ശുഭവേളകളില്‍ കുമ്പളം കെട്ടി തൂക്കുന്നതെന്തിന്?

ശുഭവേളകളില്‍ കുമ്പളം കെട്ടി തൂക്കുന്നതെന്തിന്?

 

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് മന്ദരപര്‍വ്വതം എന്ന മലയെ മത്താക്കിയും വാസുകി എന്ന സര്‍പ്പത്തെ കയറാക്കിയും പാലാഴി കടഞ്ഞു. അതില്‍ നിന്നും  മരണമില്ലാത്ത ജീവിതമേകുന്ന അമൃത് ലഭിച്ചു. അത് ആര് ഭക്ഷിക്കണം എന്ന കാര്യത്തില്‍ ദേവന്മാര്‍ക്കിടയില്‍ തര്‍ക്കവും മത്സരവുമായി. ഒടുവില്‍ അവര്‍ തമ്മില്‍ യുദ്ധമായി. 

മഹാവിഷ്ണു അവിടെ മോഹിനിയായി അവതരിച്ച് അമൃതകലശം കൈക്കലാക്കി. എന്നിട്ട് ദേവന്മാരോടും അസുരന്മാരോടും പ്രത്യേകം വരിവരിയായി ഇരിക്കുവാനും അമൃത് താന്‍ പങ്കുവെച്ച് നല്‍കാം എന്നുപറഞ്ഞു. ക്ഷുഭിതരായ അസുരന്മാരില്‍ ചിലര്‍ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരെ ധ്യാനിച്ച് തപസ്സനുഷ്ഠിച്ച് വരം നേടി ദേവന്മാര്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു. അതില്‍ പ്രധാനിയായിരുന്നു കൂശ്മാണ്ഡന്‍ എന്ന അസുരന്‍. മഹാലക്ഷ്മിയുടെ രൂപത്തിലുള്ള കൂശ്മാണ്ഡ എന്ന ദേവിയുടെ തീവ്രഭക്തനായിരുന്നു ഇവന്‍.

കൂശ്മാണ്ഡം എന്നാല്‍ ഇളവന്‍ അഥവാ കുമ്പളത്തിന്‍റെ വള്ളി എന്നാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. ഇതിന്‍റെ വള്ളികളെപ്പോലെ അവന്‍റെ ശരീരം മുഴുവന്‍ മുടികള്‍ ഉണ്ടായിരുന്നതിനാലാണ് ഈ പേര് അവന് കിട്ടിയത്. മഹാവിഷ്ണുവിനെ ധ്യാനിച്ച് തപസ്സനുഷ്ഠിച്ച് പല അപൂര്‍വ്വവരങ്ങളും അവന്‍ നേടി. അതിനുശേഷം ദേവന്മാരെ ബന്ധനസ്ഥരാക്കി പീഡിപ്പിക്കുവാന്‍ തുടങ്ങി. ആയിരത്തില്‍ അധികം പേര്‍ അവന്‍റെ പിടിയില്‍ അകപ്പെട്ടു. ദേവന്മാര്‍ക്ക് പീഡനങ്ങളും തടസ്സങ്ങളും ഉണ്ടാക്കിയെങ്കിലും മഹാവിഷ്ണുവിന് നന്ദി പറയുംവിധം കൂശ്മാണ്ഡന്‍ നിത്യപൂജകള്‍ മുടങ്ങാതെ നടത്തിപ്പോന്നിരുന്നു. 

ഒരു ദിവസം കൂശ്മാണ്ഡാസുരന്‍ ദേവലോകത്തെ മങ്കമാരെ ബന്ധനസ്ഥരാക്കി തടവറയിലാക്കി. അവനെ തടയാന്‍ കഴിയാതെ ഇന്ദ്രന്‍ സൃഷ്ടിയുടെ ദൈവമായ ബ്രഹ്മാവിനെക്കണ്ട് നിര്‍ദ്ദേശമാരാഞ്ഞു. ബ്രഹ്മാവ് മഹാവിഷ്ണുവിനെ കണ്ട് പരാതിപ്പെട്ടാല്‍ പരിഹാരം കിട്ടുമെന്ന് ഉപദേശിച്ചു. അങ്ങനെ ദേവേന്ദ്രന്‍ മഹാവിഷ്ണുവിന്‍റെ അടുത്തെത്തി. അദ്ദേഹം കൂശ്മാണ്ഡനോട് യുദ്ധം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഒപ്പം താനും യുദ്ധത്തില്‍ തുണ നില്‍ക്കാം എന്നറിയിച്ചു. ഇന്ദ്രന്‍ യുദ്ധത്തിന് പുറപ്പെട്ടു. ദേവലോക സൈന്യം തനിക്ക് നേരെ വരുന്നതറിഞ്ഞ കൂശ്മാണ്ഡന്‍ വിശ്വരൂപമെടുത്ത് അലറി. യുദ്ധക്കളത്തില്‍ അവനെക്കണ്ട ദേവലോകസൈന്യം പേടിച്ച് പിന്‍വാങ്ങി.

