നരസിംഹമൂര്‍ത്തി ശാന്തസ്വരൂപനായി വാഴുന്ന ഏരൂര്‍ തൃക്കോയിക്കല്‍ മഹാനരസിംഹമൂര്‍ത്തിക്ഷേത്രം

നരസിംഹമൂര്‍ത്തി ശാന്തസ്വരൂപനായി വാഴുന്ന ഏരൂര്‍ തൃക്കോയിക്കല്‍ മഹാനരസിംഹമൂര്‍ത്തിക്ഷേത്രം

HIGHLIGHTS

 ശരീരത്തിനുള്ളിലുള്ള ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടുവാനും, കൈവിഷദോഷം അകറ്റുവാനുമൊക്കെയായി പാനകം വഴിപാടുണ്ട്. കുരുമുളക്, പച്ച ഇഞ്ചി, ശര്‍ക്കര തുടങ്ങി അഞ്ചുതരം ഔഷധക്കൂട്ടുകള്‍ ചേര്‍ത്താണ് പാനകം തയ്യാറാക്കുന്നത്. മുന്‍കാലത്ത് എല്ലാദിവസവും പാനകവഴിപാടുണ്ടായിരുന്നു. എന്നാലിന്ന് വ്യാഴാഴ്ചകളില്‍ മാത്രമേയുള്ളൂ. നൂറുകണക്കിന് ആളുകളാണ് ദൂരെ ദിക്കുകളില്‍ നിന്നുപോലും വന്ന് ഈ നേര്‍ച്ച നടത്തുന്നത്. മറ്റൊരു പ്രത്യേക വഴിപാടു നേര്‍ച്ച, 7 മാസം ഗര്‍ഭിണിയായ സ്ത്രീകള്‍ ചാപിള്ള പ്രസവിക്കാതിരിക്കാന്‍ വേണ്ടി നടത്തുന്ന ഒരു പ്രത്യേക വഴിപാടാണ്. 

 

ഹൈന്ദവ പുരാണമായ ഭാഗവതത്തില്‍ പറയുന്നത് കൃതയുഗത്തില്‍ വിഷ്ണുഭഗവാന്‍ നാല് അവതാരങ്ങളെടുത്തു എന്നാണ്. അതില്‍ നാലാമത്തേതാണ് നരസിംഹമൂര്‍ത്തി അവതാരം. ഭക്തനായ പ്രഹ്ലാദനെ സംരക്ഷിക്കുവാനും ദുഷ്ടനായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുവാനുമായിട്ടാണ് ഭഗവാന്‍ നരസിംഹമൂര്‍ത്തി ഭാവം പൂണ്ട് അവതരിച്ചത്.
ആരായിരുന്നു ഹിരണ്യകശിപു?

അസുരന്മാരുടെ ഒരു ദൈത്യരാജാവായിരുന്നു ഹിരണ്യകശിപു. ഹിരണ്യകശിപുവിന്‍റെ ഇളയസഹോദരന്‍ ഹിരണ്യാക്ഷന്‍. ഈ ഹിരണ്യാക്ഷന്‍ വിഷ്ണുവിന്‍റെ അവതാരമായ വരാഹ(കാട്ടുപന്നി)ത്തിന്‍റെ കൈകളാലാണ് വധിക്കപ്പെട്ടത്. അതോടെ കടുത്ത വിഷ്ണുവിരോധിയായ ഹിരണ്യകശിപു അവനെ കൊല്ലാന്‍ തീരുമാനിക്കുകയും അതിനുവേണ്ട വരം തേടുവാനായി ബ്രഹ്മാവിനെ ധ്യാനിച്ച് തപസ്സനുഷ്ഠിക്കുകയും ചെയ്തു. ഹിരണ്യകശിപുവിന്‍റെ കൊടും തപസ്സില്‍ സംപ്രീതനായ ബ്രഹ്മാവ് ആ അസുരരാജാവിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഇഷ്ടവരം  വാഗ്ദാനം ചെയ്തു. എന്നാല്‍ ഹിരണ്യകശിപു ആവശ്യപ്പെട്ടവരം അമര്‍ത്യതയായിരുന്നു. ബ്രഹ്മാവ് അത് നിരസിച്ചപ്പോള്‍ ഹിരണ്യകശിപു ഇങ്ങനൊരു ഒരഭ്യര്‍ത്ഥന നടത്തി.

