ഭാഗ്യ-നിർഭാഗ്യ സമ്പന്നമായ പുതുവത്സരം: 1200-ാം ആണ്ട്  സമ്പൂർണ പുതുവർഷ കൂറ്‌ഫലം

ഭാഗ്യ-നിർഭാഗ്യ സമ്പന്നമായ പുതുവത്സരം: 1200-ാം ആണ്ട് സമ്പൂർണ പുതുവർഷ കൂറ്‌ഫലം

HIGHLIGHTS

1199 കർക്കിടകം 32 ന് (2024 ആഗസ്റ്റ് 16 ന് ) ശുക്ലപക്ഷ ദ്വാദശിതിഥിയും, പൂരാടം നക്ഷത്രവും, സിംഹകരണവും, പ്രീതിനാമ നിത്യയോഗവും കൂടിയ ദിനേരാത്രി 7.45 ന് ധനുക്കൂറിൽ പൂരാടം നക്ഷത്രം 2-ാം പാദത്തിൽ ചിങ്ങരവി സംക്രമം.

പുതുവർഷ നക്ഷത്രഫലം

19 നക്ഷത്രക്കാർക്ക് ധനയോഗം?

ഒരു ജാതകത്തിൽ ഭാഗ്യം, അനുഭവയോഗം, ദൈവാധീനം ഇവ നിശ്ചയിക്കുന്നത് ചാരവശാൽ കൂടിയുള്ള ഗുണദോഷം അനുസരിച്ചാണ്. ഓരോ കൂറുകാരുടെയും സാമാന്യഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ചു ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

 

മേടക്കൂറ്:

(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)

 

മേടക്കൂറുകാർക്ക് ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ധനലാഭം ഉണ്ടാവും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. ദൈവിക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കും. വിദേശയാത്രയ്ക്കുള്ള കാര്യങ്ങൾ പുരോഗമിക്കും. വിവാഹാന്വേഷകർക്ക് ഗുണാനുഭവ കാലമാണ്. പുതിയ ഗൃഹമോ വാഹനമോ വാങ്ങാനിടയുണ്ട്. പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ സഹായം, കർമ്മഗുണം, സന്താനഗുണം, പ്രണയം ഇവയൊക്കെ അനുഭവവേദ്യമാവും.

പരിഹാരങ്ങൾക്കായി നക്ഷത്രം തോറും ഗണപതിഹോമം, സർപ്പക്ഷേത്രത്തിൽ അഭിഷേകം, ശിവന് കൂവളമാല.

 

ഇടവക്കൂറ്:

(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

 

ഇടവക്കൂറുകാർക്ക് കർമ്മതടസ്സങ്ങൾ മാറുകയാണ്. തടസ്സങ്ങളെ ഈശ്വരപ്രാർത്ഥനകൊണ്ട് മാറ്റിയെടുക്കാം. അനാവശ്യ വിവാദങ്ങളിൽ ചെന്നുചാടരുത്. ധൂർത്ത് ഒഴിവാക്കുക. ക്ഷമയോടെ പ്രവർത്തിച്ചാൽ ഗുണാനുഭവം ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുക. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീർക്കുക. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് കഠിനാദ്ധ്വാനം ചെയ്യണം. ദിനചര്യാക്രമത്തിൽ മാറ്റം വരുത്തുന്നതുവഴി ആരോഗ്യം വീണ്ടെടുക്കും.

പരിഹാരങ്ങൾക്കായി വിഷ്ണുവിന് അഭിഷേകം, ഗണപതിക്ക് മോദകം, സുബ്രഹ്മണ്യന് പനിനീർ അഭിഷേകം.

 

മിഥുനക്കൂറ്:

(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

 

മിഥുനക്കൂറുകാർക്ക് ധന ഇടപാടുകളിൽ നല്ല ജാഗ്രത പുലർത്തണം. മിതമായ വരുമാനം ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടും. കൂടുതൽ ആത്മവിശ്വാസവും കരുത്തും ആർജ്ജിക്കണം. പങ്കാളിയുമായുള്ള ബന്ധം ശക്തമാക്കുക. ദീർഘദൂരയാത്രകൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എല്ലാവരോടും നല്ല രീതിയിൽ പെരുമാറി സ്‌നേഹാദരവ് നേടണം. സ്വയം നിയന്ത്രിച്ച് ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ മനഃസമാധാനം ഉണ്ടാവും. അപകടസാധ്യതയുള്ള പ്രവൃത്തികൾ പരമാവധി ഒഴിവാക്കുക. ആരോഗ്യപ്രശ്‌നങ്ങൾ അവഗണിക്കരുത്.

