ശുഭകാര്യങ്ങള്‍ ചെയ്യും മുന്‍പ് ഗണപതി പൂജ എന്തിന്?

ശുഭകാര്യങ്ങള്‍ ചെയ്യും മുന്‍പ് ഗണപതി പൂജ എന്തിന്?

HIGHLIGHTS

ഏതൊരു ശുഭകാര്യവും ആരംഭിക്കുന്നതിന് മുന്‍പ് ഗണപതിപൂജ നടത്തുന്നത് പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനിന്നുപോരുന്ന ഒരാചാരമാണല്ലോ. അങ്ങനെ ചെയ്യുന്നത് തടസ്സങ്ങളകറ്റി ചൈതന്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. വിഘ്നങ്ങള്‍ അകറ്റുന്നവനും, ചൈതന്യത്തെ കാത്തുരക്ഷിക്കുന്നവനുമായിട്ടാണ് ഗണപതിയെ കരുതപ്പെട്ടുപോരുന്നത്.

 

ഏതൊരു ശുഭകാര്യവും ആരംഭിക്കുന്നതിന് മുന്‍പ് ഗണപതിപൂജ നടത്തുന്നത് പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനിന്നുപോരുന്ന ഒരാചാരമാണല്ലോ. അങ്ങനെ ചെയ്യുന്നത് തടസ്സങ്ങളകറ്റി ചൈതന്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. വിഘ്നങ്ങള്‍ അകറ്റുന്നവനും, ചൈതന്യത്തെ കാത്തുരക്ഷിക്കുന്നവനുമായിട്ടാണ് ഗണപതിയെ കരുതപ്പെട്ടുപോരുന്നത്.

'ഗണ' എന്നാല്‍ 'പവിത്രകം' അതായത് ചൈതന്യത്തിന്‍റെ കണങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. 'പതി' എന്നാല്‍ 'സ്വാമി' എന്നും(കാത്തു രക്ഷിക്കുന്നവന്‍) വ്യാഖ്യാനിക്കപ്പെടുന്നു. അതിനാലാണ് ഗണപതി എന്നാല്‍ ചൈതന്യത്തെ കാത്തുരക്ഷിക്കുന്നവന്‍ എന്ന് അര്‍ത്ഥമാക്കുന്നത്.

ഗണപതിഭഗവാനെ പല പേരുകളില്‍ സംബോധന ചെയ്യാറുണ്ടെങ്കിലും എന്തുകൊണ്ടാണ് അങ്ങനെ സംബോധനചെയ്യുന്നതെന്ന് പലര്‍ക്കുമറിയില്ല.

വക്രതുണ്ഡന്‍

വക്രതുണ്ഡന്‍ എന്ന വാക്കിന് വളഞ്ഞ തുമ്പിക്കൈയുള്ളവന്‍ എന്നാണ് അര്‍ത്ഥം. എന്നാല്‍ ഗണപതിഭഗവാനെ വക്രതുണ്ഡന്‍ എന്ന് വിളിക്കുന്നത് ഈ കാരണം കൊണ്ട് മാത്രമല്ല, തെറ്റായ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരെ തക്കതായ ശിക്ഷ നല്‍കി നേരായ മാര്‍ഗ്ഗത്തില്‍ കൊണ്ടുവരുന്നവര്‍ എന്ന ഉദ്ദേശത്തിലാണ് ഭഗവാനെ ആ പേരില്‍ സംബോധനം ചെയ്യുന്നത്.

ഏകദന്തന്‍

ഗണപതിക്ക് രണ്ടുകൊമ്പുകളില്‍ ഒന്നുമാത്രമാണ് മുഴുവനായിട്ടുള്ളതെന്നും, ഒന്ന് പാതി മുറിഞ്ഞതാണെന്നും എടുത്തുപറയേണ്ട കാര്യമില്ലല്ലോ. വിഘ്നേശ്വരനെ ഏകദന്തന്‍ എന്ന് വിളിക്കുന്നതിന് ഇതൊരു കാരണമാണ്. എന്നാല്‍ ഇവിടെ ഏകം അഥവാ ഒന്ന് എന്ന അക്കം ബ്രഹ്മത്തെയാണ് സൂചിപ്പിക്കുന്നു. ദന്തില്‍ എന്നാല്‍ കാണിച്ചുകൊടുക്കുക എന്ന് വ്യാഖ്യാനിക്കുന്നു. അതായത് ഏകയായ ബ്രഹ്മത്തിന്‍റെ അനുഭൂതി നേടാനുള്ള വഴികാട്ടിക്കൊടുക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് ഗണപതിഭഗവാന്‍ ഏകദന്തന്‍ എന്ന അര്‍ത്ഥത്തിലും അറിയപ്പെടുന്നത്.

