യഥാര്‍ത്ഥത്തില്‍ നാരദന്‍ ആരാണ്?
തമിഴ് ദ്രാവിഡ സംസ്ക്കാരത്തില്‍ മൂന്ന് പഴങ്ങളെ മുക്കനികള്‍ എന്ന് പറയപ്പെടുന്നു. പ്ലാപ്പഴം(ചക്ക) മാമ്പഴം, വാഴപ്പഴം എന്നിവയാണത്. കേരളത്തില്‍ മാത്രം പ്ലാപ്പഴം എങ്ങനെ ചക്കപ്പഴം ആയി എന്നത് അറിയില്ല. പ്ലാവ്, മാവ്, വാഴ ഈ മൂന്ന് വൃക്ഷങ്ങളും ഏതൊരുവന്‍റെ പറമ്പില്‍ ഉണ്ടോ അവര്‍ക്ക് പട്ടിണി കിടക്കേണ്ടി വരില്ല എന്നാണ് ശാസ്ത്രം. മാത്രമല്ല, അവരുടെ ആയുരാരോഗ്യം നന്നായിരിക്കുമത്രേ...! ഈ മൂന്ന് കനികളില്‍ മാമ്പഴത്തിന് വലിയ സ്ഥാനമാണുള്ളത്. എന്തെന്നാല്‍, ഒരു മാമ്പഴം ഹേതുവായി ഒരുമിച്ചായിരുന്ന ശിവകുടുംബം ശണ്ഠകൂടി പിരിഞ്ഞ് ബാലസുബ്രഹ്മണ്യന്‍ എല്ലാം ഉപേക്ഷിച്ച് പഴനിയില്‍ പോയി ദണ്ഡായുധപാണിയായി മാറിയത്രേ!
ആ കഥ ഇങ്ങനെ- തനിക്ക് കിട്ടിയ വിശിഷ്ടമായ ഒരു മാമ്പഴം താന്‍ വലിയ ത്യാഗം ചെയ്യുകയാണെന്ന് കരുതി ദേവര്‍ഷി നാരദന്‍ കൈലാസത്തില്‍ ചെന്ന് പരമേശ്വരന് കാഴ്ച വച്ചു. ആ മാമ്പഴം മുറിച്ച് ആര്‍ക്കും പങ്കുവെയ്ക്കുവാന്‍ പാടില്ല. ആ മാമ്പഴം മുഴുവനുമായും ആരെങ്കിലും കഴിക്കണം എന്നൊരു വ്യവസ്ഥയും കൂടി ഉണ്ടായിരുന്നു.
എന്തായാലും തങ്ങള്‍ക്ക് ആ മാമ്പഴം വേണ്ട എന്നും അത് പുത്രന്മാരില്‍ ആര്‍ക്കെങ്കിലും കൊടുക്കാമായിരുന്നുവെന്ന് ശിവപാര്‍വ്വതിമാര്‍ തീരുമാനിച്ചു. രണ്ട് പുത്രന്മാരും പ്രിയപ്പെട്ടവരായിരുന്നതുകൊണ്ട് രണ്ടുപേരെയും പിണക്കാന്‍ വയ്യ.അതുകൊണ്ട് രണ്ട് പുത്രന്മാര്‍ക്കിടയിലും ഒരു പന്തയം വെച്ചു. ആരാണോ ഈ ലോകത്തെ മൂന്ന് പ്രാവശ്യം ചുറ്റി വരുന്നത് അവര്‍ക്ക് ഈ മാമ്പഴം സമ്മാനമായി ലഭിക്കും. അതുകേട്ട ഉടനെ വാഹനമായ മയിലിന്‍റെ പുറത്തുകയറി മുരുകന്‍ ലോകം ചുറ്റാന്‍ പുറപ്പെട്ടു.