അനുഗ്രഹം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനായവനെ, അനുഗ്രഹിക്കുന്ന വരം അങ്ങെനിക്ക് അനുവദിച്ചുതരുമെങ്കില്‍, അങ്ങ് സൃഷ്ടിച്ച ജീവജാലങ്ങളിലൊന്നില്‍ നിന്നും എനിക്ക് മരണം സംഭവിക്കാതിരിക്കട്ടെ.

പകലോ രാത്രിയിലോ ഭൂമിയിലോ ആകാശത്തിലോ പാതാളത്തിലോ വച്ച്, ഒരു വാസസ്ഥലത്തോ ഏതെങ്കിലും വസതിക്ക് പുറത്തോവച്ച് മരിക്കാതിരിക്കാന്‍ എനിക്ക് അനുഗ്രഹം നല്‍കേണമേ.

നീ സൃഷ്ടിച്ച ഒരു ജീവിയോ, ആയുധമോ, മനുഷ്യനോ, മൃഗമോ ഒന്നും എന്‍റെ മരണം കൊണ്ടുവരാതിരിക്കാന്‍ എനിക്ക് അനുഗ്രഹം നല്‍കേണമേ.

ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ഒരു വസ്തുവില്‍ നിന്നും മരണം സംഭവിക്കാതിരിക്കുവാന്‍ എന്നെ അനുവദിക്കുക.

ഒരു ദേവതയോ രാക്ഷസനോ, അല്ലെങ്കില്‍ താഴത്തെ ഗ്രഹങ്ങളില്‍ നിന്നുള്ള ഒരു മഹാസര്‍പ്പമോ എന്നെ കൊല്ലാതിരിക്കാന്‍ അനുഗ്രഹിക്കണേ.

യുദ്ധക്കളത്തില്‍ ആര്‍ക്കും അങ്ങയെ കൊല്ലാന്‍ കഴിയാത്തതിനാല്‍ അങ്ങേയ്ക്ക് ഒരു എതിരാളിയുമില്ല. അതിനാല്‍ എനിക്കും ഒരു എതിരാളിയും ഉണ്ടാകാതിരിക്കാന്‍ അനുഗ്രഹിക്കണേ. എല്ലാ ജീവജാലങ്ങളുടേയും അധിഷ്ഠാന ദേവതകളുടെയും മേല്‍ എനിക്ക് ഏകാധിപത്യം നല്‍കുകയും ആ സ്ഥാനം കൊണ്ട് നേടിയ എല്ലാ മഹത്വങ്ങളും എനിക്ക് നല്‍കുകയും ചെയ്യുക.

ഹിരണ്യകശിപു ബ്രഹ്മാവില്‍ നിന്നും ഇങ്ങനൊരു വരം സമ്പാദിച്ചപ്പോള്‍ ഹിരണ്യകശിപുവിന്‍റെ മകന്‍ പ്രഹ്ലാദന്‍ കടുത്ത വിഷ്ണുഭക്തനായിട്ടാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ പ്രഹ്ലാദനെ മാരകശത്രുവായി കണ്ട ഹിരണ്യകശിപു ആ ബാലനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഓരോ തവണയും ഹിരണ്യകശിപു പ്രഹ്ലാദനെ കൊല്ലാന്‍ ശ്രമിക്കുമ്പോഴും വിഷ്ണുവിന്‍റെ നിഗൂഢതയാല്‍ പ്രഹ്ലാദന്‍ സംരക്ഷിക്കപ്പെട്ടു. എന്നുമാത്രമല്ല തന്‍റെ പിതാവിനെ അദ്ദേഹം പറയും പോലെ പ്രപഞ്ചത്തിന്‍റെ പരമാധികാരിയായി അംഗീകരിക്കാന്‍ വിസമ്മതിച്ച പ്രഹ്ലാദന്‍, വിഷ്ണുവാണ് ശക്തിയെന്നും സര്‍വ്വവ്യാപിയെന്നും അവകാശപ്പെടുകയും ചെയ്തു. 

അപ്പോള്‍ ഹിരണ്യകശിപു അടുത്തുള്ള ഒരു തൂണിലേക്ക് വിരല്‍ചൂണ്ടി നിന്‍റെ വിഷ്ണു അതിലുണ്ടോ എന്ന് ചോദിച്ചു. ഏറ്റവും നിര്‍ഭാഗ്യവാനായ പ്രഹ്ലാദാ, ഞാനല്ലാത്ത ഒരു പരമാത്മാവിനെ, എല്ലാറ്റിനുമുപരി എല്ലാവരുടേയും നിയന്ത്രകനും സര്‍വ്വവ്യാപിയുമായ ഒരു പരമാത്മാവിനെ നീ എപ്പോഴും വിവരിച്ചിട്ടുണ്ട്. എന്നാല്‍ അവന്‍ എവിടെയാണ്? അവന്‍ എല്ലായിടത്തും ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഈ തൂണില്‍ നിന്നും എന്‍റെ കണ്‍മുമ്പില്‍ വരാത്തത്?

