ചുറ്റമ്പലത്തിന് പുറത്തുകടന്നേ ചന്ദനം ധരിക്കാവൂ  എന്തുകൊണ്ട്?

ചുറ്റമ്പലത്തിന് പുറത്തുകടന്നേ ചന്ദനം ധരിക്കാവൂ എന്തുകൊണ്ട്?

HIGHLIGHTS

ഇങ്ങനെ ഒരു കാര്യം നമ്മളിൽ പലർക്കും അറിയില്ല. എന്നാൽ ചിലർക്ക് അറിയാം. പക്ഷേ എന്തുകൊണ്ട് എന്ന് ചോദിച്ചാൽ അതിനുള്ള മറുപടി അറിയില്ല. എന്നാൽ ഇനി ആരെങ്കിലും ഇങ്ങനെ ഒരു സംശയം ചോദിച്ചാൽ ധൈര്യമായി മറുപടി പറയാം.

 

ന്ദനം ബൗദ്ധിക ദേഹത്തിൽ ധരിക്കുമ്പോൾ ശരീരം ആചരിക്കുന്ന മാത്രയിൽ തന്നെ അതിലെ ചൈതന്യത്തെ പെട്ടെന്ന് വലിച്ചെടുക്കുന്നു. തന്മൂലം അത് അശുദ്ധിയായി തീരുന്നു. അതുകൊണ്ട് ചുറ്റമ്പലത്തിന് പുറത്തുകടന്നേ ചന്ദനം ധരിക്കാവൂ. മഞ്ഞൾ പ്രസാദത്തിനും ഇതേനിയമം ബാധകമാണ്. പക്ഷേ ഭസ്മത്തിന് ഇത് ബാധകമല്ല. എന്തെന്നാൽ ഭസ്മത്തിന് യാതൊന്നിലും അശുദ്ധിയില്ല. ഭസ്മം ഒരിക്കലും അശുദ്ധിയാകാത്തതാണ്. അതിനാൽ ഭസ്മം നമുക്ക് അകത്തുവെച്ചും ധരിക്കാവുന്നതാണ്.
തീർത്ഥം, ധൂപം, ദീപം, പുഷ്പം തുടങ്ങിയവയും അകത്തുവെച്ചുതന്നെ ധരിക്കാം എന്നാണ് കരുതപ്പെടുന്നത്.

എന്തുകൊണ്ട് പൂജാരി പ്രസാദം  കയ്യിൽ തൊടാതെ നൽകുന്നു?

'പൂജ' എന്ന വാക്കിനർത്ഥം പൂർണ്ണതയിൽ നിന്നും ജനിക്കുന്നത് എന്നാണ്. മനസ്സിൽ നിന്ന് സങ്കൽപ്പവും, അതിൽ നിന്ന് കർമ്മവും അതിന്റെ പൂർണ്ണഭാവത്തോടെ ജനിക്കണം. പൂജകന് പ്രാണപ്രതിഷ്ഠ നടത്തിയ ബിംബത്തിൽ നേരിട്ട് സ്പർശിക്കേണ്ടി വന്നേക്കാം. കാരണം സഹസ്രാവൃത്തിയും പ്രാണായാമവും ചെയ്ത പൂജകൻ സ്വന്തം പ്രാണോർജ്ജം ആണ് ബിംബത്തിലേയ്ക്ക് പകരുന്നത്. ഇത് യോഗ വിധിയും മന്ത്ര താന്ത്രിക വിധിയും ആണ്. അതിനാൽ തന്നെ അത് ഗോപ്യവും ആണ്. ഒരു യഥാർത്ഥ നിഷ്ഠയുള്ളവനും ജിജ്ഞാസുവിനും മാത്രമേ അത് പകർന്നുകൊടുക്കുവാൻ പൂജകനും ഗുരുവിനുമൊക്കെ അനുവാദമുള്ളൂ.

ക്ഷേത്രത്തിലെ ഭഗവാനെ ഏറ്റവും വൃത്തിയുള്ളവൻ ആയിട്ടാണ് സങ്കൽപ്പിച്ചിരിക്കുന്നത്. ഇഹത്തിലെ മാലിന്യങ്ങൾക്ക് അതീതനും മലിനതയെ ഇല്ലാതാക്കുന്നവനും ശുദ്ധനും ആണ് ക്ഷേത്രനായകൻ. ശാരീരികവും മാനസികവും സാമൂഹികവും ആയ ഈ മാലിന്യങ്ങൾ തന്നെയാണ് മനുഷ്യന്റെ ദുഃഖത്തിന് കാരണവും.

ശ്രീകോവിലിൽ ചൈതന്യം ആവാഹിക്കപ്പെട്ട ബിംബത്തിലേയ്ക്ക് വൈഖരി രൂപേണ മന്ത്രങ്ങൾ, എള്ളെണ്ണ, നെയ്യ് തുടങ്ങിയവയാൽ കത്തുന്ന ദീപം, കർപ്പൂരം, ചന്ദനം, ധൂപം, കുങ്കുമം, ഭസ്മം, പുഷ്പങ്ങൾ, മണിനാദം, തീർത്ഥം, നിവേദ്യം എന്നിവ കൂടി സമ്മേളിക്കുന്നതോടെ പോസിറ്റീവ് എനർജി ഉണ്ടായിരിക്കും. അത് നെഗറ്റീവ് ഊർജ്ജം ഉള്ള മറ്റ് വ്യക്തി ശരീരങ്ങളിലേക്ക് പകർന്നുപോകാതിരിക്കാനാണ് ആരും സ്പർശിക്കരുത് എന്ന് പറയുന്നത്.