എന്നാല്‍ മുരുകനോട് മത്സരിച്ച് തനിക്കും തന്‍റെ വാഹനമായ മൂഷികനും ജയിക്കാന്‍ സാധിക്കില്ല എന്നറിയാമായിരുന്നതുകൊണ്ട് വിഘ്നേശ്വരന്‍ ഒരു യുക്തി പ്രയോഗിച്ചു. പിതാവിനോട്, ഒരാള്‍ക്ക് ഏറ്റവും വലിയ ലോകം ഏതാണെന്ന് ചോദിച്ചപ്പോള്‍ അത് അയാളുടെ മാതാപിതാക്കള്‍ ആണെന്ന് പറഞ്ഞു. അത് കേട്ട ഉടനെതന്നെ ഗണപതി തന്‍റെ മാതാപിതാക്കളെ ലോകമാണെന്ന് സങ്കല്‍പ്പിച്ച് മൂന്ന് പ്രദക്ഷിണം ചെയ്തു. എന്നിട്ട് താന്‍ തന്‍റെ ലോകമായ മാതാപിതാക്കളെ മൂന്നുപ്രാവശ്യം ചുറ്റിയതായി പ്രഖ്യാപിച്ച് മാമ്പഴം കരസ്ഥമാക്കുകയും ചെയ്തു. തന്‍റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി കൈലാസത്തില്‍ മടങ്ങിയെത്തിയ മുരുകന്‍ തനിക്ക് പറ്റിയ ചതിയറിഞ്ഞ് കോപിഷ്ഠനായി എല്ലാം ഉപേക്ഷിച്ച് ആണ്ടിയായി പഴനിയിലെത്തി. എല്ലാം ഉപേക്ഷിച്ച് തന്നെ മാത്രം തേടിയെത്തുന്നവര്‍ക്ക് തന്‍റെ എല്ലാവിധ അനുഗ്രഹാശിസ്സുകളും ലഭിക്കുമെന്ന് പ്രഖ്യാപിച്ചു.
ഐക്യത്തോടെ കഴിഞ്ഞിരുന്ന ശിവകുടുംബത്തെ മാമ്പഴം നല്‍കിയതിലൂടെ നാരദന്‍ രണ്ടായി പിരിച്ചു. പുരാണങ്ങളില്‍ നാരദനുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളുണ്ട്. ഭൂരിഭാഗം ജനങ്ങള്‍ക്കും അറിയാവുന്ന ഒരു കഥ ഇവിടെ പ്രതിപാദിച്ചു എന്നു മാത്രം. ബ്രഹ്മാവിന്‍റെ മാനസപുത്രനായ നാരദന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? നാരദന്‍ എന്ന് പേര് വരുവാന്‍ കാരണമെന്ത്? ഇത്യാദി കാര്യങ്ങളാണ് ഞാനീ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.
നാരദന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയാമോ? നാരം=വെള്ളം/ദന്‍=ദാനം ചെയ്യുന്നവന്‍. അതായത് ജലം ദാനം ചെയ്തവന്‍. ഈ പേരുവരുവാന്‍ കാരണമായ കഥ ഇതാ-
തീരെ നിര്‍ദ്ധനനായ എന്നാല്‍ സാത്വികഗുണസമ്പന്നനായ ഒരു ഉത്തമബ്രാഹ്മണന്‍ ജീവിച്ചിരുന്നു. ദാനധര്‍മ്മാദികള്‍ ചെയ്ത് മോക്ഷം സമ്പാദിക്കാന്‍ മോഹിച്ചു ആ പാവം! പക്ഷേ എന്താണ് ദാനം ചെയ്യുക? എവിടുന്നെടുത്തു നല്‍കും? പ്രകൃതീദേവി കനിഞ്ഞു നല്‍കിയ ജലം. അതിനൊരു ക്ഷാമവുമില്ലല്ലോ? ദാഹജലം പകര്‍ന്നുനല്‍കുന്നതില്‍ പരം പുണ്യം വേറൊന്നുമില്ല. ജലദാനം ചെയ്തു പുണ്യം നേടാന്‍ തന്നെ ആ സാധു തീരുമാനിച്ചു.