അപ്പോള്‍ പ്രഹ്ലാദന്‍ പറഞ്ഞു.'അവന്‍ ചെറിയ പൊടിയില്‍ ഉള്ളതുപോലെ തൂണിലും ഉണ്ട്.' അതുകേട്ട ഹിരണ്യകശിപു കോപം നിയന്ത്രിക്കാനാകാതെ തന്‍റെ ഗദ കൊണ്ട് സ്തംഭം തകര്‍ത്തു. ആ സമയം പ്രപഞ്ചം പൊട്ടുമാറ് ഒരു ശബ്ദം കേള്‍ക്കുകയും, തകര്‍ന്ന തൂണില്‍ നിന്ന് നരസിംഹരൂപത്തില്‍ വിഷ്ണു പ്രത്യക്ഷപ്പെടുകയും പ്രഹ്ലാദനെ പ്രതിരോധിക്കാന്‍, ഹിരണ്യകശിപുവിനെ ആക്രമിക്കാന്‍ നീങ്ങുകയും ചെയ്തു. 

ബ്രഹ്മാവില്‍ നിന്നു വരമുള്ളതിനാല്‍ മനുഷ്യനോ, ദേവനോ, മൃഗത്തിനോ ഹിരണ്യകശിപുവിനെ കൊല്ലാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ നരസിംഹം ഇതൊന്നും ആയിരുന്നില്ല. മനുഷ്യനും ഭാഗിക മൃഗവുമായ ഒരു അവതാരമായിരുന്നു. അവന്‍ ഹിരണ്യകശിപുവിനെ സന്ധ്യാസമയത്ത്(പകലോ രാത്രിയോ അല്ലാത്തപ്പോള്‍) ഉമ്മറപ്പടിയില്‍ വച്ച്   (അകത്തോ പുറത്തോ അല്ല) ആക്രമിച്ചു. ഭൂമിയിലോ, വായുവിലോ അല്ലാതെ തന്‍റെതന്നെ തുടകളില്‍ വച്ചാണ് നരസിംഹം ഹിരണ്യകശിപുവിനെ കുടല്‍ അഴിച്ചുകൊന്നത്.

ഈ അവതാരകഥ ഒരു കാര്യം നമ്മോട് പറയുന്നത് ഭക്തരെ രക്ഷിക്കുവാനും ദുഷ്ടരെ ശിക്ഷിക്കുവാനുമായി അവതാരം കൊണ്ട നരസിംഹ മൂര്‍ത്തിയെ പൂജിക്കുന്നതും സേവിക്കുന്നതും ആരാധിക്കുന്നതും മഹാവിഷ്ണുവിന്‍റെ അനുഗ്രഹം  ലഭിക്കുവാന്‍ ഏറെ നല്ലതാണ് എന്നാണ്. കേരളത്തില്‍ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെ നരസിംഹമൂര്‍ത്തി പ്രതിഷ്ഠയുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. 

പത്മനാഭസ്വാമിക്ഷേത്രത്തില്‍ പത്മനാഭസ്വാമിയുടെ ശ്രീകോവിലിന് തെക്കുഭാഗത്തായി തുല്യപ്രാധാന്യത്തോടെയാണ് നരസിംഹമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. 

തെക്കുഭാഗത്തുള്ളതിനാല്‍ തെക്കേടത്ത് നരസിംഹമൂര്‍ത്തി എന്ന പേരിലാണ് ഈ ദേവനെ അറിയപ്പെടുന്നത്.