പരിഹാരങ്ങൾക്കായി വിഷ്ണുവിന് സുദർശന അർച്ചന, ഗണപതിക്ക് നാളികേരമുടയ്ക്കുക, സുബ്രഹ്മണ്യന് പനിനീർ അഭിഷേകം, നക്ഷത്രദിവസം ഭദ്രകാളിക്ഷേത്രത്തിൽ കുങ്കുമാർച്ചന.

 

കർക്കിടകക്കൂറ്:

(പുണർതം 4-ാം പാദം, പൂയം, ആയില്യം)

 

കർക്കിടക്കൂറുകാർക്ക് ദീർഘകാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാവും. മികച്ച നിക്ഷേപങ്ങൾ നടത്തും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. വിവാഹം നടക്കും. ഉദ്യോഗസ്ഥർക്ക് ഉദ്യോഗകയറ്റവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സമകലും. ഉദ്ദേശിച്ച വിഷയത്തിന് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ദീർഘവീക്ഷണത്തോടുകൂടിയ പദ്ധതികൾ ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. ആഭരണലബ്ധി, അർത്ഥലാഭം, ഭക്ഷണ ഭോഗസുഖം തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാവും.

പരിഹാരങ്ങൾക്കായി ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം, വെറ്റിലമാല, ശാസ്താവിന് എള്ള് പായസം, വേട്ടക്കൊരു മകന് കിരാതാർച്ചന.

 

ചിങ്ങക്കൂറ്:

(മകം, പൂരം, ഉത്രം 1-ാം പാദം)

 

ചിങ്ങക്കൂറുകാർ കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ശ്രമിക്കണം. കർമ്മസ്ഥാനത്ത് ക്ലേശാനുഭവം വരാനുള്ള സാഹചര്യം വന്നുചേരും. ജിവിത മുന്നേറ്റത്തിന് ഒരുപരിധിവരെ മറ്റുളളവരുടെ പ്രേരണയും പ്രോത്സാഹനവും ആവശ്യമാണ്. അർപ്പണമനോഭാവം, നിഷ്‌ക്കർഷ, ലക്ഷ്യബോധം, ജിജ്ഞാസ തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും പദ്ധതിപൂർത്തീകരണത്തിനും വഴിയൊരുക്കും. പിടിവാശിയും മുൻകോപവും ഉപേക്ഷിക്കണം. ആരോഗ്യകാര്യങ്ങളിലും ധനക്രയവിക്രയങ്ങളിലും നല്ല ശ്രദ്ധ വേണം. ദുഷ്ടജനങ്ങളുമായുള്ള സമ്പർക്കം അപകീർത്തിക്ക് ഇടവരുത്തുമെന്നതിനാൽ ശ്രദ്ധിക്കണം.

പരിഹാരങ്ങൾക്കായി ശാസ്താവിന് മുഖച്ചാർത്ത്, നീരാജനം, ഹനുമാൻസ്വാമിക്ക് വെറ്റിലമാല, ശിവന് ജലധാര, പിൻവിളക്ക്.

 

കന്നിക്കൂറ്:

(ഉത്രം 2, 3, 4 പാദങ്ങൾ അത്തം, ചിത്തിര 1, 2 പാദങ്ങൾ)

 

കന്നിക്കൂറുകാർക്ക് കടബാധ്യതകൾ കുറയും. ധനവരവ് വർദ്ധിക്കും. ആത്മവിശ്വാസവും അവസരവും ഒത്തുചേരുന്നതിനാൽ പുതിയ തൊഴിൽ മേഖലകൾ ഏറ്റെടുക്കും. ഉപരിപഠനം പൂർത്തീകരിച്ച് വിദേശത്ത് ഉദ്യോഗം ലഭിക്കും. സൽകർമ്മങ്ങളിലൂടെ എല്ലാവരുടെയും അംഗീകാരം നേടും. പല തരത്തിൽ ധനവരവ് പ്രതീക്ഷിക്കാം. വിവാഹസാധ്യത വർദ്ധിക്കും. സൽസന്താനഭാഗ്യവും ഉണ്ടാവും. പൊതുപ്രവർത്തനരംഗത്ത് ശോഭിക്കും. വസ്തുതർക്കം പരിഹരിച്ച് അർഹമായ പൂർവ്വിക സ്വത്ത് ലഭിക്കും.

