സര്‍പ്പക്കാവുകളില്‍ വിളക്ക് എന്തിന് ?

സര്‍പ്പക്കാവുകളില്‍ വിളക്ക് എന്തിന് ?

HIGHLIGHTS

സര്‍പ്പക്കാവുകളില്‍ വിളക്കുവയ്ക്കണമെന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ വിഷസര്‍പ്പത്തിന് വിളക്കുവയ്ക്കണമോ എന്ന് ചോദിക്കാനാണ് പുതിയ തലമുറ തയ്യാറായത്. എന്നാല്‍ സര്‍പ്പത്തിന് മാത്രമല്ല നാം വിളക്കുവയ്ക്കുന്നതെന്നും സര്‍പ്പം അധിവസിക്കുന്ന സര്‍പ്പക്കാവുകളെയാണ് വിളക്കു തെളിച്ച് ആരാധിക്കുന്നതെന്നുമാണ് യാഥാര്‍ത്ഥ്യം. 

 

സര്‍പ്പക്കാവുകളില്‍ വിളക്കുവയ്ക്കണമെന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ വിഷസര്‍പ്പത്തിന് വിളക്കുവയ്ക്കണമോ എന്ന് ചോദിക്കാനാണ് പുതിയ തലമുറ തയ്യാറായത്. എന്നാല്‍ സര്‍പ്പത്തിന് മാത്രമല്ല നാം വിളക്കുവയ്ക്കുന്നതെന്നും സര്‍പ്പം അധിവസിക്കുന്ന സര്‍പ്പക്കാവുകളെയാണ് വിളക്കു തെളിച്ച് ആരാധിക്കുന്നതെന്നുമാണ് യാഥാര്‍ത്ഥ്യം. 

വൃക്ഷപൂജയെന്നത് ആത്മപൂജ കൂടിയാണ്. വൃക്ഷലതാദികളെയും പക്ഷിമൃഗാദികളെയും ആത്മതുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ സര്‍വ്വതിലും കുടികൊള്ളുന്ന ചൈതന്യം ഈശ്വരന്‍ തന്നെയാണെന്നുള്ള അദ്വൈതവേദാന്തദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യം ഈശ്വരോപാസനയും അഹിംസാവ്രതവും തന്നെ. 

വൃക്ഷക്കൂട്ടങ്ങള്‍ എല്ലാ തറവാടുകളുടേയും സമീപത്തായി ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകത കണ്ടറിഞ്ഞ പൂര്‍വ്വികരാണ് സര്‍പ്പക്കാവുകള്‍ക്ക് വിളക്കുവയ്ക്കണമെന്നുപദേശിച്ചിരുന്നത്. കൂറ്റന്‍വൃക്ഷങ്ങളും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളുമൊക്കെക്കൊണ്ട് നിബിഢമായ സര്‍പ്പക്കാവുകളില്‍ സര്‍പ്പദേവതകള്‍ കുടികൊള്ളുന്നുവെന്നതാണ് സങ്കല്‍പ്പം.

ശുദ്ധമായ ജീവവായുവും തൊടിയില്‍ ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. മാത്രമല്ല കിണറുകളിലും കുളങ്ങളിലുമൊക്കെ ശുദ്ധജല സുലഭത ഉറപ്പുവരുത്താനും ഇവയ്ക്ക് കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെയും ഔഷധച്ചെടികളേയും സുലഭമായി വളരാന്‍ അനുവദിച്ചിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ, അതായത് ഇക്കോസിസ്റ്റം തന്നെയായിരുന്നുവെന്ന് വ്യക്തം. 

അതുകൊണ്ടാണ് ലക്ഷക്കണക്കിന് രൂപമുടക്കി സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഇപ്പോള്‍ സര്‍ക്കാരുകള്‍ മുന്നോട്ടുവന്നിരിക്കുന്നതും. ഈര്‍പ്പം വലിച്ചെടുത്ത് മനുഷ്യന്‍റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ നല്‍കാന്‍ വൃക്ഷങ്ങള്‍ക്കെന്നപോലെ തന്നെ ഭാരതസങ്കല്‍പ്പത്തിലെ സര്‍പ്പക്കാവുകള്‍ക്കും കഴിയുന്നുവെന്ന് ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'കോണ്ടംപററി സയന്‍സ്' മാഗസിന്‍ കണ്ടെത്തിയിട്ട് അധികം നാളായിട്ടില്ല.

അഷ്ടനാഗങ്ങള്‍

അനന്തന്‍,വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ഗുളികന്‍, ശംഖുപാലന്‍ എന്നീ എട്ടുനാഗങ്ങളെ പ്രധാനമായി അഷ്ടനാഗങ്ങള്‍ എന്ന് വിളിക്കുന്നു. ഇവര്‍ നാഗലോകത്ത് വസിക്കുന്നുവെന്നും മഹാവിഷ്ണുവിനും പരമശിവനും പ്രിയപ്പെട്ടവരാണെന്നും വിശ്വസിക്കപ്പെടുന്നു.

പ്രധാന നാഗങ്ങള്‍(അഷ്ടനാഗങ്ങള്‍)

അനന്തന്‍ (ശേഷനാഗന്‍): ആയിരം തലയുള്ള നാഗരാജാവ്. മഹാവിഷ്ണു അനന്തന്‍റെ പുറത്ത് ശയിക്കുന്നു. അതുകൊണ്ട് അനന്തശയനം എന്നറിയപ്പെടുന്നു.

