ക്ഷേത്രത്തിനുള്ളില്‍ ഷര്‍ട്ട് ധരിക്കാമെന്നും അരുതെന്നും...

ക്ഷേത്രത്തിനുള്ളില്‍ ഷര്‍ട്ട് ധരിക്കാമെന്നും അരുതെന്നും...

HIGHLIGHTS

കാലം മാറുന്നതിന് അനുസരിച്ച് വിശ്വാസപ്രമാണങ്ങളിലും ചിന്താധാരകളിലും മാറ്റങ്ങള്‍ വന്നുഭവിക്കുന്നത് സ്വാഭാവികം. അത്തരത്തില്‍ പല മാറ്റങ്ങളും ക്ഷേത്രാചാരങ്ങളിലും വന്നുചേര്‍ന്നിട്ടുണ്ട്. ഇത്തരം മാറ്റങ്ങളെ പലരും പലതരത്തിലും വ്യാഖ്യാനിക്കുന്നു എന്നുമാത്രം. അടിസ്ഥാനപരമായി മനുഷ്യരുടെ നന്മയും ആരോഗ്യവുമാണ് വിശ്വാസങ്ങള്‍ക്ക് ആധാരം. അത് മനുഷ്യന് മനുഷ്യനെ തിരിച്ചറിയാനും പരസ്പരം സ്നേഹിക്കാനും ഉപകരിക്കുന്നിടത്താണ് ജീവിതം സാര്‍ത്ഥകമാകുന്നത്.

വിശ്വാസവുമായി ബന്ധപ്പെട്ട പല സംഗതികളും ഇതര ചിന്താധാരകളുമായി കൂടിക്കലരുന്ന അല്ലെങ്കില്‍ കലര്‍ത്തപ്പെടുന്ന സമകാലിക സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ പല ഭക്തരുടേയും മനസ്സില്‍ പലവിധ സംശയങ്ങള്‍ ഉയരുന്നത് സ്വാഭാവികം. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ചിട്ടവട്ടങ്ങളുടെ ശാസ്ത്രം എന്ത് എന്നതാണ് അതില്‍ പ്രധാനമായും നിഴലിക്കുന്നത്. ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നതും ഈയൊരു സാഹചര്യത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് പലവിധ കേട്ടുകേള്‍വികളാണ് നമുക്ക് ചുറ്റിലും ഉയരുന്നത്. ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഷര്‍ട്ട് ധരിക്കുന്നതില്‍ എന്താണ് തെറ്റ് എന്നുചോദിക്കുന്നവരും അത് തെറ്റാണെന്ന് വാദിക്കുന്നവരും നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളിലൂടെയും കേട്ടുകേള്‍വികളിലൂടെയും ഒരു സഞ്ചാരം ആകാം.

നമ്മുടെ നാട് അതിന്‍റെ പൈതൃകം വിളിച്ചോതുന്ന ക്ഷേത്രങ്ങളാലും കാവുകളാലും കുളങ്ങളാലും സമ്പുഷ്ടമാണ്. നമ്മുടെ പുരാതനക്ഷേത്രങ്ങളില്‍ പലരും ഇന്നും കേള്‍വികേട്ട ദേവസ്ഥാനങ്ങളാണ് എന്നത് നമുക്ക് അഭിമാനിക്കാവുന്ന സംഗതിയാണ്. ഈ ക്ഷേത്രങ്ങളില്‍ പലതും കേവലം ഒരു ഭൗതിക നിര്‍മ്മിതി എന്ന നിലയ്ക്കല്ല പണികഴിപ്പിച്ചിട്ടുള്ളത്. കൃത്യമായ ക്ഷേത്രാചാരവിധിപ്രകാരവും വാസ്തുസങ്കല്‍പ്പങ്ങളും പാലിച്ചുതന്നെയാണ് ക്ഷേത്രങ്ങളൊക്കെയും പണിതീര്‍ത്തിട്ടുള്ളത്. ഇനി പുതിയ കാലഘട്ടത്തില്‍ പണികഴിപ്പിച്ച ക്ഷേത്രങ്ങളാണെങ്കിലും ഗ്രന്ഥങ്ങളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ആിാര അനുഷ്ഠാനങ്ങളും മന്ത്രതന്ത്രവിധികളും പാലിച്ചുതന്നെയാണ് പണികഴിപ്പിക്കുന്നത് എന്നോര്‍ക്കണം.

വിശ്വാസപ്രമാണങ്ങളിലൂടെ...