പരിഹാരങ്ങൾക്കായി ഗണപതിഹോമം, ചാമുണ്ഡിദേവിക്ക് കുങ്കുമാർച്ചന, ശിവന് പാലഭിഷേകം.

 

തുലാക്കൂറ്

(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

 

തുലാക്കൂറുകാർ എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ പുലർത്തണം. ലോൺ, കടബാധ്യത, ജാമ്യം ഇവയിൽ ചെന്നുചാടരുത്. ആലോചിക്കാതെ ചെയ്തുപോയ ചില കാര്യങ്ങളുടെ ഫലമായി അനർത്ഥങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാകാം. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും സൗമ്യമായി പെരുമാറുക. സുഗമമാകുമെന്ന് കരുതുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്‌നം വേണ്ടിവരും. സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെങ്കിലും ബന്ധു- സുഹൃത് സഹായം ലഭിക്കും. വീഴ്ച, മുറിവ്, ചതവ് ഇവ വരാതെ നോക്കണം.

പരിഹാരങ്ങൾക്കായി ഗണപതിഹോമം, ദേവീക്ഷേത്രത്തിൽ കുങ്കുമാർച്ചന, ശ്രീകൃഷ്ണന് മുഖച്ചാർത്ത്, പാൽപായസം.

 

വൃശ്ചികക്കൂറ്

(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

 

ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ദാമ്പത്യസുഖം, സ്ഥാനലാഭം, ഗൃഹസുഖം എന്നിവ അനുഭവത്തിൽ വരും. കളത്രവീട്ടുകാരിൽ നിന്നും ധനസഹായം ലഭിക്കും. ഭൂമി, വീട് തുടങ്ങിയവ വാങ്ങാൻ ആലോചിക്കും. അകന്നുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും അടുക്കും. പ്രണയത്തിൽ ഏർപ്പെട്ടുകഴിയുന്ന യുവതീയുവാക്കൾക്ക് പ്രണയസാഫല്യം കൈവരും. ബിസിനസ്സ് മെച്ചപ്പെടും. മക്കളുടെ ഭാവിക്കായി നിക്ഷേപം നടത്തും. നറുക്കെടുപ്പ് സമ്മാനപദ്ധതികളൾ തുടങ്ങിയവയിൽ വിജയിക്കും.

പരിഹാരങ്ങൾക്കായി ഹനുമാൻ സ്വാമിക്ക് വെണ്ണനിവേദ്യം, ശാസ്താവിന് എള്ള് പായസം, സുബ്രഹ്മണ്യക്ഷേത്രത്തിൽ പഞ്ചാമൃതം.

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ധനുക്കൂറുകാർ ധന ഇടപാടുകളിൽ വളരെ ശ്രദ്ധ പുലർത്തണം. ആലോചിച്ചെടുക്കുന്ന തീരുമാനങ്ങൾ ഗുണം ചെയ്യും. പൂർണ്ണതയില്ലാത്ത പദ്ധതികളിൽ പരാജയമുണ്ടാകും. അശ്രദ്ധ കൊണ്ട് അബദ്ധങ്ങൾ വന്നുചേരും. വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക. ഗൃഹത്തിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ അസന്തുഷ്ടി ഉണ്ടാകുമെങ്കിലും ഈശ്വരപ്രാർത്ഥനയിലൂടെയും വിട്ടുവീഴ്ചകളിലൂടെയും കുടുംബജീവിതം സമാധാനപരമാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് കൂടുതൽ പണം ആവശ്യമായി വന്നേക്കാം. ശരീരത്തിൽ മുറിവുകൾ ഉണ്ടാവാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. നേത്രസംബന്ധമായ അസുഖം, വാതസംബന്ധമായ അസുഖം അവഗണിക്കരുത്. സാഹസപ്രവൃത്തികളിൽ നിന്നും പിന്മാറണം.

പരിഹാരങ്ങൾക്കായി വിഷ്ണുക്ഷേത്രത്തിൽ സുദർശന അർച്ചന, ധന്വന്തരി അർച്ചന.