വിനായകന്‍

വിനായകന്‍ എന്നാല്‍ നേതാക്കളുടെ സവിശേഷതകള്‍ ഉള്ളവന്‍ എന്നാകുന്നു. ലംബോദരന്‍ എന്നും ഗണപതിയെ അഭിസംബോധന ചെയ്യാറുണ്ട്. ലംബമായ അതായത് വലിയ വയറോടുകൂടിയവന്‍ എന്നും ഇതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ സര്‍വ്വചരാചരങ്ങളും ഗണപതിയില്‍ വസിക്കുന്നു എന്നതാണ് ഇത് യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത്.

ശുഭകാര്യങ്ങള്‍ക്ക് മുന്‍പ് ഗണപതിയെ പ്രാര്‍ത്ഥിക്കുന്നതിന്‍റെ പൊരുള്‍, മനുഷ്യന്‍റെ സംസാരഭാഷ നാദഭാഷയായാണ് കണക്കാക്കുന്നത്. എന്നാല്‍ ദേവീദേവന്മാരുടെ ഭാഷ പ്രകാശഭാഷയാണെന്നും വിശ്വസിക്കുന്നുണ്ട്. വിഘ്നേശ്വരന് മനുഷ്യരുടെ നാദഭാഷ ഗ്രഹിക്കുന്നതിനുള്ള കഴിവുണ്ട്. ഈ നാദഭാഷയെ അദ്ദേഹം ദേവീദേവന്മാരുടെ പ്രകാശഭാഷയായി രൂപാന്തരപ്പെടുത്തുമെന്നാണ് വിശ്വാസം. അതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ മറ്റ് ദേവീദേവന്മാരില്‍ എത്തിക്കുന്നതിന് ഗണപതിഭഗവാന്‍ സഹായിക്കുമെന്നാണ് കരുതപ്പെട്ടുപോരുന്നത്.  ഈ കാരണത്താലാണ് ഏതൊരു ശുഭകാര്യവും ഗണപതിപൂജയോടെ ആരംഭിക്കുന്നത്.

മൂഷികനും ഗണപതിയും

ഗണപതിയുടെ വാഹനമാണ് മൂഷികന്‍. വാഹനം എന്ന വാക്കിന് സംസ്കൃതത്തില്‍, വലിച്ചുകൊണ്ടുപോവുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അതായത് നമ്മളെ ജീവിതത്തില്‍ മുന്നോട്ടുവഹിച്ചുകൊണ്ടുപോകുന്നത് നമ്മുടെ പ്രവര്‍ത്തികളാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഗണപതിയുടെ ചലനങ്ങള്‍ക്ക് ആവശ്യമായ ശക്തി മൂഷികനില്‍ നിന്ന് ലഭിക്കുന്നു. മൂഷികനാകട്ടെ രജോഗുണത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് ത്രിഗുണങ്ങളില്‍ രജോഗുണത്തെ നിയന്ത്രിക്കുന്നത് വിഘ്നേശ്വരനാണെന്നാണെന്ന് വിശ്വസിക്കുന്നു.

ഇടത്തോട്ടും വലത്തോട്ടും തുമ്പിക്കൈയുള്ള ഗണപതി ഭഗവാന്‍റെ വിഗ്രഹങ്ങള്‍ രണ്ട് തരത്തിലുണ്ട്. തുമ്പിക്കൈ ഇടതുവശത്തേയ്ക്കും വലതുവശത്തേയ്ക്കും തിരിഞ്ഞിരിക്കുന്ന വിധത്തിലാണ് അവ. വലതുഭാഗം സൂര്യനാഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു. തെക്ക് ദിശ യമലോകത്തെയാണ് സൂചിപ്പിക്കുന്നത്. 

ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത് അവനെ ശക്തിശാലിയായി കണക്കാക്കുന്നു. കൂടാതെ സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവര്‍ തേജസ്വിയായിരിക്കും. ഈ രണ്ട് കാരണത്താല്‍ വലതുഭാഗത്തേയ്ക്ക് തുമ്പിക്കയ്യുള്ള ഗണപതി ശക്തിയുള്ളതാണ് എന്നാണ് വിശ്വാസം.

തെക്ക് ദിശയിലുള്ള യമലോകത്തില്‍ നമ്മുടെ പുണ്യപാപങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതല്ല. അതുകൊണ്ടുതന്നെ ഇത്തരം വിഗ്രഹങ്ങള്‍ പൂജിക്കുമ്പോള്‍ കര്‍മ്മകാണ്ഡ പ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചിരിക്കണം. വലതുഭാഗത്തേയ്ക്ക് തുമ്പിക്കൈയുള്ള ഗണേശവിഗ്രഹങ്ങള്‍ വീടുകളില്‍ സൂക്ഷിക്കരുതെന്ന് പറയുന്നത് ഈ കാരണത്താലാണ്.

വാമമുഖി

ഇടതുവശത്തേയ്ക്ക് വളഞ്ഞിരിക്കുന്ന തുമ്പിക്കയ്യുള്ള ഗണേശവിഗ്രഹത്തെ വാമമുഖി എന്നുപറയുന്നു. ഇടതുഭാഗത്തേക്കും വടക്ക് ദിശയേയും സൂചിപ്പിക്കുന്നതാണ് വാമം. അതുപോലെ വടക്കുദിശ ആദ്ധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. വീടുകളില്‍ ആരാധനയ്ക്ക് വാമമുഖി ഗണപതിയാണ് ഉത്തമം.

ഗണപതിഭഗവാന് ചുവന്ന പുഷ്പങ്ങള്‍

വിഘ്നേശ്വരന്‍റെ നിറം ചുവപ്പായതിനാല്‍ പൂജാവേളകളില്‍ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങള്‍, രക്തചന്ദനം എന്നിവ ഉപയോഗിക്കുന്നത് ഉത്തമമാണ്. ചുവപ്പുനിറത്തിന് അന്തരീക്ഷത്തിലെ പവിത്രകണങ്ങളെ അഥവാ, നല്ല കാര്യങ്ങളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള കഴിവുണ്ട്. പൂജാവേളകളില്‍ കൂടുതല്‍ ചൈതന്യം ലഭിക്കുമെന്നതിനാലാണ് ഗണപതിഭഗവാന് ചുവപ്പുനിറത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്.

ദുര്‍വ

കറുകപ്പുല്ലിനും ഗണപതിപൂജയില്‍ വളരെയധികം പ്രാധാന്യമുണ്ട്. 'ദുര്‍വ' എന്നും കറുക അറിയപ്പെടുന്നുണ്ട്. 'ദുഃ' എന്നാല്‍ ദൂരെയുള്ളത്. 'അവ' എന്നാല്‍ സമീപത്ത് കൊണ്ടുവരുന്നത് എന്നുമാണ് അര്‍ത്ഥമാക്കുന്നത്. ദൂരെയുള്ള പവിത്രകണങ്ങളെ സമീപത്ത് കൊണ്ടുവരുന്നതെന്തോ അത് ദുര്‍വയാകുന്നു. അതിനാലാണ് ഗണപതി പൂജയില്‍ കറുകപ്പുല്ല് പ്രധാനദ്രവ്യമായി ഉപയോഗിക്കുന്നത്.