ജീവചൈതന്യം പ്രവഹിക്കുന്ന മനുഷ്യശരീരം പോലെതന്നെയാണ് നമ്മുടെ ക്ഷേത്രങ്ങളും. ഊര്‍ജ്ജത്തിന്‍റെ പ്രഭവകേന്ദ്രങ്ങളാണ് ക്ഷേത്രമെന്ന ആരാധനാലയം. അവിടെ നാം വിശ്വാസികള്‍ കടന്നുചെല്ലുന്നത് ഭഗവാന് അല്ലെങ്കില്‍ ഭഗവതിക്ക് മുന്നില്‍ കരയാനും പറയാനും അതിലൂടെ ആത്മസായൂജ്യം നേടാനും മാത്രമല്ല. അതിനുമപ്പുറം അമ്പലത്തിന്‍റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ പടര്‍ന്നുപന്തലിക്കുന്ന പോസിറ്റീവ് എനര്‍ജിയെന്ന ആത്മീയ ഉണര്‍വ്വിനെ അല്ലെങ്കില്‍ ഊര്‍ജ്ജത്തെ നമ്മിലേക്ക് തന്നെ ആവാഹിച്ചെടുക്കാനും അതിലൂടെ സ്വയം ശുദ്ധീകരണം നടത്തി കര്‍മ്മോത്സുകരാകാനും വേണ്ടിയാണ്.

ക്ഷേത്രത്തിനുള്ളിലെ ഊര്‍ജ്ജത്തിന്‍റെ പ്രഭവകേന്ദ്രം വിഗ്രഹം തന്നെയാണ്. അത് വെറുതെയങ്ങ് മരത്തിലോ ശിലയിലോ കൊത്തിമിനുക്കി സ്ഥാപിച്ചുവച്ചേയ്ക്കുന്ന ഒന്നല്ല എന്നതാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. പണ്ഡിതനും ശ്രേഷ്ഠനും തേജസ്വിയുമായ പൂജാരിയുടെ കാര്‍മ്മികത്വത്തിലാകും ഓരോ ക്ഷേത്രങ്ങളിലും വിഗ്രഹപ്രതിഷ്ഠ നടത്തിയിട്ടുണ്ടാവുക. അവര്‍ തങ്ങളുടെ ആത്മചൈതന്യം പൂജാവിധികളിലൂടെ വിഗ്രഹങ്ങളിലേക്ക് ആവാഹനം ചെയ്യും.

തുടര്‍ന്ന് മന്ത്രോച്ചാരണത്തിലൂടെയും ഇതര സ്രോതസ്സുകളിലൂടെയും വന്നുഭവിക്കുന്ന ഊര്‍ജ്ജങ്ങളെല്ലാം വിഗ്രഹത്തിലേക്ക് സ്വാംശീകരിക്കപ്പെടും. അതിപ്പോള്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന ചെണ്ട, ചേങ്ങില, മദ്ദളം, ഇലത്താളം, നാദസ്വരം തുടങ്ങി സകലവിധ സംഗീത ഉപകരണങ്ങളില്‍ നിന്നും പൂജയ്ക്കായി അര്‍പ്പിക്കുന്ന പുഷ്പങ്ങളും സുഗന്ധദ്രവ്യങ്ങളുമൊക്കെ ഊര്‍ജ്ജത്തിന്‍റെ ബഹിര്‍ഗമനദായകങ്ങളായി മാറുകയാണ്. ഇതെല്ലാം വിഗ്രഹം സ്വയം ആഗിരണം ചെയ്യുന്നതുപോലെ തന്നെയാണ് വികിരണവും ചെയ്യുന്നത്. ഈ വികിരണങ്ങളെയാണ് നാം ക്ഷേത്രത്തില്‍ നിന്നും സ്ഫുരിക്കുന്ന ഊര്‍ജ്ജമായി വിലയിരുത്തുന്നത്.

വാസ്തവത്തില്‍ പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനം ശരിയാ അളവില്‍ ലഭിക്കുന്നത് ക്ഷേത്രങ്ങളില്‍ നിന്നാണ്. കണ്ണുകളുടെ കാര്യം ആദ്യം പരിശോധിക്കാം. വിഗ്രഹത്തിന്‍റെ പ്രഭാമണ്ഡലം. അതില്‍ ചാര്‍ത്തിയ സ്വര്‍ണ്ണാഭരണം, തിളങ്ങുന്ന ഓട്, ജ്വലിക്കുന്ന ദീപനാളങ്ങള്‍, ചാര്‍ത്തുന്ന പുഷ്പങ്ങള്‍ എന്നിവയൊക്കെ കണ്ണിനെ ചൈതന്യവത്താക്കുകയാണ് ചെയ്യുന്നത്. മണിനാദം, ശംഖധ്വനി, മന്ത്രധ്വനി, വാദ്യധ്വനി, കീര്‍ത്തനാലാപനം, സോപാനസംഗീതം എന്നിവ കര്‍ണ്ണപുടങ്ങളെ ഉത്തേജിപ്പിക്കും. 

ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ചന്ദനം, ഭസ്മം, കുങ്കുമം, കളഭം ചെവിയിലും മുടിയിലും ചൂടുന്ന ഔഷധപുഷ്പങ്ങള്‍ എന്നിവ ത്വക്കിനെ ചൈതന്യവത്താക്കുന്നു. അതേസമയം, കര്‍പ്പൂരം, ചന്ദനത്തിരി, ഇലകള്‍, സുഗന്ധപുഷ്പങ്ങള്‍, തൈലം, പനിനീര്‍ എന്നിവ നാസികയേയും തീര്‍ത്ഥം, തൃമധുരം, നിവേദ്യം പായസം എന്നിവ നാക്കിനേയും ഉത്തേജിപ്പിക്കുന്നു. ചുരുക്കത്തില്‍ വിവിധ ഊര്‍ജ്ജങ്ങളുടെ ആഗിരണ, വികിരണ കേന്ദ്രമായി വര്‍ത്തിക്കുന്ന ഇടങ്ങളാണ് ശ്രീകോവിലുകള്‍.

ഭാരതത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലെ വിവിധ ആരാധനാലയങ്ങളില്‍ വ്യത്യസ്തമായ കീഴ്വഴക്കങ്ങളും മാമൂലുകളുമാണ് പിന്തുടര്‍ന്നുപോരുന്നത്. വിശ്വാസസംബന്ധിയായ കാര്യങ്ങളില്‍ പ്രാദേശിക വൈവിദ്ധ്യങ്ങള്‍ക്കും ഇടമുണ്ട് എന്ന് സാരം. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം മിക്കയിടങ്ങളിലും പരമ്പരാഗത സങ്കല്‍പ്പങ്ങളും ആചാര അനുഷ്ഠാനങ്ങളുമാണ് ഇപ്പോഴും പിന്തുടര്‍ന്നുപോരുന്നത്. ക്ഷേത്രങ്ങളിലെ ഊര്‍ജ്ജപ്രവാഹം മനുഷ്യശരീരത്തില്‍ വേണ്ടവിധം ആവാഹിക്കപ്പെടാന്‍ വേണ്ടിയാണ് നാലമ്പലത്തിനുള്ളില്‍ പുരുഷന്മാര്‍ ഷര്‍ട്ടും മേല്‍മുണ്ടും ധരിക്കരുത് എന്ന് പറയുന്നതത്രേ. 

അതേസമയം സ്ത്രീകള്‍ കണ്ഠം, നെറ്റി, പുരികമദ്ധ്യം എന്നിവ വഴിയാണ് ഊര്‍ജ്ജം ആവാഹിക്കുന്നത് എന്നും പഴമക്കാര്‍ പറയുന്നു. കുളിച്ചുശുദ്ധമായി ഈറനോടെ ക്ഷേത്രദര്‍ശനം നടത്തുന്നതായിരുന്നു പണ്ടുകാലത്തെ കീഴ്വഴക്കമെങ്കിലും ഇപ്പോള്‍ അത് കുളിച്ചുശുദ്ധിയായി എന്ന നിലയിലേക്ക് ലോപിച്ചിട്ടുണ്ട്. പുരുഷനായാലും സ്ത്രീ ആയാലും ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഊര്‍ജ്ജപ്രവാഹം എത്തിക്കാനാണ് പ്രദക്ഷിണം എന്ന സങ്കല്‍പ്പം വിഭാവനം ചെയ്തിട്ടുള്ളത്. ചുരുക്കത്തില്‍ ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യമാണ് ക്ഷേത്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭക്തി അതിലേക്കുള്ള ഒരു ചൂണ്ടുപലക മാത്രമാണ്.

കാലം മാറുന്നതിന് അനുസരിച്ച് വിശ്വാസപ്രമാണങ്ങളിലും ചിന്താധാരകളിലും മാറ്റങ്ങള്‍ വന്നുഭവിക്കുന്നത് സ്വാഭാവികം. അത്തരത്തില്‍ പല മാറ്റങ്ങളും ക്ഷേത്രാചാരങ്ങളിലും വന്നുചേര്‍ന്നിട്ടുണ്ട്. ഇത്തരം മാറ്റങ്ങളെ പലരും പലതരത്തിലും വ്യാഖ്യാനിക്കുന്നു എന്നുമാത്രം. അടിസ്ഥാനപരമായി മനുഷ്യരുടെ നന്മയും ആരോഗ്യവുമാണ് വിശ്വാസങ്ങള്‍ക്ക് ആധാരം. അത് മനുഷ്യന് മനുഷ്യനെ തിരിച്ചറിയാനും പരസ്പരം സ്നേഹിക്കാനും ഉപകരിക്കുന്നിടത്താണ് ജീവിതം സാര്‍ത്ഥകമാകുന്നത്.

അനിരുദ്ധന്‍