
2025 വഴിത്തിരിവുകളുടെ പുതുവർഷം; സമ്പൂർണ പുതുവർഷഫലം
ഈ വർഷം രാശിമാറ്റങ്ങൾ പലതും നടക്കുന്നുണ്ട്. മാർച്ച് 29 ന് രാത്രി 10.39 ന് ശനി കുംഭം രാശിയിൽ നിന്നും മീനത്തിലേക്ക് മാറുന്നു. കൂടാതെ വ്യാഴം മെയ് 14-ാം തീയതി രാത്രി 10.97 ന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്കു മാറുന്നു. പൊതുവേ വളരെയധികം ഗുണങ്ങളും ചില പ്രതികൂലാവസ്ഥകളും ഈ വർഷം ഉണ്ടായേക്കാം. ഔദ്യോഗികരംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകാൻ സാധ്യത. വിദ്യാഭ്യാസരംഗം വളരെ നേട്ടങ്ങൾ കൈവരിക്കും. ബിസിനസ്സ് മേഖലയിൽ വളരെ വളർച്ചയും കാർഷികരംഗത്ത് പുരോഗതിയും ഉണ്ടാകുന്നതാണ്. സാമൂഹികരംഗത്ത് സങ്കീർണ്ണതകൾ അനുഭവപ്പെടാം. സമഗ്രമായ മാറ്റങ്ങൾ ജീവിതങ്ങളിൽ എപ്പോഴും അനുഭവപ്പെടുന്നതിന് സാധ്യതയുള്ള വർഷമാണ് ഇത്.
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)
ഈ വർഷാരംഭത്തിൽ ഗുണദോഷസമ്മിശ്രകാലമാണ് കാണുന്നത്. അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായി ചില അനുഭവങ്ങൾക്ക് സാധ്യത. തൊഴിൽരംഗത്ത് വർഷമധ്യമാകുമ്പോഴേക്കും ഗുണകരമായ മാറ്റമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സന്തോഷവും കൈവരും. ഏത് കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണം. ആരോഗ്യകാര്യത്തിൽ കൂടുതൽ കരുതൽ എടുക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ സൂക്ഷ്മത കാണിക്കുക. വളരെ സുപ്രധാനമായ വഴിത്തിരിവിന്റെ കാലമാണ് വരുന്നത്.
പ്രതിവിധികൾ: ശനിയാഴ്ച തോറും ശാസ്താവിന് വിളക്ക്, മാല, പുഷ്പാഞ്ജലി, തൃമധുരം. വിഷ്ണു അഷ്‌ടോത്തരനാമാവലി നിത്യവും ചൊല്ലുക.
ഇടവക്കൂറ്:(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി,മകയിരം 1, 2 പാദങ്ങൾ)
പൊതുവേ അനുകൂലമായ മാറ്റങ്ങൾ വന്നുചേരുന്നതാണ്. തൊഴിൽരംഗത്ത് നേട്ടങ്ങൾ വന്നുചേരുന്നതാണ്. വർഷമധ്യമാകുമ്പോൾ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നതിന് സാധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ നല്ല നേട്ടം കൈവരിക്കുന്നതിന് സാധിക്കുന്നതാണ്. കുടുംബത്തിൽ സന്തോഷകരമായ അനുഭവങ്ങൾക്ക് സാധ്യത. വിവാഹാദി കാര്യങ്ങളിൽ തീരുമാനമുണ്ടാകും. കുടുംബസമേതം യാത്രകൾ ചെയ്യുന്നതിന് സാധ്യത. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കുന്നതിന് സാധ്യത. ജീവിതത്തിൽ സുപ്രധാനമായ മാറ്റങ്ങളുടെ കാലമായിരിക്കും വരുന്നത്.