നാലും കൂടുന്ന വഴിയില്‍ ഒരു തണ്ണീര്‍ പന്തല്‍ കെട്ടിയുണ്ടാക്കി. സ്വയം വെള്ളം കോരി ചുമന്ന് നിറച്ച് വഴിപോക്കരായ ജനങ്ങള്‍ക്ക് സ്നേഹബഹുമാനങ്ങളോടെ ദാഹജലം നല്‍കി നിഷ്ക്കാമസേവനം ചെയ്ത് അദ്ദേഹം കാലം കഴിച്ചു. ജീവിതാവസാനകാലത്ത് ചിത്രഗുപ്തന്‍റെ നിശിത വിശകലനത്തിന് ഈ ബ്രാഹ്മണനും ഇരയായി.
അനേകായിരം പേര്‍ക്ക് ദാഹശമനം നടത്തിയ ബ്രാഹ്മണന്‍ വൈകുണ്ഠത്തില്‍ ശ്രീനാരായണ സ്വാമിയുടെ സവിധത്തിലേക്ക് ആനയിക്കപ്പെട്ടു. സുകൃതം നിറഞ്ഞൊരു ബ്രാഹ്മണജന്മം തന്നെ ഭഗവാന്‍ വീണ്ടും നല്‍കി. മുജ്ജന്മത്തെപ്പോലെ തന്നെ ഈ ജന്മത്തിലും സ്വന്തം കൈകൊണ്ട് അനേകായിരങ്ങള്‍ക്ക് ദാഹജലം പകര്‍ന്നുനല്‍കി ആ സാധു ബ്രാഹ്മണന്‍ സുകൃതം വര്‍ദ്ധിപ്പിച്ചു. അങ്ങനെ ഏഴ് ജന്മങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഏഴ് ജന്മങ്ങളിലും പാപസ്പര്‍ശം പോലും ഏല്‍ക്കാത്തെ പുണ്യകര്‍മ്മം. ജലദാനം ചെയ്ത് പ്രാരാബ്ധം തീര്‍ന്ന് വിഷ്ണുലോകം പൂകാനുള്ള സമയമടുത്തു.
ഭക്തവത്സലനായ ഭഗവാന്‍ ശ്രീഹരി ഒരു ബ്രാഹ്മണന്‍റെ വേഷത്തില്‍ ദാഹജലം യാചിച്ച് ആസന്ന മരണനായ ആ സാധുവിന്‍റെ മുന്നിലെത്തി. സ്വന്തം കൈകൊണ്ടുതന്നെ പതിവുപോലെ ദാഹജലം പകര്‍ന്നുനല്‍കി. ഞൊടിയിടയില്‍ ശംഖ്, ചക്ര, ഗദാ, പത്മധാരിയായ പ്രസന്നവദനേക്ഷണനായ സാക്ഷാല്‍ ജഗദീശ്വരന്‍ തന്‍റെ മുന്നില്‍! ഏത് വരം ചോദിച്ചാലും നല്‍കി അനുഗ്രഹിക്കാനുള്ള ഭക്തവാത്സല്യത്തോടെ, അര്‍ത്ഥകാമങ്ങളില്‍ ലേശവും മോഹമില്ലാത്ത ആ സാധു ഭഗവാന്‍റെ തൃപ്പാദ പത്മങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു.
ആ പാദസേവയല്ലാതെ ഭഗവാന്‍റെ നാമം പ്രകീര്‍ത്തിച്ച് ഏത് ലോകത്തും എപ്പോഴും സഞ്ചരിക്കാനുള്ള മോഹമല്ലാതെ മറ്റൊന്നും ആവശ്യമില്ല. ഭക്തിപരാധീനനായ ഭഗവാന്‍ തന്‍റെ ഭക്തന്‍റെ അഭീഷ്ടം സാധിപ്പിച്ചുകൊടുത്തു. ഒപ്പം നാദമാധുരി വഴിയുന്ന മഹതി എന്ന വീണയും നല്‍കി. അര്‍ത്ഥസമ്പുഷ്ടമായ ദീക്ഷാനാമവും കനിഞ്ഞുനല്‍കി. നാരദന്‍(വെള്ളം ദാനം ചെയ്തവന്‍) ദേവര്‍ഷിയായി ആചന്ദ്രതാരം പതിനാല് ലോകവും സഞ്ചരിക്കാനുള്ള അനുഗ്രഹവും നല്‍കി ഭഗവാന്‍.
നാരായണ... നാരായണ....