മകരക്കൂറ്:

(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം,

അവിട്ടം 1, 2 പാദങ്ങൾ)

മകരക്കൂറുകാർക്ക് കഷ്ടതകൾ മാറി നന്മകൾ വർദ്ധിക്കും. സ്വപ്നസാക്ഷാത്ക്കാരത്തിൽ ആത്മനിവൃതിയുണ്ടാകും. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കും. കലാകായിക മത്സരങ്ങളിൽ വിജയവും അംഗീകാരവും ലഭിക്കും. ഉപരിപഠനം പൂർത്തീകരിച്ച് നല്ല ഉദ്യോഗം ലഭിക്കും. സൽസന്താനഭാഗ്യം, മക്കളുടെ വിവാഹം എന്നീ കാര്യങ്ങളും വഴിയേ നടക്കും. മക്കളോടൊപ്പം പുണ്യതീർത്ഥയാത്രകൾക്ക് യോഗമുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സർവ്വാത്മനാ സഹകരിക്കും. വിശ്വസ്ത സേവനത്തിന് ജനാംഗീകാരവും പ്രശസ്തിപത്രവും ലഭിക്കും.

പരിഹാരങ്ങൾക്കായി ശാസ്താവിന് എള്ളുപായസം, ഹനുമാൻസ്വാമിക്ക് വെണ്ണ സമർപ്പണം, ഗണപതിക്ക് മോദകം, ദേവിക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി.

 

കുംഭക്കൂറ്:

(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

 

കുംഭക്കൂറുകാർക്ക് ധനകാര്യങ്ങളിൽ അശ്രദ്ധ പാടില്ല. മറ്റുള്ളവരോട് മനസ്സിലുള്ള എല്ലാ കാര്യങ്ങളും പറയരുത്. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക. തൊഴിൽപരമായും ധനക്രയവിക്രയപരമായും ചതി പറ്റാതിരിക്കാൻ ശ്രമിക്കുക. യാത്രകൾ കുറയ്ക്കുക. ഉപകാരം ചെയ്തുകൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. അന്ധമായ വിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങൾക്ക് വഴിയൊരുക്കും. ദൈവിക കാര്യങ്ങൾ ഏറ്റെടുത്തു നടത്തുകയാൽ മനഃസ്വസ്ഥത കണ്ടുതുടങ്ങും. മറ്റുള്ളവരോട് ചെറിയ കാര്യത്തിനുപോലും ദേഷ്യപ്പെടുന്ന മനോഭാവം മാറ്റിയെടുക്കുവാൻ ശ്രമിക്കണം.

പരിഹാരങ്ങൾക്കായി ശാസ്താവിന് പാനകം, ഹനുമാൻസ്വാമിക്ക് വെറ്റിലമാല, ഗണപതിഹോമം, ചാമുണ്ഡിദേവിക്ക് ഗുരുതിപുഷ്പാഞ്ജലി, ശിവന് ജലധാര, പിൻവിളക്ക്.

 

മീനക്കൂറ്

(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

 

അനാവശ്യ വാക്കുതർക്കങ്ങൾ ഒഴിവാക്കുക. മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുക. കർമ്മരംഗത്തെ സ്ഥാനചലനവും മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഇഷ്ടക്കേടും ബുദ്ധിപൂർവ്വം തരണം ചെയ്യുക. ക്രമേണ കാര്യങ്ങൾ നല്ല രീതിയിലാവും. ത്വക്ക് രോഗം അലർജി, ആസ്ത്മ ഇവകൾ ബുദ്ധിമുട്ടിച്ചേക്കാം. പല കാര്യങ്ങളും ആലോചിച്ച് മനഃസംഘർഷം വരുത്താതെ മനഃസന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ മുഴുകുക. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദ്ബന്ധത്തിലേർപ്പെടുന്നത് പുതിയ കർമ്മപദ്ധതികൾക്ക് ഉപകരിക്കും.

പരിഹാരങ്ങൾക്കായി ശാസ്താവിന് നീരാജനം, ഹനുമാൻസ്വാമിക്ക് വെറ്റിലമാല, സർപ്പക്ഷേത്രത്തിൽ നൂറും പാലും, ഗണപതിക്ക് മോദകം, ദേവിക്ക് കുങ്കുമാർച്ചന, വിഷ്ണുക്ഷേത്രത്തിൽ ഭാഗ്യസൂക്താർച്ചന.