പ്രതിവിധികൾ: വ്യാഴാഴ്ചതോറും വിഷ്ണുവിന് നെയ്‌വിളക്ക്, തുളസിമാല, പാൽപായസ നിവേദ്യം, ഇവ നടത്തുക. അഷ്ടലക്ഷ്മീ കലശം ഗൃഹത്തിൽ ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര,പുണർതം 1, 2, 3 പാദങ്ങൾ)
ഗുണദോഷ സമ്മിശ്രഫലങ്ങൾക്ക് സാധ്യത. അപ്രതീക്ഷിതമായി ചില കാര്യങ്ങളിൽ തടസ്സമുണ്ടായേക്കാം. തൊഴിൽരംഗത്ത് അനുകൂലമായ സമയമല്ല. സാമ്പത്തിക നഷ്ടങ്ങൾ അനുഭവപ്പെടുന്നതിന് സാധ്യത. കുട്ടികൾ പഠനകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കണം. ഉദ്യോഗസ്ഥർ കർമ്മരംഗത്ത് കൂടുതലായി സൂക്ഷ്മത കൈക്കൊള്ളേണ്ട സമയമാണ്. കുടുംബത്തിൽ വളരെ ശ്രദ്ധ നൽകുക. ഏത് കാര്യത്തിലും ശ്രദ്ധാപൂർവ്വം നിരീക്ഷണം നടത്തുക. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. വർഷമധ്യം മുതൽ അനുകൂലമായ പലവിധ മാറ്റങ്ങളും ഉണ്ടായേക്കും. സമഗ്രമായ സൂര്യരാശി ചിന്ത ചെയ്യുന്നത് നല്ലത്.
പ്രതിവിധികൾ: മഹാസഞ്ജീവനി കലശം നടത്തുന്നത് ഉത്തമം. ശനിയാഴ്ചതോറും ശിവക്ഷേത്രത്തിൽ പിൻവിളക്ക്, ധാര, പായസനിവേദ്യം, കൂവളത്തിലകൊണ്ട് അർച്ചന ഇവ നടത്തുക.
കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)
പൊതുവെ സാമാന്യമായി ഗുണങ്ങളും ചില ദോഷഭാവങ്ങളും ഇടകലർന്ന അനുഭവസാധ്യത കാണുന്നു. തൊഴിർരംഗത്ത് ചില അനുകൂല മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് കഴിയും. വിവിധ മേഖലകളിൽ സ്വയം തൊഴിൽ ചെയ്യുന്നവർ കൂടുതലായി ശ്രദ്ധിക്കേണ്ടതാണ്. കച്ചവട രംഗത്തുള്ളവർ നഷ്ടമുണ്ടാകാതെ സൂക്ഷ്മത പാലിക്കുക. വിദ്യാർത്ഥികൾ നല്ല രീതിയിൽ പുരോഗതി നേടാൻ സാധ്യത. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഈ വർഷം ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. വളരെ വിസ്മയകരമായ വഴിത്തിരിവുകൾ ഉണ്ടാകും.
പ്രതിവിധികൾ: ജയദുർഗ്ഗാ കലശം നടത്തുന്നത് അതിവിശിഷ്ടം. വെള്ളിയാഴ്ച തോറും ഭഗവതി നടയിൽ നെയ്‌വിളക്ക്, തൃമധുരം, പുഷ്പാഞ്ജലി ഇവ നടത്തുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
പൊതുവെ അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. തൊഴിൽരംഗത്ത് ഗുണാത്മകമായ മാറ്റങ്ങൾ പലതും ഉണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. വിവിധ മേഖലകളിൽ സ്വന്തമായി ജോലി ചെയ്യുന്നവർക്ക് വിവിധ നേട്ടങ്ങൾ വന്നുചേരും. കച്ചവടരംഗത്തുള്ളവർക്ക് സാമ്പത്തികനേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പുരോഗതിയുണ്ടാകുന്നതാണ്. ഏത് കാര്യത്തിലും ശ്രദ്ധ വേണം. ഔദ്യോഗികരംഗത്ത് ഉള്ളവർക്ക് പലവിധ ഗുണാനുഭവങ്ങൾക്ക് സാധ്യത. ജീവിതത്തിൽ ദീർഘകാലമായി ചിന്തിക്കുന്ന കാര്യങ്ങൾ സാധിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിന് സാധിക്കുന്നതാണ്. നിർണ്ണായകമായ പലമാറ്റങ്ങളും ഈ കാലത്ത് ഉണ്ടാകുന്നതിന് സാധ്യത.