അതുകൂടാതെ വക്കം കുടിയിരിക്കല്‍ കാവ്, കൊല്ലത്ത് ആനയടി, മാവേലിക്കര മറ്റം നരസിംഹ സ്വാമിക്ഷേത്രം, ആലപ്പുഴ തുറവൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രം തുടങ്ങി നിരവധിയായ ക്ഷേത്രങ്ങളില്‍ കാലപ്പഴക്കം കൊണ്ടും, ഐതിഹ്യപ്പെരുമ കൊണ്ടും, അനുഭവസിദ്ധി കൊണ്ടുമൊക്കെ പ്രസിദ്ധമാണ്. അക്കൂട്ടത്തില്‍ പ്രശസ്തി നേടിയ മറ്റൊരു ക്ഷേത്രമാണ് കൊല്ലം ജില്ലയില്‍ അഞ്ചല്‍ ഏരൂര്‍ തൃക്കോയിക്കല്‍ മഹാനരസിംഹമൂര്‍ത്തിക്ഷേത്രം.

കൊല്ലം അഞ്ചല്‍- കുളത്തൂപ്പുഴ റൂട്ടില്‍ ഏരൂര്‍ ജംഗ്ഷനില്‍ നിന്നും പാണയത്തേക്കുള്ള വഴിയിലാണ് തൃക്കോയിക്കല്‍ നരസിംഹമുര്‍ത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാടുവാഴികളായിരുന്ന കോട്ടയ്ക്കല്‍ തമ്പുരാക്കന്മാരുടെ വകയായിരുന്ന ക്ഷേത്രം പില്‍ക്കാലത്ത് ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാവുകയായിരുന്നു. മഹാവിഷ്ണുവിനെ കുലനാഥനായി ആരാധിച്ചിരുന്ന കോയിക്കല്‍ കൊട്ടാരം വകയായി കേരളത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതായാണ് രേഖകള്‍ പറയുന്നത്. ഈ ക്ഷേത്രങ്ങളില്‍ പലതിലും ആരാധനാമൂര്‍ത്തികള്‍ പലതായിരുന്നു. ഉദാഹരണത്തിന് കൊല്ലത്തുതന്നെ കരിക്കോടിനടുത്തുള്ള കോയിക്കല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ധര്‍മ്മശാസ്താവാണ്.

ഐതിഹ്യം

കോയിക്കല്‍ തമ്പുരാക്കന്മാര്‍ കുളത്തൂപ്പുഴ ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് പോകുമ്പോള്‍ ഇടത്താവളമായി ഉപയോഗിച്ചിരുന്ന ക്ഷേത്രമാണ് തൃക്കോയിക്കല്‍ ക്ഷേത്രം. ഇന്ന് ഏരൂര്‍ സ്ക്കൂള്‍സ്ഥിതി ചെയ്യുന്ന ആയിരവല്ലി എന്നുപറയുന്ന സ്ഥലം അന്ന്, കുളത്തൂപ്പുഴയിലേക്കുള്ള വനാന്തരം തുടങ്ങുന്ന സ്ഥലമായിരുന്നു. അവിടെ ശാസ്താവിനെ പ്രതിനിധീകരിച്ച് ഒരു വിളക്ക്  കത്തിച്ചുവെച്ചശേഷമാണ് മുന്നോട്ടുള്ള യാത്ര തുടങ്ങിയിരുന്നത്. തുടര്‍ന്ന് തൃക്കോയിക്കലെത്തി മഹാവിഷ്ണുവിന്‍റെ ഉഗ്രരൂപമായുള്ള നരസിംഹമൂര്‍ത്തിയെ വടക്കോട്ട് പ്രതിഷ്ഠിക്കുകയും കൊട്ടാരം എന്ന സ്ഥാനം കണ്ട് അവിടെ വിശ്രമിക്കുകയും ചെയ്ത ശേഷമായിരുന്നു കുളത്തൂപ്പുഴയിലേക്ക് പോയിരുന്നത്. നരസിംഹമൂര്‍ത്തിയെ പ്രതിഷ്ഠിക്കുവാനുള്ള കാരണം, കോവിലകത്ത് തമ്പുരാക്കന്മാരുടെ തേവാരമൂര്‍ത്തിയായിരുന്നു നരസിംഹം എന്നതുകൊണ്ടാണ്.