യഥാവിധി പൂർണ്ണതയിൽ നിന്ന് ജനിക്കുന്ന രീതിയിൽ പൂജ ചെയ്യുന്ന പൂജാരിയുടെ ശരീരം ഒരിക്കലും ദുർമേദസ്സ് നിറഞ്ഞതായിരിക്കില്ല എന്ന് ആചാര്യമതം. ഗുരുവായൂർ പോലുമുള്ള മഹാക്ഷേത്രങ്ങളിൽ പൂജ കഴിഞ്ഞാൽ മുഖ്യകാർമ്മികൻ വേഗം പോയി വിശ്രമിക്കുന്നത് നിങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. കാരണം അത് അത്രമേൽ കഠിനമായ താന്ത്രിക വൃത്തിയാണ്. 

പൂജാരി ഭഗവാന്റെ സേവകൻ മാത്രമാണ്. പൂജയിൽ സാകാര പൂജ, നിരാകാര പൂജ എന്നിങ്ങനെയുണ്ട്. വിശേഷാൽ ഗ്രഹിക്കേണ്ടതാണ് വിഗ്രഹം. വിഗ്രഹാരാധനയും താന്ത്രികവിധികളും സാകാരപൂജയിൽ വരുന്നു. നിരാകാര പൂജയിൽ നിർഗുണ പരബ്രഹ്മത്തെ സാധകൻ പൂജിക്കുന്നു. ക്ഷേത്രസങ്കൽപ്പവും വിഗ്രഹാരാധന, സാകാരപൂജ എന്നത് ആദ്ധ്യാത്മികതയിലെ തുടക്കക്കാരായ സാധകർക്ക് വേണ്ടി ഉള്ളതാണ്.

രൂപമില്ലാത്ത പരബ്രഹ്മത്തെ സങ്കൽപ്പിക്കാനോ മനസ്സിലുറപ്പിക്കാനോ ആരാധിക്കാനോ ഒരു സാധാരണ മനുഷ്യന്, സാധകന് സാധിക്കുകയില്ല. അതിനാൽ ആചാര്യന്മാർ തത്വത്തെ വിശേഷണ ഗ്രഹിക്കേണ്ടുന്ന വിഗ്രഹാരാധനയും സത്-തത്വത്തെ പ്രാപിക്കേണ്ടുന്ന സാധനാക്രമത്തെ പ്രതീകാത്മകമായ താന്ത്രിക പൂജാവിധികളും തീർത്തും ക്ഷേത്രം ശരീരവും ക്ഷേത്രജ്ഞൻ ആത്മാവും ആക്കുന്നു.അതിനാൽ ആത്മാവ് കുടികൊള്ളുന്ന ശരീരത്തിന് ശുദ്ധാശുദ്ധികൾ ബാധകമാണെന്ന് അറിയുക. 

ശിവന് ഒന്നിലും അശുദ്ധി ഇല്ലെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. അശുദ്ധമായതിനെ കത്തിച്ചാലും ശുദ്ധമായ ഭസ്മം ഉണ്ടാകുന്നു. ഇതാണ് ശിവൻ അണിയുന്നത്. മലിനമായ ശവം കത്തിയാലും അത് ശുദ്ധമായ ശിവമായി മാറുന്നു. സർവ്വമാലിന്യങ്ങളേയും കാലാഗ്നിയാൽ ശുദ്ധമാക്കി മാറ്റുന്നവൻ ആരാണോ അവനാണ് ശിവൻ. അതിനാൽ പരമശിവന്റെ ചില പ്രതിഷ്ഠകൾക്ക് ശുദ്ധാശുദ്ധികൾ ബാധകമല്ല.

ദേവിയാകട്ടെ, ചില പ്രത്യേക ഭാവങ്ങളിൽ കാളിന്ദിയും 'കൗള മാർഗ്ഗ തത്പ്പര സേവിതാ'യുമാണ്.

ആദിപരാശക്തിക്കും ഇങ്ങനെതന്നെയാണ്. പ്രകൃതിയെ മുഴുവനും അതിന്റെ അതേരൂപത്തിൽ അമ്മ ഉൾക്കൊള്ളുന്നു. ഇതാണ് ദേവീപൂജയിൽ കാണപ്പെടുന്നത്. ത്രിഗുണങ്ങളും ഒന്നായ അവസ്ഥയിൽ ഭേദഭാവങ്ങളില്ല. ശാക്തേയപൂജയിൽ സ്ത്രീക്ക് ഒരു തരത്തിലും അശുദ്ധി ഇല്ലല്ലോ? ഇവയെല്ലാം താന്ത്രികമായ ഭഗവത് സങ്കൽപ്പത്തിന്റെ വിവിധ ആത്മീയവശങ്ങൾ മാത്രമാണ്.