പ്രതിവിധികൾ: മഹാനവഗ്രഹശാന്തി കലശം നടത്തുക.ശാസ്താവിന് ശനിയാഴ്ച തോറും നെയ്‌വിളക്ക്, തൃമധുരം, പുഷ്പാഞ്ജലി ഇവ നടത്തുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം,ചിത്തിര 1, 2 പാദങ്ങൾ)
പൊതുവെ ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾക്ക് സാധ്യത. തൊഴിൽപരമായി ചില പ്രതികൂല സാഹചര്യങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. അനവധി മേഖലകളിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്. കച്ചവടരംഗത്തുള്ളവർ നഷ്ടമുണ്ടാകാതെ സൂക്ഷിക്കുക. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ചില ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. ഔദ്യോഗിക രംഗത്തുള്ളവർ തീരുമാനങ്ങൾ നന്നായി ആലോചിച്ച് എടുക്കുക. കുട്ടികൾ പഠനകാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുക. കുടുംബകാര്യങ്ങളിൽ കൂടുതലായി ശാന്തതയും സൂക്ഷ്മതയും പാലിക്കുന്നത് ഉത്തമം. വിവാഹാലോചനകളിൽ തീരുമാനമുണ്ടായേക്കാം. ഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിന് സാധിക്കും. വർഷമധ്യം കഴിഞ്ഞാൽ അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്.
പ്രതിവിധികൾ: ഗണപതിഹോമം, ഭഗവതിസേവ ഇവ നടത്തുക. സൂര്യരാശി പ്രശ്‌നം നടത്തി വസ്തുതകൾ അറിയുന്നത് ഉത്തമം. ബുധനാഴ്ച തോറും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സന്താനഗോപാല പുഷ്പാഞ്ജലി നടത്തുക
തുലാക്കൂറ്(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം1,2,3 പാദങ്ങൾ)
അനുകൂലമായ മാറ്റങ്ങൾ വന്നുചേരുന്നതിന് സാധ്യത. കർമ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികപുരോഗതി ഉണ്ടാകുന്നതാണ്. പുതിയ ഗൃഹവാഹനാദികൾ വാങ്ങുവാൻ അവസരമുണ്ടാകും. വിദേശതൊഴിലിന് സാധ്യത തെളിയും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. കുടുംബത്തിൽ അഭിവൃദ്ധിയുണ്ടാകുന്നതിന് സാഹചര്യമൊരുങ്ങും. വിവാഹാലോചനകളിൽ തീരുമാനമാകും. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി ലഭിക്കുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ ചില പ്രയാസങ്ങൾക്ക് സാധ്യത. സുപ്രധാന വഴിത്തിരിവുകൾ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു.
പ്രതിവിധികൾ: വ്യാഴാഴ്ചകളിൽ വിഷ്ണുവിന് നെയ്‌വിളക്ക്, പാൽപായസം, പുഷ്പാഞ്ജലി ഇ നടത്തുക. വിഷ്ണുസഹസ്രനാമം ചൊല്ലുക. സൂര്യരാശി ചിന്തയിലൂടെ വസ്തുതകൾ വിശദമായി അറിയുക.
വൃശ്ചികക്കൂറ്(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. സാമ്പത്തിക പ്രതികൂലാവസ്ഥകൾ ഉണ്ടായേക്കാം. ധന ഉപയോഗം വളരെ സൂക്ഷിച്ച് ചെയ്യുക. തൊഴിൽരംഗത്ത് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. ഏത് കാര്യത്തിലും ജാഗ്രത വേണം. അശ്രദ്ധയും ആലോചനക്കുറവും ഉണ്ടാകാതെ സൂക്ഷിക്കുക. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ വളരെ ശ്രദ്ധിക്കുക. കച്ചവടരംഗത്തുള്ളവർ നഷ്ടങ്ങൾ വരാതെ നോക്കണം. ഔദ്യോഗികമായി പ്രവർത്തിക്കുന്നവർ തീരുമാനങ്ങൾ നന്നായി ചിന്തിച്ച് എടുക്കുക. കുടുംബകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധയും കരുതലും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഗൃഹനിർമ്മാണം നടത്തുന്നവർ അമിതവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. സമഗ്രമായി സൂര്യരാശിചിന്ത ചെയ്ത് വസ്തുതകൾ അറിയുക.
പ്രതിവിധികൾ: വ്യാഴാഴ്ചകളിൽ വിഷ്ണുവിന് നെയ്‌വിളക്ക്, പാൽപായസം, പുഷ്പാഞ്ജലി ഇവ നടത്തുക. നാരായണകവചം നിത്യവും ജപിക്കുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതിന് സാധ്യത. നൂതനമായ പ്രവർത്തനമേഖലയിൽ പ്രവേശിച്ച് മുന്നോട്ടുപോകും. വിദേശതൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. അന്യദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി നേടാനാകും. ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. വിവാഹാലോചനകളിൽ തീരുമാനമാകും. കുടുംബത്തിൽ അഭിവൃദ്ധിയുണ്ടാകും. പുതിയ വാഹനം വാങ്ങുന്നതിന് സാധിക്കും. ഔദ്യോഗികരംഗത്തുള്ളവർക്ക് നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാഹചര്യമുണ്ടാകും. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. വിസ്മയകരമായ മാറ്റത്തിന്റെ നാളുകളാണ് വരുന്നത്.