കോയിക്കല്‍ തമ്പുരാക്കന്മാര്‍ പണികഴിപ്പിച്ച ക്ഷേത്രം പില്‍ക്കാലത്ത് അഗ്നിബാധയെത്തുടര്‍ന്ന് നശിക്കുകയും 1105-ാമാണ്ട് 11-ാം മാസം 20 ന് പുനരുദ്ധരിക്കുകയും ചെയ്തു എന്നാണ് രേഖകള്‍ പറയുന്നത്. ആദ്യകാലത്ത് കൊട്ടാരത്തിന് മുമ്പില്‍ ഉഗ്രമൂര്‍ത്തിയായ നരസിംഹമൂര്‍ത്തിയുടെ വടക്കോട്ട് പ്രതിഷ്ഠിതമായിട്ടുള്ള മൂലക്ഷേത്രം മാത്രമാണുണ്ടായിരുന്നത്. പില്‍ക്കാലത്ത് ശാന്തസ്വരൂപനായിട്ടുള്ള ചതുര്‍ബാഹുവായ മഹാവിഷ്ണു വിഗ്രഹത്തിലേക്ക് ആവാഹിക്കുകയും, പിന്നീട് ഉഗ്രത കുറച്ച് പുതിയ ശ്രീലകത്തേയ്ക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു.

ഇവിടുത്തെ ശ്രീലകത്തിന് ഒരു പ്രത്യേകതയുണ്ട്. ആദ്യകാലത്ത് സോപാനത്തുനിന്ന് തൊഴാനുള്ള അവകാശം രാജാവിനും കുടുംബാംഗങ്ങള്‍ക്കും മാത്രമേയുണ്ടായിരുന്നുള്ളൂ. അതായത് അവര്‍ക്കുമാത്രമേ ഭഗവാന്‍റെ മുഖം ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് മുഖമണ്ഡപത്തിന് പിറകില്‍ നിന്നുവേണമായിരുന്നു തൊഴാന്‍. അവിടെ നിന്ന് തൊഴുമ്പോഴാകട്ടെ ഭഗവാന്‍റെ പാദം മാത്രമേ കാണുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ പില്‍ക്കാലത്ത് ആ സ്ഥിതി മാറി. ഭക്തരായിട്ടുള്ള ആര്‍ക്കും സോപാനത്തുനിന്ന് തൊഴാനുള്ള അവസരമുണ്ടായി. എങ്കിലും  ക്ഷേത്ര നിര്‍മ്മിതിയുടെ പ്രത്യേകത മൂലം മുഖമണ്ഡപത്തിന് പിറകില്‍ നിന്നാല്‍ ഇന്നും ഭഗവാന്‍റെ പാദങ്ങള്‍ മാത്രമേ കാണുവാന്‍ കഴിയൂ എന്നതാണ് സ്ഥിതി. അതായത് ശാസ്താവ്, ഗണപതി, യക്ഷി, രക്ഷസ് തുടങ്ങിയ ഉപദേവതകളുണ്ട്.

ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ പടിഞ്ഞാറുവശത്തുള്ള കൊടിമരത്തിനെ തൊട്ടുവണങ്ങി ബലിക്കല്‍പ്പുരയിലേക്ക് കയറിയതിനുശേഷം അവിടെ നിന്നും  ഇടനാഴിയിലൂടെ നടന്ന് തിരുമുല്‍ക്കാഴ്ചയ്ക്കായി മുഖമണ്ഡപത്തിന്‍റെ മുന്‍പില്‍ വന്നുനില്‍ക്കുമ്പോള്‍ ഭഗവാന്‍റെ പാദമാണ് ആദ്യം കാണുന്നത്. ശേഷം സോപാനത്തിലേക്ക് എത്തിയാല്‍ മാത്രമേ ഭഗവാന്‍റെ കേശാദിപാദം ദര്‍ശിക്കുവാന്‍ കഴികയുകയുള്ളൂ.

നിവേദ്യം

മൂര്‍ത്തിയുടെ നടയില്‍ അടയും തെരളിയുമാണ് പ്രധാന നിവേദ്യം. സന്താനലബ്ധി, വിദ്യ, തൊഴില്‍ തടസ്സം എന്നിവയ്ക്കാണ് അടയും തെരളിയും നിവേദിക്കുന്നത്. അതുകൂടാതെ വിഷ്ണുഭഗവാന് പ്രിയപ്പെട്ട പാല്‍പ്പായസ നിവേദ്യവുമുണ്ട്.

ഇതുകൂടാതെ ശരീരത്തിനുള്ളിലുള്ള ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടുവാനും, കൈവിഷദോഷം അകറ്റുവാനുമൊക്കെയായി പാനകം വഴിപാടുമുണ്ട്. കുരുമുളക്, പച്ച ഇഞ്ചി, ശര്‍ക്കര തുടങ്ങി അഞ്ചുതരം ഔഷധക്കൂട്ടുകള്‍ ചേര്‍ത്താണ് പാനകം തയ്യാറാക്കുന്നത്. മുന്‍കാലത്ത് എല്ലാദിവസവും പാനകവഴിപാടുണ്ടായിരുന്നു. എന്നാലിന്ന് വ്യാഴാഴ്ചകളില്‍ മാത്രമേയുള്ളൂ. നൂറുകണക്കിന് ആളുകളാണ് ദൂരെ ദിക്കുകളില്‍ നിന്നുപോലും വന്ന് ഈ നേര്‍ച്ച നടത്തുന്നത്.

