്ക്കാട്, തിരുമുല്ലവാരം, ഇലങ്കത്ത്, ലക്ഷ്മിനട, തേവരുനട, പൂവന്‍പുഴ, ഒക്കെക്കഴിഞ്ഞാണ് ആശ്രാമത്തെത്തുന്നത്.

അതിനിടെ ദേവസ്വത്തില്‍ ജോലി നോക്കുമ്പോള്‍ തന്നെ 'പ്രണവം ഓര്‍ക്കസ്ട്ര'എന്ന പേരില്‍ ഒരു സംഗീത ട്രൂപ്പും നടത്തി. അതിലെ പ്രധാന ഗായകരിലൊരാള്‍ രാജേഷ് തന്നെയായിരുന്നു. ഭാര്യ ബിനിയും പാടും. നിരവധി വേദികളില്‍ ഇരുവരും ചേര്‍ന്ന് ഭജന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് പ്രണവം ഓര്‍ക്കസ്ട്ര നിന്നുപോയെങ്കിലും രാജേഷിന്‍റെ പാട്ടിന് ഭംഗമൊന്നും സംഭവിച്ചില്ല. ഇപ്പോള്‍ മറ്റുള്ളവര്‍ വിളിച്ചാല്‍ പോകും. പാടും.
വിദ്യാര്‍ത്ഥിനികളായ മക്കള്‍ ലക്ഷ്മിപ്രിയയും ദേവിപ്രിയയും പാട്ടിന്‍റെ വഴിയിലുണ്ട്. അച്ഛന്‍ എഴുതി സംഗീതം പകര്‍ന്ന ആല്‍ബങ്ങളിലുള്‍പ്പെടെ പാടിയിട്ടുണ്ട്.

ഒക്കെയാണെങ്കിലും പക്ഷെ വിരമിക്കലിനുശേഷം ആത്മീയബോധവല്‍ക്കരണവും, ആത്മീയ രചനകളുമായി മുന്നോട്ടുപോകാനാണ് കൃഷ്ണഭക്തനായ രാജേഷ് നമ്പൂതിരിയുടെ തീരുമാനം.