വാസുകി: പരമശിവന്‍റെ കഴുത്തിലെ ആഭരണമായി വാസുകി നിലകൊള്ളുന്നു. പാലാഴി കടയാന്‍ ദേവാസുരന്മാര്‍ ഉപയോഗിച്ചത് വാസുകിയെയാണ്.

തക്ഷകന്‍: പരീക്ഷിത്ത് രാജാവിനെ ദംശിച്ച നാഗം.

കാര്‍ക്കോടകന്‍: നളചരിതവുമായി ബന്ധപ്പെട്ട നാഗം. നളന് ബാഹുകന്‍ എന്ന വേഷം നല്‍കി.

പത്മന്‍: ദക്ഷിണദിക്ക് കാക്കുന്ന നാഗം.

മഹാപത്മന്‍: പത്മനാഗത്തെ കാക്കുന്നു

ഗുളികന്‍(മാന്ദി): പച്ചനിറമുള്ള നാഗം.

ശംഖുപാലന്‍: ലോകത്തെ സകലജീവികളെയും സംരക്ഷിക്കുന്ന നാഗം

മറ്റ് പ്രധാന വിവരങ്ങള്‍

നാഗലോകം: സപ്തപാതാളങ്ങളില്‍ അവസാനത്തെ പാതാളമാണ് നാഗങ്ങളുടെ ലോകമായി കണക്കാക്കുന്നത്.

ആരാധന: സര്‍പ്പദോഷം മാറുന്നതിനായി നാഗങ്ങള്‍ക്ക് നൂറും പാലും അര്‍പ്പിക്കുന്ന പതിവുണ്ട്, പ്രധാനമായും അനന്തന്‍കാവില്‍.

കാളിയന്‍: യമുനാനദിയെ വിഷമയമാക്കിയ നാഗം. കൃഷ്ണന്‍ തലയില്‍ ചവിട്ടി നൃത്തം ചെയ്ത നാഗം.

നാഗ ആരാധന(സര്‍പ്പപൂജ): കേരളത്തിലെ കാവുകളില്‍ നാഗങ്ങളെ ആരാധിക്കുന്നത് പതിവാണ്. ഇത് കുടുംബക്ഷേമത്തിന് ഉത്തമമായി കരുതുന്നു.

സര്‍പ്പദോഷം

സര്‍പ്പക്കാവ് വെട്ടിത്തെളിക്കുക, സര്‍പ്പത്തിന്‍റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് അശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചുവരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്‍പ്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം, ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്തില്‍ സംഭവിക്കുന്നു.

സര്‍പ്പദോഷ നിവാരണങ്ങള്‍

സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക. ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക. പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടുനീറുന്നവര്‍  വെള്ളത്തില്‍ അല്‍പ്പം പാലൊഴിച്ച്  സ്നാനം ചെയ്യുകയെങ്കില്‍ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷംമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപ്പാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്മാരെ ക്കൊണ്ട് സര്‍പ്പപ്പാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാപ്രീതി ലഭിക്കും. സദ്സന്താനജനനത്തിനും, രോഗശാന്തിക്കും സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. 

എരിക്കിന്‍ പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നാഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍പൂക്കുലയും ചെത്തിപ്പൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും നാരായണീയത്തിലും കാളിയമര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും.

രാഹുകേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായിക്കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്‍റെ ചുവട്ടിലെ നാഗപ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പുകടിയേറ്റു മരിച്ച വ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയുരാരോഗ്യസമ്പദ്സമൃദ്ധിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുക. നീചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും ഉത്തമസര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ.

സ്വര്‍ണ്ണം കൊണ്ടോ ചെമ്പു കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍പൂക്കില, മാലകള്‍ എന്നിവ കൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര് എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലി നടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.

നാഗവഴിപാടുകളും ഫലസിദ്ധികളും

1. വെള്ളരിസമര്‍പ്പണം, ആയില്യപൂജ, നൂറും പാലും:- സമ്പല്‍സമൃദ്ധിക്ക്.

2. പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍: വിദ്യക്കും സല്‍കീര്‍ത്തിക്കും.

3. ഉപ്പ്: ആരോഗ്യം വീണ്ടുകിട്ടാന്‍.

4. മഞ്ഞള്‍: വിഷനാശത്തിന്.

5. ചേന: ത്വക്ക്രോഗശമനത്തിന്.

6. കുരുമുളക്, കടുക്, ചെറുപയര്‍ തുടങ്ങിയവ: രോഗശമനത്തിന്

7. നെയ്യ്: ദീര്‍ഘായുസ്സിന.്

8. വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്‍റെ മുട്ട എന്നീ രൂപങ്ങള്‍: സര്‍പ്പദോഷ പരിഹാരത്തിന്.

9. പാല്‍, കദളിപ്പഴം, നെയ്പ്പായസം: ഇഷ്ടകാര്യസിദ്ധി.

10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളികമഴ്ത്തല്‍: സന്താനലാഭത്തിന്.

11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ. സര്‍പ്പഹിംസാദി ദോഷപരിഹാരത്തിന്.

തരവത്ത് ശങ്കരനുണ്ണി
(9847118340)