കൂശ്മാണ്ഡനുമേല്‍ വിജയം നേടിത്തരണമെന്ന് ഇന്ദ്രന്‍ മഹാവിഷ്ണുവിനോട് പ്രാര്‍ത്ഥിച്ചു. ഇന്ദ്രന്‍റെ മുമ്പാകെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു ദേവലോക സൈന്യത്തെ താന്‍ തന്നെ നയിക്കാം എന്ന് അറിയിച്ചു. അതോടെ ദേവലോക സൈന്യം യുദ്ധക്കളത്തില്‍ കരുത്തോടെ മുന്നേറി. അസുരസൈന്യത്തെ ഒന്നടങ്കം കൊന്നൊടുക്കി. ഒടുവില്‍ കൂശ്മാണ്ഡന്‍ മാത്രം അവശേഷിച്ചു. അവന്‍ ഏകനായി നിന്നു. തനിക്ക് എതിരായി മഹാവിഷ്ണു തന്നെ സൈന്യത്തെ നയിച്ചതില്‍ അവന്‍ ദുഃഖിതനായി. എങ്കിലും നിരാശനാവാതെ അവന്‍യുദ്ധം തുടര്‍ന്നു. 

ഒരു സന്ദര്‍ഭത്തില്‍ ഭഗവാന്‍ വിഷ്ണു അവന് നേരെ തൊടുത്ത അസ്ത്രം അവന്‍റെ മാറില്‍ തുളച്ചുകയറി. അവന്‍ ജീവനുവേണ്ടി പോരാടി. ആ സമയത്ത് അവന്‍ ചെയ്ത ക്രൂരകൃത്യങ്ങള്‍ എല്ലാം അവന്‍റെ ഓര്‍മ്മയില്‍ ഓടിയെത്തി. താന്‍ ചെയ്ത തെറ്റുകള്‍ മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് താന്‍ ചെയ്ത പാപങ്ങളില്‍ നിന്നും മോചിപ്പിച്ച് സല്‍ഗതിയേകി അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. എല്ലാവരും തന്നെ ഓര്‍ക്കുംവിധം എന്തെങ്കിലും വരം നല്‍കണം എന്നും കൂശ്മാണ്ഡന്‍ മഹാവിഷ്ണുവിനോട് അഭ്യര്‍ത്ഥിച്ചു. 

എന്നാല്‍ മഹാവിഷ്ണുവാകട്ടെ 'ജനങ്ങള്‍ നിന്നെ സ്മരിക്കും വിധവും ആരാധിക്കും വിധവും സല്‍പ്രവൃത്തികളൊന്നും നീ ചെയ്തിട്ടില്ലല്ലോ' എന്ന് ചോദിച്ചു. അപ്പോള്‍ കൂശ്മാണ്ഡന്‍ 'ഞാന്‍ ദേവന്മാര്‍ക്ക് വിഷമം ഉണ്ടാക്കി  എന്നത് സത്യം തന്നെ. എന്നാല്‍ ഭൂലോകവാസികളായ ജനങ്ങളെ ഞാന്‍ ഉപദ്രവിച്ചിട്ടില്ല' എന്നുപറഞ്ഞു.

'നന്മയെ ചെയ്യാത്ത നിന്നെ എല്ലാവരും ഓര്‍ക്കണം എന്ന് ആഗ്രഹിക്കുന്നത് ശരിയാണോ' എന്ന് ഭഗവാന്‍ വീണ്ടും ചോദിച്ചു.

'ഞാന്‍ നേരിട്ട് നന്മയൊന്നും ചെയ്തില്ലെങ്കിലും തന്നെ ഭയന്ന് അസുരന്മാര്‍ എല്ലാവരും ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കാതെ ഒതുങ്ങിയിരുന്നു. അങ്ങനെയിരിക്കെ ഞാന്‍ നന്മയേ ചെയ്തിട്ടില്ലാ എന്ന് താങ്കള്‍ക്ക് എങ്ങനെ പറയാനാവും' എന്നുപറഞ്ഞ് ന്യായീകരിച്ചു. 

അവന്‍റെ വാദം സ്വീകരിച്ച മഹാവിഷ്ണു, അവനോട് 'ഭൂലോക ജനത അവരുടെ വീട്ടിലുള്ള ദൃഷ്ടി ഒഴിയാന്‍ വാതില്‍ക്കല്‍ ഇളവന്‍/കുമ്പളം കെട്ടിത്തൂക്കിയിടുമ്പോള്‍ അതില്‍ നിന്‍റെ രൂപം വരയ്ക്കും. ദുഷ്ടശക്തികളെ തന്നിലേക്ക് സ്വീകരിക്കുന്ന ആ കായ അവര്‍ തലയ്ക്ക് ചുറ്റി എറിഞ്ഞുടയ്ക്കും എന്ന് അരുളി ചെയ്തു. അതുകേട്ട കൂശ്മാണ്ഡന്‍ സന്തോഷത്തോടെ ജീവന്‍ വെടിഞ്ഞു. അവന്‍റെയടുത്ത് അടിമയായി കിടന്ന ആയിരം ദേവന്മാരും മോചിതരായി. ഗൃഹപ്രവേശം, കച്ചവട ആരംഭം എന്നിങ്ങനെയുള്ള ശുഭചടങ്ങുകള്‍ നടക്കുമ്പോള്‍ കൂശ്മാണ്ഡന്‍റെ ഓര്‍മ്മയ്ക്കായി കുമ്പളം കെട്ടിത്തൂക്കുന്നത് ഇന്നും പിന്തുടരുന്നു.