മറ്റൊരു പ്രത്യേക വഴിപാടു നേര്‍ച്ച, 7 മാസം ഗര്‍ഭിണിയായ സ്ത്രീകള്‍ ചാപിള്ള പ്രസവിക്കാതിരിക്കാന്‍ വേണ്ടി നടത്തുന്ന ഒരു പ്രത്യേക വഴിപാടാണ്. 7 ദിവസം മുടങ്ങാതെ ക്ഷേത്രത്തില്‍ നിന്നുള്ള പടച്ചോറ് കൊണ്ടുപോയി കഴിച്ച് 7-ാം ദിവസം ഭഗവാന് ആടിയ എണ്ണ ശിഷ്ടം വാങ്ങിക്കൊണ്ടുപോയി, 11 എന്നോ 21 എന്നോ ക്ഷേത്രപൂജാരി പറയുന്നത്രയും ദിവസം തേച്ചുകുളിക്കും. അങ്ങനെചെയ്താല്‍ ചാപിള്ള ഉണ്ടാകില്ലെന്നാണ് വിശ്വാസം.

ഉത്സവം

മേടത്തിലെ അത്തം നാളില്‍ കൊടിയേറി തിരുവോണം നാളില്‍ ആറാട്ടോടുകൂടി കൊടിയിറങ്ങി സമാപിക്കുന്ന പത്തുദിവസത്തെ ഉത്സവം എല്ലാ അര്‍ത്ഥത്തിലും ഈ നാടിന്‍റെ ദേശീയോത്സവമാണ്. ഒരു പ്രത്യേകതയുള്ളത്, ആറാട്ടിനേക്കാള്‍ പ്രാധാന്യം പള്ളിവേട്ടയ്ക്കാണ് എന്നുള്ളതാണ്. സാധാരണക്ഷേത്രങ്ങളില്‍ ആറാട്ടിന് നടക്കുന്ന കെട്ടുകാഴ്ചയും മറ്റും ഇവിടെ പള്ളിവേട്ട സമയമാണ് നടക്കുന്നത്. ഇതിനെ തൃക്കോയിക്കല്‍ പൂരം എന്നാണറിയുന്നത്. പള്ളിവേട്ട കഴിഞ്ഞുവരുന്ന ഭഗവാനെ ശയ്യയില്‍ കിടത്തിയുറക്കും. പിറ്റേന്ന് രാവിലെ കിടാവിനെ കാണിച്ച് പള്ളിയുണര്‍ത്തി, ആറാട്ടുകടവിലെത്തി ആറാടി വന്ന് കൊടിയിറക്കുന്നതോടെ ഒരു വര്‍ഷത്തെ ഉത്സവത്തിന് സമാപനമായി.

കുംഭമാസത്തിലെ രോഹിണി നാളിലെ നെല്ലളപ്പും ക്ഷേത്രത്തിലെ ഒരു സവിശഷാചാരമാണ്. ഞാറ്റുവേല കഴിഞ്ഞ് പണിക്കാരത്തി സ്ത്രീകള്‍ ഏഴുവല്ലം നെല്ല് കൊണ്ടുവന്ന് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കും. പകരം അവര്‍ക്ക് ഓരോ പടച്ചോറ് നല്‍കുന്നതാണ് ചടങ്ങ്.

അങ്ങനെ, സവിശേഷതകള്‍ ഏറെയുള്ള, വിളിച്ചാല്‍ വിളികേള്‍ക്കുന്ന മൂര്‍ത്തി സാന്നിധ്യമുള്ള ഏരൂര്‍ തൃക്കോയിക്കല്‍ മഹാനരസിംഹമൂര്‍ത്തി ക്ഷേത്രം ജില്ലയിലെ എന്നല്ല, സമീപപ്രദേശങ്ങളിലേയും ഭക്തജനങ്ങളുടെ വലിയൊരു ആശ്രയസങ്കേതമാണ്.

പി. ജയചന്ദ്രന്‍
ഫോട്ടോ: കണ്ണന്‍പോറ്റി