പ്രതിവിധികൾ: സത്യനാരായണ കലശം നടത്തുക. ശിവപഞ്ചാക്ഷരി നിത്യവും ചൊല്ലുക. ശാസ്താവിന് ശനിയാഴ്ച തോറും നെയ്‌വിളക്ക്, അരവണ, പുഷ്പാഞ്ജലി.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം,അവിട്ടം 1, 2 പാദങ്ങൾ)
നേട്ടങ്ങൾ പലതും ലഭിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സാധ്യത. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് നേടുന്നതിന് കഴിയും. വിദേശ തൊഴിലിന് ശ്രമിച്ചാൽ അത് സാധിച്ചേക്കാം. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ഏത് കാര്യത്തിലും ഗുണാത്മകമായ മാറ്റങ്ങൾ വന്നുചേരും. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർ നഷ്ടം വരാതെ ശ്രദ്ധിക്കേണ്ടതാണ്. വിവിധ മേഖലകളിൽ സ്വയംതൊഴിൽ ചെയ്യുന്നവർ, കൂടുതൽ ശ്രദ്ധിച്ചാൽ പുരോഗതി നേടാനാകും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. പുതിയ വസ്തുവാഹനാദികൾ വാങ്ങും.
പ്രതിവിധികൾ: സൂര്യരാശിചിന്തയിലൂടെ വസ്തുതകൾ അറിഞ്ഞ് ഉചിത പ്രതിവിധി കാണുക. ശനിയാഴ്ചകളിൽ ശിവന് ധാര നടത്തുക. നിത്യവും ശിവപഞ്ചാക്ഷരി ജപിക്കുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം,പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ഗുണദോഷ സമ്മിശ്രഫലം കാണുന്നു. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ച് ചെയ്യുക. തൊഴിൽരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. പൊതുവെ അശ്രദ്ധയും ആലോചനക്കുറവും ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കുക. കുടുംബത്തിൽ വളരെ ശാന്തതയോടെയും ശ്രദ്ധയോടെയും ഇടപെടുക. വിവാഹാലോചനകളിൽ തീരുമാനമായേക്കും. ഗൃഹനിർമ്മാണം നടത്തുന്നവർ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം സൂക്ഷ്മത പാലിക്കുന്നത് ഉത്തമം. സുപ്രധാനമാറ്റങ്ങളുടെ കാലമാണ് വരുന്നത്. സമഗ്രമായി രാശിചിന്ത നടത്തുക.
പ്രതിവിധികൾ: വിഷ്ണുവിന് വ്യാഴാഴ്ച തോറും നെയ് വിളക്ക്, പാൽപായസം ഇവ നടത്തുക. വിഷ്ണുസഹസ്രനാമം നിത്യവും ചൊല്ലുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ഗുണദോഷസമ്മിശ്ര ഫലങ്ങൾക്ക് സാധ്യത. അവിചാരിതമായ തടസ്സങ്ങൾ പലതും ഉണ്ടായേക്കാം. കർമ്മരംഗത്ത് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. യാത്രാക്ലേശം, അലച്ചിൽ ഇവ അനുഭവപ്പെട്ടേക്കാം. കുട്ടികൾ പഠനകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കുക. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. ഗൃഹനിർമ്മാണം നടത്തുന്നവർ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. കച്ചവടരംഗത്തുള്ളവർ ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്യേണ്ടതാണ്. ഗൃഹത്തിൽ വളരെ ശാന്തതയിൽ ഇടപഴകുക. വളരെ സുപ്രധാനമാറ്റങ്ങളുടെ കാലമാണ് വരുന്നത്. സമഗ്രമായി സൂര്യരാശിചിന്ത ചെയ്യുക.
പ്രതിവിധികൾ: ശിവന് ശനിയാഴ്ചതോറും പിൻവിളക്ക്, ധാര, പായസം, പുഷ്പാഞ്ജലി ഇവ നടത്തുക.