മാഘമാസത്തില്‍ വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥിനാളിലാണ് ഭഗവാന്‍ ജനിച്ചത്. അതുകൊണ്ടുതന്നെ ഗണപതിഭഗവാന്‍റെ ചൈതന്യം ആയിരം മടങ്ങ് കൂടുതല്‍ അളവില്‍ ഈ ദിവസങ്ങളില്‍ ഭൂമിയില്‍ എത്തിച്ചേരും. ഈ ദിവസം ഗണപതി ഭഗവാന്‍റെ നാമം ജപിക്കുന്നതും, പൂജകള്‍ നടത്തുന്നതും ഏറെ ഗുണപ്രദമാണ്.
ഗണപതിഭഗവാന് മുന്നില്‍ 

ഏത്തമിടുന്നത് എന്തിനാണ്

നമ്മുടെ വിഘ്നങ്ങള്‍ ഒഴിഞ്ഞുപോകാനും തടസ്സങ്ങള്‍ നീങ്ങാനും വേണ്ടിയാണ് നമ്മള്‍ ഗണപതി ഭഗവാന് മുന്നില്‍ ഏത്തമിടുന്നത്. ഭഗവാന്‍ ഭക്തരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഒരു രീതിയാണ് ഏത്തമിടല്‍.

ഗണപതിക്ഷേത്രദര്‍ശനം നടത്തുന്നത് ഏവര്‍ക്കും ഇഷ്ടമുള്ള കാര്യമാണെങ്കിലും ശരിയായ രീതിയില്‍ ഏത്തമിടാന്‍ പലര്‍ക്കും അറിയില്ല. അറിയാമെങ്കില്‍ തന്നെയും പലരും അധികം മിനക്കെടാറില്ല. അത്യാവശ്യം ഭഗവാനെ ഒന്ന് വണങ്ങിപ്പോകുന്ന രീതിയില്‍ കൈപിണച്ച് രണ്ട് ചെവിയിലും തൊട്ട് ദേഹമൊന്ന് ചലിപ്പിക്കുന്നത് മാത്രമാവും ഏത്തമിടുന്ന രീതി. അതുപാടില്ല. പല ഭക്തരും മറ്റുള്ള ഭഗവാന്മാരുടെ മുന്നിലും ഏത്തമിടാറുണ്ട്. അതുപാടില്ല. ഗണപതിഭഗവാന്‍റെ സന്നിധിയില്‍ മാത്രമാണ് ഏത്തമിടുക. മറ്റൊരു 
ദേവസന്നിധിയിലും ഈയൊരു വിധി ഇല്ല.

ഇഃ് എങ്ങനെയെന്നാല്‍ വലം കൈകൊണ്ട് ഇടത്തേ കാതും ഇടംകൈകൊണ്ട് വലത്തേകാതും തൊട്ടുകൊണ്ട് കാലുകള്‍  പിണച്ചുനിന്നുകൊണ്ട് കൈമുട്ടുകള്‍ പലതവണ നിലം തൊട്ട് ഭഗവാനെ വന്ദിക്കുന്നു. ഏത്തമിടുന്ന ശരിയായ സമ്പ്രദായം അനുസരിച്ച് ഇടത്തുകാലില്‍ ഊന്നിനിന്ന് വലതുകാല്‍ ഇടതുകാലിന്‍റെ മുന്നില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്ത് തൊടുവിച്ച് വേണം നില്‍ക്കുവാന്‍. ഇതിനൊപ്പം ഇടതുകൈയുടെ നടുവിരല്‍, ചൂണ്ടുവിരല്‍ എന്നിവ കൂടി വലത്തേ ചെവിയും വലത്തെ കൈകൊണ്ട് ഇടത്തേ കൈയുടെ മുന്‍വശത്ത് കൂടി ഇടത്തോട്ട് കൊണ്ടുപോയി ആദ്യം പറഞ്ഞ രണ്ട് വിരലുകള്‍ കൊണ്ട് ഇടത്തേകാതും പിടിക്കണം. എന്നിട്ട് വേണം ഭഗവാനെ കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്.

എത്ര തവണ ഏത്തമിടുന്നു എന്നത് അവരവരുടെ സൗകര്യമനുസരിച്ചാകാം. ഏത്തമിടുന്നതനുസരിച്ച് ഭക്തരില്‍ നിന്ന് വിഘ്നങ്ങള്‍ അകന്നുപോകും എന്നാണ് വിശ്വാസം. ഒപ്പം ബുദ്ധി ഉണര്‍ത്തുന്ന ഒരു വ്യായാമമുറ കൂടിയാണിത്. ഇത്തരത്തില്‍ ഏത്തമിടുന്നതുകൊണ്ട് തലച്ചോറിലേക്ക് രക്തത്തിന്‍റെ ഒഴുക്ക് കൂടുമെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്.